ഇവിടം നടൂളന്‍ ചൂളം വിളിക്കുന്നു - 4
വെള്ളിയാഴ്ച പള്ളിയിറങ്ങി വന്നിട്ട് വേണം ഹോസ്പിറ്റലിലേക്കുള്ള സാധനങ്ങള്‍ ഒരുക്കേണ്ടത് എന്ന് ആമിനേയ്ത്ത പറഞ്ഞിരുന്നു. അതിന് എത്രയോ മുമ്പ് തന്നെ ഫാത്തിമ എല്ലാം എടുത്തു വെച്ചു കഴിഞ്ഞിരുന്നു. സുലൈഖയുടെ പ്രസവദിവസം അടുത്ത് തുടങ്ങി. എങ്ങനെയെങ്കിലും ഒമ്പത് മാസം തികഞ്ഞാല്‍ മതിയായിരുന്നു. പ്രസവം കഴിഞ്ഞ് സലാമത്തായി കഴിഞ്ഞാല്‍ മുടി കളച്ചിലിന്റന്ന് അഖീഖ അറുക്കണം. പെണ്‍കുട്ടിയാണെങ്കില്‍ നിര്‍ബന്ധമില്ല എന്ന് പറയും. അത് വേണ്ട. രണ്ടായാലും അറുക്കണം. ഒരിക്കല്‍ കൂടി എടുത്തുവെച്ച സാധനങ്ങള്‍ എല്ലാം ആയില്ലേ എന്ന് നോക്കി. നല്ല വെള്ള തുണി കരയില്ലാത്തത് നോക്കി വെച്ചതാണ്. ലേബര്‍ മുറിയില്‍ കയറിയാല്‍ തുടങ്ങും, നഴ്സുമാര്‍ തുണി ചോദിക്കാന്‍. തുണി, ബേബി സോപ്പ്, തോര്‍ത്ത്, അലക്കുസോപ്പ്, വെളിച്ചെണ്ണ, സംസം വെള്ളം.... എല്ലാം ഉണ്ടല്ലോ എന്ന് ഉറപ്പു വരുത്തി ഭദ്രമായി എടുത്തിടത്തു തന്നെ വെച്ചു.
ഇന്ന് വരാമെന്ന് പറഞ്ഞതാണ് ആശാരി നാണു. തൊട്ടില് കെട്ടണമെങ്കില്‍ ഹുക്ക് പിടിപ്പിക്കണം. പെറ്റു കിടക്കാന്‍ കരുതുന്ന മുറിയില്‍ തൊട്ടിലിന് കൊളുത്തില്ല. എത്ര തവണ ആളെ പറഞ്ഞയച്ചതാ. പഴേ സാധനങ്ങള്‍ വാരി കെട്ടിയിട്ട സ്ഥലത്ത് പൊടിപിടിച്ചു കിടക്കണ ഒരു മരത്തൊട്ടിലുണ്ട്. നാണു വന്നാല്‍ അതൊന്ന് പോളീഷ് ചെയ്യിക്കണം. പക്ഷേ എത്ര നേരായ് ഓനെ കാക്കണത്. ഇതുവരെ വന്നിട്ടില്ല. 40 കഴിഞ്ഞാല്‍ ഇടയ്ക്ക് മരത്തൊട്ടിലിലും കിടത്താലോ? വെള്ളം കോരുന്ന ഉരുളിന് കുറച്ച് മുറുക്കം ജാസ്തിയാണ്. അതിന് കുറച്ച് എണ്ണ ഇടീക്കണം. അങ്ങനെ കാണാത്ത എത്ര കാര്യങ്ങളാണ് ചെയ്തു തീര്‍ക്കാനുള്ളത്.
ഇങ്ങനെ പലപല വിചാരങ്ങള്‍ മനസ്സില്‍ കയറിക്കൂടിയതു കൊണ്ടാവണം വേറൊന്നും ഇപ്പൊ തലേല് കേറാത്തത്. സുലൈന്റെ ഉപ്പാനെ നേരെ ചൊവ്വെ കണ്ടിട്ട് എത്ര നാളായി. ഭക്ഷണം എടുത്തു വെച്ചാലും കുറേ കഴിഞ്ഞാണ് വരിക. എന്താണാവോ പറ്റിയത്. നേരെ കണ്ടാല്‍ തന്നെ മുഖം തിരിച്ച് നടക്കും. ആമിനേയ്ത്ത അര്‍ഥം വെച്ച് മൂളേം ഒറ്റയ്ക്ക് നൊടിയേം പറയേം ചെയ്യണത് ഒക്കെ കേള്‍ക്കാം. എന്നോട് നേരിട്ട് പറയാത്തതുകൊണ്ട് അന്വേഷിക്കാനും പോയില്ല. പടച്ചവന് ഇനിയും എന്തൊക്കെയാണ് തലേല് എഴുതീര്ക്ക്ണ് എന്ന് ആര്‍ക്കറിയാം. പഴയ മനക്കരുത്തൊന്നും ഇപ്പോ ഇല്ലാതായി. താങ്ങാനും തഴുകാനും ശക്തിയുള്ള കരങ്ങള്‍ ഇല്ലാതായാല്‍ എന്തു ചെയ്യും. ഒരു നെടുവീര്‍പ്പോടെ ഫാത്തിമ മുറിയില്‍നിന്നും എഴുന്നേറ്റു.
