തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ത്രീ സാന്നിധ്യം

സാജിദ ഷജീര്‍ No image

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തിലൂടെയാണ് തദ്ദേശ സ്വയംഭരണമെന്ന വികേന്ദ്രീകൃത ഭരണത്തിലേക്ക് നാം പ്രവേശിക്കുന്നത്. സ്വരാജ് അഥവാ സ്വയംഭരണം എന്നത്, 1906-ല്‍  ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ദാദാഭായ് നവറോജി, ബ്രിട്ടീഷ് ഭരണത്തിനെതിരെ ആദ്യമായി പ്രഖ്യാപിക്കുന്നത്. അതായത്, തങ്ങളുടെ പ്രദേശത്ത് അല്ലെങ്കില്‍ രാജ്യത്ത് അവിടെയുള്ള ജനങ്ങള്‍ തന്നെ എല്ലാ മേഖലയിലും സ്വയംഭരണം ഏര്‍പ്പെടുത്തും എന്നുള്ളതാണ് ഈ പ്രഖ്യാപനത്തിലൂടെ ഉദ്ദേശിച്ചത്.
ഒരു രാജ്യം ഭരിക്കപ്പെടുന്നു  എന്ന് നമുക്ക് പറയാനാവുക അതിന്റെ ഗ്രാമങ്ങളില്‍ ഭരണം നടക്കുമ്പോഴാണ്. സ്വയംഭരണത്തിലൂടെ അതത് പ്രദേശം പുരോഗതി കൈവരിക്കുമ്പോള്‍ മാത്രമാണ് ആ രാജ്യം വികസിതമായി എന്ന് നമുക്ക് അവകാശപ്പെടാന്‍ സാധിക്കുക.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ഈ ആശയം നാം രൂപപ്പെടുത്തിയെങ്കിലും ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ  കാര്യത്തില്‍ ഇന്നും നാം വളരെ പിന്നിലാണ്.
1994-ല്‍ പഞ്ചായത്തീരാജ് മുനിസിപ്പാലിറ്റി ആക്ട് നിലവില്‍ വന്നെങ്കിലും ഉദ്ദേശിച്ച രീതിയിലുള്ള വികേന്ദ്രീകൃത ഭരണം നടപ്പില്‍ വരുത്തുന്നതിന്  സാധിച്ചിട്ടുണ്ടായിരുന്നില്ല.
തദ്ദേശ സ്വയംഭരണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നതു തന്നെ അതത് പ്രദേശങ്ങളില്‍ സ്ത്രീ-പുരുഷഭേദമന്യേ എല്ലാവരും ഭരണത്തില്‍ പങ്കാളികളാവുക എന്നുള്ളതാണ്. ഗ്രാമസഭകള്‍ വിളിച്ചുകൂട്ടിയാണ് പ്രദേശത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതും തീരുമാനമെടുക്കുന്നതും.
മാത്രമല്ല, മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഉദ്യോഗസ്ഥ ഭരണത്തിന് വിരാമമിട്ടുകൊണ്ട്, ജനങ്ങളാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക്  ആ സഭകളില്‍ വെച്ച് പരിഹാരം കാണുന്നതും.
ഇങ്ങനെയൊക്കെ ആവുമ്പോള്‍ പോലും രണ്ടായിരത്തിനു മുമ്പുവരെ തദ്ദേശ ഭരണത്തിനു കീഴില്‍ സ്ത്രീ പങ്കാളിത്തം വളരെ ചെറിയ ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഈ പ്രശ്‌നത്തെ മറികടക്കുന്നതിനായി 1999-ല്‍ സ്ത്രീ സംവരണ ബില്‍ കേരള നിയമസഭയില്‍ പാസ്സാക്കുകയും  ഭരണത്തിന്റെ മൂന്നിലൊരു ഭാഗം സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് 2010-ലാണ് അത് 50 ശതമാനമായി ഉയര്‍ത്തുന്നത്.
