നാശഹേതു ആകുന്ന അസൂയ
ഹൈദറലി ശാന്തപുരം
ജനുവരി 2021
സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയും കൊലപാതകത്തിലേക്കു വരെ മനുഷ്യനെ
സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയും കൊലപാതകത്തിലേക്കു വരെ മനുഷ്യനെ എത്തിക്കുകയും ചെയ്യുന്ന മനോരോഗമാണ് അസൂയ.
മറ്റൊരാള്‍ക്കുള്ള അനുഗ്രഹം നഷ്ടപ്പെടണമെന്നും അത് തനിക്ക് ലഭിക്കണമെന്നും ആഗ്രഹിക്കുന്നതാണ് അസൂയ. വേറൊരാള്‍ക്ക് ലഭിച്ച ഒരനുഗ്രഹം അയാള്‍ക്ക് നഷ്ടപ്പെടാതെ തനിക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് അസൂയയല്ല. അത് നന്മയിലുള്ള പരസ്പര മത്സരമാണ്. സ്വര്‍ഗീയാനുഗ്രഹങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സത്യവിശ്വാസികള്‍ പരസ്പരം മത്സരിക്കാന്‍ അല്ലാഹു ആജ്ഞാപിച്ചിട്ടുണ്ട്. സുകൃതവാന്മാര്‍ക്ക് ലഭിക്കാന്‍ പോകുന്ന സ്വര്‍ഗീയ സുഖസൗകര്യങ്ങളെക്കുറിച്ച് വിശദീകരിച്ച ശേഷം അല്ലാഹു പറയുന്നു:
''നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായതും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവര്‍ക്കുവേണ്ടി സജ്ജമാക്കിയ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മത്സരിച്ചു മുന്നേറുക.'' (അല്‍ഹദീദ്: 21).
അസൂയ നിഷിദ്ധമാണെന്നും അത് അവിശ്വാസികളുടെയും കപട വിശ്വാസികളുടെയും സ്വഭാവമാണെന്നും സൂചിപ്പിക്കുന്ന അനേകം ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളുമുണ്ട്.
കപട വിശ്വാസികള്‍ക്ക് സത്യവിശ്വാസികളോടുണ്ടായിരുന്ന അസൂയയെ സംബന്ധിച്ച് അല്ലാഹു പറയുന്നു:
''നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്ക് ഒരുപദ്രവവും വരുത്തുകയില്ല'' (ആലുഇംറാന്‍: 120).
അസൂയയെന്ന മാരക രോഗം മനുഷ്യനെ അതിനിഷ്ഠുരമായ പാപങ്ങള്‍ ചെയ്യാന്‍ പോലും പ്രേരിപ്പിക്കും. ഭൂമുഖത്ത് ആദ്യമായി നടന്ന കൊലപാതകത്തിന് കാരണം അസൂയയായിരുന്നു.
''(നബിയേ) താങ്കള്‍ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ വൃത്താന്തം സല്‍പ്രകാരം പറഞ്ഞുകേള്‍പ്പിക്കുക. അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം. ഒരാളില്‍നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍നിന്ന് സ്വീകരിക്കപ്പെട്ടില്ല. അവന്‍ പറഞ്ഞു: 'ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും.' അവന്‍ (ബലി സ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. എന്നെ കൊല്ലാന്‍ വേണ്ടി നീ എന്റെ നേരെ കൈ നീട്ടിയാല്‍ തന്നെയും നിന്നെ കൊല്ലാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. എന്റെ കുറ്റത്തിനും നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരാനും അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം.'' എന്നിട്ട് തന്റെ സഹോദരനെ കൊല്ലാന്‍ അവന്റെ മനസ്സ് അവന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീര്‍ന്നു.'' (അല്‍ മാഇദ: 27-30).
അസൂയ മനുഷ്യരെ എത്രമാത്രം അന്ധരാക്കുമെന്നും ദയാദാക്ഷിണ്യമില്ലാത്ത ക്രൂരകൃത്യങ്ങള്‍ക്ക് കാരണമാക്കുമെന്നും വ്യക്തമാക്കുന്നതാണ് യൂസുഫ് നബി(അ)യെ തന്റെ സഹോദരങ്ങള്‍ കിണറ്റിലിട്ട സംഭവം.
