ഒരു ചെറിയ ജലദോഷപ്പനി വന്നാല്‍ അയ്യോ വയ്യ ഇന്നിനി ഞാന്‍ സ്‌കൂളില്‍ പോണോ എന്നു പറയുന്നവരാണ് നമ്മള്‍.
ഒരു ചെറിയ ജലദോഷപ്പനി വന്നാല്‍ അയ്യോ വയ്യ ഇന്നിനി ഞാന്‍ സ്‌കൂളില്‍ പോണോ എന്നു പറയുന്നവരാണ് നമ്മള്‍. സൗകര്യങ്ങളേറെയുണ്ടായിട്ടും ചെറിയ വിഷമം വന്നാല്‍ ദൈവത്തെയും വിധിയെയും പഴിച്ചു ജീവിതം തള്ളി നീക്കുന്നവര്‍ക്ക് മുന്നില്‍ 'ഓയ് പാത്തുവാണേന്നും' പറഞ്ഞ് മനസ്സ് തുളുമ്പുന്ന ചിരിയുമായി പാത്തു നില്‍ക്കുമ്പോഴാണ് നമ്മള്‍ ഓരോരുത്തരും തോറ്റു പോവുന്നത്. Osteogenesis Imperfecta എന്ന രോഗകാരണത്താല്‍ ചെറുപ്പത്തിലേ വീല്‍ചെയറിന്റെ സഹായം തേടേണ്ടി വന്ന പെണ്‍കുട്ടി. എല്ലുകളെ ബാധിക്കുന്ന ഈ രോഗം കാരണം അമ്പതോളം തവണയാണ് എല്ലുകള്‍ പൊട്ടിയത്. ഒടുവില്‍ ഒരുപാട് നീണ്ട സര്‍ജറികള്‍ക്കു ശേഷം ഫാത്തിമ ആദ്യമായി എഴുന്നേറ്റു നിന്നു. അതും അവളുടെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍. പ്രതിസന്ധികളില്‍ തളരാതെ വേദനകള്‍ക്ക് സന്തോഷത്തിന്റെ മരുന്ന് പുരട്ടി ജീവിതത്തില്‍ വിജയിച്ചു കാണിക്കുകയാണ് ഫാത്തിമ അസ്ല. 'നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി' എന്ന ഫാത്തിമയുടെ കവിതാസമാഹാരം അടുത്തിടെയാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ഫാത്തിമയുടെ കവിതകള്‍ക്കെന്നും വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പ്രതിസന്ധികളില്‍ തളരാതെ മുഖത്തെപ്പോഴും കാത്തു വെച്ച ചിരിയുമായി ഫാത്തിമ ആത്മവിശ്വാസം കൊണ്ട് സ്വപ്‌നങ്ങളെ ഉള്ളം കൈയിലാക്കുമ്പോള്‍ അനേകമനേകം പേര്‍ക്കാണ് അവള്‍ പ്രചോദനമാവുന്നത്.
തനിക്ക് ഡോക്ടറാവാന്‍ കഴിയില്ലെന്ന് വിധിയെഴുതിയവര്‍ക്ക് മുന്നിലാണ് നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ലെന്ന് തെളിയിച്ചു കൊണ്ടവള്‍ ഡോക്ടറായത്.
അടുത്തടുത്തായി മൂന്നു സര്‍ജറികള്‍ ചെയ്തതിനു ശേഷമാണ് നില്‍ക്കാനും നടക്കാനുമൊക്കെ തുടങ്ങിയത്. പക്ഷേ അതവള്‍ക്ക് വല്യ കാര്യമായി തോന്നിയില്ല. അതിയായി ആഗ്രഹിച്ചിട്ടൊന്നുമില്ലായിരുന്നു. വീല്‍ചെയറില്‍ ഹാപ്പി ആയിരുന്നു. പക്ഷേ, ആദ്യമായി എഴുന്നേറ്റതും നടന്നതുമായ ആ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ഒരുപാട് പേര് അതിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തപ്പോഴാണ് അത് സംഭവിച്ചെന്ന തോന്നല്‍ ഉണ്ടായത്. വീണ്ടും നടക്കാനുള്ള പ്രചോദനമായത്.