കുടുംബം, കുട്ടികള്‍, വീട് തുടങ്ങിയവക്ക് പ്രഥമ പരിഗണന നല്‍കി പോന്നിരുന്ന കേരളത്തിലെ സ്ത്രീകളെ നിര്‍ബന്ധപൂര്‍വം പൊതു രംഗത്തേക്കും തദ്ദേശ ഭരണത്തിലേക്കും  എടുത്തെറിയപ്പെട്ടതിനു കാരണം വനിതാ സംവരണ ബില്‍ ആണെന്നതില്‍ തര്‍ക്കമില്ല.  വിവാഹത്തിനു മുമ്പ് അടിസ്ഥാന വിദ്യാഭ്യാസം നേടുക എന്നുള്ളതു പോലും പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്ത്രീകള്‍ക്ക് സ്വപ്‌നം മാത്രമായിരുന്നു. നിര്‍ബന്ധിത വിദ്യാഭ്യാസം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏര്‍പ്പെടുത്തിയതിനു ശേഷം മാത്രമാണ് സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്നത്. അപ്പോഴും അവള്‍ തൊഴിലെടുത്ത് ജീവിക്കുക എന്നുള്ളത്  നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സമൂഹത്തില്‍ നിലനിന്നിരുന്നത്.
ദാരിദ്ര്യത്തെ മറികടക്കാന്‍ കൃഷിപ്പണിയിലും കെട്ടിടനിര്‍മാണത്തിലും ഗാര്‍ഹിക തൊഴിലുകളും നിര്‍ബന്ധപൂര്‍വം ഏര്‍പ്പെട്ട സ്ത്രീകളല്ലാതെ, എന്റെ അധ്വാനം കൊണ്ട് എനിക്ക് ജീവിക്കണം എന്ന് ചിന്തിക്കുന്ന സ്ത്രീകള്‍ വളരെ അപൂര്‍വമായിരുന്നു. അതിന്  ഒരു പരിധിവരെ കാരണം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ്. മറ്റൊന്ന് കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കേണ്ട ചുമതല സ്ത്രീയുടെ മാത്രമാണെന്നുള്ള സമൂഹം ഏല്‍പ്പിച്ചുകൊടുത്ത ഉത്തരവാദിത്വബോധവും ആണ്. അതായത് ഒരു തൊഴിലില്‍ പ്രവേശിച്ച സ്ത്രീ അവളുടെ ഗര്‍ഭകാലത്തും, മുലയൂട്ടുന്ന സമയത്തും, കുട്ടികള്‍ സ്‌കൂളില്‍ പ്രവേശിക്കുന്ന കാലയളവ് വരെയും, അവരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ പരിഗണന ലഭിക്കാറില്ല എന്നുള്ളത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ അത്തരം വേളകളില്‍ അവള്‍  തൊഴിലിടങ്ങളില്‍നിന്ന് താല്‍ക്കാലികമായോ സ്ഥിരമായോ മാറിനില്‍ക്കുന്ന ഒരു അവസ്ഥയാണുള്ളത്. വിവാഹിതരായ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ഇത്തരം പ്രതിസന്ധികളെയാണ് നേരിടേണ്ടിവരുന്നതെങ്കില്‍, അവിവാഹിതരായ സ്ത്രീകള്‍ക്ക് ആര്‍ത്തവ വേളകളില്‍ ശുചീകരണ സംബന്ധമായും മറ്റും അനുഭവിക്കുന്ന മാനസികവും ശാരീരികവുമായി ധാരാളം പ്രശ്‌നങ്ങളെ നേരിടേണ്ടി വരാറുണ്ട്.
ഇനി ഇതൊന്നും ഇല്ലാത്ത അവസരങ്ങളില്‍ പോലും നഗരങ്ങളിലും തെരുവുകളിലും കടകളിലും, എന്തിന് ഓഫീസുകളില്‍ പോലും, തൊഴിലെടുക്കുന്നവര്‍ക്ക് മൂത്രമൊഴിക്കാനുള്ള സംവിധാനം പോലും ഇന്നും കേരളത്തിന് അന്യമാണ്. തൊഴിലെടുക്കുന്ന ഭൂരിഭാഗവും സ്ത്രീകള്‍ക്കും മൂത്രശങ്കക്കു  പോലും പരിഹാരം നേടാനാവാതെ ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്.
