അതിജീവനത്തിന്റെ ശിങ്കാരിമേളം
വി. മൈമൂന മാവൂര്‍
ജനുവരി 2021
സൃഷ്ടിപരമായ ഇടപെടലിലൂടെ കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയില്‍ സ്ത്രീകള്‍ ശാക്തീകരണത്തിന്റെ കൈയൊപ്പ് ചാര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
സൃഷ്ടിപരമായ ഇടപെടലിലൂടെ കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയില്‍ സ്ത്രീകള്‍ ശാക്തീകരണത്തിന്റെ കൈയൊപ്പ് ചാര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയും ഭരണ രംഗത്തെ പങ്കാളിത്തവും കുടുംബശ്രീ പോലുള്ള സംഘശക്തികള്‍ മാനസികമായും സാമ്പത്തികമായും നല്‍കിയ അതിശക്തമായ പിന്തുണയും ഈ സാമൂഹിക വിപ്ലവത്തിന്റെ പിന്നിലെ കാതലായ ശക്തിയാണ്. അപ്രാപ്യമെന്ന് സമൂഹം കരുതിവെച്ച പല തൊഴില്‍ മേഖലകളിലും അതിസാഹസികമായി സ്ത്രീ കൈ വെച്ച് തുടങ്ങുകയും പുരുഷനേക്കാള്‍ മിടുക്കും സാമര്‍ഥ്യവും തെളിയിക്കുകയും ചെയ്തു.
കേരളത്തിന്റെ തനത് തുകല്‍ വാദ്യോപകരണമായ ചെണ്ടയുടെ താളത്തെ അതിസാഹസികമായ അഭ്യാസത്തിലൂടെ അധീനപ്പെടുത്താന്‍ ആറു മാസക്കാലമേ കോഴിേക്കാട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ മഴവില്‍ ശിങ്കാരിമേളത്തിന് ആവശ്യമായുള്ളൂ. എല്ലാ താളവും ചെണ്ടക്ക് താഴെ എന്നാണല്ലോ ചൊല്ല്. പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഇടിമുഴക്കത്തിന്റെ നാദം മുതല്‍ നേര്‍ത്ത ദലമര്‍മരനാദം വരെ പ്രതിധ്വനിപ്പിക്കാന്‍ സാധിക്കുന്ന ഈ അത്ഭുത വാദ്യോപകരണത്തിന്റെ താളവും മേളവും മഴവില്‍ സംഘശക്തിയുടെ ഇഛാശക്തിക്കടിപ്പെട്ടു. ഇടത്തട്ടുകാരായ കുടുംബങ്ങള്‍ക്ക് പുരുഷന്റെ വരുമാനം കൊണ്ട് മാത്രം ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനും കുട്ടികളുടെ വിദ്യാഭ്യാസ ബാധ്യത താങ്ങാനും പറ്റാത്ത സാഹചര്യത്തിലാണ് സാമ്പത്തിക ശാക്തീകരണം ലക്ഷ്യം വെച്ച് ഈ സംഘം ചുവട് വെക്കാനൊരുങ്ങിയത്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുള്ള നാല്‍പ്പത് കഴിഞ്ഞ 20 സ്തീകളുടെ കടുത്ത ഇഛാശക്തിയുടെ സാഫല്യമാണ് മഴവില്‍ ശിങ്കാരിമേളം.
ഈ സംഘത്തിന് നൂതനാശയം പകര്‍ന്ന ഉറവിടം ഏഴാം വാര്‍ഡിലെ കുടുംബശീ എ.ഡി.എസും തെങ്ങുകയറ്റത്തില്‍ മിടുക്കിയും മികച്ച പാലിയേറ്റീവ് വളന്റിയറുമായ ശ്രീമതി സിന്ധുവാണ്. കുടുംബശ്രീയുടെ ജില്ലാ മത്സരവേദിയില്‍ വെച്ച് ആദ്യമായാണവര്‍ ചെണ്ടകൊട്ടുന്ന വനിതകളെ കാണുന്നത്. പുരുഷനു മാത്രമല്ല സ്ത്രീകള്‍ക്കും ചെണ്ട വഴങ്ങുമെന്നവര്‍ ഉപബോധമനസ്സിനെ ധരിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചക്കാരിയാകണമെന്ന അടങ്ങാത്ത ആഗ്രഹം ജീവിത പങ്കാളി ശ്രീനിവാസനോടാണ് ആദ്യം പങ്കുവെച്ചത്. തികഞ്ഞ ആത്മവിശ്വാസമാണ് അദ്ദേഹം നല്‍കിയത്. എ.ഡി.എസ് സെക്രട്ടറി ശ്രീമതി ഗീത, ബ്ലോക്ക് മെമ്പര്‍ രാജീവ് പെരുമണ്‍പുറ തുടങ്ങിയവരുമായി കൂടിയാലോചിച്ചപ്പോഴും നല്ല പിന്തുണയാണ് കിട്ടിയത്. ഒട്ടും വൈകാതെ ഗുരുവായി ശബരീഷ് പൈങ്ങോട്ടുപുറത്തിനെയും കണ്ടെത്തി. വനിതകള്‍ക്കുള്ള ഈ പരിശീലനത്തെ ആശങ്കയൊട്ടുമില്ലാതെ അദ്ദേഹം സസന്തോഷം സ്വീകരിച്ചു
