സുബൈറിന്റെ പിന്മടക്കം
സുബൈറിന്റെ പിന്മടക്കം
ആസിഫ് പറക്കുകയായിരുന്നു. കാസിമിന്റെ വീട്ടിലേക്ക്. അവന് അത്രക്കും ഇഷ്ടമായിരുന്നു സുബൈറിനെ. കാസിമിന്റെ വീടിന് മുമ്പില്‍ തന്നെ കാര്‍ പാര്‍ക്ക് ചെയ്ത് ദ്രുതഗതിയില്‍ വരുന്ന ആസിഫിനെ കണ്ട് വരാന്തയില്‍ വായിച്ചുകൊണ്ടിരിക്കുന്ന ഷാഹിന മുറ്റത്തേക്കിറങ്ങി.
''എന്താ ആസിഫേ, ഈ അമ്പരപ്പ്? ഉപ്പ വല്ലതും പറഞ്ഞോ....?''
''ഇല്ല കാസിംച്ചാനെ ഞാന്‍ കണ്ടതേയില്ല.''
റുബീനയും അവരുടെയരികിലെത്തി.
''എന്താ ആസിഫേ... എന്ത് പറ്റി?''
''എനിക്ക് ചായ വേണം, ചായ മാത്രം മതി.''
''നീ ഏതായാലും കയറിയിരിക്ക്, ഞാന്‍ ചായ എടുത്ത് വരാം.''
റുബീന അകത്തേക്ക് പോയി. ആസിഫിന്റെ നേരെ എതിരെയുള്ള കസേരയില്‍ ഷാഹിന ഇരുന്നു.
''ആസിഫിന് എന്തോ പ്രശ്‌നമുണ്ട്, ഉപ്പ വഴക്ക് പറഞ്ഞുകാണും.''
''ഞാന്‍ നേരത്തെ പറഞ്ഞില്ലേ, കാസിംച്ചാനെ കണ്ടതേയില്ലെന്ന്, അഥവാ കാസിംച്ച വഴക്ക് പറഞ്ഞാല്‍ തന്നെ എനിക്കെന്താ, അത് സാധാരണ കേള്‍ക്കാറുള്ളതല്ലേ?''
''പിന്നെയെന്ത് പ്രശ്‌നം ആസിഫേ?'' ഷാഹിന ജിജ്ഞാസയോടെ ചോദിച്ചു.
''നമ്മുടെ മാനേജര്‍ നല്ലൊരു മനുഷ്യനായിരുന്നു. ആശുപത്രി തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷം കഴിഞ്ഞു. സുബൈര്‍ച്ച പതിനെട്ടാമത്തെ മാനേജറാണ്.''
''മാനേജറല്ല, ആസിഫേ അഡ്മിനിസ്‌ട്രേറ്റര്‍, തെളിച്ചുപറ... എന്താപ്രശ്‌നം.''
''സുബൈര്‍ച്ചാനെ....''
അവന് മുഴുമിപ്പിക്കാന്‍ പറ്റിയില്ല, അവന്‍ പൊട്ടിക്കരഞ്ഞു. ഇത് കണ്ടുനിന്ന ഷാഹിനയും വിഷമത്തിലായി. അവള്‍ അകത്ത് പോയി ടെലിഫോണെടുത്ത് സുബൈറിനെ വിളിച്ചു. അവന്റെ ഡയരക്ട് ലൈനില്‍ ആരും ഉണ്ടായിരുന്നില്ല. വീണ്ടും റിസപ്ഷനിലേക്ക് വിളിക്കാന്‍ വേണ്ടി റസീവര്‍ എടുത്തപ്പോള്‍ ആസിഫ് അവരെ വിളിച്ചു പറഞ്ഞു.
''സുബൈര്‍ച്ച ആശുപത്രിയില്‍ ഇല്ല, ചിലപ്പോള്‍ ഫ്‌ളാറ്റില്‍ കാണും.''
''അതെന്താ ആസിഫേ...'' അവന്‍ കണ്ണ് തുടച്ചു.
''കാസിംച്ച, സുബൈര്‍ച്ചാനെ കുത്തിവിട്ടു.''
''നീയെന്താണ് ആസിഫേ വിവരക്കേട് പറയുന്നത്? എന്ത് കുത്തിവിട്ടൂന്ന്?'' റുബീന ചായകൊണ്ടുവന്ന് ആസിഫിന് കൊടുത്തു. ആസിഫ് അല്‍പ്പം കുടിച്ച് മേശമേല്‍ വെച്ചു. റുബീന തൊട്ടടുത്ത കസേരയില്‍ ഇരുന്ന് അവരുടെ സംസാരത്തില്‍ പങ്കുകൊണ്ടു.