ഉന്നത വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവ നേടിയെടുക്കുന്നതിന് രാജ്യമോ സംസ്ഥാനമോ പോയിട്ട്, ജില്ല വിടുക എന്നുള്ളത് പോലും ഇന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് വിദൂര സ്വപ്‌നം മാത്രമാണ്. ഇത്തരം സാഹചര്യത്തിലൂടെ ജീവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്ക്, പൊതുപ്രവര്‍ത്തനം, രാജ്യഭരണം എന്നൊക്കെയുള്ളത് അവരുടെ ചിന്തയില്‍ പോലും കടന്നുവരാത്ത ഒരു പ്രതിഭാസമാണ്. അവിടെയാണ് സംവരണത്തിലൂടെ സ്ത്രീകള്‍ സമൂഹത്തിന്റെ മുന്നിലേക്ക് കടന്നുവരുന്നതിന് പ്രാപ്തി നേടി എന്ന് നിരീക്ഷിക്കാനാവുന്നത്.
ഞാനെന്റെ രാജ്യത്ത്  വലിയ അസമത്വത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, തന്റെ ചുറ്റുപാടുമുള്ള നിരാലംബരായ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും തന്റെ രാജ്യത്ത് നിറവേറ്റപ്പെടാത്തതിന് കാരണം ഭരണസംവിധാനത്തിലെ  നിഷ്‌ക്രിയത്വമാണെന്നും, അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്റെ കൂടി ഉത്തരവാദിത്വമാണെന്നുമുള്ളത് ഒരുപരിധിവരെ ആശയപരമായി മനസ്സിലാക്കുന്നതിന് സ്ത്രീകളെ സഹായിച്ചത് ഭരണത്തിലുള്ള പങ്കാളിത്തമാണ്.
ഇന്ന് പല സമരങ്ങളുടെയും മുന്‍നിര പോരാളികളായി മാറുന്നത് സ്ത്രീകളാണ്. കുട്ടികളും പ്രായമായവരുമായ സ്ത്രീകള്‍ ഒരുപോലെ സമരത്തെ മുന്നോട്ടു നയിക്കുകയും അത്  വിജയത്തിലേക്ക് എത്തിക്കുന്നതും സര്‍വസാധാരണമായിരിക്കുന്നു. സംവരണ ബില്‍ പാസാക്കിയ തുടക്ക കാലഘട്ടത്തില്‍, സ്ഥാനാര്‍ഥികളായി നില്‍ക്കുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെങ്കില്‍, ഇന്നത് സ്വയം മുന്നോട്ടു വരുന്ന അവസ്ഥയില്‍ എത്തിയതായാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. അതായത് ഭരണപങ്കാളിത്തത്തിലൂടെ അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു, താനും കൂടി പങ്കാളി ആയാല്‍ മാത്രമേ സമൂഹത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംവിധാനം ഉണ്ടാവുകയുള്ളൂ എന്ന്.
മാത്രമല്ല സമൂഹത്തിന്റെ പകുതി വരുന്ന സ്ത്രീജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഉന്നയിക്കുന്നതിന് അവളുടെ സാന്നിധ്യം കൂടിയേ തീരൂ എന്നുള്ളതും വലിയ തിരിച്ചറിവാണ് ഉണ്ടാക്കിയിരിക്കുന്നത്.
ആദ്യത്തെ വര്‍ഷങ്ങളില്‍ പരിചയക്കുറവാണ് സ്ത്രീകള്‍ നേരിട്ട പ്രതിസന്ധിയെങ്കില്‍, പിന്നീടങ്ങോട്ട് നാം കണ്ടത്, പതിറ്റാണ്ടുകള്‍ പരിചയസമ്പന്നരായവരെ  പിന്നിലാക്കിക്കൊണ്ട് അഴിമതിരഹിതവും, കക്ഷിരാഷ്ട്രീയത്തിന് അതീതവുമായ ഭരണം കാഴ്ച വെക്കുന്നതായാണ്. മാത്രമല്ല ഉത്തരവാദിത്വ നിര്‍വഹണത്തിലും മറ്റും  വലിയ സൂക്ഷ്മതയും നിഷ്‌കര്‍ഷയും പാലിക്കുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതായുമാണ്. എടുത്തുപറയേണ്ട മറ്റൊരു  കാര്യം, അധികാരത്തിന്റെ  പേരില്‍ ഒരു രീതിയിലുമുള്ള വിദ്വേഷമോ പകയോ ആക്രമണമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നുള്ളതാണ്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ ഭരിക്കുന്ന ഇടങ്ങളില്‍ വളരെ സമാധാനപൂര്‍വമായ സാഹചര്യമാണ് നിലനിന്നുപോരുന്നത്.
