അതിരുവിട്ട സ്വാതന്ത്ര്യ ബോധമാണ് മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ബന്ധങ്ങളുടെ തകര്‍ച്ചയിലേക്കും കൂപ്പുകുത്തിക്കുന്നത്.
പ്രണയിക്കുന്നവരേയും പ്രണയിക്കാനാഗ്രഹിക്കുന്നവരെയും ഒരു തുറന്നു പറച്ചിലിനായി കാത്തിരിക്കുന്നവരെയുമെല്ലാം ഒരു പോലെ സന്തോഷിപ്പിക്കുന്ന ദിനമാണത്രെ വാലന്റൈന്‍സ് ഡേ... നവദമ്പതികളും പ്രവാസികളും തങ്ങളുടെ പ്രണയ സമ്മാനങ്ങളുമായി കാത്തിരിക്കാറുള്ള ദിനം. ചുവന്ന റോസാപ്പൂക്കള്‍ ഒട്ടിച്ച കാര്‍ഡുകള്‍ കൈമാറിയും ചോക്ലേറ്റുകള്‍ പങ്കുവെച്ചും പ്രണയം തുറന്ന് പറഞ്ഞും പ്രണയ ജോഡികളെ തെരഞ്ഞെടുത്തുമെല്ലാം ഈ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്.
ഈ ദിനം ആഘോഷിക്കണോ വേണ്ടയോ എന്നന്വേഷിക്കുന്നതിന് മുമ്പ് ഇസ്ലാമിലെ പ്രണയ സങ്കല്‍പ്പത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. കണ്ണ് കൊണ്ട് മൊഴിഞ്ഞ, കാത് കൊണ്ടനുഭവിച്ച ഒന്നിനെ പുല്‍കലല്ല ദീന്‍ നിഷ്‌ക്കര്‍ഷിക്കുന്ന പ്രണയം. അത് ജീവിതാന്ത്യം വരെ തനിക്കൊപ്പം നില്‍ക്കുന്ന ഒരു കൂട്ട് തേടലാവണം. വളര്‍ന്ന സാഹചര്യങ്ങളും ചുറ്റുപാടും സ്വഭാവ സവിശേഷതകളും മനസ്സിലാക്കി, ദീനിന് പ്രാമുഖ്യം കൊടുത്ത്, കുടുംബങ്ങളുടെ പൊരുത്തത്തില്‍ പിതാവ്, പുരുഷന്റെ കൈപിടിച്ചേല്‍പ്പിക്കുന്ന സുദൃഢമായ ഉടമ്പടിമേല്‍ മൊട്ടിടുന്നതാവണം അവര്‍ തമ്മിലുള്ള തീവ്ര പ്രണയം. 'നിങ്ങള്‍ ഇണകള്‍ക്ക് വസ്ത്രമാവണമെന്നും, ശാന്തിയുടേയും സമാധാനത്തിന്റേയും ഗേഹമൊരുക്കണ'മെന്നും പഠിപ്പിച്ചത്, പ്രണയ നിര്‍ഭരമായ ദാമ്പത്യ ജീവിതത്തിന് അടിത്തറ പാകാനാണ്. വിവാഹം ലക്ഷ്യമാക്കാത്ത എല്ലാ പ്രണയങ്ങളും ഇസ്ലാമില്‍ കുറ്റമാണ്.
അന്യ പുരുഷനെയോ സ്ത്രീയെയോ തുറിച്ചു നോക്കരുതെന്നും, വികാരം ജനിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കരുതെന്നും പ്രവാചകന്‍ (സ) ഉപദേശിച്ചിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം പോലും പുരുഷനെ പ്രലോഭിപ്പിക്കുന്നതാകരുത്. തോളോടു തോളുരുമ്മിയും ചുമലില്‍ കയ്യിട്ടും പ്രകടിപ്പിക്കുന്ന അന്യ സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ ഇസ്‌ലാമില്‍ അനുവദനീയമല്ല. എതിര്‍ ലിംഗ സൗഹൃദങ്ങളുടെ പരിധി നിശ്ചയിക്കുന്നതില്‍ ഭൂരിപക്ഷം മുസ്ലിം വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാജയപ്പെട്ട മട്ടാണ്. വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റമായിട്ടാണ് ഇതേക്കുറിച്ച വിമര്‍ശനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അതിരുവിട്ട ഈ സ്വാതന്ത്ര്യ ബോധം തന്നെയാണ് മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ബന്ധങ്ങളുടെ തകര്‍ച്ചയിലേക്കും കൂപ്പുകുത്തിക്കുന്നത്.
ഭ്രാന്തമായ അനുകരണ ഭ്രമമാണിന്നത്തെ യുവത്വത്തിന്. അവര്‍ നിത്യജീവിതത്തെ റീലുകളിലും സ്റ്റോറികളിലുമായി കുരുക്കിയിടുന്നു. തട്ടമഴിച്ച് പാന്റ്‌സിലേക്കും കുട്ടി കുപ്പായത്തിലേക്കും ട്രെന്റനുസരിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ മാറിയെന്ന് മാത്രമല്ല, കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും മടിയില്‍ കിടന്നുമൊക്കെ സ്‌നേഹം പങ്കിടുന്ന ഗേള്‍ - ബോയ് ഫ്രണ്ട്ഷിപ്പുകള്‍ സെക്കുലര്‍ യൗവനത്തിന്റെ ഭാഗമാണ്.
ഡി.ജെ നൈറ്റും ഫ്‌ളാഷ് മോബുമൊക്കെ പുതിയ കാലത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന് നിസ്സാരവത്കരിക്കുന്നവര്‍ പ്രപഞ്ച നാഥന്‍ നേരംപോക്കിന് വേണ്ടി സൃഷ്ടിച്ചതല്ല സദാചാര സംഹിതകളെന്ന് മനസ്സിലാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്തമായ അവകാശങ്ങളും ബാധ്യതകളുമാണ്. ലിവിങ്ങ് റ്റുഗദറിനെക്കുറിച്ചും സിംഗിള്‍ പാരന്റിംഗിന്റെ സാധ്യതകളെക്കുറിച്ചും വാചാലരാവുന്നവര്‍ പ്രായോഗിക ജീവിതത്തിന്റെ തിക്ത യാഥാര്‍ഥ്യങ്ങളെ മറച്ചുപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ്.
കേവല സ്ത്രീ-പുരുഷ സമത്വ പ്രഖ്യാപനം കൊണ്ട് സമീകരിക്കാനാവുന്ന അത്ഭുതമല്ല സ്ത്രീയും പുരുഷനും. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍, കാമക്കണ്ണും കച്ചവടക്കണ്ണും തുറന്നു വെച്ച്, സ്ത്രീ ഉല്‍പ്പന്നങ്ങളെ വിറ്റു തീര്‍ക്കുകയാണ് ന്യൂ ജനറേഷന്‍ സെലിബ്രേഷനുകളത്രയും. വാലന്റൈന്‍ ദിനാചരണമെന്ന രീതിയില്‍ സമുദായത്തിനകത്ത് തന്നെ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ഒരിക്കലും അഭിലഷണീയമല്ല. പ്രണയം വിശുദ്ധവും മനുഷ്യ സഹജവുമാണ്. അത് നറുക്കിട്ടും ചാറ്റിങ്ങിലൂടെയും മീഡിയകളിലൂടെയും പരസ്യപ്പെടുത്തി, ലീലാവിലാസങ്ങളിലേര്‍പ്പെടുന്നത് സംസ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.