*****
കോളിംഗ് ബെല്ലിനോടൊപ്പം തന്നെ കാറിന്റെ ഹോണടിയും കേട്ട് ഫാത്തിമ ഉറക്കത്തില്‍നിന്നും ഞെട്ടിയെണീറ്റു. മുടിവാരിക്കെട്ടി തട്ടം വലിച്ചിട്ടു. അടുത്ത് കിടക്കുന്ന ആള് ഒന്നും അറിഞ്ഞിട്ടില്ല. ഫാത്തിമ ഹമീദിനെ തട്ടി വിളിച്ചു; 'ഏയ് ഒന്ന് എണീയ്ക്ക്'. താഴെ ആരോ ബെല്ലടിക്കുന്നു. എണീറ്റ് വരുന്നത് കാത്തു നില്‍ക്കാതെ ഗോവണി ഇറങ്ങി താഴെ എത്തി. അവള് എത്തുമ്പോഴേക്കും ഗേറ്റ് തുറക്കാനായി കാദര്‍ ഇക്കാക്ക ഇറങ്ങി കഴിഞ്ഞിരുന്നു. വല്ലാത്തൊരാള് തന്നെ. ലൈറ്റിടാതെയാണ് മുറ്റത്തേക്കിറങ്ങിയത്. നല്ല തണുപ്പുണ്ട്. വല്ല ഇഴജന്തുക്കളും കയറി കൂടിയാല്‍തന്നെ കാണൂല. കാദറിക്കയോടൊപ്പം കയറിവന്നത് സതീശനാണ്. അമീറിന്റെ വീട്ടിലെ ഡ്രൈവര്‍. വിചാരിച്ചതു പോലെ തന്നെ. സുലൈനെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയിട്ടുണ്ട്. ഡേറ്റാവാന്‍ ഇനിയും രണ്ടാഴ്ചയുണ്ടല്ലോ? നെഞ്ചിനകത്തു നിന്ന് ഒരാന്തല്! ''ഇങ്ങളേം കൂട്ടി ടൗണിലെ ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞു. നേരം വെളുത്തിട്ട് കൂട്ടി ചെന്നാല്‍ മതീയെന്ന് അമീര്‍ക്കാന്റെ ഉമ്മ പറഞ്ഞെങ്കിലും സുലൈ ഇത്താന്റെ നിര്‍ബന്ധത്തിനാണ് ഞാനിപ്പോ തന്നെ വന്നത്.'' ''സതീശാ ഇയ്യ് കയറി ഇരിക്ക്. ഞാനീ തുണീം കുപ്പായോം മാറ്റീട്ട് വരാം. ബാങ്ക് കൊടുക്ക്ണ്ണ്ട്, നിസ്കരിച്ചിട്ട് ഇറങ്ങാം''.
