ഭര്‍ത്താവുമായി കൂടിയാലോചിച്ചു തീരുമാനിച്ച പ്രകാരം ഫാത്വിമ ബീവി, ഖലീഫാ അബൂബക്‌റിന്റെ വീട് ലക്ഷ്യമാക്കി നടന്നു. തന്റെ വന്ദ്യപിതാവിന്റെ നിര്യാണത്തെയും അബൂബക്കര്‍ സിദ്ദീഖിന്റെ ഖിലാഫത്താരോഹണത്തെയും തുടര്‍ന്നുണ്ടായ സകാത്ത് നിഷേധികളുടെയും പുത്തന്‍ പ്രവാചകത്വവാദികളുടെയും കലാപങ്ങളും കോലാഹലങ്ങളും കെട്ടടങ്ങിയ ശാന്തമായ പശ്ചാത്തലത്തിലാണ് ബീവിയുടെ പുറപ്പാട്. അറബ് ഉപഭൂഖണ്ഡം ഒന്നായി ഇസ്‌ലാമിന്റെ കൊടിക്കീഴില്‍ വരികയും സമരാര്‍ജിത സമ്പത്ത് മുസ്‌ലിംകള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുകയും ചെയ്യുക നിമിത്തം, അവരുടെ ജീവിത നിലവാരം മുമ്പത്തെ അപേക്ഷിച്ച് തെല്ലൊന്ന് മെച്ചപ്പെട്ടിരിക്കുന്നു. നിയമാനുസൃതം നബിയുടെ വിഹിതമായി ലഭിച്ച, ഖൈബറിലും ഫദക്കിലുമുള്ള സ്വത്തില്‍നിന്നാണ് നബി(സ) തന്റെ കുടുംബത്തിന്റെ ചെലവുകള്‍ നടത്തിപ്പോന്നിരുന്നത്. നബി(സ)യുടെ പത്‌നിമാര്‍ക്ക് പുറമെ, അനന്തരാവകാശിയായി അവശേഷിച്ചിരുന്ന ഏകമകളായ തനിക്ക്, ഖൈബറിലും മറ്റുമുള്ള സ്വത്ത് ഭാഗിച്ചു തരണമെന്ന് അപേക്ഷിക്കാനാണ് കാലത്ത് തന്നെ ഫാത്വിമബീവി പുറപ്പെട്ടത്. അലിയ്യിന്റെ പിതാവ് അബൂത്വാലിബ് ഖുറൈശി പ്രമുഖനായിരുന്നു. എങ്കിലും കുടുംബം പുലര്‍ത്താന്‍ വളരെ പ്രയാസപ്പെട്ടിരുന്ന പ്രാരാബ്ധക്കാരനായിരുന്നു. അതിനാല്‍ ചെറുപ്പത്തില്‍തന്നെ അലിയ്യിനെ പോറ്റി വളര്‍ത്തുന്ന ചുമതല, പിതൃവ്യനായ അബൂതാലിബില്‍നിന്ന് നബി(സ) ഏറ്റെടുക്കുകയായിരുന്നുവല്ലോ. ആ നിലക്ക് അലി തന്റെ പിതാവിന്റെ വളര്‍ത്തു പുത്രന്‍ കൂടിയായിരുന്നു. അബൂതാലിബില്‍നിന്ന് അനന്തരാവകാശമായി കാര്യമായൊന്നും ലഭിച്ചിരുന്നുമില്ല. മകനോടെന്ന പോലെയായിരുന്നു നബി(സ) അലിയോടു പെരുമാറിയത്.
''അലിയുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ സ്‌നേഹനിധിയായ പിതാവിനെപോലെ അദ്ദേഹം ഇടപെടാറുണ്ടായിരുന്നു. ഒരിക്കല്‍ വിശപ്പ് സഹിക്കാതെ വീട്ടില്‍നിന്ന് അലി ഇറങ്ങിപ്പോയി. എന്തെങ്കിലും ജോലി ലഭിക്കുകയാണ് ലക്ഷ്യം. മദീനാ തെരുവോരത്ത് ഒരു സ്ത്രീയെ കണ്ടുമുട്ടി. അവരുടെ സ്ഥലത്ത് കുറെയേറെ മണ്ണ് കൂട്ടിയിട്ടിരിക്കുന്നു. അതില്‍ വെള്ളം കോരിയൊഴിച്ചു ചളിയാക്കുകയാണ് അവരുടെ ആവശ്യം. ഒരുകൊട്ട മണ്ണിന് ഒരു കാരക്ക കൂലി നിശ്ചയിച്ചു. 16 കുട്ട മണ്ണുണ്ടായിരുന്നു. പതിനാറു ചുള കാരക്ക ലഭിച്ചു. കാരക്കയുമായി സന്തോഷത്തോടെ നബി(സ)യുടെ അരികില്‍ വരികയും സംഭവം വിവരിച്ചുകൊടുക്കുകയും ചെയ്തു. നബിയും അതില്‍നിന്ന് വാങ്ങിക്കഴിച്ചു ആ സന്തോഷത്തില്‍ പങ്കുകൊണ്ടു. രണ്ടു പേര്‍ക്കും അതില്‍ ഒട്ടും പ്രയാസം തോന്നിയില്ല. മറ്റൊരിക്കല്‍ താനും പ്രിയതമനും തമ്മില്‍ ചെറിയ അസ്വാരസ്യമുണ്ടായി. അദ്ദേഹം ഒന്നും പറയാതെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
അപ്പോഴാണ് പിതാവ് കയറി വന്നത്. വന്നപാടെ ഭര്‍ത്താവ് എവിടെ എന്നന്വേഷിച്ചു. ഞാന്‍ എല്ലാം തുറന്നുപറഞ്ഞു: 'ഞങ്ങള്‍ തമ്മില്‍ ചെറിയ കശപിശയുണ്ടായി. അങ്ങനെ എങ്ങോട്ടെന്നൊന്നും പറയാതെ ഇറങ്ങിപ്പോയതാണ്. അലിയെ അന്വേഷിക്കാനായി നബി(സ) ഒരാളെ അയച്ചു. അല്‍പസമയത്തിനകം അദ്ദേഹം മടങ്ങിയെത്തി. അലി പള്ളിയില്‍ ഉറങ്ങുന്നുണ്ടെന്നറിയിച്ചു അദ്ദേഹം ഉടനെ ഇറങ്ങിപ്പോയി. അലി പള്ളിയില്‍ വെറും മണലില്‍ കിടന്നുറങ്ങുന്നു. ശരീരത്തിലുണ്ടായിരുന്ന തട്ടം നീങ്ങിപ്പോയി, അവിടവിടെ മണല്‍ പറ്റിപ്പിടിച്ചിരിക്കുന്നു. നബി അടുത്തു ചെന്നു. പതുക്കെ തട്ടിയുണര്‍ത്തി. 'ഖും യാ അബാതുറാബ്! ഖും യാ അബാതുറാബ്!' 'എഴുന്നേല്‍ക്ക് മണ്ണില്‍ പുതഞ്ഞവനേ എഴുന്നേല്‍ക്ക്.' അല്‍പം നര്‍മം കലര്‍ത്തി കളിയാക്കിക്കൊണ്ട് വിളിച്ചുണര്‍ത്തി. പറ്റിപ്പിടിച്ച മണല്‍ വാത്സല്യത്തോടെ നബി(സ)തന്നെ തുടച്ചു മാറ്റി. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അതോടെ ഞങ്ങള്‍ തമ്മിലുണ്ടായ സൗന്ദര്യപ്പിണക്കം അവസാനിക്കുകയും ചെയ്തു.'' ഫാത്വിമ കഴിഞ്ഞകാല ജീവിത കഥകള്‍ ഓരോന്നായോര്‍ക്കുകയായിരുന്നു. നബി(സ)യുടെ ഉറ്റ സുഹൃത്തും സന്തതസഹചാരിയുമായിരുന്ന അബൂബക്കറിന് ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളെല്ലാം അറിയാമായിരുന്നു. അതിനാല്‍ വലിയ പ്രതീക്ഷകളോടെയായിരുന്നു ഫാത്വിമബീവിയുടെ ഈ പുറപ്പാട്. എന്നിരുന്നാലും, മുമ്പ് പിതാവിന്റെയടുക്കല്‍ വളരെ പ്രതീക്ഷകളോടെ ഒരു സഹായാഭ്യര്‍ഥനയുമായി ചെന്നതിന്റെ തിക്താനുഭവം ആശങ്കയുണ്ടാക്കാതിരുന്നില്ല.
വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലമായിരുന്നില്ല. പിതാവിന്റെ അടുത്ത്‌നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറ്റി. സ്വതന്ത്രമായ കുടുംബജീവിതം തുടങ്ങിയതേയുള്ളൂ. വീട്ടുജോലികളെല്ലാം സ്വന്തം തന്നെ ചെയ്യണം. ഏറ്റവും പ്രയാസമുള്ള കാര്യം ഗോതമ്പ് ആട്ട്കല്ലില്‍ പൊടിച്ചെടുക്കുന്നതാണ്. വിരലുകളില്‍ പൊക്കിള വരികയും തഴമ്പുകെട്ടുകയും ചെയ്തു. അപ്പോഴാണ് ഏതോ ഒരു യുദ്ധം കഴിഞ്ഞു കുറേയേറെ ബന്ധനസ്ഥര്‍ സ്റ്റേറ്റിന്റെ കസ്റ്റഡിയിലുണ്ടെന്നറിഞ്ഞത്. അന്ന് ഇതേപോലെ തന്റെ പ്രയാസങ്ങളും സങ്കടങ്ങളും ഉണര്‍ത്തുവാനും വീട്ടുവേലക്കായി ഒരു ഭൃത്യനെ തനിക്ക് വിട്ടുതരാന്‍ അഭ്യര്‍ഥിക്കാനുമാണ്, തന്നെ പ്രാണനുതുല്യം സ്‌നേഹിക്കുന്ന പിതാവിന്റെ അടുത്തേക്ക് പോയത്. വീട്ടിലെത്തിയപ്പോള്‍ ഉപ്പ അവിടെയുണ്ടായിരുന്നില്ല. പുറത്തേക്കെവിടെയോ പോയതാണ്. വരുന്നത് വരെ കാത്തിരിക്കാന്‍ സമയമില്ലാത്തതിനാല്‍, തന്റെ ആഗമനോദ്ദേശ്യം എളേമയായ ആയിശ ബീവിയെ അറിയിക്കുകയും, തന്റെ അഭ്യര്‍ഥന പിതാവിനെ അറിയിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
അന്ന് രാത്രി ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നപ്പോഴുണ്ട് ഉപ്പ കയറി വരുന്നു. പുറത്ത് നിന്ന് സലാം കേട്ടപ്പോള്‍ രണ്ടുപേരും പിടഞ്ഞെഴുന്നേറ്റു. രണ്ടുപേരെയും അവിടെ തന്നെ പിടിച്ചു കിടത്തി. ഞങ്ങള്‍ക്കിടയില്‍ അദ്ദേഹം വന്നിരുന്നു. അദ്ദേഹത്തിന്റെ കൈകാലുകളുടെ സ്പര്‍ശനേറ്റപ്പോള്‍ ശരീരത്തിലനുഭവപ്പെട്ട തണുപ്പ് ഞങ്ങള്‍ അനുസ്മരിക്കാറുണ്ട്. 'മോളേ! നീ വീട്ടില്‍ വന്ന വിവരം അറിഞ്ഞു, നീ പറയാതെ തന്നെ സ്ഥിതി ഗതികളൊക്കെ എനിക്കറിയാവുന്നതാണല്ലോ. ഈ 'ബൈത്തുല്‍മാല്‍' നമ്മുടെ കുടുംബ സ്വത്തല്ലല്ലോ. നീ ആവശ്യപ്പെട്ടതിനേക്കാള്‍ ഉത്തമമായ ഒരു കാര്യം ഞാന്‍ പറഞ്ഞുതരാം. രണ്ടുപേരും ഇങ്ങനെ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ 'സുബ്ഹാനല്ലാ', 'അല്‍ഹംദുലില്ലാ', 'അല്ലാഹു അക്ബര്‍' എന്നിങ്ങനെ ഓരോന്നും 33 പ്രാവശ്യം ചൊല്ലിക്കൊണ്ട് കിടന്നുറങ്ങുക. എന്നാല്‍ നേരത്തെ ചോദിച്ചതിനേക്കാള്‍ ഉത്തമമായതാണ് ലഭിക്കാന്‍ പോകുന്നത്. മറ്റാശ്വാസ വാക്കുകളും നല്‍കി അദ്ദേഹം എഴുന്നേറ്റു പോവുകയും ചെയ്തു.