''ഷാഹിനാ, കാസിംച്ച, സുബൈര്‍ച്ചാനെ എക്‌സിറ്റ് അടിച്ചുവിട്ടു. ഏഴ് മണിക്ക് റൂമില്‍നിന്ന് പുറപ്പെടും. പത്ത് മണിക്കാണ് ഫ്‌ളൈറ്റ്.''
''നീ എന്നെ എന്തുകൊണ്ട് ഇന്നലെ അറിയിച്ചില്ല. ഇന്നലെയായിരുന്നു സംഭവം, സുബൈര്‍ച്ചാന്റെ വിഷമം കാരണം മുഴുവന്‍ സമയവും ഞാന്‍ സുബൈര്‍ച്ചാന്റെ കൂടെ നിന്നു.''
വീണ്ടും അവള്‍ സുബൈറിനെ ടെലിഫോണില്‍ ട്രൈ ചെയ്തു. ലൈനില്‍ കിട്ടിയില്ല. റുബീന ആസിഫിന് ചായ കൊടുത്തു. അവന്‍ ഒറ്റവലിക്ക് കുടിച്ച് കൈകൊണ്ട് മുഖം തുടച്ചു.
ആസിഫേ, നാലര മണികഴിഞ്ഞു, നീ അബൂജാസിമിന്റെ നമ്പര്‍ താ.... ഞാനൊന്ന് അദ്ദേഹത്തോട് സംസാരിക്കട്ടെ.''
''സോറി ഷാഹിന, എന്റെ കൈയിലില്ല.''
''നീ സമയം കളയാതെ ആസിഫിനേയും കൂട്ടി അബൂജാസിമിനെ പോയി കാണൂ.''
റുബീന ഇത് പറഞ്ഞപ്പോള്‍ ഷാഹിനക്ക് സന്തോഷമായി.
''അബൂജാസിമിനെ എങ്ങനെ കാണാനാണ്?''
അതിന് റുബീനയാണ് മറുപടി പറഞ്ഞത്.
''ചിലപ്പോള്‍ ആശുപത്രിയില്‍ കാണും.''
''ഞാന്‍ ആശുപത്രിയില്‍ വിളിച്ചു നോക്കാം.''
ആസിഫ് അകത്തുപോയി ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ അവിടെ അബൂജാസിം ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ ഷാഹിനക്ക് വെപ്രാളമായി. അവള്‍ ആസിഫിനേയും കൂട്ടി അദ്ദേഹത്തെ കാണുവാന്‍ വേണ്ടി കാറെടുത്തു. റുബീന അവരെ പ്രാര്‍ഥിച്ചു യാത്രയാക്കി.
''ആസിഫേ നീ തന്നെ ഡ്രൈവ് ചെയ്‌തോളൂ...''
''ആസിഫേ, ഇപ്പോള്‍ എവിടെക്കാണും?''
''അബൂജാസിം മിക്കവാറും ഈ സമയത്ത് ഖാദിസിയായില്‍ ദീവാനിയായില്‍ ഉണ്ടാകാറുണ്ട്.''
''വേഗത്തില്‍ വിട്ടോളൂ.... ഖാദിസിയയിലേക്ക്.'' തിരക്കു കാരണം, സിറ്റി വിടാന്‍ തന്നെ ഒന്നര മണിക്കൂര്‍ വേണ്ടിവന്നു. ഏഴ് മണിക്കാണ് സുബൈര്‍ ഫ്‌ളാറ്റില്‍നിന്ന് പുറപ്പെടുന്നത്. ഏകദേശം ആറര മണിക്കാണ് അവര്‍ ഖാദിസിയായില്‍ എത്തുന്നത്. എങ്ങനെയായാലും സുബൈറിനെ ഫ്‌ളാറ്റില്‍ കാണാന്‍ പറ്റില്ല. ആസിഫ് കാറില്‍ നിന്നിറങ്ങി ദീവാനിയയിലേക്ക് പോയി. കുറേ കുവൈത്തികള്‍ ഹുക്ക വലിച്ചുകൊണ്ടിരിക്കുന്നു. ഒരുകൂട്ടം ആളുകള്‍ പാട്ടുപാടുന്നു. ചുരുക്കം ചിലര്‍ അവിടവിടെയായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ആസിഫ് അവരുടെയടുത്ത് പോയി.