അടുക്കളയില്‍ കയറി ഗ്യാസില്‍ ചായ വെച്ചു. ആമിനൈത്താനെ വിളിച്ചുണര്‍ത്തി. വുളൂ എടുക്കാനായി കുളിമുറിയിലേയ്ക്ക് കയറി. വുളൂ എടുത്ത് വരുമ്പോഴേക്കും ചായ തിളച്ചു കഴിഞ്ഞിരുന്നു. ചായയും ബിസ്ക്കറ്റും സതീശന് കൊടുത്തു. ചായയും ബിസ്ക്കറ്റും താനും കുടിച്ചെന്നു വരുത്തി. സ്വുബഹ് നമസ്കരിക്കുമ്പോഴും സുലൈയുടെ മുഖമായിരുന്നു മനസ്സില്‍. ആമിനൈത്തായോടൊപ്പം കാറില്‍ കയറി. കാദറിക്ക പിന്നില്‍ നിന്ന് വാതിലടയ്ക്കുന്ന ശബ്ദം. കണ്ണുകള്‍ അറിയാതെ മുകളിലത്തെ മുറിയിലേക്ക് നീണ്ടു. അവിടെ വെളിച്ചത്തിന്റെ ഒരു തിരിവെട്ടം പോലും ഇല്ല. എണീറ്റ് വരുമ്പോള്‍ പറഞ്ഞിരുന്നുവല്ലോ? അറിഞ്ഞിട്ട് വീണ്ടും കിടന്നോ? അതോ എഴുന്നേറ്റില്ലേ. കടവ് അടുത്തപ്പോഴേക്കൂം നേരം പരപരാ വെളുത്തു കഴിഞ്ഞിരുന്നു. കടവത്ത് ജങ്കാര്‍ കിടപ്പുണ്ടായിരുന്നു. അതുകൊണ്ട് ഇറങ്ങാതെ കാറില്‍ തന്നെ ഇരുന്നു. സതീശനും ആമിനൈത്തായും ഇറങ്ങി ജങ്കാറിന്റെ ഓരം പറ്റി നിന്നു. ആമിനൈത്തായുടെ ഉറക്കെയുള്ള സംസാരം വെള്ളം തള്ളിമാറ്റി മുന്നോട്ടുള്ള ജങ്കാറിന്റെ കുതിപ്പിനോടൊപ്പം ഉയര്‍ന്നു കേട്ടു. ഈ യാത്ര പേടിച്ചാണ് അമീറ് ഏഴാം മാസത്തിലെ കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ ഉടനെ തന്നെ അവളെ അങ്ങോട്ട് തന്നെ തിരിച്ചു കൊണ്ടു പോയത്.
ഹോസ്പിറ്റലില്‍ എത്തി റൂമിലേക്ക് കയറിയപ്പോള്‍ അറിഞ്ഞത് സുലൈനെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി എന്നാണ്. വെള്ളത്തുണിയും കുട്ടിയുടെ സാധനങ്ങളും അടങ്ങിയ ബാഗ് ആമിനൈത്താന്റെ ഒക്കത്തു തന്നെയുണ്ട്. ഫാത്തിമയെ കണ്ടതും അമീറിന്റെ ഉമ്മ വെളുക്കെ ചിരിച്ചു. രാത്രി കിടക്കുന്നതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഒരുറക്കം കഴിഞ്ഞപ്പോള്‍ അമീര്‍ വന്നു വിളിച്ച് ഉണര്‍ത്തിയതാ. സുലൈ മൂത്രം ഒഴിക്കാന്‍ എണീറ്റപ്പോള്‍ വെള്ളം പോയി. ആദ്യം അവള്‍ക്ക് മനസ്സിലായില്ല. കിടന്ന് മൂത്രമൊഴിച്ച് പോയോ എന്ന് അവള് സംശയിച്ചു. അമീറിന് അത്രയ്ക്കും കാര്യം പിടികിട്ടിയില്ല. ഭാഗ്യത്തിന് കുറച്ച് ദിവസായി സതീശന് ഔട്ട്ഹൗസില്‍ താമസമാണ്, അമീറെത്താന് താമസിച്ചാലോ എന്നു കരുതിയിട്ട്. ഇന്ന് വണ്ടിയെടുക്കാന്‍ അമീറിനാണെങ്കില്‍ ഒരു ധൈര്യക്കുറവ്. സുലൈയ്ക്കാണെങ്കില് ആശുപത്രിയില്‍ എത്തുന്നതിലും തിരക്ക് ഇങ്ങളെ വിളിക്കാനായിരുന്നു. അമീറിന്റെ ഉമ്മയോടൊപ്പം ഫാത്തിമ ലേബര്‍ റൂമിന്റെ വാതില്ക്കല് ബെഞ്ചിലിരുന്നു. ബണ്ണും കട്ടന്‍കാപ്പിയും വാങ്ങാന്‍ പോയ അമീര്‍ വന്നു. അവന്റെ കൈയില്‍നിന്നും ഫഌസ്കും ബണ്ണും വാങ്ങി ഫാത്തിമ എടുത്തുവെച്ചു.
