എല്ലാ നാസ്തിക ദര്‍ശനങ്ങളും സംസാരിക്കുന്നത് മനുഷ്യശരീരത്തെയും അതിന്റെ പരിവര്‍ത്തനങ്ങളെയും
വിമര്‍ശകരുടെ സദാചാര സങ്കല്‍പ്പം
എല്ലാ നാസ്തിക ദര്‍ശനങ്ങളും സംസാരിക്കുന്നത് മനുഷ്യശരീരത്തെയും അതിന്റെ പരിവര്‍ത്തനങ്ങളെയും പരിണാമങ്ങളെയും സംബന്ധിച്ചാണ്. സകല ശ്രദ്ധയും ശ്രമവും അതിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. അതുകൊണ്ടുതന്നെ തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക തുടങ്ങിയവയാണ് അവ മുന്നോട്ടു വെക്കുന്ന ജീവിത ലക്ഷ്യം.
പ്രമുഖ നാസ്തിക ദാര്‍ശനികനായ ആള്‍ഡസ് ഹെക്‌സലെ പറഞ്ഞു: 'നിങ്ങള്‍ക്ക് ഇന്ന് ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന ആനന്ദം ഒരു കാരണവശാലും നാളേക്ക് മാറ്റിവെക്കരുത്.'
സ്വിസ് ചിന്തകനായ കാര്‍ ജാസ്‌പേര്‍സ് എഴുതി: 'ജീവിതപാതയില്‍ സ്ഥായിത്വം നല്‍കുന്ന ഒന്നേയുള്ളൂ. അത്യന്താനുഭൂതിയാണത്.'
ജന്മവാസനകള്‍ക്കനുസൃതമായി തോന്നിയപോലെ ജീവിക്കുകയാണ് വേണ്ടതെന്നും അതിന് വിഘാതം വരുത്തുന്നതാണ് എല്ലാ വിപത്തുകള്‍ക്കും നിമിത്തമെന്നും ആധുനിക മനശ്ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് വാദിക്കുന്നു: 'മനുഷ്യന്റെ ജന്മവാസനകള്‍ക്ക് തഴച്ചു വളരാന്‍ വിഘാതം വരുത്തുന്ന മൂല്യ സങ്കല്‍പങ്ങളും സാമൂഹിക സമ്മര്‍ദങ്ങളുമാണ് എല്ലാ ദുരിതങ്ങളുടെയും മൂലകാരണം.'
മൂല്യനിരാസം
ജീവിതത്തിന്റെ പരമമായ ലക്ഷ്യം പരമാവധി സുഖിക്കലായതിനാല്‍ അതിന് തടസ്സം നില്‍ക്കുന്ന എല്ലാ മൂല്യങ്ങളെയും നിയമങ്ങളെയും ചിട്ട, ചട്ടങ്ങളെയും യുക്തിവാദികള്‍ ഉള്‍പ്പെടെ എല്ലാ ഭൗതികവാദികളും നിരാകരിക്കുന്നു. നന്മതിന്മകളും ശരി തെറ്റുകളും ധര്‍മാധര്‍മങ്ങളും ന്യായാന്യായങ്ങളും വിധിവിലക്കുകളും അവര്‍ക്ക് തീര്‍ത്തും അന്യമാണ്. സുസ്ഥിര സത്യങ്ങളോ മൂല്യങ്ങളോ മാനവികതയോ ഉണ്ടെന്ന് അവരംഗീകരിക്കുന്നില്ല.
നന്മ ഉപദേശിക്കുന്നവരാണ് മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ ശത്രുക്കളെന്ന് പ്രമുഖ വിദ്യാഭ്യാസ ചിന്തകന്‍ ഇമ്മാനുവല്‍ കാന്റ് വാദിക്കുന്നു: 'മാതാപിതാക്കളും ഗുരുക്കന്മാരുമാണ് നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍.'
പ്രശസ്ത നാസ്തിക ദാര്‍ശനികനായ നീത്‌ഷേ തന്റെ 'സന്തോഷകരമായ വിവേകം' എന്ന കൃതിയിലെഴുതി: ''ഇളം വെയിലുള്ള വിഭാതത്തില്‍ വിഭ്രാന്തി ബാധിച്ച ഒരാള്‍ കൈയില്‍ വിളക്കും പിടിച്ച് ദൈവം എവിടെ, ദൈവം എവിടെ എന്ന് വിളിച്ചു ചോദിച്ചു കൊണ്ട് അങ്ങാടിയിലൂടെ ഓടിനടന്നു. അവിടെ ഒത്തുകൂടിയവരില്‍ ഏറെപ്പേരും ഈശ്വരനിഷേധികളായിരുന്നു. അയാളുടെ പെരുമാറ്റം അവര്‍ക്ക് ആഹ്ലാദകരമായി തോന്നി. അവരിലൊരാള്‍ ചോദിച്ചു: 'എന്തു പറ്റി? ദൈവം പോയോ?' മറ്റൊരാള്‍ പറഞ്ഞു: 'കൊച്ചുകുട്ടിക്ക് എന്നപോലെ ദൈവത്തിനു വഴിതെറ്റിയതായിരിക്കുമോ?' വേറെ ഒരാള്‍ ചോദിച്ചു: 'എവിടെയെങ്കിലും പോയി ഒളിച്ചിരിക്കുകയാണോ? അയാള്‍ക്ക് നമ്മെ പേടിയാണോ? വിദേശയാത്രക്ക് പോയതാണോ? അതോ നാടുവിട്ടതോ?' പലരും ഇങ്ങനെ പലതും വിളിച്ചു പറഞ്ഞു. ഭ്രാന്തന്‍ എല്ലാവരെയും തുറിച്ചുനോക്കിക്കൊണ്ട് അവരുടെ നടുവില്‍നിന്ന് പ്രസ്താവിച്ചു: ദൈവം എവിടെ പോയെന്ന് ഞാന്‍ പറഞ്ഞുതരാം. നാം ദൈവത്തെ കൊന്നു. ഞാനും നിങ്ങളും. നാമെല്ലാം ദൈവത്തിന്റെ ഘാതകരാണ്. ദൈവത്തെ കുഴിച്ചുമൂടുന്ന ശബ്ദം നാം കേള്‍ക്കുന്നില്ലേ? ചീഞ്ഞു നാറുന്ന ദൈവത്തിന്റെ ദുര്‍ഗന്ധമല്ലേ നമ്മുടെ നാസാദ്വാരങ്ങളില്‍ വന്നടിക്കുന്നത്? ദൈവം ചത്തുപോയി. നമ്മള്‍ തന്നെയാണ് കൊന്നത്.''