അസൂയയുമായി ബന്ധപ്പെട്ട് ധാരാളം നബിവചനങ്ങള്‍ വന്നിട്ടുണ്ട്. അസൂയയെ വിലക്കുന്നതും അതിന്റെ ഗൗരവം വ്യക്തമാക്കുന്നതും സത്യവിശ്വാസവും അസൂയയും ഒരുമിച്ചുകൂടുകയില്ലെന്നും അസൂയ ജനസമൂഹങ്ങളിലെ ഒരു രോഗമാണെന്നും ഏറ്റവും ശ്രേഷ്ഠനായ മനുഷ്യന്‍ മനസ്സില്‍ അസൂയയും വിദ്വേഷവുമില്ലാത്തവനാണെന്നും അസൂയയുടെ വര്‍ജനം സ്വര്‍ഗത്തിലേക്കുള്ള പാതയാണെന്നും വിവരിക്കുന്ന ഹദീസുകള്‍ അവയിലുണ്ട്.
അനസി(റ)ല്‍നിന്ന് നിവേദനം: നബി(സ) അരുളി: ''നിങ്ങള്‍ അന്യോന്യം വിദ്വേഷം വെച്ചുപുലര്‍ത്തരുത്. നിങ്ങള്‍ പരസ്പരം അസൂയ വെക്കരുത്. നിങ്ങള്‍ തമ്മില്‍ കണ്ടാല്‍ (മിണ്ടാതെ) പിരിഞ്ഞു പോകരുത്. നിങ്ങള്‍ പരസ്പരം ബന്ധം മുറിക്കരുത്. നിങ്ങള്‍ അന്യോന്യം സഹോദരങ്ങളായ അല്ലാഹുവിന്റെ ദാസന്മാരാവുക. ഒരു മുസ്‌ലിമിന് തന്റെ സഹോദരനോട് മൂന്ന് ദിവസത്തിലധികം പിണങ്ങി നില്‍ക്കാന്‍ പാടില്ല'' (ബുഖാരി, മുസ്‌ലിം).
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: ''നിങ്ങള്‍ ഊഹങ്ങള്‍ ഉപേക്ഷിക്കുക. കാരണം ഊഹം ഏറ്റവും അസത്യമായ കാര്യമാണ്. നിങ്ങള്‍ പരസ്പരം രഹസ്യാന്വേഷണം നടത്തുകയോ ചുഴിഞ്ഞന്വേഷിക്കുകയോ ചെയ്യരുത്.''
അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ നബി(സ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇപ്പോള്‍ സ്വര്‍ഗാവകാശികളില്‍ പെട്ട ഒരാള്‍ നിങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടും.'' ഉടനെ അന്‍സാരികളില്‍ പെട്ട ഒരാള്‍ അവിടേക്ക് പ്രവേശിച്ചു. വുദൂഅ് എടുത്ത വെള്ളം അദ്ദേഹത്തിന്റെ താടിയില്‍നിന്ന് ഇറ്റി വീഴുന്നുണ്ട്. ഇടതുകൈയില്‍ ചെരിപ്പ് തൂക്കിപ്പിടിച്ചിരിക്കുന്നു. പിറ്റേ ദിവസവും നബി(സ) അതേപോലെ പറഞ്ഞു. ആദ്യദിവസത്തെപ്പോലെ അതേ ആള്‍ തന്നെ പ്രത്യക്ഷപ്പെട്ടു. മൂന്നാം ദിവസവും നബി(സ) അതേ വാക്ക് പറയുകയും അതേ ആള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. നബി തിരുമേനി എഴുന്നേറ്റപ്പോള്‍ അബ്ദുല്ലാഹിബ്‌നു അംറ് ആ വ്യക്തിയെ പിന്തുടര്‍ന്നുകൊണ്ട് പറഞ്ഞു: ''ഞാനും എന്റെ പിതാവും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ ഞാന്‍ അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട് പറഞ്ഞു: ഞാനിനി മൂന്ന് ദിവസം ഇങ്ങോട്ടു വരികയില്ല. അതിനാല്‍ താങ്കള്‍ എനിക്ക് അത്രയും ദിവസങ്ങള്‍ അഭയം നല്‍കണം.'' അദ്ദേഹം അതിന് സമ്മതിച്ചു. അനസ് തുടരുന്നു: ''അബ്ദുല്ല പറഞ്ഞു: അദ്ദേഹം ആ ദിവസം