അമ്മാജാന്റെ അന്ത്യനിമിഷങ്ങള്‍

സയ്യിദ ഹുമൈറാ മൗദൂദി
മാര്‍ച്ച് 2021

അമ്മാവന്‍ ഖോജ മുഹമ്മദ് ശഫീഅ് മര്‍ഹൂമിനോട് അബ്ബാജാന്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. അമ്മാജാന്റെ ആരോഗ്യനില വളരെ മോശമായ കാലമായിരുന്നു അത്. അമ്മാവന്‍ അവരുടെ സുഖവിവരങ്ങള്‍ അറിയാന്‍ ഇടക്കിടെ വന്നുകൊണ്ടിരുന്നു. അബ്ബാജാന്‍ അമ്മാവനോട് പറഞ്ഞു: ''ആളുകള്‍ മൗലാനാ മൗദൂദി സിന്ദാബാദ്, ജമാഅത്തെ ഇസ്‌ലാമി സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കുമ്പോഴൊക്കെ ഞാന്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ബീഗം മഹ്മൂദ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുമായിരുന്നു. ഏതെങ്കിലും സൈന്യം വിജയശ്രീലാളിതമാവുകയും പട്ടാളക്കാരെ പുഷ്പഹാരങ്ങള്‍ അണിയിക്കുകയും ചെയ്യുമ്പോള്‍ ആ വിജയം സാധ്യമാക്കാന്‍ തന്റെ വിലപ്പെട്ട ജീവനര്‍പ്പിച്ച അജ്ഞാത ഭടനെ ആരും ഓര്‍മിക്കുക പതിവില്ല. ആകാശം മുട്ടുന്ന മുദ്രാവാക്യങ്ങളില്‍ നിസ്വാര്‍ഥരും പ്രതിജ്ഞാബദ്ധരും ആത്മത്യാഗികളുമായ അത്തരമാളുകള്‍ ഓര്‍ക്കപ്പെടാറില്ല.''

ഗുരുഭക്തി

അമ്മാജാന് ഗുരുനാഥന്മാരോട് വലിയ ആദരവായിരുന്നു. ദാറുല്‍ ഇസ്‌ലാമിലെ താമസക്കാലത്ത് മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി (ച. 1997 ഡിസംബര്‍ 15) ദിനേന അസ്വ്ര്‍ മുതല്‍ മഗ്‌രിബ് വരെ ഖുര്‍ആന്‍ ക്ലാസ് എടുക്കാറുണ്ടായിരുന്നു. പതിവായി അതില്‍ പങ്കെടുക്കാറുള്ള അമ്മാജാന്‍ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയാല്‍ അത് ഓര്‍ത്തെടുത്ത് പാഠമുറപ്പിക്കും. മൗലാനാ അബ്ദുല്‍ ഗഫാര്‍ ഹസന്‍ സാഹിബില്‍നിന്ന് ഹദീസും പഠിക്കാറുണ്ടായിരുന്നു. ഇവര്‍ ഇരുവരെയും ഉസ്താദ് എന്നാണ് അമ്മാജാന്‍ വിളിക്കാറുണ്ടായിരുന്നത്. ഇരുവരുടെയും വിജ്ഞാനത്തോടും ശ്രേഷ്ഠതയോടും വളരെ ആദരവായിരുന്നു അവര്‍ക്ക്. പില്‍ക്കാലത്ത് അവരിരുവരും ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് വേര്‍പിരിഞ്ഞുപോയപ്പോള്‍ അമ്മാജാന്റെ മനസ്സില്‍ അത് വലിയ ആഘാതം സൃഷ്ടിക്കുകയുണ്ടായി. മൗലാനാ ഇസ്‌ലാഹി സാഹിബിന്റെ ഇളയ മകളുടെ 'മുലകുടി ഉമ്മ' കൂടിയായിരുന്നു അവര്‍. 'എനിക്ക് മൂന്നല്ല നാലാണ് പെണ്‍മക്കളെന്ന്' പറയാറുണ്ടായിരുന്നു അവര്‍.

