'മാണിക്യമലരായ പൂവീ...' എന്ന പ്രശസ്ത ഗാനം കേള്‍ക്കാത്തവരോ പാടാത്തവരോ ആസ്വദിക്കാത്തവരോ
'മാണിക്യമലരായ പൂവീ...' എന്ന പ്രശസ്ത ഗാനം കേള്‍ക്കാത്തവരോ പാടാത്തവരോ ആസ്വദിക്കാത്തവരോ മലയാളികള്‍ക്കിടയില്‍ കുറവായിരിക്കും. ശ്രോതാക്കളാലും പ്രേക്ഷകരാലും അനുഗൃഹീതമായ ഒരു മാപ്പിളപ്പാട്ടാണ് 'മാണിക്യ മലരായ പൂവീ.. മഹതിയാള്‍ ഖദീജ ബീവീ..'
മൂന്നര കോടി ജനങ്ങളുള്ള കേരളത്തില്‍ രചിക്കപ്പെട്ട ഈ ഗാനം ലോകത്തെ ഒമ്പതര കോടി ജനങ്ങള്‍ കാണുക വഴി മാപ്പിളപ്പാട്ട് പ്രസ്ഥാനത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു എന്നത് ഓരോ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്.
മലയാള മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിന് തന്നെ മാറ്റുകൂട്ടിയ, പൊന്‍തൂവല്‍ ചാര്‍ത്തിയ 'മാണിക്യ മലരായ പൂവീ' എന്ന ഗാനം പാടി ഹിറ്റാക്കി നമുക്കായി സമ്മാനിച്ച സ്വരരാഗമാണ് തലശ്ശേരി കെ. റഫീഖ് എന്ന 'ഇശല്‍ നക്ഷത്രം.'
പലതുകൊണ്ടും തലയുയര്‍ത്തിനിന്ന നാടാണ് തലശ്ശേരി. ആദ്യമായി ക്രിക്കറ്റും സര്‍ക്കസും കളിച്ച പ്രദേശം. ബേക്കറിയും രുചിക്കൂട്ടും ആദ്യം മുതല്‍ തന്നെ സ്വന്തമാക്കിയ നാട്. തലശ്ശേരി ദം ബിരിയാണി മുതല്‍ അതിശയിപ്പിക്കും കഥപറയുന്ന തലശ്ശേരി പാട്ടിന്റെയും സംഗീതത്തിന്റെയും സംഗമ ഭൂമി കൂടിയാണ്.
മാപ്പിളപ്പാട്ടിന്റെ പിതാവായ കുഞ്ഞായന്‍ മുസ്‌ലിയാര്‍, ഒ. ചന്തുമേനോന്‍, കെ. രാഘവന്‍ മാസ്റ്റര്‍ മുതല്‍ എം. കുഞ്ഞിമൂസ, എം.പി ഉമ്മര്‍കുട്ടി, എ. ഉമ്മര്‍, പീര്‍ മുഹമ്മദ്, മൂസ എരഞ്ഞോളി വരെയുള്ള പല സംഗീത-സാഹിത്യ ഇശല്‍ നക്ഷത്രങ്ങളും വിടര്‍ന്നിട്ടുണ്ട്. അതില്‍പെട്ട, ഇന്നും തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണ് തലശ്ശേരി കെ. റഫീഖ്.'
1950 ആഗസ്റ്റ് 22-ന് തലശ്ശേരിയിലെ പേരുകേട്ട എക്കണ്ടി തറവാട്ടിലെ മര്‍ഹും എക്കണ്ടി അസ്സു ഹാജിയുടെയും ആസിയയുടെയും ഏഴു മക്കളില്‍ ഒരുവനായി ജനിച്ച റഫീഖിന് ചെറുപ്പത്തില്‍ തന്നെ പാട്ടിനോടും സംഗീതത്തോടും ഏറെ കമ്പമായിരുന്നു. പാട്ട് എവിടെനിന്ന് കേട്ടാലും കാതും കൂര്‍പ്പിച്ച് കേട്ടിരിക്കല്‍ കൊച്ചു റഫീഖിന്റെ സ്ഥിരം ചര്യയായി മാറി. റഫീഖിന്റെ സംഗീത വാസന മാതാപിതാക്കള്‍ തിരിച്ചറിഞ്ഞുവെങ്കിലും, മകനെ ഒരു പാട്ടുകാരനാക്കുന്നതിനെക്കുറിച്ചോ സംഗീതം പഠിപ്പിക്കുന്നതിനെക്കുറിച്ചോ മാതാപിതാക്കള്‍ ചിന്തിച്ചിരുന്നില്ല.
തലശ്ശേരി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍നിന്ന് പരിപാടികളിലും മറ്റുമായി എട്ടാം വയസ്സ് മുതല്‍ തന്നെ റഫീഖ് പാടി തുടങ്ങി. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കും മുമ്പ് 13-ാം വയസ്സില്‍ തന്നെ റഫീഖ് നല്ല ശബ്ദത്തിനുടമയും തികഞ്ഞ ഒരു ഗായകനുമായി മാറിയിരുന്നു.
ഇതിനിടയില്‍ മാപ്പിളപ്പാട്ട് ചക്രവര്‍ത്തിയായ എസ്.എം കോയയുടെ തലശ്ശേരിയില്‍ നടന്ന ഒരു പരിപാടിയില്‍ റഫീഖിന് പാടാന്‍ അവസരമുണ്ടായി. ഈ അവസരം ഒരു ഭാഗ്യമായി കണ്ട റഫീഖ് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഒരു ട്രഡീഷണല്‍ ഗാനം തന്നെ ആ വേദിയില്‍ വെച്ച് ആലപിക്കുകയുണ്ടായി. ഒട്ടും പിഴച്ചില്ല, റഫീഖിന്. നിറഞ്ഞ കരഘോഷങ്ങളോടെ എതിരേറ്റ റഫീഖിനെയും റഫീഖിന്റെ ഗാനത്തെയും എസ്.എം കോയയും മറ്റും വാനോളം പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്തു.
ഇത് സംഗീത ജീവിതത്തിലേക്കുള്ള ഒരു വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു. റഫീഖിന് നിരവധി കല്യാണ വേദികളും ഗാനമേളാ പരിപാടികളിലും അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. തലശ്ശേരി റഫീഖ് എന്ന പ്രഫഷണല്‍ ഗായകന്‍ വളരുകയായിരുന്നു.
റഫീഖിന്റെ ഈ കഴിവുകള്‍ കണ്ടും കേട്ടും തിരിച്ചറിഞ്ഞ പ്രശസ്ത സംഗീതജ്ഞനും തലശ്ശേരിയുടെ സ്വന്തക്കാരനുമായ കെ. രാഘവന്‍ മാഷാണ് ആകാശവാണിയിലേക്ക് റഫീഖിനെ കൈപിടിച്ചുയര്‍ത്തിയത്. പിന്നീട് നാലു പതിറ്റാണ്ട് കാലം (മാഷ് ഓര്‍മയാകുന്നതു വരെ) മാഷുമായുളള ബന്ധം റഫീഖ് നിലനിര്‍ത്തി. ചെറുപ്പം മുതല്‍ തന്നെ ഒരു ഗുരുവിനെ തേടിയ റഫീഖിന് സംഗീതകുലപതിയെ തന്നെ ഗുരുവായി ലഭിച്ചതും റഫീഖിന്റെ ഉയര്‍ച്ചക്ക് കാരണമായി.
തന്റെ സംഗീതയാത്ര തനിക്കും സമൂഹത്തിനും കേവലം ആസ്വാദനം മാത്രമാവരുതെന്നും അതിനപ്പുറം നന്മയും മൂല്യവും തന്റെ സംഗീതയാത്രയില്‍ വേണമെന്നും റഫീഖിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇത്തരം പാട്ടുകളുടെ ലഭ്യത കുറഞ്ഞതോടെ റഫീഖ് സ്വയം ഇത്തരം പാട്ടുകള്‍ എഴുതുകയും ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്തുവന്നു. മറ്റാരുടെ പാട്ടുകളും കടമെടുത്ത് പാടാത്ത റഫീഖ് കേരളത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരു ഗായകനാണ്. നൂറോളം പാട്ടുകള്‍ റഫീഖ് എഴുതിയിട്ടുണ്ട്. കുറഞ്ഞ ഗാനങ്ങളേ ഈണം നല്‍കിയിട്ടുള്ളൂ.