അവരില്‍ ഒരാള്‍ സലാം പറഞ്ഞ് ആസിഫിന്റെയടുത്ത് ചെന്നു.
''ഷുതബീ?'' (എന്തുവേണം?)
''അബൂജാസിം മൗജൂദ്?'' (അബൂജാസിം ഉണ്ടോ?)
''ല്ല, ലിസ്സമായീജ്.'' (ഇല്ല, ഇതുവരെ വന്നില്ല.)
''ഹുവ ഈജ് വല്ലലാ?'' (അവര്‍ വരുമോ, ഇല്ലയോ?)
''യംമ്ക്കിന്‍ ഈജ്?'' (ചിലപ്പോള്‍ വരും.)
''ഴീന്‍ ശുക്രന്‍?'' (ഓക്കെ നന്ദി.)
ആസിഫ് ഷാഹിനയോട് വിവരം പറഞ്ഞപ്പോള്‍ അവളാകെ തളര്‍ന്നു. സങ്കടം സഹിക്കാന്‍ വയ്യാതെ മൗനിയായി. അവളുടെ നീല നയനങ്ങള്‍ നനഞ്ഞു. ആസിഫ് അവരെ സമാധാനിപ്പിച്ചു.
''ഷാഹിന നമ്മള്‍ ഇവിടെകാത്ത് നിന്നിട്ട് പ്രയോജനമില്ല. ഏഴു മണി കഴിഞ്ഞാണ് അദ്ദേഹം ആശുപത്രിയില്‍ വരാറ്.'' അവര്‍ രണ്ടുപേരും വാച്ചില്‍ നോക്കി. ആസിഫ് ഒരിക്കല്‍ കൂടി ദീവാനിയായില്‍ പോയി നോക്കി. അദ്ദേഹത്തെ കണ്ടെത്താനായില്ല.
''ആസിഫ്, അബൂജാസിം അവരുടെ രഹസ്യ സങ്കേതത്തിലായിരിക്കാം.... നമുക്ക് അവിടെ പോയാലോ?''
''അതെവിടെയെന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിവില്ല; അശോകനറിയാം... അവന്‍ പറയുകയുമില്ല.''
അവര്‍ രണ്ടുപേരും കാറില്‍ കയറി.
''പറത്തിവിട്ടോ.... ആസിഫേ...''
അവന്‍ വളരെ വേഗത്തില്‍ ആശുപത്രിയിലേക്ക് വണ്ടി വിട്ടു.
നാല്‍പതു മിനിറ്റില്‍ ആശുപത്രിയിലെത്തി. ഷാഹിന ഇറങ്ങി ആശുപത്രിയിലേക്ക് ഓടി. പിറകെ ആസിഫും. കയറുമ്പോള്‍ റിസപ്ഷനില്‍ ബഹളം നടക്കുകയാണ്. അതൊന്നും വകവെക്കാതെ ഷാഹിന ചെയര്‍മാന്റെ റൂമിലേക്ക് പോയി. അവിടെ അബൂജാസിം സീറ്റില്‍ ഉണ്ടായിരുന്നു. ഷാഹിന, ആസിഫിനേയും വിളിച്ചു. മടിച്ചാണെങ്കിലും അവന്‍ അബൂജാസിമിന്റെ ക്യാബിനില്‍ കയറി. സംഭവിച്ച കഥകളൊക്കെ ഷാഹിനയും ആസിഫും അബൂജാസിമിനെ ധരിപ്പിച്ചു.
വെളിയില്‍ ബഹളം കൂടിവന്നു. കാസിം പതിവുപോലെ ഓരോ ഡോക്ടര്‍മാരുടെയും കളക്ഷന്‍ നോക്കി പിറുപിറുത്തു. പേജര്‍ സംവിധാനം കാസിമിന്റെ കൈയിലുണ്ട്. കാസിം പേജര്‍ എടുത്ത് നോക്കിയപ്പോള്‍ വീട്ടിലേക്ക് ആരോ വിളിച്ചതായി കണ്ടു. ആ നമ്പര്‍ നോക്കി കാസിം ടെലഫോണ്‍ ഡയല്‍ ചെയ്തു.
''ഹലോ.... അതെ.... ഞാനാണ് കാസിം. അവനാ.... അവന്‍ ഇന്ന് രാത്രി പോകും.... അവന്‍ പോകട്ടെ. അവനെക്കാളും നല്ല എം.ബി.എക്കാരനെ നമുക്കു കിട്ടും... അവനൊരു ശുദ്ധ പോത്താണ്.''
