അന്യ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഇടപഴകുമ്പോള്‍ സ്ത്രീ തന്റെ വേഷത്തിലും വാക്കിലും പെരുമാറ്റത്തിലുമെല്ലാം പാലിച്ചിരിക്കേണ്ട നിബന്ധനയും മര്യാദയുമാണ് ഹിജാബ്. അല്ലാതെ അതൊരു വസ്ത്രകോഡല്ല.
മുസ്ലിം സ്ത്രീയുമായി ബന്ധപ്പെട്ട് ഹിജാബ് എന്ന മൂന്നക്ഷരങ്ങള്‍ ഇന്നൊരു പൊതു വിവാദ വിഷയമായി മാറിയിരിക്കയാണ്. മുഖവും കണ്ണും മൂക്കുമടക്കം ശരീരമാസകലം കറുത്ത തുണിയില്‍ പൊതിഞ്ഞുവെച്ച ഒരു സ്ത്രീരൂപം എന്നാണ് ഹിജാബ് എന്നതുകൊണ്ട് പലരും മനസ്സിലാക്കുന്നത്. ഹിജാബ് എന്ന വാക്കിന്റെ അര്‍ഥം 'മറ' എന്നാണ്. അന്യ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഇടപഴകുമ്പോള്‍ സ്ത്രീ തന്റെ വേഷത്തിലും വാക്കിലും പെരുമാറ്റത്തിലുമെല്ലാം പാലിച്ചിരിക്കേണ്ട നിബന്ധനയും മര്യാദയുമാണത്. അതല്ലാതെ അതൊരു വസ്ത്രകോഡല്ല. കറുപ്പ് വസ്ത്രം മാത്രമേ ഒരു പെണ്ണ് ധരിക്കാവൂ എന്ന നിര്‍ബന്ധ ബുദ്ധിയും ഇസ്ലാമിലില്ല. കറുപ്പ് നിറം വസ്ത്രത്തിനായി തെരഞ്ഞെടുത്തു കൂടാ എന്നും പറയുന്നില്ല. അത് അവനവന്റെ ഇഷ്ടമാണ്. പെരുമാറ്റ മര്യാദയെക്കുറിച്ച് പറയുന്നേടത്ത് ഖുര്‍ആന്‍ സ്വീകരിച്ച ഒരു പദമാണ് ഹിജാബ്.
വസ്ത്രധാരണത്തിന്റെ ഉദ്ദേശ്യം
നഗ്‌നത മറയ്ക്കാനും അഭിമാന സംരക്ഷണത്തിനും അഴകിനും അലങ്കാരത്തിനും വേണ്ടിയാണല്ലോ മനുഷ്യന്‍ വസ്ത്രം ധരിക്കുന്നത്. അതാകട്ടെ ആധുനിക നാസ്തികത്വം അവകാശപ്പെടുന്നതു പോലെ മനുഷ്യന്‍ അവന്റെ വളര്‍ച്ചയുടെ പടവിലെവിടെയോ വെച്ച് സ്വയം കണ്ടെടുത്ത ഒന്നല്ല. അല്ലാഹു അവന്റെ അടിമകളായ മനുഷ്യര്‍ക്ക് വരദാനമായി ഇട്ടുകൊടുത്ത ഒന്നത്രെ അത്. പരിശുദ്ധ ഖുര്‍ആന്‍ സൂറ അല്‍അഅ്‌റാഫിലെ 26-ാം വചനത്തില്‍ അക്കാര്യം പ്രത്യേകം പറയുന്നുണ്ട്.
''അല്ലയോ ആദം സന്തതികളേ, നഗ്‌നത മറയ്ക്കാനും രക്ഷാകവചമായും അലങ്കാരമായും നിങ്ങള്‍ക്ക് നാം വസ്ത്രം ഇറക്കിത്തന്നിരിക്കുന്നു. എന്നാല്‍ ധര്‍മബോധമാകുന്ന വസ്ത്രമുണ്ടല്ലോ, അതാണ് ഏറെ വിശിഷ്ടമായത്. ദൈവിക ദൃഷ്ടാന്തങ്ങളിലൊന്നത്രെ അത്. ജനം ഉല്‍ബുദ്ധരായെങ്കിലോ.''
