ജാഫറാബാദ് മുതല്‍
കര്‍ദമ്പുരി വരെ നീണ്ട
ഒരു നിസ്‌കാരപ്പായയിലെ
നിര തെറ്റിയ ഒറ്റ മുറി
വീടുകളിലായിരുന്നു
ഞങ്ങളുടെ താമസം.
സൂര്യനുദിക്കുന്നതിന്
മുമ്പേ മിനാരങ്ങള്‍ക്ക്
മീതെ ചിറകടിച്ചുയരുന്ന
പുലരിപ്രാവിന്റെ
വലത്തേ തൂവലിടുപ്പിനു
കീഴില്‍ സ്വുബ്ഹ് ബാങ്കിനൊപ്പം
ഞങ്ങള്‍ ഒന്നാമത്തെ
റക്അത്തിലേക്ക്
നിവര്‍ന്നു നില്‍ക്കും.
പായ പൊട്ടിയൊഴുകുന്ന
ഉറവയിലെ അഴുക്കില്‍
കൈകാലുകള്‍ കുടഞ്ഞ്
ഞങ്ങളാ തടാകത്തിനു ചോട്ടില്‍
അശുദ്ധികളെ ഊരിവെക്കുന്നു.
'ഉറക്കത്തേക്കാള്‍
ശ്രേഷ്ഠമാകുന്നു നിസ്‌കാരം'
തക്ബീറത്തുല്‍
ഇഹ്‌റാമിലുദിച്ച
പകലുകളില്‍ ഉമ്മ
തസ്ബീഹ് കൊണ്ട്
പായയുടെ അങ്ങേ
തലക്കലില്‍ കോലായി
മിനുക്കിയൊരുക്കുമ്പോള്‍
തീപ്പെട്ടി വെട്ടത്തില്‍ ഉപ്പ
ഇങ്ങേ തലക്കലിരുന്ന്
പായയുടെ പിന്നിക്കീറിയ
കഷ്ണങ്ങള്‍ മുനയൊടിഞ്ഞ
സൂചിത്തലയില്‍ കോര്‍ത്ത്
തന്റെ നഖക്കുഴികളിലേക്ക്
ചേര്‍ത്ത് തുന്നുന്നു.
ഉച്ചമയങ്ങി പഴക്കമില്ലാത്ത
ളുഹ്‌റുകളിലേക്ക്
എറിയപ്പെടുമ്പോള്‍
ഞങ്ങള്‍ റൂകൂഇന്റെ
നിസ്സഹായതയില്‍
എത്തിക്കഴിഞ്ഞിരിക്കും.
കാല്‍മുട്ടുകളില്‍
കൈകള്‍ താങ്ങി
കുനിഞ്ഞു നിന്ന്
ദിനം തോറും വളര്‍ന്നു
വരുന്ന മുതുകിലെ
പര്‍വതങ്ങള്‍
പായയിലേക്കിറക്കി
വെക്കാനാവാതെ
കൂനിക്കൂനി മണിക്കൂറുകള്‍
തള്ളിനീക്കുന്നു.
റൂകൂഇന് നീളം
കൂടുതലാണ്,
ആഴ്ചകളോളം, മാസങ്ങളോളം
നീണ്ടു പോയേക്കാവുന്ന
കുനിഞ്ഞുനില്‍പ്പുകള്‍.
ഞങ്ങളുടെ നിഴലുകള്‍
അതിന്റെ രൂപം കവിഞ്ഞ്
ചതുപ്പിലെ റബ്ബര്‍ പന്ത് പോലെ
വളര്‍ന്നു പെരുകുമ്പോള്‍
അസ്വ്ര്‍ ബാങ്കിന്റെ ഈരടികളില്‍
പായ വീണ്ടും നൃത്തം തുടങ്ങും,
ഞങ്ങളപ്പോള്‍ സുജൂദുകളില്‍
കമിഴ്ന്നുകിടക്കും.
ശിരസ്സും കാല്‍വിരലുകളും
നിലത്ത് പതിപ്പിച്ചു നെറ്റിയിലെ
കറുത്ത തഴമ്പുകള്‍ക്ക്
മുഴുപ്പം കൂട്ടുമ്പോള്‍
പായയില്‍ നിന്ന് തുളച്ചു
കേറിയേക്കാവുന്ന
വെടിയുണ്ടകളെ ഓര്‍ത്ത്
അറിയാതെ ഞെരുക്കം കൊള്ളും.
(റബ്ബര്‍ പന്ത് പോലെന്ന്
പറഞ്ഞെന്നേ ഉള്ളൂ
സത്യമായും ഞങ്ങള്‍ക്ക്
പഴന്തുണിപ്പന്ത് കളിച്ച്
പോലും ശീലമില്ല)
ചീവീടുകള്‍ ഒച്ച
വെച്ച് തുടങ്ങുന്ന
സായാഹ്നങ്ങളില്‍
തവളക്കുഞ്ഞുങ്ങള്‍
പൊന്തക്കാട്ടിലെ
പൊയ്കകളിലൊളിക്കുമ്പോള്‍
ഞങ്ങള്‍ മാത്രം വീടു വിട്ടു
പോകുന്നതിനെപ്പറ്റി ആലോചിക്കും.
മഗ്‌രിബില്‍ ഞങ്ങള്‍
അത്തഹിയ്യാത്തിലിരുന്ന്
ദീര്‍ഘ ചിന്തകളില്‍ മുഴുകും,
ഞങ്ങളുടെ പായക്കു ചുറ്റും
തോക്കുകളും ശൂലങ്ങളും
ഗ്യാസ് കട്ടറുകളും കുമിഞ്ഞ് കൂടും.
പായയില്‍ ആകെ
ശേഷിക്കുന്ന സുന്ദൂഖുമെടുത്ത്*
ഞങ്ങള്‍ യാത്ര തുടങ്ങും
ഇശാ ബാങ്ക് അന്ന് വിളിക്കില്ല
സ്വലാത്തിന് ആരും
ഒത്തുകൂടുകയുമില്ല
ഞങ്ങളുടെ ആളൊഴിഞ്ഞ
നിസ്‌കാരപ്പായ തനിയെ
അവസാനത്തെ
മയ്യിത്ത് നമസ്‌കാരം
നടത്തുകയും ഒരു ഖബ്ര്‍
വെട്ടി കുഴിച്ചുമൂടി ചുകന്ന
മൈലാഞ്ചിച്ചെടികള്‍ അതിന്മേല്‍
നട്ടു പിടിപ്പിക്കുകയും ചെയ്യും
ജാഫറാബാദ് മുതല്‍
കര്‍ദമ്പുരി വരെ മാത്രം
നീളമുണ്ടായിരുന്ന ആ പായ
മരണശേഷം രാജ്യത്തിന്റെ
ഭൂപടമൊട്ടാകെ നീണ്ട് വലിയും.
(ജാഫറാബാദ്, കര്‍ദമ്പുരി - ദല്‍ഹിയിലെ രണ്ട് സ്ഥലങ്ങള്‍
* സുന്ദൂഖ് -പെട്ടി)