മാപ്പിളപ്പാട്ടിനും അതിന്റെ വളര്‍ച്ചക്കും വേണ്ടിസംഗീതലോകത്ത് നിരവധി സേവനങ്ങള്‍ ചെയ്ത റഫീഖ് ഇന്നും ആ പാതയില്‍ തന്നെയാണ്. 1972-ല്‍ മലബാര്‍ കേന്ദ്രമായി മലബാര്‍ മാപ്പിള കലാ സമിതി രൂപീകരിച്ചു. 2001-ല്‍ രൂപീകൃതമായ 'സ്മൃതി' എന്ന സാംസ്‌കാരിക വേദിയുടെ ജനറല്‍ കണ്‍വീനറായിരുന്നു.
കേരളത്തിലെ മാപ്പിളപ്പാട്ട് ഗായകര്‍ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരും ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്ന പ്രതിഭകളാണ്. ഓരോരുത്തരും തങ്ങളുടെ സംഗീത യാത്രയില്‍ എടുത്തുപറയാന്‍ ഒന്നില്‍ കൂടുതല്‍ ഗുണങ്ങളും നേട്ടങ്ങളും പുതുമകളും സന്തോഷങ്ങളും പ്രത്യേകതകളും ഉള്ളവര്‍ തന്നെയാണ്. ഈയടിസ്ഥാനത്തില്‍ തലശ്ശേരി കെ. റഫീഖിനും സന്തോഷങ്ങള്‍ പങ്കു വെക്കാനുണ്ട്.
1989 മുതല്‍ തന്നെ തിരുവനന്തപുരം ദൂരദര്‍ശനില്‍ റഫീഖ് മാപ്പിളപ്പാട്ടുകള്‍ പാടാറുണ്ടെങ്കിലും ദേശീയതലത്തില്‍, ദല്‍ഹി ദൂരദര്‍ശനില്‍ ചരിത്രത്തില്‍ ആദ്യമായി മാപ്പിളപ്പാട്ട് പാടിയത് തലശ്ശേരി കെ. റഫീഖ് എന്ന അതുല്യ മാപ്പിളപ്പാട്ട് ഗായകന്‍ മാത്രമായിരുന്നു. ഈ പരിപാടി റഫീഖിനും മാപ്പിളപ്പാട്ടിനും നല്ല ഖ്യാതിയാണ് ദേശീയതലത്തില്‍ നേടിക്കൊടുത്തത്. ഈ അതുല്യമായ ബഹുമതിയും അംഗീകാരവും റഫീഖ് എന്നും ഒരു അമൂല്യനിധിയായി സൂക്ഷിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ദൂരദര്‍ശന്‍ 1997-ല്‍ അവതരിപ്പിച്ച 'ബീരിത സ്വാതന്ത്ര്യം' അഥവാ മാപ്പിളപ്പാട്ടുകളുടെ ഇശലുകള്‍ ചേര്‍ത്ത സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം എന്ന ദേശഭക്തി പരിപാടിയുടെ അവതരണം റഫീഖിന്റെ കലാജീവിതത്തില്‍ എടുത്തുപറയേണ്ട മറ്റൊരു ബഹുമതിയാണ്.
കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ ദൈര്‍ഘ്യമേറിയ മാപ്പിളപ്പാട്ടുകളും അനുബന്ധ പരിപാടികളും നടത്തിയ ഖ്യാതിയും തലശ്ശേരി കെ. റഫീഖിനു തന്നെയായിരിക്കും. കൈരളി ടി.വിയില്‍ 'ശവ്വാല്‍ ചന്ദ്രിക', 'തലശ്ശേരി പെരുമ' (രണ്ടര മണിക്കൂര്‍), അമൃത ടി.വിയില്‍ 'പെരുന്നാള്‍ പെരുമ' (രണ്ട് മണിക്കൂര്‍), ദൂരദര്‍ശനില്‍ 'ഈദമ്പിളി' (രണ്ട് മണിക്കൂര്‍), പെരുന്നാള്‍ പോരിശ (ഒരു മണിക്കൂര്‍) ... ചില ഉദാഹരണങ്ങള്‍ മാത്രം. കൂടാതെ ഏഷ്യാനെറ്റിലും ജീവനിലും ഇന്ത്യാവിഷന്‍ പോലുള്ള ചാനലുകളിലുമെല്ലാം നടത്തിയ റഫീഖിന്റെ പരിപാടികള്‍ വേറിട്ടു നില്‍ക്കുന്നു.