സ്‌കൂള്‍ ജീവിതം
തേക്കിന്‍തോട്ടം എല്‍.പി സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂള്‍ വീടിന്റെ അടുത്തായിരുന്നു. അത്രയും ദൂരം ഉമ്മച്ചി എടുത്തുകൊണ്ടു പോവാറായിരുന്നു പതിവ്. ഉമ്മച്ചി ഒരു കൈയില്‍ എന്നെ പിടിക്കും, ഒരു കൈയില്‍ ബാഗും. നാലാം ക്ലാസ്സ് തൊട്ട് വീല്‍ചെയര്‍ കിട്ടി. അപ്പോള്‍ കൂടെ പഠിക്കുന്ന വീടിനടുത്തുള്ള കൂട്ടുകാര്‍ ഉന്തിക്കൊണ്ടുപോവാന്‍ തുടങ്ങി. സ്‌കൂളില്‍ പോവുമ്പോള്‍ മിക്ക ക്ലാസും മിസ്സാവും, തുടര്‍ച്ചയായി ഫ്രാക്ചര്‍ വരുന്ന സമയമായിരുന്നു. പിന്നെ പൂനൂര്‍ യു.പി സ്‌കൂളിലായിരുന്നു പഠിച്ചത്. അവിടെയെത്തിയപ്പോള്‍ എടുത്തുകൊണ്ടുപോവാന്‍ പറ്റാതായി. പി.ടി.എ ഫണ്ടില്‍നിന്നെല്ലാം ടീച്ചര്‍മാര്‍ സഹായിച്ച് ഓട്ടോ ഏര്‍പ്പാടാക്കി തന്നു. പിന്നെ അങ്ങനെയാണ് പോയത്. സുമിത ടീച്ചര്‍, ക്ലാര ടീച്ചര്‍ അവരൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരി ഫായിശാ എന്നെ എടുത്തുകൊണ്ടു നടക്കുമായിരുന്നു. പത്താം ക്ലാസ് വരെ ഉമ്മച്ചിയും അപ്പയും കടം വാങ്ങിയിട്ടാണെന്നെ സ്‌കൂളില്‍ പറഞ്ഞയച്ചിരുന്നത്. പത്താം ക്ലാസ് എത്തിയപ്പോഴാണ് ഗവണ്‍മെന്റ് സ്‌കൂട്ടര്‍ തരുന്നത്. പിന്നെ അത് ഒറ്റയ്ക്കോടിച്ചു അതില്‍ പോവാന്‍ തുടങ്ങി. പ്ലസ് ടു വരെ അങ്ങനെ ആയിരുന്നു; ഇപ്പോഴും.
ഡോക്ടര്‍ സ്വപ്‌നം
''സ്വപ്‌നങ്ങളെല്ലാം കുഞ്ഞു നാള്‍ തൊട്ടേ കൂടെയുണ്ട്. കാരണം ഞാന്‍ കൂടുതല്‍ ഇടപഴകുന്നത് ഡോക്ടര്‍മാരുമായിട്ടായിരുന്നു. എല്ലാവരും ഇടക്കിടക്ക് ബന്ധുവീടുകളിലേക്ക് പോകുമ്പോള്‍ ഞാന്‍ പോയിരുന്നത് ഹോസ്പിറ്റലുകളിലേക്കായിരുന്നു. എനിക്കതു കൊണ്ട് ഹോസ്പിറ്റലിനോട് ഭയങ്കര ഇഷ്ടമാണ്. ഡോക്ടര്‍മാരെ കാണുമ്പോള്‍ എനിക്ക് ഭയങ്കര ആരാധനയായിരുന്നു. അവര്‍ ചെയ്യുന്നതൊക്കെ കാണുമ്പോള്‍ ഞാന്‍ നോക്കിയിരിക്കും. അങ്ങനെ വലുതാവുംതോറും എനിക്കും അങ്ങനെയാവണം, എനിക്കും അവരെ പോലെ രോഗികളെ നോക്കണം എന്ന ആഗ്രഹമുണ്ടായി.''
