ഒരു വീട്ടമ്മ ഒരേസമയം ഭാര്യയും അമ്മയും അമ്മൂമ്മയുമായിരിക്കും; അതുപോലെ അവള്‍ ഡോക്ടറും നഴ്‌സും അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായിരിക്കണം എന്നെല്ലാം വായിച്ചത് പിന്നീട് ഞാന്‍ നേരിട്ടനുഭവിച്ച കാര്യമാണ്. രണ്ടു മൂന്ന് ഗ്രാമങ്ങളിലായിട്ടായിരുന്നു എന്റെ ചെറുപ്പകാലം. ആ ഗ്രാമങ്ങളിലെ സ്ത്രീകളുടെ നിത്യജീവിത കാഴ്ചകള്‍ എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്.
ജാതിമത വ്യത്യാസമില്ലാതെ അവര്‍ നേരം പുലരും മുമ്പേ എഴുന്നേല്‍ക്കും. ഇന്നത്തെ പോലെ സാക്ഷരത ഇല്ലായിരുന്നുവെങ്കിലും മുസ്‌ലിം സ്ത്രീകള്‍ അറബിയും അറബി മലയാളവും കൈകാര്യം ചെയ്യുന്നവരായിരുന്നു. അതിരാവിലെ എഴുന്നേറ്റ് ശരീരശുദ്ധിയും പ്രാര്‍ഥനയും വേദപാരായണവും കഴിഞ്ഞാല്‍ പിന്നെ പോകുന്നത് നേരെ അടുക്കളയിലേക്കാണ്. തലേന്ന് രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്തുവെച്ച അരി അരച്ചോ ഇടിച്ചോ മാവുണ്ടാക്കി പ്രാതല്‍ തയാറാക്കും. അതില്ലാത്തവര്‍ കഞ്ഞിവെക്കും. പലര്‍ക്കും നെല്ല് കുത്തി അരിയാക്കിയിട്ടു വേണം കഞ്ഞിവെക്കാന്‍. വീട്ടിലുള്ള വൃദ്ധര്‍, കുട്ടികള്‍, പ്രസവിച്ച് കിടക്കുന്നവര്‍ എല്ലാവരുടെയും ശുശ്രൂഷ, അവര്‍ക്കുള്ള ഭക്ഷണം തയാറാക്കല്‍, ആട്, മാട്, കോഴി, താറാവ് മുതലായ വളര്‍ത്തുമൃഗങ്ങളുടെ പരിചരണം. കുട്ടികളെ വിളിച്ചുണര്‍ത്തി അവരുടെ ശുദ്ധീകരണവും പ്രാര്‍ഥനയും പ്രാതലും കഴിഞ്ഞ് മദ്‌റസയിലേക്കയക്കുന്നു. വീടും പരിസരവും വൃത്തിയാക്കി, തോട്ടിലേക്കും പാടത്തേക്കും പറമ്പിലേക്കും ഇറങ്ങുകയായി. വൈകുന്നേരമാകുമ്പോഴേക്കും ജീവിത നാടകത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും അവര്‍ അഭിനയിച്ചിട്ടുാകും.
അക്കാദമിക വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകളില്ലെങ്കിലും പല സ്ത്രീകളും നാട്ടറിവുകളെക്കുറിച്ച് അറിയുന്നവരായിരുന്നു. കൂടാതെ പാചകവും മറ്റ് കാര്യങ്ങളും കഴിഞ്ഞാല്‍ പുര മേയാനുള്ള തെങ്ങോല തടുക്കുകള്‍ മെടയുന്നു. ചൂലുണ്ടാക്കുന്നു. കാട്ടുവള്ളികള്‍ ഉപയോഗിച്ചുാക്കുന്ന കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളായ ബസും ലോറിയും വരെ ആ കൂട്ടത്തിലുണ്ടാകും. കളിവീടുകള്‍ നിര്‍മിക്കുന്നു. തെങ്ങോലയും കൈതോലയും ചേര്‍ത്ത് പായകള്‍ നെയ്യുന്നു. കുട്ടയും മുറവും നിര്‍മിക്കുന്നു. മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്നു. പാടത്തും പറമ്പിലും കാട്ടിലും നടന്ന് വിറക് ശേഖരിക്കുന്നു. വിറക് കത്തിക്കാനുള്ള അടുപ്പുകള്‍, കുഴച്ച മണ്ണും കല്ലും ചേര്‍ത്ത് നിര്‍മിക്കുന്നു. വേനല്‍ കാലത്ത് മുറ്റം മെഴുകി ചുറ്റുപാട് മണ്‍തിണ്ണകള്‍ ഉണ്ടാക്കി അയല്‍ക്കൂട്ടങ്ങള്‍ സജീവമാക്കുന്നു. പാല്, മോര്, തൈര്, വെണ്ണ, നെയ്യ്, കോഴി, കോഴിമുട്ട, വളം, പച്ചക്കറികള്‍, പപ്പടം, ഉണക്കമീന്‍ മുതല്‍ വീട്ടില്‍ നിര്‍മിച്ച് കുട്ടിപ്പട്ടാളത്തെ ഉപയോഗിച്ച് കച്ചവടം നടത്തുന്നവരും ഇല്ലാതില്ല.