സിയാഉല്‍ ഹഖിന്റെ ഓഫര്‍

അമ്മാജാന്‍ മഹാനായ ഭര്‍ത്താവിന്റെ മഹത്തായ നാമം വില്‍പനച്ചരക്കാക്കിയില്ല എന്നത് എനിക്ക് ഒരിക്കലും മറക്കാനാകില്ല. അബ്ബാജാന്‍ നിര്യാതനായ ശേഷം പ്രസിഡന്റ് സിയാഉല്‍ ഹഖ് (ച. 1988 ആഗസ്റ്റ്) അമ്മാജാന്ന് സെനറ്റ് അംഗത്വവും ഡെ. ചെയര്‍പേഴ്‌സണ്‍ പദവിയും വാഗ്ദാനം ചെയ്തിരുന്നു. ഈ ഓഫറുമായി സിയാ സാഹിബ് അവരുടെ അടുത്തേക്ക് ആദ്യം അത്വിയ്യ ഇനായത്തുല്ല സാഹിബയെയും പിന്നീട് നിഥാര്‍ ഫാത്വിമ (മര്‍ഹൂമ) ആപയെയും അയക്കുകയുണ്ടായി. അത്വിയ്യ ഇനായത്തുല്ല സാഹിബയെ അമ്മാജാന്‍ സ്‌നേഹപൂര്‍വം മടക്കി. നിഥാര്‍ ഫാത്വിമ ആപ വന്നപ്പോള്‍ അവര്‍ തന്റെ ഇഷ്ടകവിതയിലെ വരിയാണ് ചൊല്ലിയത്:
സൗദാ ഗിരി നഹീ യഹ്
ഇബാദത്ത് ഖുദാ കീ ഹെ
(കച്ചവടമല്ലിത്, ദൈവോപാസന മാത്രം)
എന്നിട്ട് പറഞ്ഞു: ''ഈ ഖുര്‍ആന്‍-ഹദീസ് ജ്ഞാനങ്ങള്‍ ഭൗതിക പദവികള്‍ നേടിയെടുക്കാനുള്ളതല്ല; പരലോകം സമ്പാദിക്കാനുള്ള വഴിയാണ്. സന്മനസ്സുള്ള എന്റെ ഭര്‍ത്താവിന്റെ നാമം എനിക്ക് കമ്പോള വസ്തുവാക്കാന്‍ സാധിക്കുകയില്ല. ആളുകള്‍ ജീവിക്കുന്നത് തനിക്കും മക്കള്‍ക്കും ദുന്‍യാവുണ്ടാക്കാനാണ്. എന്നാല്‍ മൗലാനാ സാഹിബ് ജീവിച്ചത് അല്ലാഹുവിന്റെ ദീനിന്റെ ഉയര്‍ച്ചക്ക് വേണ്ടിയുള്ള സേവനത്തിനായിരുന്നു. നസ്‌റുല്ലാ ഖാന്‍ അസീസിന്റെ കവിതയിലൊതുങ്ങുന്നതാണ് അദ്ദേഹത്തിന്റെ അവസ്ഥ:
മെരീ സിന്ദഗീ കാ മഖ്‌സദ്
തെരെ ദീന്‍ കീ സര്‍ഫറാസീ
മൈ ഉസീലിയെ മുസല്‍മാന്‍
മൈ ഇസീലിയെ നമാസീ
(നിന്റെ ദീനിന്റെ ഉന്നതിയാണ് എന്റെ ജീവിത ലക്ഷ്യം. അതുകൊണ്ടാണ് ഞാന്‍ മുസല്‍മാന്‍, അതുകൊണ്ടാണ് നമസ്‌കാരക്കാരന്‍).
തുടര്‍ന്ന് അമ്മാജാന്‍ പറയാന്‍ തുടങ്ങി: ''ഈ ദുന്‍യാവില്‍ എനിക്കോ എന്റെ മക്കള്‍ക്കോ ആ 'പേര്' കൊണ്ട് പണമുണ്ടാക്കേണ്ട ഒരാവശ്യവുമില്ല. അല്ലാഹു തന്റെ ഖജനാവില്‍നിന്ന് വേണ്ടതൊക്കെ ഞങ്ങള്‍ക്ക് തന്നിട്ടുണ്ടെന്നത് അവന്റെ വലിയ ഔദാര്യമാണ്. 'വിശ്വസിക്കുകയും വിശ്വാസത്തില്‍ സ്വന്തം സന്തതികള്‍ തങ്ങളെ പിന്തുടരുകയും ചെയ്തവര്‍. അവരുടെ കര്‍മങ്ങള്‍ ഒരു കമ്മിയും വരുത്താതെ അവരുടെ സന്തതികളെ അവരോടൊപ്പം നാം സ്വര്‍ഗത്തില്‍ ചേര്‍ക്കുന്നതാണ്. ഓരോരുത്തര്‍ക്കും തന്റെ സമ്പാദ്യം പണയമാകുന്നു' (ഖുര്‍ആന്‍, അത്വൂര്‍ 21). ഇപ്പറഞ്ഞ നാളിലേക്കുള്ളതാണ് ആ പേര്. എന്റെയും എന്റെ മക്കളുടെയും പരിണതി അദ്ദേഹത്തോടൊപ്പം ചേര്‍ക്കണേ എന്ന പ്രാര്‍ഥന മാത്രമേ എനിക്കുള്ളൂ. ഞങ്ങളെ എല്ലാവരെയും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള അദ്ദേഹത്തിന്റെ ജിഹാദിന്റെയും ധനവ്യയത്തിന്റെയും അനന്തരാവകാശികളാക്കി ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടേണമേ എന്ന പ്രാര്‍ഥന മാത്രം. മൗലാനാ സാഹിബ് ആളുകള്‍ എന്ത് പറയുമെന്ന് നോക്കാതെ അല്ലാഹുവിനെ പ്രീതിപ്പെടുത്തി. നാനാമുഖങ്ങളിലും പൊരുതി. സ്രഷ്ടാവിന്റെ അപ്രീതി സമ്പാദിച്ച് സൃഷ്ടികളെ പ്രീതിപ്പെടുത്താന്‍ ഒരിക്കലും ശ്രമിച്ചില്ല. മുഹമ്മദലി ജൗഹറിന്റെ ഭാഷയില്‍:
തൗഹീദ് തൊ യഹ് ഹെ കെ ഖുദാ ഹശ്ര്‍ മെ കഹ്‌ദെ
യഹ് ബന്ദ ദോ ആലം സെ ഖഫാ മേരെ ലിയേ ഹെ
(ഈ ദാസന്‍ ദ്വിലോക മുക്തനായത് എനിക്ക് വേണ്ടിയാണെന്ന് ദൈവം പരലോക സംഗമത്തില്‍ പറയുന്നതാണ് തൗഹീദ്).''