''പണ്ടു തൊട്ടേ ഞാന്‍ സ്വപ്നങ്ങള്‍ കാണുമായിരുന്നു. ഒറ്റപ്പെട്ടിരിക്കുമ്പോഴെല്ലാം നാളെ നല്ലത് സംഭവിക്കും എന്നൊരു പ്രതീക്ഷ എപ്പോഴും എന്റെയുള്ളിലുണ്ടാവുമായിരുന്നു. ഫ്രാക്ചര്‍ കൊണ്ടുള്ള വേദനയൊഴിച്ചാല്‍ ഞാനിങ്ങനെയായിപ്പോയല്ലോ എന്നുള്ള സങ്കടമൊന്നും എന്നെ അലട്ടിയിരുന്നില്ല. മാത്രമല്ല ഞാന്‍ എത്രത്തോളം പുറകിലോട്ട് നില്‍ക്കുന്നുവോ സമൂഹം എന്നെ പുറകിലോട്ടു തളളും. ഞാന്‍ മുന്നണിയിലേക്ക് വന്നാല്‍ മാത്രമേ എന്നെ സമൂഹം അംഗീകരിക്കുകയുളളൂ, സ്വീകരിക്കുകയുള്ളൂ. ആരെങ്കിലും വയ്യാത്ത കുട്ടി എന്ന് പറയുമ്പോള്‍ എനിക്ക് വാശിയായിരുന്നു, അത് എന്നെ കൊണ്ട് പറ്റുമെന്ന് കാണിച്ചുകൊടുക്കണമല്ലോ എന്ന്....''
''പ്ലസ് ടു സമയത്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ തുടങ്ങിയത്. അന്നാണ് കൂടുതല്‍ എഴുതാന്‍ തുടങ്ങിയതും. എന്തെങ്കിലും പുതുതായി ചെയ്യണം. എന്റെ ചിന്തകള്‍ ആളുകളിലേക്ക് എത്തിക്കണം എന്ന തോന്നലിലാണ് പിന്നെ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്, 'ഡ്രീം ബീയോണ്ട് ഇന്‍ഫിനിറ്റി.....''
''മാറ്റിനിര്‍ത്തിയവരും വഴിയില്‍ ഉപേക്ഷിച്ചു പോയവരും ഒരുപാടുണ്ട്. ഞാന്‍ വന്ന വഴി അത്ര എളുപ്പമൊന്നുമായിരുന്നില്ല. ഒരുപാട് പേര് മാറ്റിനിര്‍ത്തിയതായിരുന്നു എന്നെ. ഇപ്പോഴാണ് ആളുകള്‍ എന്നെ പരിഗണിക്കാനും സ്‌നേഹിക്കാനും തുടങ്ങിയത്. അത് വരെ 'വയ്യാത്തതല്ലേ' എന്നും പറഞ്ഞു സഹതപിച്ചവരായിരുന്നു ചുറ്റിലും. കൂട്ടുകാര്‍, കുടുംബം ഇവരെല്ലാം മുറിവില്‍ ഉമ്മ വെച്ചവരാണ്. എന്നെ അത്രേം ആഴത്തില്‍ മനസ്സിലാക്കി ചേര്‍ത്തു നിര്‍ത്തുന്നവരുമുണ്ട്......