ഈ ഉദ്യമത്തിന് ലക്ഷ്യബോധമുള്ള 20 അംഗ സംഘത്തെ സംഘടിപ്പിക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. ശക്തമായ ബോധവല്‍ക്കരണവും ആത്മവിശ്വാസം പകരലും ശ്രമകരമായിരുന്നു. ഉറക്കം കെടുത്തിയ ദുരനുഭവങ്ങളും പ്രയാണത്തിന് തടസ്സമാകുമെന്നായപ്പോള്‍ ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ട് വെച്ച പാദം ഉറപ്പിച്ചു നിര്‍ത്തുകയായിരുന്നു. ആറ് മാസക്കാലം മുടങ്ങാതെ ദിവസവും ഒരു വീട്ടില്‍ വെച്ച് പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചപ്പോഴും രണ്ടടി നീളവും ഒരടി വ്യാസവുമുള്ള 13 മുതല്‍ 15 കിലോഗ്രാം വരെ തൂക്കമുള്ള ചെണ്ട കഴുത്തില്‍ തൂക്കി മണിക്കൂറുകളോളം നടന്നും നിന്നും കൊട്ടി താളലയങ്ങള്‍ കൊഴിഞ്ഞു പോകാതെ അനുവാചകനെ ആസ്വദിപ്പിക്കുക സ്ത്രീയുടെ കായിക ശേഷിയുമായി തട്ടിച്ചു നോക്കുമ്പോള്‍ ബുദ്ധിമുട്ടാണ്. സമൂഹത്തില്‍ ഇതിന്റെ സ്വീകാര്യതയെ കുറിച്ച ആശങ്ക ഏറെ പിരിമുറുക്കമുളവാക്കുന്നതായിരുന്നു. ഒരത്ഭുതമെന്നോണം അതിവേഗത്തില്‍ ആശങ്കകളുടെ കാര്‍മേഘങ്ങളെ ചെണ്ടമേളങ്ങളുടെ ഇടിമുഴക്കങ്ങള്‍ തുടച്ചുനീക്കി. പ്രതീക്ഷയുടെ വിഹായസ്സില്‍ മഴവില്‍ ശിങ്കാരിമേളം അരങ്ങേറ്റം കുറിച്ചു. ആദ്യഘട്ടത്തില്‍ ജില്ലയിലെ വിവിധ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ഉദ്ഘാടനങ്ങള്‍ തുടങ്ങിയവയുടെ മുന്‍നിരകള്‍ അവര്‍ ആകര്‍ഷകമാക്കി.
ചെണ്ടവാടകയും യാത്രാ ചെലവുകളുമുള്‍പ്പെടെ വലിയൊരു പ്രതിസന്ധിയായിരുന്നു നേരിടേണ്ടി വന്നത്. അതിജീവനത്തിന്റെ പ്രഥമ പരിഗണന അതായിരുന്നു. സ്വന്തമായി ഇരുചക്രമോടിക്കുന്നതിനുള്ള സ്വയംപര്യാപ്തത ആര്‍ജിച്ചെടുത്തു. സമൂഹം സ്തീകളുടെ ചെണ്ടമേളത്തിന് കൂടുതല്‍ താല്‍പര്യമെടുക്കുന്നതായി അവസരങ്ങള്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ 15000-ത്തോളം വിലവരുന്ന ചെണ്ട ഓരോരുത്തരും സ്വന്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ കൂടി മേളവാദ്യങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചപ്പോഴേക്കും ഓരോ കുടുംബത്തിന്റെയും സാമ്പത്തിക പരാധീനതകള്‍ അരങ്ങൊഴിഞ്ഞു തുടങ്ങിയിരുന്നു. പണിതീരാത്ത വീടുകളുടെ പൂര്‍ത്തീകരണം, വിദ്യാഭ്യാസ വായ്പകളില്‍നിന്ന് മോചനം, വിവാഹാവശ്യങ്ങള്‍ തുടങ്ങിയവ പരിഹരിക്കാനായതിലുള്ള ആത്മനിര്‍വൃതി അവര്‍ അയവിറക്കുകയാണ്. കോവിഡ് 19 ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും നിരോധിതമാക്കിയപ്പോള്‍ ചെണ്ടമേളത്തോടൊപ്പം ജീവിതതാളം ക്രമീകരിച്ചവര്‍ അങ്കലാപ്പിലായി. എന്നാലും പകച്ചുനില്‍ക്കാതെ അതിജീവനത്തിനായി ആദ്യമേ പരിശീലനം നേടിയ തെങ്ങുകയറ്റവും കൂണ്‍കൃഷിയും പുനരാരംഭിച്ച് ജീവിതത്തിന് ശോഭ പരത്താന്‍ മറുവഴി തേടുകയാണ് തോല്‍ക്കാന്‍ മനസ്സില്ലാത്ത, അധ്വാനം അഭിമാനമായി മാതൃക കാട്ടുന്ന നട്ടെല്ലുള്ള മഴവില്‍ മങ്കമാര്‍.