'ഖദീജ ബീവി തിരുനബിയുടെ പ്രഭാവലയത്തില്‍'

പി.കെ ജമാല്‍ No image

'അവരോടുള്ള സ്‌നേഹം എനിക്ക് കിട്ടിയ വരപ്രസാദമാണ്' - പത്‌നി ഖദീയോടൊത്തുള്ള ജീവിതത്തിന്റെ ഗതകാല സ്മരണകള്‍ ഓര്‍ത്തെടുക്കവെ, മുഹമ്മദ് നബി(സ)യുടെ വായില്‍നിന്ന് ഉതിര്‍ന്നു വീണ വാക്കുകള്‍ക്ക് വാനലോകത്തിന്റെ മറ്റൊരു സാക്ഷ്യവും അകമ്പടിയായി ഉണ്ട്. അബൂഹുറയ്‌റ(റ) അനുസ്മരിക്കുന്ന ആ സംഭവം ഇങ്ങനെ: ജിബ്‌രീല്‍(അ) നബി(സ)യെ സമീപിച്ച് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അതാ ഖദീജ വരുന്നു, അങ്ങയുടെ അടുത്തേക്ക് ഭക്ഷണവും കറിയും പാനീയവുമൊക്കെയായി. അവര്‍ അങ്ങയുടെ സവിധത്തില്‍ അണഞ്ഞു കഴിഞ്ഞാല്‍ അവരുടെ രക്ഷിതാവിന്റെയും എന്റെയും സലാം അവരെ അറിയിക്കുക. സ്വര്‍ഗത്തില്‍ മനോഹരമായ ഒരു മാണിക്യക്കൊട്ടാരം അവരെ കാത്തിരിക്കുന്നുണ്ടെന്ന സന്തോഷവാര്‍ത്തയും അവരെ അറിയിച്ചേക്കുക' (ബുഖാരി).
ജീവിതസഖിയായും പ്രാണപ്രേയസിയായും താങ്ങായും തണലായും വര്‍ത്തിച്ച് പ്രവാചകന് സംരക്ഷണം നല്‍കിയ ഖദീജ ബിന്‍ത് ഖുവൈലിദിന് വാനഭുവനങ്ങള്‍ സ്തുതി പാടി. മുഹമ്മദിന്റെ സ്വഭാവരൂപവല്‍ക്കരണത്തില്‍ ഖദീജ(റ)യോളം പങ്കുവഹിച്ച ഒരു മഹതിയെ ചൂണ്ടിക്കാണിക്കാനാവില്ല. മരുഭൂമി വളര്‍ത്തിയ വീരാംഗന, മുഹമ്മദ് എന്ന മനുഷ്യനെയും പ്രവാചകനെയും ഏതു വിധം വാര്‍ത്തെടുത്തു എന്ന ചരിത്രബോധം, അറിവിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു കടന്നു നാം ഓരോരുത്തരുടെയും ജീവാത്മാവിന്റെ അംശമായി പകര്‍ന്നാട്ടം നടത്തുന്ന വിസ്മയാനുഭവമാക്കിത്തീര്‍ക്കുന്നു, വി.കെ ജലീല്‍ എഴുതിയ 'ഖദീജ ബീവി തിരുനബിയുടെ പ്രഭാവലയത്തില്‍' എന്ന കൃതി. നിറകണ്ണുകളോടും തരളിത ഹൃദയത്തോടും കൂടിയല്ലാതെ ഈ താളുകളിലൂടെ കടന്നുപോകാനാവില്ല. കണ്ണീരിന്റെയും പുഞ്ചിരിയുടെയും ദുഃഖത്തിന്റെയും ആനന്ദത്തിന്റെയും നിറവില്‍, പച്ചയായ ജീവിതത്തിന്റെ പരമമായ സത്യം നമ്മെ ബോധ്യപ്പെടുത്തുകയും മക്കാ മരുഭൂവിലെ ഓരോ മണല്‍തരിയും പുളകച്ചാര്‍ത്തണിയുന്ന ആ മഹദ് ജീവിതചരിതത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ നാനാ ദിക്കുകളിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു ഗ്രന്ഥകാരന്‍. നബി ജീവിതത്തിന്റെയും പ്രവാചക ദൗത്യത്തിന്റെയും അവിഭാജ്യ ഘടകമായിരുന്നു പത്‌നി ഖദീജ. അവരുടെ ജീവിതത്തിന്റെയും