പെണ്‍മക്കളെ പെണ്‍മക്കളായി വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാവാറുണ്ടോ
ആണ്‍-പെണ്‍ സങ്കല്‍പങ്ങളും ധാരണകളുമെല്ലാം കീഴ്മേല്‍ മറിഞ്ഞ കാലമാണിത്. ലിംഗമാറ്റം വരുത്തിയവരെ കുറിച്ചുള്ള വാര്‍ത്തകള്‍, തങ്ങള്‍ ഏത് വിഭാഗത്തില്‍ ചേരണമെന്ന സ്വാതന്ത്ര്യം വകവെച്ചു നല്‍കണമെന്ന മുറവിളി, ചാനലുകളിലും ഫിലിമുകളിലും ഇത്തരം ചിന്തകളുടെ അതിപ്രസരം, കലാ-കായിക-സാംസ്‌കാരിക രംഗത്തെ താരങ്ങളും രാഷ്ട്രീയ-സാമ്പത്തിക മേഖലയിലെ അതികായരും ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും ലിബറലിസത്തിന്റെയും വക്താക്കളായി മാറുന്നത്... ഈ പ്രവണതക്ക് ഇങ്ങനെ നിരവധി കാരണങ്ങളുണ്ട്.
എന്റെ ഒരു അനുഭവം പറയാം. ഏഴ് വയസ്സുള്ള ബാലന്‍ തന്റെ ഉമ്മയോട് പറഞ്ഞു: 'എനിക്ക് ഒരു പെണ്‍കുട്ടിയാവണം. ആണ്‍കുട്ടിയായി ജീവിക്കുന്നത് എനിക്ക് ഇഷ്ടമല്ല.'' മറ്റൊരു പെണ്‍കുട്ടി: 'ഉപ്പാ, എനിക്ക് ഒരു ആണ്‍കുട്ടിയായി മാറണം.'' ലിംഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ഈ തിര തള്ളല്‍ നിരവധി കഥകള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്.
ആണിനെ ആണായും പെണ്ണിനെ പെണ്ണായും വളര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ജീവിത യാഥാര്‍ഥ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ദൈവം മനുഷ്യനെ സൃഷ്ടിച്ച പ്രകൃതിയുടെയും പരിപാലന വ്യവസ്ഥയുടെയും താല്‍പര്യവുമാണത്. പെണ്‍കുട്ടിയെ സ്ത്രൈണ പ്രകൃതിയോടെ എങ്ങനെ വളര്‍ത്താം എന്നതാണ് ഞാനിവിടെ പറയുന്നത്. 'സ്ത്രൈണത' എന്ന് പറഞ്ഞത് പെണ്‍വ്യക്തിത്വത്തിലെ ദുര്‍ബല വശത്തെക്കുറിച്ചല്ല. 'സ്ത്രൈണത' ഒന്നും ദുര്‍ബലത മറ്റൊന്നുമാണ്. സ്ത്രീയുടെ സൗന്ദര്യം അവളുടെ സ്ത്രീ എന്ന സത്വത്തിലാണ്. സ്ത്രൈണതയാണ് സൗന്ദര്യം. രൂപസൗന്ദര്യം രണ്ടാമതേ വരുന്നുള്ളൂ. പക്ഷേ, ഇന്ന്, 'സ്ത്രൈണത'യെ പുറംതള്ളി ബാഹ്യ സൗന്ദര്യത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. അനേകം വിവാഹ മോചനങ്ങളുടെയും വേര്‍പിരിയലുകളുടെയും കഥകള്‍ എനിക്ക് നിരത്താനുണ്ട്. സുന്ദരികളായ, എന്നാല്‍ 'സ്ത്രൈണത' നഷ്ടപ്പെട്ട ഭാര്യമാരാണ് അവരില്‍ ഏറിയ പങ്കും. 