പ്രസ്തുത വ്യക്തിയുടെ കൂടെ കഴിച്ചുകൂട്ടി. അദ്ദേഹം ഒരിക്കലും രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുന്നതായി കണ്ടില്ല. പക്ഷേ, അദ്ദേഹം ഉറക്കില്‍നിന്ന് ഉണരുമ്പോഴെല്ലാം അല്ലാഹുവെ സ്തുതിക്കും, സ്വുബ്ഹ് നമസ്‌കാരത്തിനുവേണ്ടി എഴുന്നേല്‍ക്കുന്നതു വരെ.'' അബ്ദുല്ല തുടരുന്നു: ''പക്ഷേ, അദ്ദേഹം നല്ലതല്ലാതെ പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ നിസ്സാരമായി എനിക്ക് തോന്നിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'എനിക്കും എന്റെ പിതാവിനുമിടയില്‍ പരസ്പരവിദ്വേഷമോ പിണക്കമോ ഉണ്ടായിട്ടില്ല. പക്ഷേ, ഞാന്‍ റസൂലുല്ലാഹി (സ) മൂന്ന് പ്രാവശ്യം പറയുന്നത് കേട്ടു: 'സ്വര്‍ഗാവകാശികളില്‍ പെട്ട ഒരാള്‍ ഇപ്പോള്‍ നിങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടും.' അപ്പോള്‍ മൂന്നു പ്രാവശ്യവും പ്രത്യക്ഷപ്പെട്ടത് താങ്കളായിരുന്നു. അപ്പോള്‍ ഞാന്‍ താങ്കളുടെ അടുത്ത് വന്ന് താങ്കളുടെ കര്‍മങ്ങള്‍ നേരിട്ടു കാണാനും താങ്കളെ പിന്‍പറ്റാനും തീരുമാനിക്കുകയായിരുന്നു. പക്ഷേ, താങ്കള്‍ വലിയ കര്‍മങ്ങളൊന്നും ചെയ്യുന്നതായി ഞാന്‍ കണ്ടില്ല. പിന്നെ അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞ സ്ഥാനത്തേക്ക് എങ്ങനെയാണ് താങ്കള്‍ എത്തിയത്?'' അദ്ദേഹം പറഞ്ഞു: ''താങ്കള്‍ കണ്ടതു മാത്രമാണ് എന്റെ കര്‍മങ്ങള്‍. പക്ഷേ, ഞാന്‍ മുസ്‌ലിംകളില്‍ ഒരാളോടും എന്റെ മനസ്സില്‍ പക വെച്ചു പുലര്‍ത്തുകയില്ല. ഒരാള്‍ക്കും അല്ലാഹു വല്ല നന്മയും പ്രദാനം ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ അയാളോട് അസൂയപ്പെടുകയില്ല,'' അപ്പോള്‍ അബ്ദുല്ല പറഞ്ഞു: ''അതുകൊണ്ടു തന്നെയാണ് താങ്കള്‍ ഈ സ്ഥാനത്തെത്തിയത്'' (അഹ്മദ്).
അസൂയാലു ശത്രുത വെക്കുന്നത് വാസ്തവത്തില്‍ വ്യക്തികളോടല്ല, അല്ലാഹുവിന്റെ അനുഗ്രഹങ്ങളോടാകുന്നു.
അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറഞ്ഞു: 'നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് ശത്രുത വെച്ചുപുലര്‍ത്തരുത്.' അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'ആരാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് ശത്രുത വെച്ചുപുലര്‍ത്തുന്നത്?' അദ്ദേഹം പറഞ്ഞു: 'ജനങ്ങളോട് അസൂയ വെച്ചുപുലര്‍ത്തുന്നവരാണവര്‍. അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹത്തിന്റെ പേരിലാണല്ലോ അവര്‍ അസൂയപ്പെടുന്നത്?'