ദാമ്പത്യത്തിന്റെയും ചേതോഹരമായ രേഖാചിത്രങ്ങള്‍ സഹൃദയ മനസ്സിനു മുന്നില്‍ സമര്‍പ്പിക്കുകയാണ് അനുഗൃഹീതനായ എഴുത്തുകാരന്‍ ഈ കൃതിയിലൂടെ. മലയാളത്തില്‍ ഖദീജാ ബീവിയുടെ ജീവിതം പറഞ്ഞ് പുറത്തിറങ്ങിയ കൃതികളിലൊന്നും കാണാത്ത വായനാ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ കൃതി. ഈ കൃതി വായിച്ചുകഴിയുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ ഉത്തരം കിട്ടാതെ ഒരു ചോദ്യം അവശേഷിക്കുന്നു; ആര്‍ ആരുടെ പ്രഭാവലയത്തിലായിരുന്നു? ഖദീജ ബീവി തിരുനബിയുടെ പ്രഭാവലയത്തിലോ, തിരുനബി ഖദീജ ബീവിയുടെ പ്രഭാവലയത്തിലോ? 'ഹൃദയത്തില്‍ എന്നെന്നും ചോദ്യത്തിന്റെ മണിമുഴക്കം സൃഷ്ടിക്കാന്‍ കരുത്തുള്ളതാണ് ഉത്തമ കൃതി' എന്ന് മാര്‍കേസ് പറഞ്ഞിട്ടുണ്ട്. 'ജീവിച്ചു തീര്‍ക്കുന്നതല്ല മഹദ് ജീവിതം' എന്നും മാര്‍കേസ് പറഞ്ഞു. ഈ രണ്ട് നിരീക്ഷണ പ്രകാരവും വി.കെ ജലീലിന്റെ ഖദീജാ ബീവിയുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരം സാര്‍ഥകമായിട്ടുണ്ടെന്ന് പറഞ്ഞേ തീരൂ.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 152 പുറങ്ങളുള്ള ഈ കൃതിയില്‍ പന്ത്രണ്ട് അധ്യായങ്ങളാണ്. കാല്‍പനികതയും ഭാവുകത്വവും നിറഞ്ഞുനില്‍ക്കുന്ന മനോഹരമായ ഭാഷയുടെ ഉടമയാണ് ജലീല്‍. 'മദീനയുടെ ഏടുകള്‍' രചിച്ച കരവിരുത് ആദിമദ്യാന്തം തിളങ്ങിനില്‍ക്കുന്നു. 'ഖദീജ തിരുനബിയുടെ പ്രഭാവലയത്തില്‍' എന്ന കൃതിയിലും നബി ഭവനത്തിലെ ഗദ്ഗദങ്ങളും പുഞ്ചിരിയും നിര്‍വൃതിപ്രദമായ ആത്മലയങ്ങളും നിറകണ്‍ ചിരികളും ഒപ്പിയെടുത്ത ഈ കൃതിയിലെ രചനാപാടവത്തെ ഓരോ വരി വായിക്കുമ്പോഴും ഞാന്‍ അകമേ വാഴ്ത്തിയിട്ടുണ്ട്. അത്രമേല്‍ ഹൃദ്യമാണ് ശില്‍പചാതുരി. ഒറ്റയിരുപ്പിലാണ് ഈ കൃതി വായിച്ചു തീര്‍ത്തത്. ജലീലിന്റെ എഴുത്തിനെ വേറിട്ടു നിര്‍ത്തുന്ന ഒരു സവിശേഷത, വംശപരമ്പരയെയും കുടുംബഘടനയെയും അതിലെ ഉള്‍പിരിവുകളെയും ഉടയാതെ, കൊടുമ്പിരികൊള്ളാതെ ഇഴ തിരിച്ചെടുക്കാനും നിഗമനത്തില്‍ എത്താനുമുള്ള അന്വേഷണ തൃഷ്ണയും പാടവവുമാണ്. കേവല കഥാകഥനത്തിനപ്പുറം ഗോത്ര-കുടുംബ-ദേശ പരിസരങ്ങളുമായി ചരിത്രത്തെ ബന്ധിപ്പിച്ചു പഠിക്കാനുള്ള മിടുക്ക് പ്രശംസാര്‍ഹമാണ്. ഈ സിദ്ധി അധികമാര്‍ക്കും അവകാശപ്പെടാന്‍ ഒക്കാത്തതുമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top