കാസിം ഫോണിലൂടെ ചിരിച്ചു. ഫോണ്‍ യഥാസ്ഥാനത്ത് വെച്ചു. കാസിം കമ്പ്യൂട്ടറില്‍ പരതി. അതാ... താഴെ റിസപ്ഷനില്‍ എന്തോ കുഴപ്പം. സ്റ്റാഫ് മുഴുവന്‍ താഴോട്ട് ഓടുന്നു. ഒരാള്‍ഒ ാടിക്കൊണ്ട് കാസിമിന്റെ മുറിയിലെത്തി.
''മാനേജര്‍ എവിടെ?''
''മാനേജര്‍ അവധിയിലാണ്.'' ലത പറഞ്ഞു.
ആഗതന്‍ ഹൈദരാബാദിയാണെന്ന് തോന്നുന്നു. ഇംഗ്ലീഷിലാണ് അയാളുടെ സംസാരം. ''വേറെയാരാണ് ഇവിടെ റെസ്‌പോണ്‍സിബിള്‍ പേഴ്‌സണ്‍?''
ലതിക, കാസിമിനെ ചൂണ്ടിക്കാണിച്ചു. അയാള്‍ കാസിമിന്റെ നേരെ തിരിഞ്ഞു.
''ബ്ലഡ് റിസല്‍ട്ട് കിട്ടിയപ്പോള്‍ വേറൊരു രോഗിയുടെ റിപ്പോര്‍ട്ടാണ് എന്റെ പേരില്‍ തന്നത്.''
അയാള്‍ കലിപൂണ്ടു. അയാളുടെ ചോദ്യം കേട്ടപ്പോള്‍ കാസിമിന് കോപം ഇരട്ടിച്ചു. ഹൈദരാബാദുകാരന്‍ തുടര്‍ന്നു.
''ഞാന്‍ മിനിസ്ട്രി ഓഫ്‌ഹെല്‍ത്തില്‍ പരാതികൊടുക്കും.''
''കൊടുക്കെടോ... നാ....''
കാസിം മലയാളത്തില്‍ തെറി വിളിച്ചു. കാസിമിന്റെ ഉത്തരം ദേഷ്യത്തോടെയായിരുന്നു. കാസിമിന് ഇംഗ്ലീഷും ഹിന്ദിയും മലയാളത്തിലുമായിരുന്നു മറുപടി. കാസിമിന്റെ ഈ വാക്കുകള്‍കേട്ട് ഹൈദ്രാബാദി കാസിമിനെ അടിക്കാന്‍ കൈ ഉയര്‍ത്തി. ആകെ ബഹളം. അവിടെയെത്തിയ ഡോക്ടര്‍ തോമസ് ഹൈദരാബാദിയുടെ കൈ കടന്നുപിടിച്ചു. അയാള്‍ ഉറക്കെ തെറി പറഞ്ഞുകൊണ്ടേയിരുന്നു. തക്കസമയത്ത് തന്നെ അബൂജാസിം അവിടെയെത്തി.
''ശുഹാദാ... ജിംഞ്ചാല്‍... ലേസ്‌ക്കിതാ?'' (എന്താണ് ഇവിടെ കുഴപ്പം. എന്തുകൊണ്ട് ഇങ്ങനെ?)
അബൂജാസിം എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെപ്പോലെ അല്‍പം ക്രൂരനായി...
''സുബൈര്‍ എവിടെ? അവനെ വിളിക്കൂ.''
അബൂജാസിമിന്റെ ചോദ്യം കേട്ട് അവിടെ കൂടിനിന്നവര്‍ മിഴിച്ചു നിന്നു. മൊത്തം സ്ഥലവും ആശുപത്രിയും ഉപകരണങ്ങളും, ആശുപത്രി ലൈസന്‍സുമൊക്കെ അബൂജാസിമിന്റെ പേരിലാണ്. അതിനുവേണ്ടി മാത്രം പ്രതിമാസം ഇരുപത്തയ്യായിരം കുവൈത്തി ദീനാര്‍ അദ്ദേഹത്തിന് കാസിം കൊടുക്കും. അബൂജാസിമിന്റെ ചോദ്യം കേട്ടയുടന്‍, സുബൈറിനെക്കുറിച്ച് ലതികയും അബൂജാസിമിന് ഇംഗ്ലീഷില്‍ വിവരിച്ചു കൊടുത്തു. ഷാഹിനയില്‍ നിന്നും ആസിഫില്‍ നിന്നും എല്ലാം മനസ്സിലാക്കിയ അബൂജാസിം ഹൈദരാബാദിയെ കൂട്ടി തന്റെ റൂമിലേക്ക് പോയി. റൂം നമ്പര്‍ ഒന്നിലേക്ക്. ആശുപത്രി ലാബില്‍ സംഭവിച്ച തെറ്റുകള്‍ക്ക് ക്ഷമാപണം ചെയ്തു. ആയിരം കുവൈത്തി ദീനാര്‍ ഹൈദരാബാദിക്ക് കൊടുത്തു. അയാളെ ശാന്തനാക്കി പറഞ്ഞയച്ചു. അതിനുശേഷം നേരെ കാസിമിന്റെ മുറിയില്‍ പോയി, കാസിമിന് അഭിമുഖമായി ഇരുന്നു.