കണക്കുകള്‍ സൂക്ഷിക്കും. വിരുന്നുകാരെ സ്വീകരിക്കും. സന്ധ്യയാകുമ്പോള്‍ രാവിലെ ചെയ്ത പണികള്‍ തന്നെ പലതും ആവര്‍ത്തിക്കണം. കൂട്ടത്തില്‍ കുട്ടികളെ ഓത്തിനിരുത്തണം. അവരുടെ പാഠം നോക്കണം. ചിത്രം വരച്ച് കൊടുക്കണം. പുസ്തകങ്ങളില്ലെങ്കിലും മുത്തശ്ശിക്കഥകളും കവിതകളും നന്നായി വിരിയിക്കുമവര്‍. കല്യാണ ദിവസങ്ങളില്‍ ചെക്കന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ മുഖാമുഖം നിന്ന് പാട്ട്, കവിത മത്സരങ്ങളുമായി നേരം വെളുപ്പിക്കും. കുപ്പായം കീറിയാല്‍, ബട്ടണ്‍ പൊട്ടിയാല്‍ മേലോട്ടു നോക്കി മിഴിച്ചു നില്‍ക്കില്ല; ഉടനെ വരും സൂചിയും കളര്‍ നൂലും. വീട്ടിലും അയല്‍പക്കത്തും രോഗമായാല്‍ പരസ്പര ശുശ്രൂഷയും പല പൊടിക്കൈ മരുന്നുകളും പ്രയോഗിക്കും. സന്തോഷത്തിലും സന്താപത്തിലും പരസ്പരം കൈമെയ് മറന്ന് അധ്വാനിക്കും.
മനുഷ്യസ്ത്രീക്കും വളര്‍ത്തു മൃഗത്തിനും ഒരാള്‍ തന്നെയായിരിക്കും സൂതികര്‍മിണി. ഇന്ന് ഹോസ്പിറ്റലില്‍ അമ്മയെ നോക്കാന്‍ ഗൈനക്കോളജിസ്റ്റ്, കുഞ്ഞിനെ നോക്കാന്‍ ശിശുരോഗ വിദഗ്ധന്‍, മറ്റ് നഴ്‌സിംഗ് സ്റ്റാഫുകള്‍ എന്ന സ്ഥാനത്ത് ഗ്രാമീണ സ്ത്രീകള്‍ ഡോക്ടറും നഴ്‌സും എഞ്ചിനീയറും അധ്യാപികയും സാഹിത്യകാരിയും സാമൂഹിക പ്രവര്‍ത്തകയും മാനേജറും കച്ചവടക്കാരിയും അക്കൗണ്ടന്റും, മണ്ണും വിത്തും വളവും ഞാറ്റുവേലയും അറിയുന്ന കൃഷി ഓഫീസറും മൃഗഡോക്ടറും കൈവേലകളറിയുന്നവളുമാണ്. മുലയൂട്ടും കുഞ്ഞിനെ സ്വന്തം കാലില്‍ കിടത്തിയിട്ട് പോലും കല്യാണ പെണ്ണിന്റെ പട്ട് കുപ്പായം കസവ് നൂലുകൊണ്ട് അലങ്കരിക്കും. കുട്ടികളെ ഒക്കത്ത് വെച്ചും ആടിയും പാടിയും ഉറുമ്പിന്‍ വരികളുടെ പിന്നാലെ പായും. പൂമ്പാറ്റയെ പിടിച്ചും അമ്പിളിയമ്മാവനെ കൈക്കുമ്പിളില്‍ വെച്ച് കൊടുത്തും ശൈശവവും ബാല്യവും മനോഹരമാക്കുന്ന മനഃശാസ്ത്രജ്ഞയും മെന്ററുമാവും! ഒന്ന് കഴിഞ്ഞിട്ട് ഒന്ന് എന്നതല്ല; ഒരു ദിവസം ഒരുപാട് ജോലികള്‍ ഒരുമിച്ചു ചെയ്യുക എന്നത് സ്ത്രീകളില്‍ കാണുന്ന അത്ഭുത പ്രതിഭാസമാണ്.
ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, മറ്റ് നക്ഷത്ര ഗോളങ്ങള്‍, രാപ്പകലുകള്‍, കാലാവസ്ഥകള്‍, കാട്, കടല്‍, മാമലകള്‍, വയലേലകള്‍, മനുഷ്യര്‍, ജന്തുക്കള്‍ എല്ലാം ഭൂമിയിലെ അത്ഭുത പ്രതിഭാസമാണ്; പക്ഷേ അത് ചിന്തിക്കുന്നവര്‍ക്ക് മാത്രമാണ്. അല്ലാത്തവര്‍ക്ക് നിത്യവും കാണുന്ന പതിവു കാഴ്ചകള്‍ മാത്രം. ഇതുപോലെയാണ് സ്ത്രീകളിലെ ബഹുമുഖ പ്രതിഭയും. ചിന്തിക്കുന്നവര്‍ക്കും മനസ്സിലാക്കുന്നവര്‍ക്കും മാത്രമേ അത്ഭുതവും കൗതുകവും നിറഞ്ഞ ആ ജീവിതം കാണാനാകൂ. അവര്‍ ഇതിലൊന്നും പ്രതിഫലേഛുക്കളല്ല എന്നത് മറ്റൊരു മഹാത്ഭുതവും. ഒരു തമാശ പറയുകയാണെങ്കില്‍. പുരുഷന്മാരൊക്കെ കിടന്നിട്ടാണ് ഉറങ്ങുന്നത് (കിടന്നുറങ്ങുക എന്നാണല്ലോ പറയാറ്). എന്നാല്‍ കുടുംബിനികള്‍ ഉറങ്ങിയാണ് കിടക്കുന്നത്.
ഒരു ശരാശരി മനുഷ്യന് സഹിക്കാന്‍ കഴിയുന്ന വേദന 45 റഹ ആണ്. എന്നാല്‍ പ്രസവ വേദന 57 റഹ ആണ്. അതായത് 20 എല്ലുകള്‍ നുറുങ്ങുന്ന വേദന! ഗ്രാമീണ സ്ത്രീകളുടെ പ്രസവത്തിന് കണക്കുണ്ടോ? ആധുനിക ശാസ്ത്രം വേദനയുടെ വേവ്‌സ് അളന്നു തിട്ടപ്പെടുത്തും മുമ്പേ നാട്ടിലെ പെണ്ണുങ്ങള്‍ പറയും; പ്രസവിച്ച പെണ്ണിന്റെ 90 ഞരമ്പുകള്‍ മുറിയും. അതുകൊണ്ടവള്‍ പൂര്‍ണ വിശ്രമം എടുക്കണം. 40, 60, 90 എന്നിങ്ങനെ വിശ്രമിക്കാനുള്ള കണക്കുകളും പറയും. ഇതൊക്കെ ആളുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇരുലോകങ്ങളും പടച്ച് പരിപാലിക്കുന്ന ദൈവം അവളിലെ ജീഹ്യാമവേ (ബഹുമുഖ പ്രതിഭ) അംഗീകരിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ 66-ാം അധ്യായം അത്തഹ്‌രീം 10, 11 വചനങ്ങളില്‍ ആണും പെണ്ണുമടങ്ങുന്ന ലോകത്തുള്ള മുഴുവന്‍ സത്യവിശ്വാസികള്‍ക്കും മുഴുവന്‍ സത്യനിഷേധികള്‍ക്കും നാല് വനിതകളാണ് മാതൃകയാക്കി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. നൂഹ് (അ), ലൂത്വ് (അ) എന്നീ രണ്ട് പ്രവാചകന്മാരുടെ പത്‌നിമാരാണ് സത്യനിഷേധികളുടെ മാതൃക. സത്യവിശ്വാസികളുടെ മാതൃക, പ്രവാചകന്‍ മൂസാ(അ)യുടെ കാലത്തെ ഈജിപ്തിലെ ഫറവോന്‍ രാജാവിന്റെ ഭാര്യ ആസ്യയും പ്രവാചകന്‍ ഈസാ(അ)യുടെ മാതാവ് മര്‍യമുമാണ്.
ആധുനിക അക്കാദമിക അറിവുകളുടെയും ഗ്രാമീണരുടെ നാട്ടറിവുകളുടെയും പാരമ്പര്യം എവിടെ ചെന്ന് മുട്ടിനില്‍ക്കുന്നു? അല്ലെങ്കില്‍ അവയുടെ ഉത്ഭവം എവിടെയാണ്. ഈ ചോദ്യത്തിന്റെ ഉത്തരം ആദി മനുഷ്യനും ആദിപിതാവും ആദിപ്രവാചകനുമായ ആദമിലാണ്. മാതാപിതാക്കളോ പ്രപിതാക്കളോ ഇല്ലാത്ത ആദമില്‍നിന്ന് അത് അല്ലാഹുവില്‍ ചെന്നവസാനിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായം (അല്‍ബഖറ) 31-ാം വചനത്തില്‍ അല്ലാഹു ആദമിന് എല്ലാ നാമങ്ങളും പഠിപ്പിച്ചു എന്ന് പറയുന്നു.
പുരുഷനും സ്ത്രീയുമടങ്ങുന്ന മനുഷ്യ സമൂഹത്തിന് നാലു വനിതകള്‍ മാതൃകയാക്കപ്പെട്ടു എന്നതും എല്ലാ നാമങ്ങളും ആദമിലും അതവിടെനിന്ന് അല്ലാഹുവിലും അവസാനിക്കുന്നു എന്നതും എന്റെ വായനാനുഭവത്തിലെ അത്ഭുതങ്ങളാണ്!