മാറിക്കോ ആംബുലന്‍സ് വരുന്നുണ്ട്.
വി. മൈമൂന മാവൂര്‍
ഫെബ്രുവരി 2023
യാതൊരു പ്രതിഫലവും ആവശ്യപ്പെടാതെ ആതുരാലയങ്ങളുടെ അരികിലേക്ക് അശരണരെ എത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ ആയിശ
ആതുരാലയങ്ങളുടെ അരികിലേക്ക് അശരണരെ എത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ ആയിശ
സഹജീവി സേവനം ജീവിത സപര്യയാക്കിയ ആയിശ ഒരു വിസ്മയമാണ്. രാപകലില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അസാധാരണമായ ഒരു വീഥി തെരഞ്ഞെടുക്കുക. സാധാരണ സ്ത്രീകള്‍ക്ക് അപ്രാപ്യമെന്ന് കരുതപ്പെടുന്ന മേഖല. അത്യാഹിതങ്ങളിലും അപകടങ്ങളിലും പെട്ടവരെ ആതുരാലയങ്ങളിലെത്തിക്കാന്‍ ആംബുലന്‍സിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ സ്വദേശി ആയിശ. മുട്ടാഞ്ചേരിക്കാരുടെ നീറുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും അത്താണിയായിരുന്നു മുരട്ടമ്മല്‍ ഇസ്മാഈല്‍ഫാത്വിമ ദമ്പതികള്‍. ആയിശയുടെ മാതാപിതാക്കള്‍. വിശപ്പിന്റെയും വേദനയുടെയും വേര്‍പിരിയലുകളുടെയും ആധിക്ക് അന്ത്യം കുറിക്കുക ആ തറവാട് വീടാണ്. സഹജീവി സ്‌നേഹത്തിന്റെ നേരനുഭവങ്ങള്‍ സമ്മാനിച്ച ബാല്യകൗമാരങ്ങള്‍ പങ്കിട്ട കുടുംബാന്തരീക്ഷമാണ് ആയിശയിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചത്.
വീട്ടുവളപ്പില്‍ നിരയായി നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങളും ബസ്സും ലോറിയും ജീപ്പും കൈപിടിയിലൊതുക്കുകയെന്നതായിരുന്നു കുഞ്ഞു ആയിശയിലെ അടങ്ങാത്ത ആഗ്രഹം. ആ സ്വപ്‌ന സാക്ഷാത്കാരത്തിനായി വീട്ടില്‍ സൂക്ഷിച്ച താക്കോലുകളെടുത്ത് മുതിര്‍ന്നവരുടെ കണ്ണുവെട്ടിച്ച് ഡ്രൈവിംഗ് എന്ന കല പത്താംതരം കഴിയുമ്പോഴേക്കും ആയിശ സ്വന്തമാക്കി. സ്ത്രീകള്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചു തുടങ്ങാത്ത കാലത്ത് തന്റെ ഗ്രാമത്തിലൂടെ വാഹനമോടിച്ച ആദ്യ വനിതയാകാനും ആയിശക്ക് കഴിഞ്ഞു. ബിരുദപഠനം കഴിയും മുമ്പേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയും ചെയ്തു.
ആയിശ ഇന്ന് ഹെവി ലൈസന്‍സിന്റെ ഉടമ കൂടിയാണ്. ബുള്ളറ്റ് ഉള്‍പ്പെടെയുള്ള ഇരു ചക്രവാഹനങ്ങള്‍ക്ക് പുറമെ ഓട്ടോ, ജീപ്പ്, ലോറി, ബസ് തുടങ്ങിയവ നിഷ്പ്രയാസം നിരത്തിലിറക്കാനുള്ള കഴിവും മിടുക്കും അവരാര്‍ജിച്ചു. ലൈസന്‍സെടുക്കുന്ന സ്ത്രീകള്‍ക്ക് വാഹനം നിരത്തിലിറക്കാനുള്ള സമൂഹ പിന്തുണ കുറഞ്ഞ ഒരു ജീവിതപരിസരത്തുനിന്ന് ആര്‍ജിച്ചെടുത്ത കഴിവ് വെല്ലുവിളികളോടുള്ള അതിജീവനത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്.
ആയിശയുടെ ഭര്‍തൃമാതാവ് കിടപ്പുരോഗിയായപ്പോള്‍ അവരുടെ ചികിത്സാവശ്യാര്‍ഥമാണ് ആദ്യമായി ആംബുലന്‍സിന്റെ വളയം പിടിക്കാന്‍ തീരുമാനിച്ചത്. വീടുകളില്‍, കുടുംബിനികള്‍ക്കാണ് സേവനത്തിന് ഏറെ സാധ്യതയെന്നതിന് ആയിശയുടെ ജീവിതം മാതൃക. കുടുംബിനികളുടെ ഡ്രൈവിംഗ് സ്വയം പര്യാപ്തത പുരുഷന്മാരുടെ അഭാവത്തില്‍ അത്യാഹിതങ്ങളില്‍ ഒരു പിടി ജീവനുകള്‍ക്ക് കാവലാകുമെന്ന് സ്വാനുഭവത്തിലൂടെ ആയിശ തെളിയിച്ചുകൊണ്ടിരിക്കുന്നു. സ്വന്തത്തിലേക്ക് ചുരുങ്ങാതെ നാടിനു കൂടി സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രദേശത്തെ രാജീവ്ജി ചാരിറ്റബ്ള്‍ ട്രസ്റ്റ് ആംബുലന്‍സിന്റെ സ്ഥിരം ഡ്രൈവറാണ് ഈ പാലിയേറ്റീവ് വളണ്ടിയര്‍.
24 മണിക്കൂറും ക്ഷണം സ്വീകരിക്കുന്ന ആംബുലന്‍സ് വീട്ടുമുറ്റത്ത് നിര്‍ത്തി ആതുരാലയങ്ങളിലേക്കുള്ള വിളി കാതോര്‍ക്കുകയാണ് ഈ സേവന മാലാഖ. ഉന്നത വിദ്യാഭ്യാസമുള്ള 3 മക്കളുടെയും ഭര്‍ത്താവായ മുഹമ്മദ് മാസ്റ്ററുടെയും പിന്തുോണയാണ് വിജയരഹസ്യം. യാതൊരു പ്രതിഫലവും ആവശ്യപ്പെടാതെ ആതുരാലയങ്ങളുടെ അരികിലേക്ക് അശരണരെ എത്തിക്കുന്നത് സ്വന്തം നന്മക്കും ആത്മസംതൃപ്തിക്കുമെന്ന വിശ്വാസ കരുത്ത്. ഈ നിസ്വാര്‍ഥ സേവികക്ക് സ്വര്‍ഗരാജ്യത്തേക്ക് തേര് തെളിച്ച് മുന്‍നിര പ്രാപിക്കാന്‍ ദിവ്യാനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാം.