തെരഞ്ഞെടുക്കപ്പെട്ടവരോട്
കേരളത്തിലെ ഓരോ വാര്‍ഡിലും പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ വരികയാണ്.
കേരളത്തിലെ ഓരോ വാര്‍ഡിലും പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ വരികയാണ്. നാം സമ്മദിനാവകാശം നല്‍കി തെരഞ്ഞെടുത്തവരില്‍ പുതുമുഖങ്ങളുണ്ട്. സിറ്റിംഗ് പ്രതിനിധികളുണ്ട്. ഇവരായിരിക്കും നമുക്ക് വേണ്ടി ത്രിതല പഞ്ചായത്തിന്റെ അധികാരങ്ങളുപയോഗിച്ച് ഭരിക്കുക. നിലവില്‍ കേരളം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ളതും പ്രതിപക്ഷ പാര്‍ട്ടിക്ക് അനുകൂലമല്ലാത്തതുമായ ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പ് കാഴ്ചവെച്ചത്. വര്‍ഗീയ രാഷ്ട്രീയത്തിന് വലിയ തോതില്‍ ഇടം കേരളമണ്ണില്‍ ലഭിക്കുന്നില്ലെന്ന് അവരുടെ സീറ്റു നില വ്യക്തമാക്കുന്നുമുണ്ട്.
നാം വോട്ടു കൊടുത്തവരല്ല ജയിച്ചതെങ്കിലും ഏതു പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജയിച്ചുവന്നവരാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവര്‍ നാടിന്റെ പ്രതിനിധികളാവേണ്ടവരാണ്. നേരത്തേ എഡിറ്റോറിയലില്‍ സൂചിപ്പിച്ച പോലെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ വലിയ പങ്ക് സ്ത്രീകളാണല്ലോ. അവരുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങള്‍.
അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വജനപക്ഷപാതിത്വത്തിന്റെയും കാലത്ത് പൊതുജനക്ഷേമകരവും നാടിന്റെ സര്‍വതോന്മുഖവുമായ പ്രവര്‍ത്തനത്തിന് സജ്ജരാവുക എന്നതാണ് ഇനി അര്‍പ്പിക്കപ്പെട്ട ദൗത്യം. സ്ത്രീകള്‍ അധികാരത്തോടടുക്കുന്നു എന്നതുകൊണ്ടുതന്നെ പഞ്ചായത്തീരാജ് വിഭാവനം ചെയ്യുന്ന വിപുലമായ പൊതു അധികാര നിര്‍വഹണ-ജനക്ഷേമ പ്രവര്‍ത്തനത്തോടൊപ്പം തന്നെ കൂടുതല്‍ സ്ത്രീകേന്ദ്രീകൃതവും സ്ത്രീസൗഹാര്‍ദപരവുമായ നയനിലപാടുകള്‍ എടുക്കാന്‍ വനിതാ മെമ്പര്‍മാര്‍ ശുഷ്‌കാന്തി കാണിക്കണം.
ആടു വളര്‍ത്തലും കോഴി വളര്‍ത്തലും പച്ചക്കറി കൃഷിയും മാത്രമല്ല സ്ത്രീശാക്തീകരണ മന്ത്രം. വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക ഉണര്‍വേകുന്ന കര്‍മപദ്ധതികളിലൂടെ സ്വയം കരുത്തരായ ആത്മാഭിമാനമുള്ള ഒരു സ്ത്രീ കൂട്ടത്തെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. നാനാവിധ അധികാര വ്യവസ്ഥയുടെയും ഉപോല്‍പന്നമെന്ന നിലയില്‍ തഴച്ചുവളരുന്ന മേധാവിത്ത നടപ്പുശീലങ്ങളെ ചെറുക്കാന്‍ പ്രാപ്തിയുള്ളൊരു കൂട്ടമായി സ്ത്രീസമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന സാമൂഹിക പദ്ധതികള്‍ രൂപപ്പെടണം. നാടിന്റെ മുക്കുമൂലകള്‍ ആത്മാഭിമാനം പിഴുതെറിയപ്പെട്ട പെണ്‍ പേരുകള്‍ ചാര്‍ത്തി വിളിക്കപ്പെടുമ്പോള്‍ പ്രതിയായ പുരുഷ പാര്‍ട്ടിക്കാരനോടൊപ്പം നില്‍ക്കുന്ന നിലവിലെ അവസ്ഥ മാറ്റാനുള്ള തന്റേടം സ്വയം ആര്‍ജിക്കണം. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ക്ക് നോക്കുകുത്തികളാവാതെ ജാഗ്രതാ സമിതികള്‍ക്ക് രൂപം കൊടുക്കുകയും പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്യാനുള്ള ഉള്‍ക്കരുത്തുണ്ടാവണം. ഇവിടെയാണ് പാരമ്പര്യ രാഷ്ട്രീയ വനിതാ പ്രസ്ഥാനങ്ങളില്‍നിന്ന് മാറി നിലവില്‍ വന്ന ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി. ഏല്‍പിക്കപ്പെട്ട അധികാരത്തെ ചൊല്ലി സമാധാനം ബോധിപ്പിക്കേണ്ടിവരുന്ന ആത്മധാരണ കൂടി ഉള്ളവരാണവര്‍; ആ ബോധത്തോടെ ആകട്ടെ തുടക്കം. വിജയാശംസകള്‍.
മറ്റൊന്ന്, എന്ത് ന്യായം പറഞ്ഞാലും ശരി, വനിതാ സംവരണ ബലത്തിലാണ് ഇത്രയും സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിക്കാര്‍ സ്വമേധയാ വകവെച്ചു കൊടുത്തതല്ല. അതുകൊണ്ട് തന്നെ വീട്ടിലെ ഉത്തരവാദിത്വങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്ന പുരുഷകേന്ദ്രീകൃതമായ കേരളീയ പൊതു മാനസികാവസ്ഥ കുറച്ചൊന്ന് അയച്ചിടണം. വീടുകളെ കൂടുതല്‍ ജനാധിപത്യവത്കരിച്ച് കുടുംബം മുഴുവനായി കൂടുതല്‍ ഉത്തരവാദിത്വത്തോടെ മുന്നേറിയാല്‍ മാത്രമേ വനിതാ പ്രതിനിധികള്‍ക്ക് ഭാരം ഇരട്ടിക്കാതെ പണിയെടുക്കാനാവൂ.