കൂടെ നില്‍ക്കുന്നവരെ, ഊര്‍ജം തരുന്നവരെ, കൂടെ പറക്കുന്നവരെ വേണം അടുത്ത ചങ്ങാതിമാരാക്കാന്‍
ഒരു ദിവസം ക്ലാസിലേക്ക് പരുന്തിന്റെ ചിത്രവുമായാണ് ജമാല്‍ മാഷ് കയറിവന്നത്. കുട്ടികളെല്ലാം കൗതുകത്തോടെ മാഷിനെ നോക്കി. കുട്ടികള്‍ക്കെല്ലാം ജമാല്‍ മാഷിനെ നല്ല ഇഷ്ടമാണ്. മാഷിന് കുറേ കഥകളറിയാം. ആ കഥകളിലെല്ലാം കുറേ പാഠങ്ങളുമുണ്ടാകും. പാഠപുസ്തകം മാത്രമല്ല അദ്ദേഹം പഠിപ്പിക്കാറ്. കുട്ടികളെല്ലാം മാഷ് എന്താണ് പറയാന്‍ പോകുന്നതെന്നും കാത്തിരിപ്പാണ്.
മാഷ് തന്റെ കൈയിലെ ചിത്രം എല്ലാവര്‍ക്കും കാണാനായി ഉയര്‍ത്തിപ്പിടിച്ചു.
'നിങ്ങള്‍ പരുന്തിനെ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുപാട് ക്വാളിറ്റികള്‍ ഉള്ള പക്ഷിയാണ് പരുന്ത്. ആര്‍ക്കെങ്കിലും അറിയോ?'മാഷ് ചോദിച്ചു.
കുട്ടികള്‍ പരസ്പരം നോക്കി. ആരും പക്ഷേ ഒന്നും മിണ്ടിയില്ല.
'ഇന്ന് നമുക്ക് പരുന്തിനെ കുറിച്ച് പറയാം, അല്ലേ. പരുന്തും തത്തയും തമ്മിലെ വ്യത്യാസം അറിയോ?
തത്ത എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കും. പ്രവൃത്തി കുറവാണ്. പരുന്താകട്ടെ ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടേയിരിക്കും. പരുന്തിന്റെ രീതികളെ കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഈഗ്ള്‍ മൈന്‍ഡ് സെറ്റ് എന്ന പ്രയോഗം തന്നെയുണ്ട്.'
'എന്നുവെച്ചാല്‍ എന്താ മാഷേ?' കുട്ടികള്‍ ചോദിച്ചു.
'പരുന്തിന് ഓരോ കാര്യത്തിലും ഓരോ രീതികളുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ബെസ്റ്റ് ഫ്രണ്ട്‌സ് ഉണ്ടല്ലോ, അല്ലേ..'
'ഉണ്ട് മാഷേ..' എല്ലാവരും സന്തോഷത്തോടെ തലയാട്ടി.
'കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളെന്താണ് ശ്രദ്ധിക്കാറ്... '
കുട്ടികള്‍ ഒന്നാലോചിച്ചു. എന്നാല്‍, ആരും ഒന്നും പറഞ്ഞില്ല.
'നല്ല കൂട്ടുകാരെ മാത്രമാണ് നിങ്ങളൊക്കെ തെരഞ്ഞെടുക്കുക എന്നെനിക്കറിയാം. നല്ല കുട്ടികള്‍ മാത്രേ ഇവിടെയുള്ളൂ , അല്ലേ..'
'അതെയതെ' കുട്ടികളെല്ലാം കൈയടിച്ചു.
'പരുന്തെപ്പോഴും തനിക്കൊത്തവരോടൊപ്പമാണ് കൂട്ട്. ഉയരങ്ങളിലേക്ക് പറക്കുന്ന പരുന്തിനെ മറ്റു പക്ഷികള്‍ക്ക് സ്വാധീനിക്കാനേ കഴിയില്ല. ചെറിയ മനസ്സുള്ളവരെ ഒരിക്കലും പരുന്ത് കൂടെ കൂട്ടില്ല. ചെറിയ മനസ്സുള്ളവര്‍ നമ്മെയും ചെറുതാക്കും. ചങ്ങാതിമാരെ തെരഞ്ഞെടുക്കുമ്പോള്‍ നമ്മളും അത് ശ്രദ്ധിക്കണം.
നമ്മെ പിറകിലേക്ക് നയിക്കുന്നവരെയാകരുത് നാം കൂട്ടുകാരായി തെരഞ്ഞെടുക്കേണ്ടത്. കൂടെ നില്‍ക്കുന്നവരെ, ഊര്‍ജം തരുന്നവരെ, കൂടെ പറക്കുന്നവരെ വേണം അടുത്ത ചങ്ങാതിമാരാക്കാന്‍. 'നിന്റെ ചങ്ങാതിയാരെന്ന് പറ, നീയാരാണെന്ന് ഞാന്‍ പറയാം' എന്ന പ്രസിദ്ധമായ വാചകം കേട്ടിട്ടില്ലേ. ഏതാണ്ട് നമ്മുടെ ചങ്ങാതിയുടെ സ്വഭാവം പോലെ തന്നെയാകും നമ്മളും. അതുകൊണ്ടാണ് അങ്ങനെ പറയുന്നത്. സ്വപ്‌നങ്ങളുള്ള കൂട്ടുകാരെ വേണം നമ്മള്‍ തെരഞ്ഞെടുക്കാന്‍.'