അന്നത്തെ സംഭവങ്ങളില്‍ നിരാശ തോന്നിയിരുന്നില്ലെങ്കിലും, ഇപ്പോള്‍ ഇതു മനസ്സില്‍ തികട്ടി വന്നപ്പോള്‍ എന്തോ ഒരു വല്ലായ്മ. തന്റെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടുമോ? പലതും ചിന്തിച്ചു കൊണ്ടു നടന്നു. സലാം പറഞ്ഞു. ഉള്ളില്‍ കയറി. ഖലീഫ ആദരപൂര്‍വം സ്വീകരിച്ചിരുത്തി. കുടുംബ വിശേഷങ്ങളും വീട്ടുകാര്യങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു. തുടര്‍ന്നു, ഫാത്വിമ ആഗമനോദ്ദേശ്യം വിനയപൂര്‍വമറിയിച്ചു: 'അഹ്‌ലുബൈത്തിന്റെ ചെലവുകള്‍ക്ക് വേണ്ടി പിതാവ് നീക്കിവെച്ചിരുന്ന, ഖൈബറിലും ഫദക്കിലുമുള്ള ഭൂസ്വത്തുക്കള്‍ ഞങ്ങള്‍ക്ക് അനന്തരമായി ഭാഗിച്ചു തരണം. ഇതുണര്‍ത്താനാണ് വന്നത്. അബൂബക്കര്‍ തെല്ലിട ആലോചിച്ചു: 'ഞങ്ങള്‍ പ്രവാചകന്മാര്‍ അനന്തരമെടുക്കപ്പെടുകയില്ല. ഞങ്ങള്‍ വിട്ടേച്ചു പോകുന്നത് സമൂഹത്തിന് ഒന്നായുള്ള ദാനമാണ്' എന്ന നബിവചനം അദ്ദേഹം ഫാത്വിമയെ കേള്‍പ്പിച്ചു. ഇനി നിങ്ങള്‍ക്ക് പിതാവ് ഈ സ്വത്ത് ദാനം ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ വാക്ക് സ്വീകരിച്ചു പ്രവാചകന്റെ കല്‍പന ഞാന്‍ നടപ്പിലാക്കാം. അദ്ദേഹം തുടര്‍ന്നു. അങ്ങനെ ദാനം ചെയ്തതായി അറിയില്ലെന്ന് ബീവി അറിയിച്ചു. അതോടെ ആ അപേക്ഷ തിരസ്‌കരിക്കപ്പെട്ടു. ബീവി സഹനമവലംബിച്ചു വീട്ടിലേക്ക് മടങ്ങി. ആ സ്വത്ത് ബൈത്തുല്‍മാലില്‍ ലയിപ്പിക്കപ്പെടുകയും ചെയ്തു.
ആധുനിക കാലത്തെ ഭരണാധികാരികളും ജനനേതാക്കളും ചരിത്രത്തിലെ ഇത്തരം സംഭവങ്ങളിലേക്ക് കണ്ണോടിച്ചിരുന്നെങ്കില്‍!