ആ ഫോണ്‍വിളി വന്നപ്പോഴേ ഗുല്‍ബഹാറിന് പന്തികേട് തോന്നിയതാണ്.
ചൈനയിലെ സിന്‍ജ്യങിലുള്ള എണ്ണക്കമ്പനിയില്‍ എഞ്ചിനീയര്‍മാരായിരുന്നു
ആ ഫോണ്‍വിളി വന്നപ്പോഴേ ഗുല്‍ബഹാറിന് പന്തികേട് തോന്നിയതാണ്.
ചൈനയിലെ സിന്‍ജ്യങിലുള്ള എണ്ണക്കമ്പനിയില്‍ എഞ്ചിനീയര്‍മാരായിരുന്നു അവരും ഭര്‍ത്താവ് കരീം ഹൈതിവജിയും. ചൈനയില്‍നിന്ന് രക്ഷപ്പെട്ട ശേഷം അവര്‍ (രണ്ട് പെണ്‍മക്കളും) പാരീസിലാണ് കഴിയുന്നത്. കരീം അവിടെ യൂബര്‍ ടാക്‌സി ഡ്രൈവറാണ്.
സിന്‍ജ്യങ്ങിലെ ഉറുംഖി നഗരത്തില്‍ ഒരുമിച്ച് വിദ്യാര്‍ഥികളായിരുന്ന ഗുല്‍ബഹാറും കരീമും. ഉയ്ഗൂര്‍ വംശജരെന്ന നിലക്ക് ദുരിതങ്ങളും അവഗണനയും കണ്ടറിഞ്ഞാണ് വളര്‍ന്നത്.
1988-ല്‍ ബിരുദ പഠനത്തിന് ചേര്‍ന്നപ്പോള്‍ തന്നെ ജോലിക്കുള്ള അന്വേഷണവും തുടങ്ങിയിരുന്നു രണ്ടു പേരും. പത്രങ്ങളില്‍ തൊഴില്‍പരസ്യങ്ങള്‍ക്കു താഴെ ചെറിയ അക്ഷരങ്ങളില്‍ കാണാറുള്ള ഒരു അറിയിപ്പ് അവര്‍ ശ്രദ്ധിച്ചിരുന്നു; 'ഉയ്ഗൂറുകാര്‍ വേണ്ട' എന്നായിരുന്നു അത്.
അതു കാണുമ്പോള്‍ കരീമിന് രോഷം തിളക്കും. അവര്‍ ബിരുദ പരീക്ഷ പാസായതിനു പിന്നാലെ, പക്ഷേ, സന്തോഷ വാര്‍ത്ത വന്നു. കരാമയ് എണ്ണക്കമ്പനിയില്‍ എഞ്ചിനീയര്‍മാരായി ഇരുവര്‍ക്കും ജോലി കിട്ടി. ആശ്വാസത്തോടെ അവര്‍ ജോലിയില്‍ കയറി. പക്ഷേ, വൈകാതെ ആ സന്തോഷം മങ്ങി.
ചാന്ദ്രവര്‍ഷത്തുടക്കത്തിലാണ്. അന്നാണ് വാര്‍ഷിക ബോണസ് വിതരണം ചെയ്യുക. തുക വിതരണം ചെയ്യുക രണ്ടു തരം കവറുകളില്‍. ചുവന്ന കവറുകള്‍ ഉയ്ഗൂര്‍ വംശക്കാര്‍ക്കുള്ളത്. മറ്റുള്ളവ, ഭൂരിപക്ഷ വംശമായ ഹാന്‍ സമുദായക്കാര്‍ക്ക്. മറ്റുള്ളവര്‍ക്കുള്ളതിലും കുറഞ്ഞ തുകയാണ് ചുവന്ന കവറുകളില്‍ വെച്ചത്. പരസ്യമായ വിവേചനം. വൈകാതെ കമ്പനിയിലെ ഉയ്ഗൂര്‍ ജീവനക്കാരെ ആസ്ഥാനത്തുനിന്ന് നാട്ടിന്‍പുറത്തെ ചെറിയ ഓഫീസിലേക്ക് മാറ്റി. അയിത്തം കൂടുകയാണ്.