അസൂയ ഗുരുതരമായ രോഗമാണെങ്കിലും അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാവുന്നത് അസൂയാലു വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ തന്റെ മനസ്സിലുള്ള അസൂയ ശമിപ്പിക്കുന്നതിനു വേണ്ടി തുനിയുമ്പോഴാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിങ്കല്‍ അഭയം തേടുക എന്നതാണ് പ്രഥമമായ പ്രതിരോധ മാര്‍ഗം. അല്ലാഹു നബി(സ)യോട് അല്ലാഹുവിങ്കല്‍ അഭയം തേടാന്‍ കല്‍പിച്ചതില്‍ ഒരുകാര്യം അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ തിന്മയില്‍നിന്ന് രക്ഷതേടലാണ്.
''പറയുക: പ്രഭാതത്തിന്റെ രക്ഷിതാവിനോട് ഞാന്‍ അഭയം തേടുന്നു, അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ തിന്മയില്‍നിന്നും ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും കെട്ടുകളില്‍ ഊതുന്നവരുടെ ഉപദ്രവത്തില്‍നിന്നും അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ ദ്രോഹത്തില്‍നിന്നും'' (അല്‍ഫലഖ്: 1-5).
അസൂയാലുവിന്റെ ദ്രോഹത്തില്‍നിന്ന് രക്ഷപ്രാപിക്കാന്‍ താഴെ പറയുന്ന സംഗതികള്‍ കൂടി ആവശ്യമാണെന്ന് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി അഭിപ്രായപ്പെടുന്നു:
''ഒന്ന്, അല്ലാഹുവില്‍ സര്‍വസ്വം അര്‍പ്പിക്കുക, അല്ലാഹു ഉദ്ദേശിക്കാതെ തനിക്കൊരു ദ്രോഹവും ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന ദൃഢവിശ്വാസമാര്‍ജിക്കുക.
രണ്ട്, അസൂയാലുവിന്റെ വര്‍ത്തമാനങ്ങള്‍ ക്ഷമിക്കുക. അയാളുടെ നിലവാരത്തിലേക്ക് സ്വയം താഴുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളും പ്രവൃത്തികളും ചെയ്യാതിരിക്കുക.
മൂന്ന്, അസൂയാലു ദൈവത്തെ പേടിക്കാതെയും ജനങ്ങളെ അവഗണിച്ചും എന്തെങ്കിലും അവിവേകങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതിന് ഇരയായവര്‍ സദാ തഖ്‌വയില്‍ (ദൈവഭക്തിയില്‍) തന്നെ നിലകൊള്ളണം.
നാല്, അസൂയാലുക്കളെക്കുറിച്ചുള്ള വിചാരങ്ങളില്‍നിന്ന് മനസ്സിനെ മുക്തമാക്കുക. അങ്ങനെ ഒരാളേ ഇല്ലാത്തതുപോലെ അയാളെ അവഗണിച്ചേക്കണം. കാരണം അസൂയാവിധേയന്‍ അസൂയാലുവിനെക്കുറിച്ചുള്ള വിചാരങ്ങളില്‍ നിമഗ്നനാവുക എന്നത് അസൂയാലുവിന്റെ വിജയത്തിന്റെ പ്രഥമ പടിയാകുന്നു.
അഞ്ച്, അസൂയാലുവിനോട് മോശമായി പെരുമാറരുത്. എന്നല്ല അവസരം കിട്ടുമ്പോഴൊക്കെ അയാളോട് നല്ല നിലയിലും ഉദാരമായും തന്നെ പെരുമാറുകയും വേണം. ആ നല്ല പെരുമാറ്റം മൂലം അയാളുടെ മനസ്സിലെ അസൂയാഗ്നി കെട്ടുപോകുന്നുണ്ടോ ഇല്ലേ എന്നൊന്നും പരിഗണിക്കേണ്ടതില്ല.
ആറ്, ഏകനായ ദൈവത്തില്‍ അടിയുറച്ചു നില്‍ക്കുക. ദൈവം നന്നായി കുടിയിരിക്കുന്ന മനസ്സില്‍ ദൈവഭയത്തോടൊപ്പം മറ്റൊരു ഭയത്തിനും കുടിയിരിക്കാന്‍ ഇടം ലഭിക്കുകയില്ല'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, വാല്യം 6, പേജ്: 489-490).