മറ്റു പല രാജ്യങ്ങളിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ തന്നെ ഇത്തരം സംവരണങ്ങള്‍ കൊണ്ടുവന്നിട്ടാണ് സ്ത്രീകളെ ഭരണത്തില്‍ പ്രവേശിപ്പിക്കുന്നത്. ഏറെ വികസിതം ആണെന്ന് പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ഇന്നും ഭരണസംവിധാനത്തില്‍  സമത്വത്തിന്റെ കാര്യത്തില്‍ പൂര്‍ണത കൈവരിച്ചിട്ടില്ല എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ആണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഈ അര്‍ഥത്തില്‍ ഭരണസംവിധാനത്തില്‍ പ്രാതിനിധ്യം അര്‍പ്പിച്ചിട്ടുള്ളത്. 64 ശതമാനം ആണ് അവിടത്തെ ഭരണ സംവിധാനത്തിലെ സ്ത്രീ പ്രാതിനിധ്യം.
തദ്ദേശ ഭരണം ഒഴികെ നിയമസഭയിലും പാര്‍ലമെന്റിലും സ്ത്രീ സംവരണം എന്നത് നമുക്കിന്നും അന്യമാണ്. അതുകൊണ്ടുതന്നെ കണക്കുകള്‍ എടുത്തു പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്, കഴിവും യോഗ്യതയും വിദ്യാഭ്യാസവുമുള്ള സ്ത്രീകള്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിട്ടുപോലും വളരെ ചെറിയ ശതമാനം മാത്രമാണ് എം.പിമാരും എം.എല്‍.എമാരും ആയതെന്നാണ്. പുരോഗതിയുടെ കാര്യത്തില്‍ ലോകനിലവാരത്തില്‍ എത്തിനില്‍ക്കുന്നു എന്ന് മാറിമാറിവരുന്ന കേരള ഭരണകൂടം വീമ്പു പറയുമ്പോഴും ഇന്നേവരെ കേരളത്തിന് ഒരു സ്ത്രീ മുഖ്യമന്ത്രി  ഉണ്ടായിട്ടില്ല.
തദ്ദേശ ഭരണത്തില്‍ പഞ്ചായത്ത് മെമ്പര്‍ മാത്രമല്ല, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മേയര്‍, ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വികസന സമിതി ചെയര്‍മാന്‍ തുടങ്ങിയ തസ്തികകളിലും സംവരണം ഉണ്ടായതുകൊണ്ട് തന്നെ, ആ മേഖലകളില്‍ ഒക്കെയും സ്ത്രീകള്‍ക്ക് അവരുടെ കഴിവും പ്രാപ്തിയും തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 
അത്തരം തസ്തികകളില്‍ കൂടി സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കുമ്പോള്‍ മാത്രമേ നാം നേരത്തേ പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം നിയമനിര്‍മാണം നടത്തപ്പെടുന്നതില്‍  സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടായതിന്റെ  ഫലമായാണ് പല സ്ത്രീസൗഹൃദ ബില്ലുകളും പ്രാദേശികമായി പരിഗണിക്കപ്പെട്ടത്. അതിനൊരു ഉദാഹരണമാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കൊണ്ടുവന്ന വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി. അത് നടപ്പിലാക്കി തുടങ്ങിയിട്ടില്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്.