ചെകുത്താന്റെ വഞ്ചനയിലകപ്പെട്ട് ആദം ദമ്പതികള്‍ തെറ്റ് ചെയ്തു. വിലക്കപ്പെട്ട കനി പറിച്ച് തിന്നു. തന്മൂലം സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ടു. പക്ഷേ, ആദം ദമ്പതികള്‍ക്ക് തെറ്റ് ബോധ്യമായി. അവര്‍ അല്ലാഹുവിനോട് അങ്ങേയറ്റം പശ്ചാത്തപിച്ചു. അല്ലാഹു ആ പശ്ചാത്താപം സ്വീകരിച്ചു. എങ്കിലും അവരുടെ തെറ്റ് മൂലം വെളിവായ നഗ്‌നത അങ്ങനെതന്നെ പ്രത്യക്ഷമായി അവശേഷിച്ചു. അത് അവര്‍ക്ക് നാണക്കേടുണ്ടാക്കി. സകല തെറ്റിന്റെയും ഉറവിടമായ ആ അവയവം മറച്ചു വെക്കണമെന്ന് അവരുടെ ഉള്ളിലുള്ള തഖ് വ അവരെ ബോധ്യപ്പെടുത്തി. ഉദാരമായ ഒരു മാനസികാവസ്ഥയാണ് തഖ് വ.
''നിങ്ങള്‍ പ്രവാചക പത്‌നിമാരോട് വല്ലതും ചോദിക്കുന്നുവെങ്കില്‍ മറയ്ക്ക് (ഹിജാബ്) പിന്നില്‍നിന്ന് ചോദിച്ചുകൊള്ളുക. അതാകുന്നു നിങ്ങളുടെയും അവരുടെയും മനസ്സുകള്‍ മലിനമാകാതിരിക്കാന്‍ ഏറ്റവും ഉചിതമായ രീതി'' (വി.ഖു 33:53).
പ്രവാചകന്റെ വീടുകള്‍ സന്ദര്‍ശിക്കുകയും നബിപത്‌നിമാരോട് സംഭാഷണം നടത്തുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളാണിവിടെ പഠിപ്പിക്കപ്പെടുന്നത്. അനാവശ്യമായി നബിഗൃഹങ്ങളില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കരുതെന്നും ആവശ്യത്തിന് കയറുകയാണെങ്കില്‍ തന്നെ നബിപത്‌നിമാരോട് സംസാരിക്കുമ്പോള്‍ നേര്‍ക്കുനേരെ അഭിമുഖം പാടില്ലെന്നും മറ്റുമാണ് ഇപ്പറഞ്ഞ സൂക്തങ്ങളിലടങ്ങിയിരിക്കുന്നത്. ഇതുപോലെ പ്രവാചക പത്‌നിമാര്‍ വേഷത്തില്‍ പാലിക്കേണ്ട മര്യാദയും ഈ സൂറയില്‍ തന്നെ ഖുര്‍ആന്‍ പറയുന്നുണ്ട്.
''പ്രവാചകരേ, താങ്കളുടെ പത്‌നിമാരോടും പെണ്‍മക്കളോടും വിശ്വാസിനികളായ സ്ത്രീകളോടും പറയുക. അവരുടെ മേലാടകള്‍ അവരുടെ മേല്‍ താഴ്ത്തിയിട്ടു കൊള്ളട്ടെ. അത് അവര്‍ തിരിച്ചറിയപ്പെടുന്നതിനും പീഡിപ്പിക്കപ്പെടാതിരിക്കാനും ഏറ്റം ഉചിതമായ വഴിയാണ്, അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ ' (വി.ഖു 33:59).
സാധാരണ ധരിക്കുന്ന തുണിക്കുപ്പായം, മക്കന, ചുരിദാര്‍, പാവാട, ബ്ലൗസ്, ഇതിനു പുറമെ ശരീരത്തിന്റെ വടിവുകളും മുഴപ്പുകളും ഒളിഞ്ഞും തെളിഞ്ഞും കാണാതിരിക്കത്തക്കമുള്ള ഒരു ചുറ്റുപുതപ്പ് ഇതാണിവിടെ ജില്‍ബാബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് സാരിയായാലും വലിയ ഷാളായാലും മതി. പക്ഷേ, അണിയുമ്പോള്‍ ഖുര്‍ആന്‍ പറയുന്ന വസ്ത്ര മര്യാദകള്‍ പാലിക്കണമെന്ന് മാത്രം. സൂറത്തുന്നൂറിലെ 31ാം വചനത്തില്‍ ഇക്കാര്യം വളരെ വ്യക്തമായി ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്.