'സ്ത്രൈണത' കൈമുതലായുള്ള സ്ത്രീ, രൂപ സൗന്ദര്യം കുറവാണെങ്കിലും ഭര്‍ത്താവിന്റെ പ്രീതി പിടിച്ചു പറ്റുന്നതില്‍ മുന്നിലായിരിക്കും. സ്ത്രൈണത, സ്ത്രീ സ്വത്വം എന്നൊക്കെ പറഞ്ഞാല്‍ സൗമ്യത, മൃദുല സ്വഭാവം, വാത്സല്യം, ദയാ വായ്പ്, അലിവ്, ലജ്ജ, മാതൃത്വം, ഊഷ്മള സ്നേഹം ഇതൊക്കെയാണ്. ആണ്‍ എന്നാല്‍ പൗരുഷം, ധീരത, ഉത്തരവാദിത്വ ബോധം, കാര്യഗൗരവം, പിതൃത്വം, നേതൃത്വം, നായകത്വം എന്നൊക്കെയാണ് അര്‍ഥം. സ്ത്രൈണത വളര്‍ത്താനും ശക്തിപ്പെടുത്താനും നിരവധി മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ മകളുടെ സൗന്ദര്യത്തെ വര്‍ണിച്ച് വാഴ്ത്തുക, അവളുടെ ചിന്തകളെ പുകഴ്ത്തുക, മകളാണെന്ന അഭിമാനബോധം വളര്‍ത്തുക, അപമാനത്തിനോ ഉപദ്രവത്തിനോ ഇരയായിട്ടുണ്ടെങ്കില്‍ സംരക്ഷണ കവചം ഒരുക്കുക, ആര്‍ദ്രതയോടെയും വാത്സല്യത്തോടെയും ഇടപെടുക തുടങ്ങിയ സമീപനങ്ങളിലൂടെ അവളുടെ 'പെണ്‍ബോധ'ത്തെ ശക്തിപ്പെടുത്താം. സ്ത്രീകളുടെ മുഖ്യ ആഭിമുഖ്യങ്ങള്‍ക്കും നാം പരിഗണന നല്‍കണം. സൗന്ദര്യബോധം, അണിഞ്ഞൊരുങ്ങല്‍, അലങ്കാരം, വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിക്കണം.
ശുഐബ് നബിയുടെ മകള്‍ മൂസയുടെ സന്നിധിയിലേക്ക് നടന്നുവന്ന രീതി ഖുര്‍ആന്‍ വിവരിച്ചത് കാണാം: 'അവളില്‍ ഒരുത്തി നാണം കുണുങ്ങി നടന്നുവന്നു' എന്നാണ് ഖുര്‍ആന്റെ പദപ്രയോഗം. ഇങ്ങനെ നാണത്തോടെയാണ് പെണ്ണിന്റെ നടത്തം. സ്ത്രീത്വവും 'പെണ്‍മ'യുമാണ് സ്ത്രീ സൗന്ദര്യത്തിന്റെയും ആകര്‍ഷണത്തിന്റെയും രഹസ്യം. സ്ത്രീക്ക് തന്റെ സ്ത്രൈണതയെ വെളിവാക്കി പുരുഷനെ തന്നിലേക്കാകര്‍ഷിക്കാനുള്ള സിദ്ധിയുണ്ട്. അത് മധുര മനോജ്ഞമായ സംസാരത്തിലൂടെയാവാം, പൗരുഷ ഗുണങ്ങളെ പ്രകീര്‍ത്തിച്ചാവാം. തന്റെ ചര്‍മ സൗന്ദര്യം കാത്തുസൂക്ഷിച്ചും സുഗന്ധ ദ്രവ്യങ്ങളുപയോഗിച്ചുമാവാം. ചമയവും അലങ്കാരവുമൊക്കെ പുരുഷനെ ഉന്മാദിയാക്കിയേക്കും. ദമ്പതികള്‍ തമ്മിലെ സ്വകാര്യ വേളകളില്‍ തന്റെ വര്‍ത്തമാനങ്ങള്‍ കൊണ്ടും ശരീര ചേഷ്ടകള്‍ കൊണ്ടും ആണിനെ വശത്താക്കാന്‍ പെണ്ണിന് കഴിയും.