അന്ത്യനിമിഷങ്ങള്‍

അവസാന കാലത്ത് അമ്മാജാന്‍ സദാ അബ്ബാജാനെ ഓര്‍ത്തു കൊണ്ടിരുന്നു. ഒരിക്കല്‍ കഠിനമായ ചൂടുകാലത്ത് ശ്വാസം മുട്ടലുണ്ടായി. പെട്ടെന്ന് വൈദ്യുതി നിലച്ചു. ഏറെ നേരത്തെക്കത് തിരിച്ചുവന്നില്ല. അമ്മാജാന്‍ ശ്വാസംമുട്ടിന്റെ നിത്യരോഗിയായിരുന്നു. അതിനാല്‍ ചൂടും ശ്വാസംമുട്ടും കൂടി അവരെ അവശയാക്കി. വൈദ്യുതി തിരിച്ചുവരാനുള്ള ഒരു സാധ്യതയും കണ്ടില്ല. ആ വിവശതയില്‍ കണ്ണൊന്ന് മാളി. ഉണര്‍ന്നപ്പോള്‍ പറയുകയാണ്: 'ഇതാ, ഇപ്പോള്‍ നിന്റെ അബ്ബാജാന്റെ ശബ്ദം വന്നു. നീ എന്തിനാണ് ഉഷ്ണത്തില്‍ അവിടെ ഇരിക്കുന്നത്? മുകളിലോട്ടു വരൂ എന്ന്. നോക്കൂ, ഇവിടെ എത്ര നല്ല കാറ്റാണ് അടിച്ചുവീശുന്നത് എന്ന്.' പിന്നെ, വലിയ സങ്കടത്തോടെ പറഞ്ഞു: 'എങ്ങനെയാണ് എനിക്ക് തനിയെ പോകാന്‍ കഴിയുക. അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള വിളി വരണ്ടേ?'
രോഗാവസ്ഥ കൂടുതല്‍ വഷളായതോടെ എന്റെ ഇളയ സഹോദരി അസ്മാ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അബ്ബാജാന്റെ വീടിന് വളരെ അടുത്തായിരുന്നു ആ വീട്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവരെ കാണാനായി ഞാനവിടെ ചെന്നു. അപ്പോള്‍ അമ്മാജാന്‍ എന്തെങ്കിലും മിണ്ടുകയോ ആഹാരം കഴിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അവരുടെ അടുത്ത് ചെന്ന് ഞാന്‍ ഇത്രമാത്രം പറഞ്ഞു:
ദില്ലീ ജോ ശഹര്‍ ഥാ ആലം മെ ഇന്‍തിഖാബ്
(ലോകത്ത് തെരഞ്ഞെടുക്കാനുള്ള ഒരു നഗരമായിരുന്നു ദല്‍ഹി).
ഉടനെ വന്നു അമ്മാജാന്റെ പ്രതിവചനം:
റഹ്‌തെ ഥെ മുന്‍തഖബ് ഹീ ജഹാന്‍ റോസ്ഗാര്‍ കേ
ഉസ് കൂ ഫലക് നെ ഠൂഠ് കെ വയ്‌റാന്‍ കര്‍
ഹം റഹ്‌നെ വാലേ ഹെം ഉസീ ഉജഡെ ദിയാര്‍ കെ
(ഉപജീവനത്തിന് എവിടം തെരഞ്ഞെടുത്തോ അവിടെ തന്നെ വസിക്കുകയായിരുന്നു. അത് തകര്‍ന്ന് വിജനമായപ്പോഴും ആ തകര്‍ന്ന നഗരത്തിലെ താമസക്കാരായിരുന്നു ഞങ്ങള്‍).
ഞാന്‍ പറഞ്ഞു: 'അമ്മാജാന്‍, ആരാണ് പറഞ്ഞത് നിങ്ങള്‍ രോഗിയാണെന്ന്. പൂര്‍ണ ആരോഗ്യവതിയാണ് നിങ്ങള്‍. വന്നാട്ടെ, വന്ന് ആഹാരം കഴിച്ചാട്ടെ.' പിന്നെ അവര്‍ ദല്‍ഹി വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. വലിയ സന്തോഷത്തോടെ ആഹാരവും കഴിച്ചു.