കമ്പനിയിലൊരു ഉയര്‍ന്ന ഉദ്യോഗത്തില്‍ ഒഴിവു വന്നപ്പോള്‍ കരീം അപേക്ഷിച്ചു. എല്ലാ യോഗ്യതയും ഏറ്റവും കൂടിയ സീനിയോറിറ്റിയും അദ്ദേഹത്തിനാണുണ്ടായിരുന്നത്. പക്ഷേ, ജോലി കൊടുത്തത് ഡിഗ്രി പോലുമില്ലാത്ത ഒരു കീഴുദ്യോഗസ്ഥന്. അയാള്‍ ഹാന്‍ സമുദായക്കാരനായിരുന്നു.
ഓരോരോ സംഭവങ്ങളായി കരീമിന് മടുത്തു. 2000-ത്തില്‍ ഒരു ദിവസം വീട്ടില്‍ എത്തിയ അദ്ദേഹം പറഞ്ഞു: ഞാന്‍ നിര്‍ത്തി. പുറത്തെവിടെയെങ്കിലും പോകണം. 2002-ല്‍ അദ്ദേഹം സിന്‍ജ്യങ്ങ് വിട്ട് വിദേശത്തേക്ക് പോയി. ആദ്യം ഖസാക്കിസ്ഥാനില്‍ ജോലിക്ക് ശ്രമിച്ചു. കിട്ടിയില്ല. ഒരു കൊല്ലം അങ്ങനെ പോയി. പിന്നെ നോര്‍വേയിലേക്ക്. അതിനുശേഷം ഫ്രാന്‍സിലേക്ക്. ഫ്രാന്‍സില്‍ അഭയത്തിനായി അപേക്ഷ നല്‍കിയിരുന്നു കരീം.
ഒരുവിധം അവിടെ പിടിച്ചുനില്‍ക്കാറായപ്പോള്‍ കരീം കുടുംബത്തെ പാരീസിലേക്ക് വിളിച്ചു. 2006 മേയില്‍ ഗുല്‍ബഹാറും മക്കളായ ഗുല്‍ഹുമാറും ഗുല്‍നിഗാറും ചൈന വിട്ട് ഫ്രാന്‍സിലെത്തി.
കരീം ഫ്രഞ്ച് പൗരത്വം സമ്പാദിച്ചിരുന്നു. പെണ്‍മക്കള്‍ക്ക് അഭയാര്‍ഥി പദവി കിട്ടി. എന്നാല്‍ ഗുല്‍ബഹാറിന് തീരുമാനം എളുപ്പമായിരുന്നില്ല. ഫ്രഞ്ച് പൗരത്വമെടുത്താല്‍ പിന്നെ ചൈനയിലേക്ക് ഒരിക്കലും മടങ്ങാനാകില്ല. സ്വന്തം സഹോദരിയും പ്രായമായ ഉമ്മയും ഉയ്ഗൂറിലുണ്ട്. അവരെ കാണാനെങ്കിലും പോകാന്‍ പറ്റണ്ടേ?
പത്തു കൊല്ലം ഇങ്ങനെ കഴിഞ്ഞു. 2016 നവംബറില്‍ പെട്ടെന്നാണ് ആ ഫോണ്‍ വന്നത്....
*** *** *** ***
വിളി കരാമയ് കമ്പനിയില്‍നിന്നാണ്. 20 വര്‍ഷമായി ജോലി ചെയ്ത കമ്പനിയില്‍നിന്ന് ഗുല്‍ബഹാര്‍ വിട്ടിരുന്നില്ല; ശമ്പളമില്ലാത്ത ലീവിലാണ് വിദേശത്തേക്ക് പോയത്. ഇപ്പോള്‍ കമ്പനിയില്‍നിന്ന് റിട്ടയര്‍ ചെയ്യാന്‍ സമയമടുക്കുന്നു. അതു പറഞ്ഞാണ് കമ്പനിയില്‍നിന്ന് വിളി.
ചില കടലാസുകള്‍ ഒപ്പിട്ടുതരേണ്ടതുണ്ട്. നേരിട്ടു തന്നെ വരണം. അവര്‍ പോകാമെന്ന് സമ്മതിച്ചു.
മനസ്സാകെ ആശങ്കയായിരുന്നു. തങ്ങള്‍ ചൈന വിട്ട 2006-നു ശേഷം ഉയ്ഗൂറുകാര്‍ വര്‍ധിച്ച പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴാകട്ടെ കരാമയ് കൊടും തണുപ്പിലും. ചീറ്റിയടിക്കുന്ന ശീതക്കാറ്റ് എല്ലുകള്‍ തുളക്കും. പുറമെ, സിന്‍ജ്യങ്ങില്‍ ചെന്‍ ഹ്വാങ്‌ഗോ എന്ന മര്‍ദകനാണ് പുതിയ ഭരണാധിപന്‍.
