ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ രൂപം മാറി അരിവാള്‍ രൂപത്തിലായി ഇലാസ്തികത നഷ്ടപ്പെട്ട് ഉണ്ടാകുന്നതാണ് അരിവാള്‍ രോഗം (Sickle-cell Anemia). ഇതൊരു ജനിതക പ്രശ്നമായതിനാല്‍ ഔഷധം കൊണ്ടുള്ള ചികിത്സ അസാധ്യമാണ്. അടുത്ത കാലത്താണ് ഇതിനെ പറ്റിയുള്ള അറിവ് ലഭിച്ചതെങ്കിലും പുരാതന കാലം മുതലേ ഈ രോഗാവസ്ഥ ഉണ്ടായിരുന്നു. ചുവന്ന രക്താണുക്കള്‍ (Red Blood Cells) സാധാരണ ഒരാളുടെ ശരീരത്തില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഈ രോഗം ബാധിച്ചവരില്‍ 30, 40, 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്നം ഇവരെ വെള്ളപ്പിത്തത്തിലേക്ക് (Aneamia) നയിക്കും. ശ്വാസം മുട്ടല്‍, കൈകാലുകളില്‍ വേദന, പനി, വയറുവേദന എന്നിവ അനുഭവപ്പെടും. ബില്ലിറൂബിന്‍ കൂടുതലായി രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടും. ഇത് സാധാരണ പകരുന്ന മഞ്ഞപിത്തത്തില്‍ പെട്ടതല്ല.
അരിവാള്‍ രോഗം ബാധിച്ചവരുടെ ശരീരഘടനയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. പ്രത്യേകിച്ചും കരളിന്റെത്. അതിനാല്‍ ദഹനം പ്രയാസമാണ്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറവായതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനവും കിഡ്നിയുടെ പ്രവര്‍ത്തനവും ശരിയായ രീതിയില്‍ നടക്കില്ല. അതികഠിനമായ ശരീര വേദനയുണ്ടാകും. ഇത്തരം പ്രശ്നങ്ങളാല്‍ അരിവാള്‍ രോഗം ബാധിച്ചവരുടെ ആരോഗ്യനില വളരെ മോശമായിരിക്കും. പാരമ്പര്യമായി ഈ രോഗഘടനയുള്ളവര്‍ക്ക് മഴയും തണുപ്പും ഏറ്റാല്‍ ശക്തമായ പനിയും അസഹ്യമായ വേദനയും ഉണ്ടാകുന്നു.
അരിവാള്‍ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. ഫോളിക് ആസിഡ് വിറ്റാമിനാണ് രോഗത്തിന്റെ തീവ്രത കുറക്കാന്‍ നല്‍കാറ്. കുട്ടികളില്‍ അസ്ഥി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്. ജീന്‍ തെറാപ്പികൊണ്ടും ചികിത്സ സാധ്യമാണെങ്കിലും ഈ സാങ്കേതികവിദ്യ പരീക്ഷണഘട്ടത്തിലാണ്.
*രോഗ ലക്ഷണങ്ങള്‍*
വിളര്‍ച്ച, മഞ്ഞപ്പിത്തം, ശക്തിയായ നെഞ്ചുവേദന, പനി തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. പക്ഷാഘാതത്തിനും സാധ്യതയുണ്ട്. പെട്ടെന്നുള്ള എല്ലുവേദനയാണ് കൂടുതലായി കാണുന്നത്. മഞ്ഞപ്പിത്തവും കാലിലെ മുറിവും പ്രധാന ലക്ഷണമാണ്. പിത്താശയത്തില്‍ കല്ല്, കാഴ്ച പ്രശ്നം, വയറുവേദന എന്നിവയും ഉണ്ടാകാം.
10/12 ആഴ്ചയോടെ ചിലരില്‍ കരളിന് വലുപ്പവും കാണാറുണ്ട്. നിര്‍ജലീകരണം, പോഷണക്കുറവ്, അണുബാധ, മദ്യം-മയക്കുമരുന്ന് ഉപയോഗം എന്നിവ രോഗസാധ്യത വര്‍ധിപ്പിക്കും. വനമേഖലകള്‍ക്കുള്ളില്‍ താമസിക്കുന്നവരിലാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. അരിവാള്‍ രോഗികള്‍ ചിട്ടയായി മരുന്നു കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്.
*രോഗ നിര്‍ണയം, ചികിത്സ *
രക്തപരിശോധനയിലൂടെയാണ് രോഗനിര്‍ണയം. സെല്‍ സെല്യൂബിലിറ്റി ടെസ്റ്റ് ആദ്യം ചെയ്യും. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അവര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മാത്രമേ ഉപയോഗിക്കാവൂ. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ പലര്‍ക്കും രോഗം ഭേദമാക്കാമെങ്കിലും ഇത് ചെലവേറിയതും എല്ലാ രോഗികള്‍ക്കും അഭിലഷണീയവുമല്ല. രോഗികളില്‍ ചിലര്‍ക്ക് ഉയര്‍ന്ന യൂറിക് ആസിഡ് ഉണ്ടാകുമെന്നതിനാല്‍ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ഇടക്കിടെ പരിശോധിക്കണം. മൂത്രത്തില്‍ പഴുപ്പിനുള്ള സാധ്യതയുമുണ്ട്. കുട്ടികള്‍ക്ക് രോഗക്കൂടുതലുണ്ടെങ്കില്‍ ഓറല്‍ പെന്‍സിലിന്‍ നല്‍കുന്നത് അഞ്ചു വയസ്സു മുതല്‍ മതി. ഗര്‍ഭകാലത്ത് രോഗികള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. അണുബാധ, ചികിത്സാ പ്രതിസന്ധി ഇല്ലാതാക്കല്‍ എന്നിവ പ്രധാനമാണ്.
സിക്കിള്‍ സെല്‍ രോഗികള്‍ ആവശ്യത്തിന് പഴം, പച്ചക്കറി, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നതോടൊപ്പം സമ്മര്‍ദം കുറക്കാനും വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഈ രോഗസാധ്യതാ മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങളുണ്ട്. രോഗത്തെപ്പറ്റി ബോധവല്‍ക്കരണം ആവശ്യമാണ്.