തദ്ദേശ ഭരണത്തിലെ സ്ത്രീമുന്നേറ്റത്തെ കുറിച്ച് വാചാലമാകുമ്പോള്‍ തന്നെ അവള്‍ അതിലേക്ക് എത്തിപ്പെടുന്ന സാഹചര്യത്തെയും ചുറ്റുപാടുകളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് പരിശോധിക്കപ്പെടേണ്ടതുണ്ട്. എല്ലാവരും മത്സരിക്കുന്നതും അതിലൂടെ ജയപരാജയം നിശ്ചയിക്കുന്നതും ഭരണം നടത്തുന്നതും ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ നിന്നുകൊണ്ടാണ്. അതുകൊണ്ടു തന്നെ പലപ്പോഴും സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും പറയുന്നിടത്ത് മൗനം പാലിക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴും നിര്‍ബന്ധിത സാഹചര്യം ഒന്നുകൊണ്ടുമാത്രമാണ് സ്ത്രീകളെ ഇത്തരത്തില്‍ തദ്ദേശ ഭരണത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ അവരുടെ പാര്‍ട്ടി ഭാരവാഹിത്വത്തിലും  ഈ  സംവരണം അവര്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു.  അങ്ങനെ ഏര്‍പ്പെടുത്തുമ്പോള്‍ മാത്രമേ രാഷ്ട്രീയ കാഴ്ചപ്പാടുകളിലും ആശയ പരിവര്‍ത്തനത്തിലും സ്ത്രീകള്‍ക്ക് മുന്നോട്ടു വരാന്‍ സാധിക്കുകയുള്ളൂ. ഇതൊന്നുമില്ലാതെ തന്നെ സ്വയം കഴിവും പ്രാപ്തിയും ഉപയോഗിച്ച്  പൊതുപ്രവര്‍ത്തന രംഗത്തേക്ക് മുന്നോട്ടു വരുന്ന സ്ത്രീകള്‍ വലിയ പ്രതീക്ഷയാണ്. പൊതുവെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നാം കണ്ടു വരുന്ന ഒരു സമ്പ്രദായം സ്ത്രീകളുടെ മുന്നേറ്റത്തിനായി ഒരു സ്ത്രീ സംഘടന രൂപീകരിക്കും. അതിലായിരിക്കും പിന്നീട് സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കപ്പെടേണ്ടതും. അതായത് സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിലിടങ്ങള്‍,  അവള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍, ബലാത്സംഗങ്ങള്‍, കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന പീഡനങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കപ്പെടേണ്ടതും  സ്ത്രീസംഘടനകള്‍ക്കകത്ത് ആയിരിക്കണം എന്ന നിലപാടാണ് പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചുവരുന്നത്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ പൊതുവിഷയങ്ങള്‍ ആയി ഒരിക്കലും പരിഗണിക്കാറില്ല. എപ്പോഴാണോ ഇത്തരം സംഗതികള്‍ പാര്‍ട്ടിയുടെ പൊതു പ്രശ്‌നമായി മാറുന്നത് അപ്പോള്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. കാരണം ഇതില്‍ പലപ്പോഴും ഒരുഭാഗത്ത് പുരുഷനും മറുഭാഗത്ത് ഇരകളാക്കപ്പെടുന്നത് സ്ത്രീകളും ആണ്. അതുകൊണ്ടുതന്നെ ഇതൊരു പൊതു പ്ലാറ്റ്‌ഫോമില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും  സമൂഹത്തില്‍  മുന്നോട്ട് കൊണ്ടുവരുന്നതിനും സ്ത്രീസംഘടനകള്‍ ആവശ്യം തന്നെയാണ്. പക്ഷേ പലപ്പോഴും സ്ത്രീകളെ അരികുവല്‍ക്കരിക്കുന്നതിലേക്ക് സ്ത്രീ സംഘടനകളെ  രാഷ്ട്രീയ പാര്‍ട്ടികള്‍ നന്നായി ഉപയോഗപ്പെടുത്താറുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍, കമ്മിറ്റി  തെരഞ്ഞെടുപ്പ് എന്നിവ നടക്കുമ്പോള്‍, അതിന്റെ മുഖ്യ  പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ഒരിക്കലും  ലഭിക്കാറില്ല. അതു ലഭിക്കുമ്പോള്‍ മാത്രമേ അവളുടെ  രാഷ്ട്രീയപരമായ  മുന്നേറ്റത്തിനു സാധിക്കുകയുള്ളൂ. അത്തരം കമ്മിറ്റികളില്‍ ആണ് സ്ത്രീ സാന്നിധ്യത്തിന്റെ  പോരായ്മയും പരിമിതികളും നാം ചര്‍ച്ച ചെയ്യേണ്ടത്. നമ്മുടെ കേരള രാഷ്ട്രീയത്തിലെ ചരിത്രമെടുത്തു നോക്കിയാല്‍ തന്നെ കേരള നിയമസഭയിലേക്ക് അതിന്റെ തുടക്കം മുതല്‍ ഇന്നുവരെ വന്നിട്ടുള്ളത് വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രമാണ്. 140 നിയമസഭാ അംഗങ്ങള്‍ ഉള്ള നമ്മുടെ കേരള നിയമസഭയില്‍ പതിനൊന്നോ പന്ത്രണ്ടോ പേരില്‍ കൂടുതല്‍ സ്ത്രീകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അതായത് പത്ത് ശതമാനം പോലും ഭരണസമിതിയില്‍ എത്തുന്നില്ല എന്ന് വേണം കരുതാന്‍. ഇവിടെയാണ് സ്ത്രീ സംവരണ ബില്‍ തദ്ദേശ ഭരണത്തില്‍ സ്ത്രീകളെ സമത്വ പരമായി എത്തിക്കുന്നതില്‍ സഹായകരമായത്. 20 വര്‍ഷത്തെ ചരിത്രം എടുത്തുനോക്കിയാല്‍, അത്തരം ഒരു സംവരണം ലഭിച്ചതു കൊണ്ടു മാത്രമാണ് സ്ത്രീകള്‍ക്ക് തദ്ദേശ ഭരണത്തില്‍  അവരുടേതായ പങ്ക് നിര്‍വഹിക്കാന്‍ സാധിച്ചിട്ടുള്ളത്. കേരളത്തിലെ സ്ത്രീ വോട്ടര്‍മാര്‍ ഒരു നിര്‍ണായക ശക്തിയാണ് എന്നുള്ളതും  എപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെയാണ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്ന നേതാക്കന്മാര്‍ പലപ്പോഴും ഇലക്ഷന്‍ കാലയളവില്‍ തോല്‍ക്കാറുള്ളതും. എങ്കിലും ഭരണനിര്‍വഹണ കാര്യത്തില്‍ സ്ത്രീകള്‍ മുന്നോട്ടു വെക്കുന്ന സത്യസന്ധതയെയും ആത്മാര്‍ഥതയെയും ഉത്തരവാദിത്വത്തെയും അര്‍പ്പണബോധത്തെയും വല്ലാതെ ഭയപ്പെടുന്നതിന് തെളിവാണ് പാര്‍ലമെന്റ് തലത്തില്‍ 33 ശതമാനം സംവരണം ഇപ്പോഴും യാഥാര്‍ഥ്യമാകാതെ  കിടക്കുന്നത്.  നിയമസഭാ,  പാര്‍ലമെന്റ് തലത്തില്‍ കൂടി സംവരണം വരുമ്പോള്‍ മാത്രമേ, സ്ത്രീകള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം നേടാന്‍ സാധിക്കുകയുള്ളൂ. അതായത് പൊതു പ്രവര്‍ത്തനത്തിലും ഭരണത്തിലും സ്ത്രീകള്‍ പങ്കാളികളാവുമ്പോള്‍ പോലും അവളുടെ ആദ്യത്തെ ഉത്തരവാദിത്വം, അവരുടെ വീടും കുടുംബവും കുട്ടികളും മാതാപിതാക്കളും ആണ്. സമൂഹത്തിന്റെ വലിയ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ പോലും, അവള്‍ ആദ്യമേ നിര്‍വഹിച്ചുവരുന്ന  ഉത്തരവാദിത്വങ്ങളില്‍ പങ്കുചേരാനോ  സഹായിക്കുന്നതിനോ  ആരും മുന്നോട്ടു വരുന്നില്ല എന്നുള്ളത് നിരാശാജനകമായ കാര്യമാണ്. പകരം, വീടും