പക്ഷേ, ഏതാനും കടലാസുകള്‍ ഒപ്പിട്ട് തിരിച്ചുപോവുക മാത്രമല്ലേ ചെയ്യാനുള്ളൂ എന്നു പറഞ്ഞ് ഗുല്‍ബഹാര്‍ സ്വയം സമാധാനിച്ചു.
2016 നവംബറില്‍ അവര്‍ സിന്‍ജ്യങ്ങിലെത്തി. നവംബര്‍ 30-ന് കാലത്ത് കമ്പനി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാന്‍ സമുദായക്കാരനായ അക്കൗണ്ടന്റ് അവിടെയുണ്ടായിരുന്നു.
കാറില്‍ പത്ത് മിനിറ്റ് യാത്രയുണ്ടെന്ന് അയാള്‍ അറിയിച്ചു. പോലീസ് സ്റ്റേഷനിലേക്കാണ്. പോലീസ് ചോദ്യങ്ങള്‍ ചോദിക്കും; അതിന് ഉത്തരം പറഞ്ഞാല്‍ മതി.
സ്റ്റേഷനില്‍ ചോദ്യമുറിയിലേക്ക് കടക്കും മുമ്പ് ഗുല്‍ബഹാറിന്റെ സാധനങ്ങളെല്ലാം അവര്‍ വാങ്ങിവെച്ചു. ചോദ്യമുറിയില്‍ വല്ലാത്ത അന്തരീക്ഷമായിരുന്നു. ഒരു മേശക്കപ്പുറത്ത് രണ്ട് പോലീസുകാര്‍ ഇരിക്കുന്നു. റൂം ഹീറ്ററിന്റെ മൂളക്കം നിലക്കാതെയുണ്ട്. ഗുല്‍ബഹാറിന്റെ ഇപ്പോഴത്തെ ജോലി, താമസം എല്ലാം അവര്‍ ചോദിച്ചറിഞ്ഞു.
പെട്ടെന്ന്, അവരിലൊരാള്‍ ഒരു ഫോട്ടോയെടുത്ത് ഗുല്‍ബഹാറിന്റെ മുഖത്തേക്ക് നീട്ടി. അവരുടെ മകള്‍ ഗുല്‍ഹുമാറിന്റെ ഫോട്ടോയാണ്. പാരീസില്‍ വെച്ചെടുത്തത്.
ആ ഫോട്ടോ ആണത്രെ പ്രശ്‌നം. അവരെ വരുത്താനുള്ള യഥാര്‍ഥ കാരണം ആ ഒരു പടമാണ്. കാരണം ഫോട്ടോയിലെ പെണ്‍കുട്ടിയുടെ കൈയില്‍ ഒരു പതാകയുണ്ട്. ഈസ്റ്റ് തുര്‍ക്കിസ്ഥാന്റെ കൊടി. പാരീസില്‍ വെച്ചെടുത്ത പടം.
ഈസ്റ്റ് തുര്‍ക്കിസ്ഥാനെ ബലം പ്രയോഗിച്ച് സ്വന്തമാക്കിയ ശേഷം ചൈന അതിനെ സിന്‍ജ്യങ് എന്നാണ് വിളിക്കുന്നത്. ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ എന്ന പേരും അതിന്റെ കൊടിയും ചൈന നിരോധിച്ചിരിക്കുന്നു; അതിന്റെ കൊടി പിടിക്കുന്നത് രാജ്യദ്രോഹവും ഭീകരപ്രവര്‍ത്തനവുമാണ്. അതിന് മാതാവിനെ ശിക്ഷിക്കും.
*** *** *** ***
അവിടെനിന്ന് ഗുല്‍ബഹാറിനെ ഒരു തടങ്കല്‍ ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. ചതുരാകൃതിയിലുള്ള ക്ലാസ് മുറി. ഇരുമ്പുവാതിലില്‍ വെളിച്ചം കടത്താന്‍ തുളകളിട്ടിട്ടുണ്ട്.
