ലോകപ്രശസ്ത മുസ്‌ലിം വനിതാ കര്‍മശാസ്ത്ര പണ്ഡിതയും അക്കാദമീഷ്യയുമായിരുന്നു 2021 ജനുവരി 24-ന് കെയ്‌റോക്കടുത്ത് മുഖ്തമില്‍ നിര്യാതയായ അബ്ല കഹ്ലാവി. ഇമാം ഇബ്‌നുതൈമിയ്യയുടെ സമകാലീനയായ ഉമ്മു സൈനബ് ഫാത്വിമ ബഗ്ദാദിയക്കു (മരണം 9/12/714 അഒ) ശേഷം ഫിഖ്ഹ്, ഫത്‌വ മേഖലകളില്‍ തിളങ്ങി നിന്ന ഒരു അസ്ഹരീ പണ്ഡിതയായിരുന്നു ഡോ. അബ്ല കഹ്ലാവി. ഈജിപ്തില്‍ കൊറോണ വൈറസിന്റെ ഇരയായി മരണപ്പെട്ടവരില്‍ പ്രമുഖയാണവര്‍. മരണമടയുമ്പോള്‍ 72 വയസ്സായിരുന്നു. ഈജിപ്ഷ്യന്‍ ജനപ്രിയ പ്രസംഗകകരില്‍ ഒരാളായി കഹ്ലാവി കണക്കാക്കപ്പെടുന്നു.
1948 ഡിസംബര്‍ 15-ന് പ്രസിദ്ധ അസ്ഹരീ പണ്ഡിതനും കവിയുമായ മുഹമ്മദ് അല്‍ കഹ്ലാവിയുടെ മകളായി കെയ്‌റോയിലായിരുന്നു അബ്ല കഹ്ലാവി ജനിച്ചത്.
അസ്ഹര്‍ വിമന്‍സ് വിംഗിലെ ഇസ്‌ലാമിക കര്‍മശാസ്ത്ര വിഭാഗത്തില്‍ സീനിയര്‍ പ്രഫസറായിരുന്നു ഏറെക്കാലം. 1974-ല്‍ താരതമ്യ ഫിഖ്ഹില്‍ പി.ജി.യും '78-ല്‍ പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി മാതൃസ്ഥാപനമായ അസ്ഹര്‍ വനിതാ വിഭാഗം കോളേജിലെ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ ഫാക്കല്‍റ്റിയായിട്ടായിരുന്നു ഡോ. അബ്‌ലയുടെ റിട്ടയര്‍മെന്റ്. തുടര്‍ന്ന് കെയ്‌റോയില്‍ തന്നെ പ്രസിദ്ധ വനിതാ കോളേജായ അല്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലെ പ്രിന്‍സിപ്പലും ഡയറക്ടറുമായും പല ചാരിറ്റി സംരംഭങ്ങളുടെയും പ്രബോധന സംഘങ്ങളുടെയും സാരഥിയായും സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് മരണം.
ഇടക്കാലത്ത് രിയാദിലെ കോളേജ് ഫോര്‍ എജുക്കേഷന്‍ ഓഫ് ഗേള്‍സിലും മക്ക കോളേജ് ഓഫ് എജുക്കേഷനില്‍ ശരീഅത്ത് വകുപ്പ് അധ്യക്ഷയായും സേവനം ചെയ്തിട്ടുണ്ട്.
മഗ്രിബ് നമസ്‌കാരത്തിനു ശേഷം ദിവസേനയുള്ള ഫിഖ്ഹ് ക്ലാസുകളുമായി ശൈഖ 1987-1989 കാലത്ത് മക്ക ഹറമില്‍ തന്നെയുണ്ടാവാറുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം സ്ത്രീകളെ അഭിസംബോധന ചെയ്ത് പ്രഭാഷണം നടത്തുക പതിവായിരുന്നു. കെയ്റോയിലേക്ക് മടങ്ങിയതിനുശേഷവും ദിവസേന ബസാതീനിലെ അല്‍കഹ്ലാവി മസ്ജിദില്‍ സ്ത്രീകള്‍ക്കായുള്ള ക്ലാസുകളില്‍, ഇസ്ലാമിന്റെ സാംസ്‌കാരിക വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിലും മത/ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നതിലും നിയമശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 2020 ഒക്‌ടോബര്‍ മുതല്‍ ജില്ലാ ആസ്ഥാനത്തുള്ള ശൈഖ് മഹ്മൂദ് ഖലീല്‍ ഹുസ്വരി പള്ളിയില്‍ വനിതാ കലാകാരികള്‍ക്ക് മതപാഠങ്ങള്‍ നല്‍കാന്‍ പൗരപ്രമുഖ യാസ്മിന്‍ അല്‍ ഖയ്യാം ആവശ്യപ്പെട്ടതനുസരിച്ച് ക്ലാസ്സെടുത്തു വരികയായിരുന്നു.