റഫീഖ് 'മാണിക്യമലരായ പൂവി..' എന്ന ഗാനത്തിന് പുറമെ നിരവധി ഗാനങ്ങള്‍ അനശ്വരമാക്കിയിട്ടുണ്ട്. 'മക്കത്തെ പൊന്‍ പട്ട്', 'പൂമഞ്ചലേറിയ..', 'റഹ്മത്തിറങ്ങിയ രാവ്', 'അഹദോനെ യാ അല്ല', 'സുറുമക്കണ്ണശകിക്ക്', 'ഏഴാം ബഹറില്‍ അജബുള്ള കൊട്ടാരം', 'കമ്പിളിക്കാറ് പുതച്ച് കിടന്ന്', 'ഈദുല്‍ ഫിത്വര്‍ പുണ്യ ഈദുല്‍ ഫിത്വര്‍', 'അല്ലാഹുവേ നിന്റെ കാരുണ്യമേകിടും..', 'ആനന്ദം പൂക്കുന്ന നാളിത്', 'പെരുന്നാളായ് പെരുമയായ്..', 'ഇല്ല ഉമറിന്റെ വിധിന്യായമിവിടെ..' തുടങ്ങിയ, എന്നും മാപ്പിളപ്പാട്ട് ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന ഈരടികള്‍ ചിലത് മാത്രം.
കൊടുങ്ങല്ലൂര്‍ കൊതുവില്‍ പരേതനായ അബ്ദുര്‍റഹ്മാന്റെ മകള്‍ ജമീലയാണ് ഭാര്യ. മുഹമ്മദ് റിഷാദ്, മുഹമ്മദ് റിജാസ്, റിഷാന മഹബൂബ്, റിസ്‌വാന ഷംസീര്‍ എന്നിവരാണ് മക്കള്‍.
നാട്ടിലും മറുനാട്ടിലും ഗള്‍ഫ് നാട്ടിലുമായി റഫീഖ് നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് ദൂരദര്‍ശന്‍ രാജ്യത്തിനു വേണ്ടി തളിക്കുളത്ത് (തൃശൂര്‍ ജില്ല) വെച്ച് മാപ്പിള കലാരംഗത്തെ 10 സീനിയര്‍ പ്രതിഭകളെ ആദരിച്ചതില്‍ ഉള്‍പ്പെടാന്‍ റഫീഖിനും ഭാഗ്യം ലഭിച്ചു. പ്രശസ്ത സീനിയര്‍ മാപ്പിളപ്പാട്ട് ഗായകന്‍ എന്ന അര്‍ഥത്തില്‍ 'തനത് മാപ്പിള കലാ സാഹിത്യ വേദി'യടക്കമുള്ള പല വേദികളും കൂട്ടായ്മകളും തലശ്ശേരി കെ. റഫീഖിനെ ആദരിച്ചിട്ടുണ്ട്.
തന്റെ സമകാലികരായ പത്തോളം മാപ്പിളപ്പാട്ട് കുലപതികള്‍ക്ക് 'ദൂരദര്‍ശന്‍-ഇശല്‍ തേന്‍കണം' എന്ന പുരസ്‌കാരം നല്‍കിയിരുന്നു.
തന്റെ സ്വന്തം ഗാനമായ 'മാണിക്യമലരായ പൂവി..' അഡാര്‍ ലൗവ് എന്ന സിനിമയിലൂടെ വന്‍ ഹിറ്റാവുകയും ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതോടെ റഫീഖിന് ഇഷ്ടക്കാര്‍ വര്‍ധിക്കുകയും വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യുകയായിരുന്നു.