''ഞാന്‍ പലപ്പോഴായി ആലോചിക്കാറുണ്ട്, ഒരു ഗോഡ് ഫാദര്‍ ഇല്ലാതെയാണ് ഞാന്‍ വന്നേ. ഇപ്പൊ പലരെയും കാണുമ്പോള്‍ എന്‍കറേജ് ചെയ്യാന്‍ എനിക്ക് തോന്നാറുണ്ട്. എന്നോടാരും എഴുതണമെന്ന് പറഞ്ഞിട്ടില്ല. നിനക്ക് സംസാരിക്കാന്‍ കഴിയുമെന്നോ യുട്യൂബ് ചാനല്‍ തുടങ്ങണമെന്നോ ഒന്നും. വീട്ടില്‍നിന്ന് പഠനത്തിന് എനിക്ക് എല്ലാവിധ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ മറ്റുള്ള പല കാര്യങ്ങളും ഞാന്‍ തന്നെ കണ്ടെത്തി സ്വയം ഉണ്ടാക്കിയെടുത്ത ആത്മവിശ്വാസത്തില്‍ മുന്നോട്ട് വന്നതാണ്. പക്ഷേ ഇപ്പോള്‍ പാത്തൂന് ചുറ്റും കുറേ പേരുണ്ട് ട്ടോ.''
കൂട്ട് പുസ്തകങ്ങളോട്
''ചെറുപ്പം തൊട്ടേ വായനാശീലം ഉണ്ട്. കളിക്കാന്‍ പോകാന്‍ പറ്റാത്ത കാരണം എനിക്ക് എല്ലാവരും പുസ്തകങ്ങളായിരുന്നു കൊണ്ടുതന്നിരുന്നത്. വായിക്കാന്‍ ഇന്നത് വേണമെന്നൊന്നുമില്ല. എന്ത് കിട്ടിയാലും വായിക്കും. എന്നെ കുഞ്ഞിലേ മുടിവെട്ടിക്കാന്‍ കൊണ്ടു പോകുമ്പോള്‍ ചെറിയ പേപ്പറിന്റെ കഷ്ണമൊക്കെയാണ് എന്നെ അടക്കിയിരുത്താന്‍ തന്നിരുന്നത്. അതും കൈയില്‍ പിടിച്ച് ഞാന്‍ നല്ല കുട്ടിയായി മുടിവെട്ടാനിരുന്നുകൊടുക്കും. കമലാ സുറയ്യയെ ഭയങ്കര ഇഷ്ടമാണ്, ബഷീറിനെയും. വേറെയും ഒരുപാട് പേരുണ്ട്. എന്നാലും ആമിയോട് ഒരു പ്രത്യേക ഇഷ്ടമാണ്...
''വായിച്ചതില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന പുസ്തകം ഒരു ഇംഗ്ലീഷ് ബുക്ക് ആണ്. 'സീക്രട്ട്' എന്നാണു പേര്. അതെനിക്ക് നല്ലൊരു പ്രചോദനമായിരുന്നു. അതു പോലെ ആല്‍ക്കെമിസ്റ്റും.....
''കുഞ്ഞിലേ തോന്നുന്നതെല്ലാം കുത്തിക്കുറിക്കുമായിരുന്നു. പക്ഷേ അതൊക്കെ കഥകളായിരുന്നു. ഏഴാം ക്ലാസ് തൊട്ടാണ് കവിതയെഴുതാന്‍ തുടങ്ങിയത്.
സൗഹൃദം
''ഡിഫ്രണ്ട്‌ലി ഏബ്ള്‍ഡ് ആവുന്ന ഒരു വ്യക്തിയെ സംബന്ധിച്ചും ഫാമിലി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വേണ്ടത് കൂട്ടുകാരുടെ പിന്തുണയാണ്. എനിക്കിപ്പോള്‍ ധാരാളം കൂട്ടുകാര്‍ ഉണ്ട്. എന്തിനും ഏതിനും കൂടെ നില്‍ക്കുന്നവര്‍. ആ പിന്തുണയാണ് എന്നെ പുസ്തകം ഇറക്കാന്‍ പ്രേരിപ്പിച്ചതും.