ഈ കലാകാരികളില്‍ ഈജിപ്തിലെ പ്രസിദ്ധരായ നൂറ, അഫാഫ് ശുഐബ്, ശംസ് ബാറൂദി അടക്കമുള്ള സിനിമ - നാടക രംഗത്തെ പലരുമുണ്ടായിരുന്നു. ഇവരുടെ മത/ പ്രബോധന രംഗത്തെ മുന്നേറ്റത്തിന് പ്രസ്തുത ക്ലാസുകള്‍ വഴികാണിച്ചു. ഇടക്കാലത്ത് അസ്ഹര്‍ കേന്ദ്ര പള്ളിയില്‍ നാട്ടുകാരായ സ്ത്രീകള്‍ക്ക് മതപാഠങ്ങള്‍ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട അവര്‍ അല്‍മുഖ്ത്വം ബൈത്തുല്‍ ഹംദ് പള്ളിയിലും ആഴ്ചതോറും ദര്‍സ് നടത്തിയിരുന്നു. ഹിജ്‌റ 1428 റമദാനില്‍ നടന്ന ഹുബ്ബുര്‍റസൂല്‍ പ്രഭാഷണ പരമ്പര അര്‍രിസാല ചാനലില്‍ പ്രക്ഷേപണം ചെയ്തിരുന്നു.
അനാഥരായ കുട്ടികള്‍, കാന്‍സര്‍ രോഗികള്‍, അല്‍ഷിമേഴ്സ് രോഗികള്‍, വൃദ്ധകള്‍ എന്നിവരെ പരിചരിക്കുന്നതിനായി ഗുഡ് വിമന്‍ സൊസൈറ്റി (അല്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്) എന്ന പേരില്‍ ഡോ. കഹ്ലാവി മുഖ്തമില്‍ ഒരു ചാരിറ്റബ്ള്‍ അസോസിയേഷന്‍ സ്ഥാപിച്ചു. ഈ കൊറോണാ കാലത്തു പോലും ഈ സ്ഥാപനം നല്ല നിലയില്‍ നടത്തിവരുകയായിരുന്നു.
1996-ല്‍ പ്രസിദ്ധീകരിച്ച സ്ത്രീകളുടെ ശുദ്ധി / അശുദ്ധി കര്‍മശാസ്ത്ര താരതമ്യ പഠനം, 1998-ല്‍ പുറത്തിറങ്ങിയ 'കൃത്രിമ മില്‍ക്ക് ബാങ്കുകള്‍', 2000-ല്‍ പ്രസിദ്ധീകരിച്ച 'ഖുല്‍അ്: താരതമ്യ നിയമശാസ്ത്ര പഠനം', 2005-ല്‍ പുറത്തിറക്കിയ 'ഹജ്ജ്, ഉംറ എന്നിവയിലെ സ്ത്രീ പ്രശ്നങ്ങള്‍', 2005-ല്‍ പ്രസിദ്ധീകരിച്ച 'വിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പുത്രത്വവും പിതൃത്വവും' തുടങ്ങി ഒരു ഡസന്‍ ഗ്രന്ഥങ്ങള്‍ കഹ്‌ലാവിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
അവലംബം:
അനുസ്മരണ കുറിപ്പുകള്‍
ഖാലിദ് അല്‍ ജുന്‍ദി (അല്‍ അഹ്‌റാം), സഈദ് ഹിജാസി (അല്‍ വത്വന്‍)
വിക്കിപ്പീഡിയ