പ്രശസ്ത കവിയും റഫീഖിന്റെ ബന്ധുവും കൂടിയായ പി.എം.എ ജബ്ബാര്‍ തനിക്കു വേണ്ടി എഴുതിയ ഗാനമാണ് 'മാണിക്യമലരായ പൂവി..' 1978-ല്‍ ആകാശവാണിയില്‍ പാടുന്നതിനു വേണ്ടി ഈ വരികള്‍ ചിട്ടപ്പെടുത്തിയതും സംഗീതം നല്‍കിയതും ആകാശവാണിയില്‍ പാടിയതും റഫീഖ് തന്നെയാണ്. ശേഷം 1989-ല്‍ ഒരു പെരുന്നാള്‍ സ്‌പെഷ്യല്‍ പരിപാടിയില്‍ ദൂരദര്‍ശനിലും റഫീഖ് ഈ ഗാനം പാടുകയുണ്ടായി. 1992-ല്‍ ഇറങ്ങിയ 'ഏഴാം ബഹര്‍' എന്ന സംഗീത ആല്‍ബത്തിലും റഫീഖിന്റെ ശബ്ദത്തില്‍ കേള്‍ക്കാം. ആ കാലം തന്നെ ഈ ഗാനം ജനകീയമാണ്. ഗായകന്‍ ജനകീയനുമാണ്. അതിനാല്‍ തന്നെ അന്ന് തന്നെ തലശ്ശേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് പൗരപ്രമുഖരുടെയും തിങ്ങിനിറഞ്ഞ ജനസാഗരങ്ങളുടെയും സാന്നിധ്യത്തില്‍ സ്വന്തം മണ്ണും മനുഷ്യരും തങ്ങളുടെ സ്വന്തം 'മാണിക്യ മലരി'നെ 'മാണിക്യമലര്‍' പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
എന്നിട്ടും പലരും തന്റെ മാണിക്യമലരിനെ, തങ്ങളുടെ മാണിക്യമലരായ് അവകാശവാദമുന്നയിക്കുകയും ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുകയും ചെയ്തു വന്നു. ഇതിനെല്ലാം പുഞ്ചിരിയും നിഷ്‌കളങ്കതയും മാത്രം കൈമുതലുള്ള റഫീഖ് പരിഭവമോ പരാതിയോ വാദപ്രതിവാദമോ നടത്താന്‍ നിന്നില്ല. ചരിത്രം തിരുത്തുക തന്നെ ചെയ്യുമെന്ന ആശ്വാസത്തിലും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന വിശ്വാസത്തിലും.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന മാപ്പിളപ്പാട്ട് ഗായകരില്‍ ആറ് പതിറ്റാണ്ട് കാലം പിന്നിട്ട വിരലിലെണ്ണാവുന്നവരില്‍ ഒരാളാണ് റഫീഖ്.
റഫീഖ് ഇന്നും സംഗീതത്തിനും മാപ്പിളപ്പാട്ടിനും വേണ്ടി അശാന്ത പരിശ്രമത്തില്‍ തന്നെയാണ്. പാട്ടിലൂടെയും സംഗീതത്തിലൂടെയും അനീതിയെയും അക്രമത്തെയും എതിര്‍ക്കുന്ന തിരക്കില്‍ തന്നെയാണ്. സംഗീതത്തിന്റെയും കലയുടെയും ഉന്നത ശ്രേണിയിലൂടെ മാനവികതയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20 വര്‍ഷം മുമ്പ് നിലവില്‍ വന്ന കേരള മാപ്പിള കലാ അക്കാദമിയുടെ സ്ഥാപകന്‍ കൂടിയാണ് റഫീഖ്. നിലവില്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രസിഡന്റ്. 70 പിന്നിട്ട ഈ പ്രിയ മാപ്പിളപ്പാട്ടുകാരന്‍, ഇശല്‍ ലോകത്തിന്റെ ഇഷ്ടക്കാരന്‍ വിശ്രമമില്ലാതെ 'ഇശല്‍ നക്ഷത്ര'മായി പ്രകാശിച്ചുകൊണ്ടിരിക്കുന്നു.