ദിവസം തോറും പതിനൊന്ന് മണിക്കൂറുവീതം ഇവിടെ കായിക പരിശീലനമാണ്. ലെഫ്റ്റ്, റൈറ്റ്; ലെഫ്റ്റ്, റൈറ്റ്.... കാവല്‍ക്കാരായ രണ്ട് ഹാന്‍ ജാതിക്കാര്‍ എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അഭ്യാസത്തിനിടക്ക് ഒരു മണിക്കൂറോ അര മണിക്കൂറോ നിശ്ചലമായി നില്‍ക്കണം. പരിശീലനം താങ്ങാനാകാതെ ചിലര്‍ ബോധം കെട്ടു വീഴും. കാവല്‍ക്കാരന്‍ വന്ന് മുഖത്തടിച്ച് ഉണര്‍ത്തും. പിന്നെയും വീണാല്‍ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകും. പിന്നീടവരൊരിക്കലും തിരിച്ചുവരില്ല.
ആദ്യം പോലീസ് സെല്ലില്‍ അഞ്ചുമാസം കഴിച്ചതിനു ശേഷമാണ് ഈ ക്യാമ്പിലെത്തുന്നത്. കട്ടിലോ മെത്തയോ പുതപ്പോ ഇല്ല. ഒരു മരപ്പലകയുണ്ട്. തുടക്കത്തില്‍ എന്തിനോ ശിക്ഷയായി ഗുല്‍ബഹാറിനെ പലകയില്‍ ചങ്ങലകൊണ്ട് കെട്ടിയിട്ടിരുന്നു.
ഇനി 'സ്‌കൂളി'ലേക്കാണ് കൊണ്ടുപോകുന്നതെന്നറിഞ്ഞ് അവര്‍ ആശ്വസിച്ചു.
*** *** *** ***
ഈ 'സ്‌കൂള്‍', പക്ഷേ, വെറും സ്‌കൂളല്ല. ഉയ്ഗൂറുകാരെ പീഡിപ്പിക്കാനും മസ്തിഷ്‌ക പ്രക്ഷാളനം നടത്താനും പലേടത്തും പണിത മര്‍ദന ക്യാമ്പുകളാണവ. 'റീ എജുക്കേഷന്‍ സെന്ററു'കള്‍.
തടവുകാരെല്ലാം ഉയ്ഗൂറുകാരികളാണ്. തനത് സംസ്‌കാരവും ഇസ്‌ലാമിക വിശ്വാസവും അവരില്‍നിന്ന് പാടേ ഒഴിവാക്കി അവരെ തനി കമ്യൂണിസ്റ്റ് ചൈനക്കാരാക്കുകയാണ് ലക്ഷ്യം.
ആരും മിണ്ടരുത്. ഉണരാനും ഭക്ഷണത്തിനും ഉറക്കത്തിനുമുള്ള സൈറണുകളാണ് പുറമേക്ക് കേള്‍ക്കുന്ന ശബ്ദങ്ങള്‍. കാവല്‍ക്കാര്‍ എല്ലാം കാണുന്നു. തടവുകാര്‍ പരസ്പരം മന്ത്രിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നു. മുഖം തുടച്ചാലും കോട്ടുവായിട്ടാലും പ്രശ്‌നമാണ്- പ്രാര്‍ഥിക്കുകയാണെന്നു പറഞ്ഞ് കാവല്‍ക്കാര്‍ ശിക്ഷിക്കും.
വാസ്തവത്തില്‍ അടുത്തുള്ളവളോട് ചുണ്ടനക്കാനോ എന്തെങ്കിലും ചിന്തിക്കാനോ പോലും പറ്റാത്ത വിധം ക്ഷീണിതരായിരിക്കും എല്ലാവരും, എപ്പോഴും.
എന്നിട്ടും എപ്പോഴും കാവല്‍ക്കാര്‍ കൂടെയുണ്ടാകും.
ഹാളിലെ തടവുകാരെ മുഴുവന്‍ ഒരുമിച്ചാണ് കുളിമുറികളിലേക്കും ക്ലാസിലേക്കും കാന്റീനിലേക്കും കൊണ്ടുപോവുക. സ്വകാര്യത എന്നൊന്ന് തീരെ ഇല്ല.
ഗുല്‍ബഹാറിനെപ്പോലെ 200 തടവുകാരികളെങ്കിലും ആ ഒരു ക്യാമ്പിലുണ്ട്. പെട്ടെന്ന് കുടുംബത്തില്‍നിന്ന്, മക്കളില്‍നിന്ന് പറിച്ചെടുക്കപ്പെട്ടവര്‍.
ഇത്തരം അനേകം ക്യാമ്പുകള്‍. 10 ലക്ഷത്തോളം ഉയ്ഗൂറുകാര്‍ ഇങ്ങനെ കമ്യൂണിസ്റ്റുവല്‍ക്കരണ ക്യാമ്പുകളിലുണ്ട് എന്നാണ് ആഗോള മാധ്യമങ്ങള്‍ പറയുന്നത്.