''കാസിം, നിങ്ങളെന്താണ് ചെയ്തത്? നിന്റെ നാട്ടുകാരനായ നീ തന്നെ നിര്‍ബന്ധിച്ചുകൊണ്ടുവന്ന സുബൈറിനെക്കുറിച്ച് നിനക്ക് ഒന്നും അറിയില്ലെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്. അവന്‍ ആത്മാര്‍ത്ഥതയുള്ള കുട്ടിയാണ്. നിനക്ക് ഇഷ്ടംപോലെ ആളെ കിട്ടും. പക്ഷെ, ആത്മാര്‍ത്ഥത, അത് കിട്ടില്ല. നീയന്ന് ഹോട്ടലില്‍ ജോലി ചെയ്യുമ്പോഴാണ് നമ്മള്‍ പരിചയപ്പെട്ടത്. അതൊന്ന് ഓര്‍ത്താല്‍ നല്ലതാ...''
അദ്ദേഹത്തിന്റെ ലളിതമായ അറബി കാസിമിന് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കാം. കാസിം ഒന്നും മിണ്ടാതെ ശിരസ്സു കുനിച്ചിരുന്നു അദ്ദേഹം പറയുന്നത് മുഴുവന്‍ കേട്ടു. അബൂജാസിം തുടര്‍ന്നു:
''കാസിം, നിനക്കറിയോ.... നാളെ മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റേയും, ബലദിയായുടെയും സംയുക്തമായിട്ടുള്ള ഇന്‍സ്‌പെക്ഷനാണ്. എനിക്ക് രഹസ്യമായി കിട്ടിയ വിവരമാണ്. അതുകൊണ്ടാണ് ഞാന്‍ ഓടിവന്നത്. ഞാന്‍ ഈ കാര്യം വളരെ നേരത്തെ സുബൈറിനെ അറിയിച്ചിരുന്നു. ജോലിയൊക്കെ അവന്‍ ചെയ്ത് ഭംഗിയാക്കിക്കാണും. കുറച്ച് ഡോക്യുമെന്റ്‌സ് ഉണ്ടാക്കുകയും വേണം.''
കാസിം വളരെ വൈഷമ്യത്തോടെ അബൂജാസിമിനെ നോക്കി, അയാള്‍ വിയര്‍ത്തൊലിച്ചു.
''നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്. സുബൈര്‍ നല്ല പയ്യനാണ്. അശോകന്‍ ചെക്കന്റെ വാക്കില്‍ പെട്ടുപോയി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഞാന്‍ കുത്തി അയക്കുമെന്ന് പറഞ്ഞു. അവനെയൊന്ന് പേടിപ്പിക്കാന്‍ വേണ്ടി. പക്ഷെ, അപ്പോഴേക്കും അശോകന്‍ പോയി ഖുറൂജി (എക്‌സിറ്റ് വിസ)യടിച്ചു.''
''കാസിം, സുബൈറിനെ നിനക്ക് ഇനി വേണോ?''
വേണം. അവന്‍ നല്ലതുപോലെ ജോലി ചെയ്യുന്ന വ്യക്തിയാണ്. ഈ പ്രശ്‌നവും വളരെ ലാഘവത്തോടെ പരിഹരിക്കും, പക്ഷെ, അവന്റെ പാസ്‌പോര്‍ട്ടില്‍ ഖുറൂജിയടിച്ചുകഴിഞ്ഞു. അവന്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കാണും.''
''ഖുറൂജിയൊന്നും പ്രശ്‌നമല്ല, അതൊക്കെ ഞാന്‍ ശരിയാക്കാം. പക്ഷെ, അവന്‍ എമിഗ്രേഷന്‍ കഴിഞ്ഞാല്‍ പ്രശ്‌നമാണ്.''