ഇതുപോലെത്തന്നെ മറ്റൊരിക്കലും അമ്മാജാന്റെ ആരോഗ്യം വളരെ മോശമാവുകയുണ്ടായി. അപ്പോള്‍ കോച്ച പണ്ഡിത്തില്‍ പോകണമെന്ന് പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ ചെന്നപ്പോള്‍ അസ്മാ ചോദിച്ചു: 'എന്താണീ കോച്ച പണ്ഡിത്?' അവരുടെ ഭര്‍തൃബന്ധുക്കളുടെ സ്ഥലമായിരുന്നു. ദല്‍ഹിയിലെ ആ പ്രദേശത്തായിരുന്നു അബ്ബാജാന്റെ വീട് സ്ഥിതിചെയ്തിരുന്നത്. അതിനു ശേഷം ദല്‍ഹിയിലെ പല പ്രദേശങ്ങളുടെയും പേരുകള്‍ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. ചാന്ദ്‌നീ ചൗക്കിന്റെ പേര് പറഞ്ഞപ്പോള്‍ അവര്‍ വളരെ സന്തുഷ്ടയായി. എങ്കിലും ആഹാരം കഴിക്കാന്‍ തയാറായില്ല. അപ്പോള്‍ ഞാന്‍ അപേക്ഷിച്ചു:
സൗദാഗിരി നഹീം, യഹ് ഇബാദത്തെ ഖുദാ കീ ഹെ
(കച്ചവടമല്ലിത്, ദൈവോപാസന മാത്രം).
അത് കേട്ട അമ്മാജാന്‍ അല്‍പസമയം ആലോചനയില്‍ മുഴുകി. പിന്നെ, മനഃശക്തി നേടി പറഞ്ഞു:
ഓ, ബേഖബര്‍, ജസാകീ തമന്നാ ഭീ ഛോഡ് ദേ
വാഇസ്, കമാല്‍ തര്‍ക് മെ മില്‍തീഹെ യാന്‍ മുറാദ്
ദുന്‍യാ ഭീ ഛോഡ് ദീഹെ, തോ ഉഖ്ബാ ഭീ ഛോഡ് ദേ
(അജ്ഞാനീയായ ഉപദേശീ, ത്യാഗത്തിന്റെ പൂര്‍ണതയാലാണ് ഇവിടെ ആഗ്രഹസംപൂര്‍ത്തി
ഈ ലോകം ഉപേക്ഷിക്കുമെങ്കില്‍ പിന്നെ പരിണതിയെയും വിട്ടുകള)
തുടര്‍ന്ന് എന്റെ കൈയില്‍നിന്ന് സൂപ്പ് വാങ്ങിക്കുടിച്ചു.
അവസാന നാളുകളില്‍ ആളുകളെ തിരിച്ചറിയാന്‍ അവര്‍ വല്ലാതെ പാടുപെടുകയുണ്ടായി. ഒരു ദിവസം മഗ്‌രിബിന്റെ നേരത്ത് പറയാന്‍ തുടങ്ങി: 'നോമ്പു തുറക്കൂ. വേഗമാകട്ടെ. മസ്ജിദുന്നബവിയില്‍ തറാവീഹ് നമസ്‌കരിക്കണം. ഇന്ന് ഖതം ഖുര്‍ആനാണ്. വേഗമാവട്ടെ. ഒന്നാം സ്വഫ്ഫില്‍ തന്നെ സ്ഥലം പിടിക്കണം.' പിന്നെ തുടര്‍ന്നു: 'ദേ നോക്കിക്കേ. ആദ്യ സ്വഫ്ഫില്‍തന്നെ സ്ഥലം കിട്ടിയല്ലോ. എന്നിട്ടു പിന്നോട്ടിരിക്കാന്‍ പറയുന്നോ? എന്ത്, വിശിഷ്ടാതിഥികള്‍ വന്നിരിക്കുന്നെന്നോ? സഹോദരാ, എന്താണ് പറയുന്നത്? ഞങ്ങളൊക്കെ അതിഥികള്‍ തന്നെയല്ലേ? തിരുദൂതരുടെ മസ്ജിദല്ലേ ഇത്? ആരുടെയും വീടല്ലല്ലോ?'