കുടുംബവും കുട്ടികളും നോക്കിക്കൊണ്ടു തന്നെ  അധിക ചുമതലയായ ഭരണ സംവിധാനത്തിലും കഴിവ് തെളിയിക്കണം എന്നാണ് സമൂഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ ഏറ്റെടുക്കുന്ന ചുമതല ആയിട്ടുപോലും, സ്ത്രീകളുടെ കാര്യത്തില്‍ എത്തുമ്പോള്‍ അവള്‍ക്ക് അത് ഒരു അധിക ബാധ്യത ആയി മാറുന്നതിനു കാരണം നിയമനിര്‍മാണത്തിലെ അസാന്നിധ്യമാണ്. അത് പരിഹരിക്കപ്പെടേണ്ടതുണ്ട്. അക്കാര്യത്തില്‍ ന്യൂസിലന്റിലെ പ്രസിഡന്റ് ജെസീന്ത നമുക്ക് വലിയ മാതൃകയാണ്. രാജ്യം വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴും ലോകം തന്നെ കോവിഡ് മഹാമാരിയില്‍ ഉലഞ്ഞപ്പോഴും ആത്മവിശ്വാസത്തോടെ പിടിച്ചുനില്‍ക്കുകയും മുന്നേറുകയും ചെയ്തത് ലോകജനത അത്ഭുതത്തോടെയാണ് കണ്ടു നിന്നത്. അപ്പോഴും അവരുടെ കുടുംബ കാര്യങ്ങള്‍ തടസ്സമില്ലാതെ നിര്‍വഹിക്കപ്പെടുന്നത് നമുക്ക് കാണാമായിരുന്നു. കുഞ്ഞിനെ നോക്കുന്ന ഭര്‍ത്താവ് ഒരിക്കലും അതൊരു അപകര്‍ഷബോധം ആയോ അല്ലെങ്കില്‍ ഭാര്യക്ക് ചെയ്തുകൊടുക്കുന്ന ഔദാര്യം ആയോ കരുതിയില്ല. പകരം, അധിക ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ജസീന്തയുടെ കൂടെ നില്‍ക്കുന്നതായാണ് നമുക്ക് കാണാന്‍ സാധിച്ചത്.
സംവരണത്തിലൂടെ മുന്നോട്ടുവന്ന സ്ത്രീകളില്‍ പലരും ഇപ്രാവശ്യം ജനറല്‍ സീറ്റില്‍ മത്സരിച്ച് വിജയം നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ പ്രാവശ്യം നല്ല ഭരണം കാഴ്ച വെച്ച സ്ഥാനാര്‍ഥികളില്‍ മിക്കവരും വീണ്ടും വിജയം കൈവരിച്ചിട്ടുമുണ്ട്. സാധാരണയില്‍നിന്ന് വ്യത്യസ്തമായി വിദ്യാസമ്പന്നരും യുവതികളും സ്വയം മുന്നോട്ടു വരുന്ന ഒരു കാഴ്ചയും കൂടി ഇപ്രാവശ്യത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംജാതമായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ഒപ്പത്തിനൊപ്പം സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍, ഒന്‍പതു വര്‍ഷം പ്രായമായ വെല്‍ഫെയര്‍ പാര്‍ട്ടി 65 സീറ്റ് നേടിയതില്‍ 46-ഉം  സ്ത്രീകളാണ് കരസ്ഥമാക്കിയിരിക്കുന്നത്.  ഈ സ്ത്രീശാക്തീകരണത്തിന് കാരണം മറ്റൊന്നുമല്ല, അവരുടെ പാര്‍ട്ടി കമ്മിറ്റി ഭാരവാഹിത്വത്തില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന്റെ ഫലമായാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇത്തരത്തിലുള്ള സംവരണം കാണാന്‍ സാധിച്ചിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സ്ത്രീകള്‍ കൈവരിച്ച ഈ മുന്നേറ്റം നിയമസഭാ, പാര്‍ലമെന്റ് തലത്തിലും കൂടി വരുന്നതിനുള്ള പ്രയത്‌നം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ മാത്രമേ നാം ആഗ്രഹിക്കുന്ന സമത്വപരമായ മുന്നേറ്റത്തിന് സാധ്യമാവുകയുള്ളൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top