തിയറി ക്ലാസ് മറ്റൊരു പീഡനമായിരുന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെയും നേതാക്കളുടെയും മഹത്വം, ചൈനയുടെ ചരിത്രം, ചൈനീസ് ഭാഷ തുടങ്ങിയവ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പഠിപ്പിക്കുന്നു. ക്ലാസില്‍ ക്ഷീണം കാരണം ഉറക്കം വന്നാല്‍ പോലും ശിക്ഷ. ഒരിക്കല്‍ ഒരു 60-കാരിയെ അധ്യാപിക മുഖത്തടിച്ചത്, കണ്ണൊന്നടഞ്ഞതിനാണ്. 'ഇവിടെയിരുന്ന് പ്രാര്‍ഥിക്കാമെന്ന് കരുതേണ്ട' എന്ന് താക്കീതും. അവരെ കാവല്‍ക്കാര്‍ വലിച്ചു കൊണ്ടുപോയി. അവരെക്കൊണ്ട് സ്വയം വിമര്‍ശനം എഴുതിച്ച്, ക്ലാസില്‍ വായിപ്പിച്ചു.
മടുപ്പും ക്ഷീണവുമായിരുന്നു ക്യാമ്പിലെ സ്ഥിരം കൂട്ടുകാര്‍.
*** *** *** ***
സ്വന്തം മതത്തെ, വിശ്വാസത്തെ, ചരിത്രത്തെ, കുടുംബത്തെ എല്ലാം തള്ളിപ്പറയുന്ന പ്രക്രിയ കൂടിയായിരുന്നു ക്യാമ്പിലെ 'വിദ്യാഭ്യാസം.' 'ഭീകരരാ'യ മക്കളെയും ഭര്‍ത്താവിനെയും തള്ളിപ്പറയേണ്ടി വന്നത് ഗുല്‍ബഹാര്‍ ഓര്‍ക്കുന്നു.
ഈ സമയത്തെല്ലാം പാരീസിലെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു. ചൈനയിലുണ്ടായിരുന്ന ഗുല്‍ബഹാറിന്റെ ഉമ്മയാണ് കുറേ കഴിഞ്ഞ്, തടങ്കല്‍ വിവരം അറിയിക്കുന്നത്. പിന്നേ കേട്ടു, ഭീകര പ്രവര്‍ത്തനത്തിന് ഗുല്‍ബഹാറിനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു എന്ന്.
അവിടം മുതലാണ് മൂത്ത മകള്‍ ഗുല്‍ഹുമാര്‍ (ആ ഫോട്ടോയിലെ 'ഭീകര') ഉമ്മയുടെ മോചനത്തിന് ഇറങ്ങുന്നത്. ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ ഹരജികള്‍, പ്രകടനങ്ങള്‍... ഗുല്‍ബഹാറിന്റെ കഥ, ചൈനീസ് മര്‍ദക ഭരണത്തിന്റെ ഉദാഹരണമായി ലോകം കണ്ടു.
ഇതെല്ലാം ഫലവത്തായി. ഗുല്‍ബഹാറിന്റെ കേസ് ചൈന വിചാരണക്കെടുത്തു. 2019 ആഗസ്റ്റ് 2-ന് ഏതാനും മിനിറ്റ് നേരത്തെ വിചാരണക്കു ശേഷം കോടതി അവരെ നിരപരാധിയായി പ്രഖ്യാപിച്ച് വെറുതെ വിട്ടു.
നിരപരാധി പോലും! താന്‍ ചെയ്യാത്ത എത്രയെത്ര കുറ്റങ്ങള്‍ അവരെക്കൊണ്ട് മര്‍ദിച്ച് സമ്മതിപ്പിച്ചിട്ടുണ്ട്! മൂന്നു വര്‍ഷം ശാരീരികമായും മാനസികമായും പീഡിപ്പിച്ച ശേഷം പറയുന്നു, കുറ്റക്കാരിയല്ലെന്ന്.
ഗുല്‍ബഹാര്‍ പാരീസില്‍ തിരിച്ചെത്തി. കുടുംബത്തോട് ചേര്‍ന്നു. തന്റെ അനുഭവങ്ങളെക്കുറിച്ച് പുസ്തകമെഴുതി. 2021 ജനുവരിയില്‍ അത് പ്രകാശനം ചെയ്തു.