കാസിം മുഖമുയര്‍ത്തി ഇന്റര്‍കോമിലൂടെ പരവശനായിവിളിച്ചു.
''ലതികേ.... ഉടനെ സുബൈറിനെ വിളിച്ചുകൊണ്ട് വരാന്‍ പറയൂ...''
''സാര്‍ ഇന്ന് ഏഴ് മണിക്ക് പുറപ്പെടുമെന്നാണ് പറഞ്ഞത്, ഇപ്പോള്‍ സമയം ഏഴര കഴിഞ്ഞു.''
ഇവരുടെ സംഭാഷണം ശ്രദ്ധിച്ച അബുജാസിമിന് ഒന്നും മനസ്സിലായില്ല. അദ്ദേഹം ഇരുവരെയും തുറിച്ചു നോക്കി.
''എന്തുപറ്റി, എവിടെയാണ് സുബൈര്‍?''
''സുബൈര്‍ എയര്‍പോര്‍ട്ടില്‍ പോയി എന്നാണ് അറിഞ്ഞത്?''
''ഉടനെ നിങ്ങളുടെ ഡ്രൈവര്‍മാരെ വിളിക്കൂ.''
കാസിം, ലതികയോട് പതുക്കെ പറഞ്ഞു.
''ലതികേ, ആസിഫിനെ വിളിച്ച് ഉടനെ എയര്‍പോര്‍ട്ടില്‍ പോയി, അവനെ തിരികെ കൊണ്ടുവരാന്‍ പറയൂ. അബൂജാസിമും ഞാനും പറഞ്ഞതാണെന്നും പറയണം.... വേഗം.... വേഗമാവട്ടെ.''
വിളി കേള്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു ആസിഫ്. ഷാഹിന വീട്ടിലേക്ക് മടങ്ങി. ആസിഫ് വളരെ വേഗം എക്‌സ്പ്രസ് ഹൈവേയില്‍കൂടി നൂറ്റിരുപത് സ്പീഡില്‍ പാഞ്ഞു. എട്ടുമണി കഴിഞ്ഞ് അമ്പത് മിനിറ്റ്, അവന്‍ എയര്‍പോര്‍ട്ടില്‍ എത്തി. സുബൈര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും പിടിച്ച് കൗണ്ടറില്‍ ഒന്നാമനായി നില്‍ക്കുന്നു. പ്രഭാകരന്‍, ഇബ്രാഹിം, റഷീദ്, മെഹമൂദ്... അവരൊക്കെ കൂടെയുണ്ട്. പെട്ടിയുടെ തൂക്കം നോക്കുന്നതിനിടയില്‍ ആസിഫ് സുബൈറിന്റെ കൈയില്‍നിന്ന് പാസ്‌പോര്‍ട്ട് തട്ടിപ്പറിച്ചു. മറ്റേകൈയില്‍, വെയിറ്റ് നോക്കാന്‍ വേണ്ടിവെച്ച പെട്ടിയും കൈയിലെടുത്ത് അവരെല്ലാവരോടുമായി ആസിഫ് പറഞ്ഞു.
''സുബൈര്‍ പോകുന്നില്ല., നിങ്ങള്‍ എല്ലാവരും ഉടനെ ഇങ്ങോട്ടൊന്ന് വന്നേ.... ഒരു കാര്യം പറയാനുണ്ട്;''
അവരെല്ലാവരും ആകാംക്ഷയോടെ ആസിഫിനെ അനുസരിച്ച് പുറത്തേക്ക് വന്നു.
''എന്ത് കളിയാണ് ആസിഫേ ഇത്. സമയമില്ല.... വേഗം പറ.''
ആസിഫ് അവരോട് സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കി.
''അപ്പോ, എക്‌സിറ്റ് അടിച്ചല്ലോ?''
പ്രഭയായിരുന്നു പറഞ്ഞത്.
''അതൊക്കെ അബൂജാസിം ശരിയാക്കും.''
അവരെല്ലാവരും വളരെ സന്തോഷത്തോടെ കാറില്‍ പാട്ടും പാടി മടങ്ങി. സുബൈര്‍ ഒരു മണവാളനെപ്പോലെ അവര്‍ക്കിടയില്‍ ശിരസ്സ് കുനിച്ചിരുന്നു. അവന്‍ വല്ലാതെവിയര്‍ക്കുന്നുണ്ട്.