യാത്രകള്‍ ഭയങ്കര ഇഷ്ടമാണ്. ടൂറിസ്റ്റ് സ്‌പോട്ട് അല്ലാതെ ഊടുവഴികളും ഗ്രാമങ്ങളുമൊക്കെ. ഇന്ത്യ മൊത്തം കാണണമെന്നാണ് ആഗ്രഹം. ഇവിടത്തെ കള്‍ച്ചര്‍, ഭക്ഷണം അതൊക്കെ അനുഭവിച്ചറിയണം. പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം പഞ്ചാബാണ്.
പഠിച്ച സ്‌കൂളും കാമ്പസും വീല്‍ചെയര്‍ ഫ്രണ്ട്ലി അല്ലാത്തത് കൊണ്ട് കുറേയേറെ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. കൂട്ടുകാരുടെ സപ്പോര്‍ട്ട് ഇല്ലാതെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലായിരുന്നു. ആദ്യത്തെ കാര്യം റാംപ് വേണം. മറ്റൊരാളുടെ സഹായമില്ലാതെ കാമ്പസിനുള്ളില്‍ നിന്ന് എല്ലായിടത്തേക്കും (ക്ലാസ്, ലാബ്, ബാത്ത് റൂം) പോകാനുള്ള റാംപ് സൗകര്യം എല്ലായിടത്തും വേണം. നമ്മളെ ഡിസേബ്ള്‍ ആക്കുന്നത് സമൂഹമാണ്. ഇതിപ്പോള്‍ ഏബ്ള്‍ ആയവരെ പരിഗണിച്ചാണ് നമ്മള്‍ എല്ലാം ഉണ്ടാക്കുന്നത്. ഡിഫ്രണ്ട്‌ലി ഏബ്ള്‍ഡ് ആയവരെക്കൂടി പരിഗണിക്കാമെങ്കില്‍ അവിടെ ഡിസേബ്ള്‍ഡ് എന്നൊരു കാറ്റഗറിയേ വരില്ല. കാരണം നമുക്ക് ഒരു കാര്യം ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ ആണല്ലോ നമ്മള്‍ ഡിസേബ്ള്‍ഡ് എന്ന് പറയുന്നത്. തുറിച്ചുനോക്കാന്‍ ആളുകള്‍ക്ക് ഭയങ്കര താല്‍പ്പര്യമാണ്. സിമ്പതി മാറിയിട്ട് എമ്പതി വരണം. അതുപോലെ മറ്റുള്ളവരെ ജഡ്ജ് ചെയ്യുന്ന മെന്റാലിറ്റി. അവര്‍ക്ക് പറ്റില്ല, വയ്യാത്തതാ എന്നൊക്കെയുള്ള ആളുകളുടെ കാഴ്ചപ്പാടുകളില്‍ കൂടി മാറ്റം വരേണ്ടതുണ്ട്.''
ഭാവി, കുടുംബം
''പി.ജി ചെയ്യണം. എന്നിട്ട് ജോലി. പിന്നെ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ തന്നെ കേറണം എന്നാണ് ആഗ്രഹം. പുസ്തകമൊക്കെ ഒട്ടും പ്ലാന്‍ ഇല്ലാതെ സംഭവിച്ചു പോവുന്നതാണ്. ചിലപ്പോള്‍ രണ്ടു കൊല്ലം കഴിഞ്ഞു ഇറങ്ങുമായിരിക്കാം, ഇല്ലെങ്കില്‍ അതിനു മുമ്പേ.
ഉപ്പ അബ്ദുന്നാസര്‍. ഉമ്മ ആമിന. മൂന്നു സഹോദരങ്ങളുണ്ട്. അസ്ലം, ആഇശ, അഫ്‌സല്‍.''