ആത്മസംതൃപ്തി നേടിയെടുക്കാം
കെ.കെ ഫാത്തിമ സുഹ്റ
ഫെബ്രുവരി 2023
പരലോക സൗഭാഗ്യം കൊയ്തെടുക്കുവാന്‍ ഈ ലോക ജീവിതം ധന്യവും സാര്‍ഥകവും ക്രിയാത്മകവുമായിരിക്കണം
പരലോക സൗഭാഗ്യം കൊയ്തെടുക്കുവാന്‍ ഈ ലോക ജീവിതം ധന്യവും സാര്‍ഥകവും ക്രിയാത്മകവുമായിരിക്കണം
പലരെയും അലട്ടുന്ന പ്രശ്നമാണ് സംതൃപ്തിയില്ലായ്മ.
ജീവിതത്തില്‍ നമുക്ക് ചില നേട്ടങ്ങള്‍ ഉണ്ടായെന്ന് വരാം, ജോലിയില്‍ സ്ഥാനക്കയറ്റമുണ്ടാവുകയോ ഏറക്കാലത്തെ നമ്മുടെ മറ്റൊരാഗ്രഹം പൂവണിയുകയോ ചെയ്തെന്നും വരാം. വിവാഹിതരാവുക, പുതിയ വീട്ടില്‍ താമസമാക്കുക, ടൂര്‍ പോവുക, ദീര്‍ഘയാത്ര ചെയ്യുക ഇങ്ങനെ പലതും ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അനുഭവപ്പെടുന്ന സന്തോഷം വിവരണാതീതമാണ്. പക്ഷേ, ആ സന്തോഷം സ്ഥിരമായി നിലനില്‍ക്കുന്നതാണോ? പലപ്പോഴും താല്‍ക്കാലികമായിരിക്കും. ജീവിതത്തില്‍ ആനന്ദം കണ്ടെത്താനും ആഹ്ലാദിക്കാനും സന്തോഷം അനുഭവിക്കാനും അത് നിലനിര്‍ത്താനും നമ്മള്‍ ശ്രദ്ധ വെക്കണം. കൈപ്പേറിയ അനുഭവങ്ങള്‍ക്കിടയിലും ജീവിതം നിറമുള്ളതാക്കാന്‍ കഴിയുക, അത് മഹാസൗഭാഗ്യമാണ്. ചിലര്‍ക്ക് മാത്രം കൈവരിക്കാന്‍ സാധിക്കുന്ന മഹാ സൗഭാഗ്യം. ഇച്ഛാശക്തിയോടെ മനസ്സുവെച്ചാല്‍ നമുക്കതിന് കഴിയും.
സ്ഥിരമായ ഒരു വിനോദം ഉണ്ടായിരിക്കണം. വായന, അടുക്കളത്തോട്ട നിര്‍മാണം, കൃഷി, വ്യായാമം, കൂട്ടുകാരോടൊപ്പം സഹവസിക്കല്‍, മാതാപിതാക്കളെ സന്ദര്‍ശിക്കല്‍ /പരിചരിക്കല്‍... ഇതിനൊക്കെ സമയം നീക്കിവെക്കാന്‍ കഴിഞ്ഞാല്‍ അതൊരു ജീവിതചര്യയായി മാറും. ഇത്തരം പരിപാടികള്‍ ഹരമായി മാറിയാല്‍ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ അതുതന്നെ ഒരളവോളം സഹായിക്കും.
ജീവിതത്തില്‍ ഉന്മേഷവും സന്തോഷവും നിലനിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് വ്യായാമം. ദിവസവും കുറച്ച് സമയമെങ്കിലും വ്യായാമത്തിനു വേണ്ടി ചെലവഴിക്കണം. അത് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നു. ഭക്ഷണകാര്യത്തിലും നന്നായി ശ്രദ്ധിക്കണം. കഴിക്കുന്നത് പോഷകമൂല്യങ്ങളുള്ള ഭക്ഷണമായിരിക്കണം. അതുമിതും വാരിവലിച്ച് ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അത് പൊണ്ണത്തടിക്കും അലസതക്കും ഉന്മേഷക്കുറവിനും കാരണമാവും. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങള്‍ ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമാണ് വരുത്തിവെക്കുക.