കുട്ടികളെല്ലാം ശരിയെന്ന് തലയാട്ടി.
'പരുന്തിന് അഞ്ച് കിലോമീറ്റര്‍ ദൂരം വരെ കാണാന്‍ കഴിയും എന്ന് പറയുന്നത് നേരാണോ മാഷേ...' സിറാജ് ചോദിച്ചു.
'ശരിയാണ്, പരുന്തിന്റെ കാഴ്ച അപാരമാണ്. ദൂരെയുള്ള ഇരയെ പരുന്ത് കണ്ടെത്തിയാല്‍ പിന്നെ ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പാണ്. എത്ര പ്രയാസം നിറഞ്ഞും പരുന്ത് ലക്ഷ്യത്തിലെത്തുന്നത് കാണാം. കാഴ്ച കൃത്യമാകണമെന്നും കാഴ്ചപ്പാടുണ്ടാകണമെന്നും അവയിലേക്ക് കുതിക്കണമെന്നും പരുന്ത് നമ്മെ പഠിപ്പിക്കുന്നുണ്ട്.
എന്നു മാത്രമല്ല, ചത്ത പക്ഷികളെയോ മൃഗങ്ങളെയോ ഒന്നും പരുന്ത് ഭക്ഷിക്കാറില്ല. ജീവനോടെയുള്ളവയെ മാത്രമേ കഴിക്കൂ. കഴിഞ്ഞ കാലം കഴിഞ്ഞതാണെന്നും വര്‍ത്തമാനകാലമാകണം ഫോക്കസെന്നുമുള്ള ഒരു പാഠം കൂടി അതില്‍നിന്ന് നമുക്ക് ലഭിക്കുന്നു.
'പരുന്തിന് കൊടുങ്കാറ്റുകള്‍ ഇഷ്ടമാണെന്ന കാര്യം കേട്ടിട്ടുണ്ടോ?' മാഷ് ചോദിച്ചു.
എല്ലാവരും ഇല്ലെന്ന് തലയാട്ടി.
'കൊടുങ്കാറ്റും ഇടിമിന്നലും വരുമ്പോള്‍ മറ്റു പക്ഷികളെല്ലാം ഒളിക്കും. പക്ഷേ, പരുന്താകട്ടെ ഇതെല്ലാം തനിക്ക് തെളിയാനുള്ള കാരണമായാണ് കാണുന്നത്.
കൊടുങ്കാറ്റുകള്‍ പരുന്തിനെ കൂടുതല്‍ കരുത്തനാക്കും. പ്രശ്‌നങ്ങളും പ്രയാസങ്ങളും കണ്ട് പതറരുതെന്നും അതെല്ലാം നമ്മെ കൂടുതല്‍ ശക്തരാക്കാനുള്ള കാരണങ്ങളാണെന്നും പരുന്ത് നമ്മെ അഭ്യസിപ്പിക്കുന്നു.
'പരുന്ത് തന്റെ കൂടിന് ഒരിക്കലും സോഫ്റ്റ് ആയ പുല്ലുകളൊന്നും വെക്കാറില്ല. സോഫ്റ്റ് ആയ പുല്ലാണെങ്കില്‍ അതിന്റെ കുഞ്ഞൊരിക്കലും കൂട് വിട്ടിറങ്ങില്ലല്ലോ. സുന്ദരമായി കൂട്ടില്‍ കിടന്നുറങ്ങും. തന്റെ കുഞ്ഞിനെ കംഫര്‍ട്ട് സോണിന് പുറത്തേക്ക് കൊണ്ടു വരാനാണത്രെ പരുന്ത് ഇങ്ങനെ ചെയ്യുന്നത്. കംഫര്‍ട്ട് സോണില്‍ വളര്‍ച്ചയില്ലെന്ന് പരുന്തിനറിയാം.'
മാഷ് പറഞ്ഞു നിര്‍ത്തി. ഇനി മുതല്‍ ഞങ്ങള്‍ സംസാരം കുറച്ച് പ്രവൃത്തിയില്‍ ഫോക്കസ് ചെയ്യുമെന്നും ഏറ്റവും മികച്ച കൂട്ടുകാരെ തന്നെ തെരഞ്ഞെടുക്കുമെന്നുമെല്ലാം മാഷിന് വാക്ക് നല്‍കിയാണ് അന്ന് കുട്ടികളെല്ലാം പിരിഞ്ഞത്.