സ്ത്രീത്വത്തിനും സ്ത്രൈണ ഭാവത്തിനും നിരക്കാത്ത ചില സ്വഭാവങ്ങളുമുണ്ടാവും ചില സ്ത്രീകളില്‍. അട്ടഹസിക്കുക, ശബ്ദമുയര്‍ത്തി സംസാരിക്കുക, എല്ലാറ്റിലും ഇടപെടുക, അധികാരം ചെലുത്താനും അടക്കി ഭരിക്കാനും മുതിരുക, പരുക്കന്‍ ഇടപെടലുകള്‍, സംസാരത്തിലെ പാരുഷ്യം, തര്‍ക്കവും വാഗ്വാദവും, മത്സരത്തിന്റെയും വെല്ലുവിളിയുടെയും ഭാഷ ഉപയോഗിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ സ്ത്രീയുടെ സ്ത്രീത്വവും സ്ത്രൈണ ഭാവവും നഷ്ടപ്പെടുത്തും. അനേകം സഹോദരങ്ങള്‍ക്കിടയിലെ ഏക പെണ്‍കുട്ടിയാവുമ്പോള്‍, അവളെ സ്ത്രൈണ ഭാവത്തില്‍ വളര്‍ത്തിയെടുക്കാന്‍ പാടുപെടേണ്ടിവന്നേക്കും. മാതാപിതാക്കളുടെ മിടുക്കും സാമര്‍ഥ്യവും ആവശ്യമായ രംഗമാണിത്. പെണ്‍ ശരീരത്തോടു കൂടിയുള്ള ആണായിത്തീരാതിരിക്കാന്‍ ഇതാവശ്യമാണ്.
വീട്ടിലെ ഏക പെണ്‍കുട്ടിയാവുമ്പോള്‍ കൊഞ്ചല്‍ കൂടും. ഉത്തരവാദിത്വ ബോധം ആവശ്യമില്ലാത്തവിധം വളര്‍ത്തപ്പെടും. അട്ടഹാസവും അടിയും ദേഷ്യപ്രകടനവും എല്ലാം ആവുമ്പോള്‍ സ്ത്രൈണഭാവം കൈമോശം വരും. പെണ്‍കുട്ടികളെ ശാസിച്ചും പരിപാലിച്ചും വളര്‍ത്തുമ്പോള്‍ നേരിടുന്ന വലിയ പ്രശ്നം, സ്ത്രീത്വം കാത്തുരക്ഷിച്ചും കരുത്തുള്ള വ്യക്തിത്വമായും അവരെ എങ്ങനെ വളര്‍ത്താമെന്നതാണ്.
സ്ത്രീത്വത്തെ തകര്‍ക്കുന്ന വളര്‍ത്തുരീതികളില്‍ ചിലത് പറയാം: മാതാപിതാക്കള്‍ എപ്പോഴും അവളുടെ രൂപത്തെയും തൂക്കത്തെയും കുറ്റപ്പെടുത്തി സംസാരിക്കുക, തങ്ങളെയും സഹോദരങ്ങളെയും നിര്‍ബന്ധപൂര്‍വം പരിചരിപ്പിക്കുക, അവളുടെ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കാന്‍ അവസരം കൊടുക്കാതിരിക്കുക, പെരുമാറ്റത്തിലും കാശ് നല്‍കുന്നതിലും വസ്ത്രം വാങ്ങിക്കൊടുക്കുന്നതിലുമെല്ലാം വിവേചനം കാണിക്കുക, വീട്ടുജോലികളെല്ലാം അവള്‍ മാത്രം ചെയ്യേണ്ടതാണെന്ന ധാരണ സൃഷ്ടിക്കുക, സംസാരത്തിലോ പെരുമാറ്റത്തിലോ വസ്ത്രധാരണത്തിലോ സ്വാതന്ത്ര്യം നല്‍കാതിരിക്കുക, അവളുടെ മുടി ക്രമീകരിക്കുന്നതിലും വസ്ത്രം തെരഞ്ഞെടുക്കുന്നതിലും പ്രശ്നപരിഹാരത്തിലും അവളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് ഇടം നല്‍കാതിരിക്കുക, ഇങ്ങനെ പലതുമുണ്ട്, പെണ്‍മക്കളെ പെണ്‍മക്കളായി വളര്‍ത്താന്‍ ശ്രമിക്കുമ്പോളുണ്ടാകുന്ന തടസ്സങ്ങള്‍.
വിവ: ജെ.