നമ്മുടെ ആത്മീയ വളര്‍ച്ചക്കും പോഷണത്തിനും മതിയായ പ്രാധാന്യം കല്‍പ്പിക്കണം. ഖുര്‍ആനും അതിന്റെ പരിഭാഷയും ദിവസത്തില്‍ ചുരുങ്ങിയത് ഒരു പേജെങ്കിലും വായിക്കാന്‍ ശ്രമിക്കണം. അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ ചിട്ടയോടും ശ്രദ്ധയോടും കൂടി നിര്‍വഹിച്ചുകൊണ്ട് രക്ഷിതാവുമായുള്ള ബന്ധം സജീവമായി നിലനിര്‍ത്തണം. നമസ്‌കാരങ്ങളിലും ദിക്റ്-ദുആകളിലും മുഴുകുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. കഴിയുമെങ്കില്‍ ആഴ്ചയില്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അതുമല്ലെങ്കില്‍ മാസത്തില്‍ ഒന്നോ രണ്ടോ മൂന്നോ സൗകര്യം പോലെ നോമ്പ് അനുഷ്ഠിക്കുന്നതും മാനസികാരോഗ്യത്തിനും ആത്മീയ വളര്‍ച്ചക്കും സഹായകമാണ്. റബ്ബിന് കീഴ്പ്പെട്ടും നാഥന്റെ വിധിവിലക്കുകള്‍ അനുസരിച്ചും നബി തിരുമേനിയുടെ സുന്നത്തുകള്‍ പ്രാവര്‍ത്തികമാക്കിയും ജീവിക്കുമ്പോള്‍ ദൈവ സാമീപ്യവും പ്രീതിയും അനുഭവ വേദ്യമാകും.
ദൈവം നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അനവധിയാണ്. അവയെക്കുറിച്ച് ചിന്തിക്കുകയും അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുകയും ബോധപൂര്‍വം അതിന് സമയം കണ്ടെത്തുകയും ചെയ്യാന്‍ നമുക്ക് സാധിക്കണം.
പുതിയ പുതിയ അനുഭവങ്ങളുണ്ടാകണം. സുഹൃദ് വൃത്തങ്ങള്‍ വികസിപ്പിക്കണം. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ പുതിയത് ചെയ്യാനും പുതിയ പുതിയ മേഖലകള്‍ കണ്ടെത്താനും മറ്റുളളവരുമായുള്ള സഹവാസം വേണം. അനുഭവങ്ങള്‍ ജീവിതത്തിന് നവ്യാനുഭൂതി പ്രദാനം ചെയ്യുന്നു. അവശരെയും ദുരിതബാധിതരെയും സഹായിക്കാന്‍ സമയം നീക്കിവെക്കണം. ജനസേവന പ്രവര്‍ത്തനങ്ങളില്‍ സമയം ചെലവഴിക്കുമ്പോള്‍ വിവരണാതീതമായ ആനന്ദമാണ് നമുക്ക് അനുഭവിക്കാനാവുക.
പലപ്പോഴും നമ്മള്‍ നമ്മിലേക്ക് ചുരുങ്ങുകയും സ്വന്തത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും സ്വാര്‍ഥ താല്‍പര്യങ്ങളില്‍ മുഴുകുകയും ചെയ്യുന്നതാണ് നമ്മില്‍ ദുഃഖവും മനഃസംഘര്‍ഷവും വര്‍ധിക്കാനിടയാക്കുന്നത്. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കാണുമ്പോഴാണ് നമുക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങള്‍ വിലമതിക്കാനാവുക. ജോലിയും ഉദ്യോഗവുമൊക്കെ മനസ്സംതൃപ്തി നല്‍കുന്നതായിരിക്കണം. ഒരു നിലക്കും സംതൃപ്തി നല്‍കാത്ത ജോലിയിലാണ് നമ്മള്‍ ഏര്‍പ്പെട്ടതെങ്കില്‍ അത് വേണ്ടെന്നു വെച്ച് സംതൃപ്തി നല്‍കുന്ന ജോലി കണ്ടെത്താന്‍ ശ്രമിക്കണം. അതല്ലെങ്കില്‍ ജോലി ഹൃദ്യമാക്കാന്‍ വേണ്ട മാര്‍ഗങ്ങള്‍ അന്വേഷിക്കണം; ജോലി ഒരു ഭാരമായി കാണരുത്.
ആനന്ദിക്കുവാനും അനുഭവിക്കുവാനും കൂടിയുള്ളതാണ് ജീവിതം. അത് ദുഃഖത്തിലും ആത്മസംഘര്‍ഷത്തിലും മാത്രമായി തുലക്കരുത്. പരലോക സൗഭാഗ്യം കൊയ്തെടുക്കുവാന്‍ ഈ ലോക ജീവിതം ധന്യവും സാര്‍ഥകവും ക്രിയാത്മകവുമായിരിക്കണം.