എന്താണ് അമ്മാജാന്‍ പറയുന്നതെന്നറിയാതെ ചുറ്റുംകൂടിയവരൊക്കെ അന്ധാളിച്ചു നില്‍ക്കുകയാണ്. എന്നാല്‍, അവരുടെ ആത്മാവ് സ്ഥലകാലങ്ങളില്‍നിന്ന് മുക്തമായി മസ്ജിദുന്നബവിയിലെത്തിയിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ആ രാത്രി റദമാനിലെ 29-ാം രാവാണെന്നാണ് അവര്‍ കരുതുന്നത്. അവരുടെ അന്ത്യമൊഴികളായിരുന്നു അത്. അതിനു ശേഷം അവര്‍ ഒന്നും ഉരിയാടിയില്ല. പൂര്‍ണ മൗനിയായി. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍...
മൗലാനാ റൂമി (ച. ഹി. 1273) മരണാസന്നനായി കിടക്കുമ്പോള്‍ ഒരു പണ്ഡിതന്‍ സന്ദര്‍ശിക്കാനെത്തിയ ഒരു കഥയുണ്ട്. പണ്ഡിതന്‍ പറഞ്ഞത്രെ: 'വേവലാതിപ്പെടേണ്ട. ഇന്‍ശാ അല്ലാഹ്, എല്ലാം സുഖമായിക്കൊള്ളും.' അപ്പോള്‍ റൂമി പറഞ്ഞുപോലും: 'ഇനി സുഖം നിങ്ങള്‍ക്കനുഗ്രഹമായിരിക്കട്ടെ. ജീവന്‍ വേര്‍പിരിഞ്ഞു കഴിഞ്ഞു. വെളിച്ചം വെളിച്ചത്തിലേക്ക് ലയിക്കാന്‍ പോവുകയാണ്. മണ്ണ് മണ്ണിനോട് ചേരാന്‍ പോകുന്നു.'
ഖാകീ വ നൂരി നിഹാദ്
ബന്ദ മൗലാ സ്വിഫാത്ത്
ഹര്‍ ദോ ജഹാന്‍ സെ ഗിനാ
ഉസ്‌കാ ദിന്‍ ബേനിയാസ്
(ഭൗതികമായ മണ്ണിന്റെയും ആത്മീയ പ്രഭയുടെയും പ്രകൃതമാണ് ദൈവദാസന്റെ വിശേഷാല്‍ പ്രഭാവം. രണ്ടാകുന്ന ലോകാവസ്ഥയില്‍നിന്ന് മുക്തനാകുമ്പോള്‍ മാനസം ഐശ്വര്യം നേടുന്നു).
അബ്ബാജാന്‍ 1979 സെപ്റ്റംബര്‍ 22-നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. അമ്മാജാന്‍ 2003 ഏപ്രില്‍ 14 വെള്ളിയാഴ്ച രാത്രി 8 മണി കഴിഞ്ഞ് 20 മിനിറ്റിന് ഈ നശ്വര ലോകത്തില്‍നിന്ന് യാത്രയായി. പിറ്റേന്ന് ശനിയാഴ്ച പതിനൊന്ന് മണിക്ക് അവര്‍ മറമാടപ്പെട്ടു.
അമ്മാജാന്റെ പ്രിയപ്പെട്ട ഒരു കവിത ഉദ്ധരിച്ച് ഈ കഥനത്തിന് ഞാന്‍ സമാപനം കുറിക്കട്ടെ:
സോഏങ്കെ ഹശ്ര്‍ തക് കെ
സബക് ദോശ് ഹോ ചുകെ
ബാര്‍ അമാനത്ത് ഗം
ഹസ്തീ ഉതാര്‍ കെ
(അസ്തിത്വദുഃഖം അഴിച്ചുവച്ച്
വിശ്വസ്ത ദൗത്യഭാരം ഇറക്കിവെച്ച്
ഭാരരഹിതയായി ഉറങ്ങൂ
പരലോകസംഗമം വരെ നീയുറങ്ങൂ).
(അവസാനിച്ചു)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media