ളുഹ്റ് ബാങ്ക് മുഴങ്ങി. സമയം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് ഫാത്തിമക്ക് തോന്നി. ലേബര്‍ റൂമിന്റെ വാതില്‍ക്കലില്‍ അധികമാരും ഇല്ല. ഇന്ന് വേറെയാരും പ്രസവിക്കാനില്ല? എന്താ ഇത് കഥ. ആമിനൈത്താ ചുറ്റുഭാഗമെല്ലാം ഒരു നിരീക്ഷണം നടത്തി തിരിച്ചെത്തി. ''പാത്തൈ അനക്ക് ഒരു വിശേശം കേക്കണോ? പണ്ടത്തെ ചേല്ക്ക് എല്ലാരും വേദന വന്നിട്ടല്ല പെറല്. ഡോട്ടറ് പെറാനായി പെണ്ണിന് മരുന്ന് വെച്ച് കൊടുക്കും. അങ്ങനെയാവുമ്പോ രാത്രി ആരും പെറൂല. ആരും ഒറക്കം ഒയിയ്ക്കും വേണ്ട. സുലൈനെ പോലെ എടങ്ങേറായോലൊക്കാ രാത്രി പാതിരയ്ക്ക് വരല്. അപ്പം വേണങ്കി ഡോട്ടറും ഉണ്ടാവൂല. ഡോട്ടറ് തന്നെ വേണോന്നും ഇല്ല്യ. നല്ല നേഴ്സായാലും മതി.'' ''പാങ്ങനെ പറയ് ആമിനൈത്താ ഇങ്ങള്, ആരെങ്കിലും കേള്‍ക്കണ്ട. ഒന്ന് പോലും പ്രസവിക്കാത്ത തനിക്ക് എന്തറിയാനാണ്. മരുന്ന് വയ്ക്കല്‍ എന്ന് പറഞ്ഞാല്‍ എന്താണ്. ആരോടാ ചോദിക്ക്യാ, അതൊക്കെ ചോദിക്കണത് മോശാണോ? ലേബര്‍ റൂമിന്റെ വാതില്‍ തുറക്കുന്ന ശബ്ദം. ''സുലൈഖയുടെ കൂടെയുള്ളവര്‍ എവിടെ. സുലൈഖ പ്രസവിച്ചു. ആണ്‍കുട്ടി.'' സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. രണ്ട് കണ്ണുകളും നിറയുന്നു. ''അല്‍ഹംദു ലില്ലാഹ്'' സലാമത്ത് ആയല്ലോ? ഇതുവരെ വല്ലാത്ത വീര്‍പ്പുമുട്ടല്‍ ആയിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ അഭിനയമാണെന്ന് പറഞ്ഞാലോ? ആമിനൈത്താനെ ബൂത്തിലേയ്ക്ക് പറഞ്ഞയക്കണം. വീട്ടിലേക്ക് ഫോണ്‍ ചെയ്ത് വിവരം പറയണം. സുലൈന്റെ ഉപ്പാനോട് ഇവിടം വരെ ഒന്ന് വരാന്‍ പറയണം. നേഴ്സിന്റെ കൈയില്‍ റോസ് നിറത്തിലുള്ള ടര്‍ക്കിയും സോപ്പും ഫാത്തിമ എടുത്തു കൊടുത്തു. കുട്ടിയെ കൊണ്ടുവരുന്നതും കാത്ത് അമീറിന്റെ ഉമ്മയോടൊപ്പം ഫാത്തിമയും ലേബര്‍ റൂമിന്റെ വാതില്ക്കല് നിന്നു. വാതില്‍ വീണ്ടും തുറന്നു. റോസ് ടര്‍ക്കിയില്‍ പൊതിഞ്ഞ് അതേ നിറത്തിലുള്ള പൈതല്‍. വാങ്ങാനായി കൈ തരിച്ചെങ്കിലും നിയന്ത്രിച്ചുനിന്നു. തനിക്ക് വാങ്ങാനായി എന്ത് അവകാശമാണുള്ളത്? ''ഇങ്ങള് ബിസ്മീം കൂട്ടി വാങ്ങിക്ക് ഫാത്തിമ ഇങ്ങള കുട്ടിയല്ല്യേ?'' അമീറിന്റെ ഉമ്മയുടെ വാക്കുകള്‍ സത്യമാണോ? രണ്ട് കൈയും നീട്ടി വാങ്ങി. മാറോട് ചേര്‍ത്തു നിര്‍ത്തി സംസം വെള്ളം തൊട്ട് കൊടുത്തു. ''ബാങ്കും ഇഖാമത്തും കൊടുക്കണ്ടെ അമീറേ, വേഗം വുളൂ എടുത്ത് വാ. ഞാന്‍ പള്ളിയില്‍ പോയി വന്നതാ, വുളൂ ഉണ്ട്.'' ഫാത്തിമയുടെ മടിയിലിരുത്തിക്കൊണ്ട് തന്നെ അമീറ് വലത് ചെവിയില്‍ ബാങ്ക് കൊടുത്തു. പിന്നെ ഇഖാമത്തും. സുലൈഖ ഗര്‍ഭിണിയാണെന്നറിഞ്ഞത് മുതല്‍ താന്‍ കിനാവ് കാണാന്‍ തുടങ്ങിയ പൈതല്‍. തന്റെ കവിളുകള്‍ ആ കുഞ്ഞിക്കവിളില്‍ ഉരസി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവനെ മാറോട് ചേര്‍ത്ത് കണ്ണുകളടച്ച് ചെവിയില്‍ ദിക്റ് ചൊല്ലി.
(തുടരും)