''വിശ്വാസിനികളോടും പ്രവാചകന്‍ പറയണം: അവര്‍ ദൃഷ്ടികള്‍ നിയന്ത്രിച്ചു കൊള്ളട്ടെ. ലൈംഗിക അവയവങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അവരുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതെയുമിരിക്കട്ടെ, സ്വാഭാവികമായി വെളിപ്പെട്ടതൊഴിച്ച്. അവര്‍ ശിരോവസ്ത്രം താഴ്ത്തിയിട്ട് മാറിടം മറക്കണം. സ്വന്തം ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃ പുത്രന്മാര്‍, സഹോദരന്മാര്‍, സഹോദര പുത്രന്മാര്‍, സഹോദരി പുത്രന്മാര്‍, അവരുമായി ദൈനംദിനം ഇടപെടുന്ന സ്ത്രീകള്‍. അവരുടെ അധീനത്തിലുള്ള സ്ത്രീപുരുഷന്മാര്‍, ദുര്‍മോഹങ്ങളില്ലാത്ത ആശ്രിതര്‍, സ്ത്രീകളുടെ ഗോപ്യകാര്യങ്ങളൊന്നും അറിഞ്ഞുകൂടാത്ത കുട്ടികള്‍ എന്നിവര്‍ക്കല്ലാതെ അവരുടെ അലങ്കാരം വെളിപ്പെടുത്തിക്കൂടാ'' (വി.ഖു. 24:31).
നോട്ടം നിയന്ത്രിക്കാനും ലൈംഗിക അവയവങ്ങള്‍ കാത്തു സൂക്ഷിക്കാനും പുരുഷന്മാരോട് കല്‍പിച്ച നിബന്ധനകള്‍ സ്ത്രീകള്‍ക്കും ബാധകമാക്കുകയാണിവിടെ. പരപുരുഷന്മാരുമായി ഇടപഴകുമ്പോള്‍ സ്ത്രീകള്‍ പാലിച്ചിരിക്കേണ്ട പ്രത്യേക മര്യാദകളും ഇവിടെ ഉണര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ അണിയുന്ന അലങ്കാരങ്ങളില്‍ സ്വാഭാവികമായി വെളിപ്പെടുന്നതൊഴികെ അന്യപുരുഷന്മാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാതിരിക്കണം. മുഖവും മുന്‍കൈയുമാണ് സ്വാഭാവികമായി വെളിപ്പെടുന്നവ എന്നതാണ് മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം. മാത്രമല്ല, കഴുത്തും മാറുമെല്ലാം പുറത്ത് കാണാത്ത വിധം ശിരോ വസ്ത്രം മാറിടത്തിലൂടെ താഴ്ത്തിയിടുകയും വേണം. സൂക്തത്തില്‍ എടുത്തുപറഞ്ഞ പുരുഷന്മാരൊഴിച്ച് ബാക്കി ആരുടെ മുമ്പിലും തന്റെ അഴക് പ്രദര്‍ശിപ്പിക്കരുത്. അത്തരം ഒരു ദുഷ്ചിന്ത മനസ്സില്‍ കടന്നു വരാന്‍ വരെ പാടില്ല.
തഖ് വ എന്ന വസ്ത്രം
മനുഷ്യന്‍ അണിഞ്ഞിരിക്കുന്ന ഏറ്റവും നല്ല വസ്ത്രമായിട്ടാണ് അവന്റെ ഉള്ളിലുള്ള തഖ് വയെ അല്ലാഹു ഉപമിച്ചിരിക്കുന്നത്. ബാഹ്യമായി അണിയുന്ന അലങ്കാര വസ്ത്രങ്ങള്‍ മാന്യതയോടെയായിരിക്കാന്‍ ഉളളിലുള്ള തഖ് വ അവന് ബോധനം നല്‍കുന്നു. ഈ വിഷയത്തില്‍ സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസമില്ല. പുരുഷന്‍ അവന്റെ നഗ്‌നത മാത്രമല്ലല്ലോ വസ്ത്രം കൊണ്ട് മറയ്ക്കുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ കൂടി മറയുന്ന വസ്ത്രം അവനും അണിയുന്നു. അതുപോലെ സ്ത്രീക്കും വസ്ത്രധാരണത്തില്‍ അലങ്കാരത്തിന് പ്രാധാന്യം കൊടുക്കാം. പക്ഷേ, അത് പരിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന നിബന്ധനകള്‍ പാലിച്ചായിരിക്കണം എന്നു മാത്രം.