അതേ കൃതിയുടെ അഞ്ചാം ഭാഗത്ത് അദ്ദേഹം എഴുതി: ''ദൈവത്തിന്റെ മരണം സമീപകാലത്തെ സാംസ്‌കാരിക ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. അതിന്റെ നിഴല്‍പ്പാടുകള്‍ യൂറോപ്പിലുടനീളം പരക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈശ്വരവിശ്വാസത്തിന്മേലാണ് ഒട്ടുവളരെ കാര്യങ്ങള്‍ നിലനിന്നിരുന്നത്. ധാര്‍മിക മൂല്യങ്ങളെല്ലാം അതിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു. അതിനാല്‍ അവയുടെയെല്ലാം വ്യാപകവും അഗാധവും സുദീര്‍ഘവുമായ തകര്‍ച്ച അത്യാസന്നമായിരിക്കുന്നു. മുമ്പൊരിക്കലും മാനവികത പരിചയിച്ചിട്ടില്ലാത്ത അതിഭീകരമായ ഒരു ദുരന്തത്തിന്റെ പ്രബോധകനും പ്രചാരകനുമാവുകയെന്നത് ഏറെ ഗുരുതരമായ കാര്യമാണെന്ന് പലരും വേണ്ടവിധം ഗ്രഹിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ആളുകളുടെയും ധാരണാശക്തിയെ വെല്ലുന്ന ബൃഹത്തായൊരു വസ്തുതയാണിത്.''
മതത്തിന്റെ സ്വാധീനം
ആരെങ്കിലും സത്യവും നീതിയും ധര്‍മവും നിയമവും മറ്റു മാനവിക മൂല്യങ്ങളും മുറുകെപ്പിടിക്കുന്നുവെങ്കില്‍ അത് തലമുറതലമുറകളായി സഹസ്രാബ്ദങ്ങളിലൂടെ പിന്തുടര്‍ന്നു പോരുന്ന മതവിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും സ്വാധീനം അറിഞ്ഞോ അറിയാതെയോ അവരില്‍ നിലനില്‍ക്കുന്നതിനാലാണ്.
ആരെങ്കിലും വിവാഹം കഴിക്കുകയോ കുടുംബജീവിതം നയിക്കുകയോ ചെയ്യുന്നുവെങ്കില്‍ അതും അവരില്‍ അവശേഷിക്കുന്ന മതത്തിന്റെ സ്വാധീനം കാരണമായാണ്, ശരിയായ നാസ്തികരാകാത്തതിനാലാണ്. വിവാഹം എന്ന ആശയം തന്നെ മതപരമാണ്. അതിന്റെ ഏതു രൂപവും മതത്തില്‍നിന്ന് ഉരുവം കൊണ്ടതും. കുടുംബം എന്നത് ഒരു മതകീയ സ്ഥാപനവുമാണ്.
മതമുക്തരെന്ന് അവകാശപ്പെടുന്ന ഏറെപ്പേര്‍ക്കും മതത്തിന്റെ സ്വാധീനത്തില്‍നിന്ന് പൂര്‍ണമായും രക്ഷപ്പെടാന്‍ സാധിക്കാറില്ല. ഇക്കാര്യം കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാവ് രവിചന്ദ്രന്‍ തന്നെ തുറന്നു സമ്മതിക്കുന്നു (മാധ്യമം വാര്‍ഷികപ്പതിപ്പ്, 2020, പുറം: 152).
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭൗതികദര്‍ശനത്തിന്റെ ഉപജ്ഞാതാവ് കാറല്‍ മാര്‍ക്‌സാണല്ലോ. അദ്ദേഹം പോലും ഇതിനപവാദമല്ല. അതിനാലാണല്ലോ ജെന്നിയെ വിവാഹം കഴിച്ചത്. വിവാഹത്തെയും അതിലൂടെ രൂപപ്പെടുന്ന ദാമ്പത്യ ബന്ധത്തെയും സ്ത്രീസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും സ്വകാര്യസ്വത്തിന്റെ സംരക്ഷണത്തിനുള്ള ഉപാധിയായും വിശേഷിപ്പിച്ച ചിന്തകനാണ് അദ്ദേഹം എന്ന വസ്തുത വിസ്മരിക്കാവതല്ല.
സ്ത്രീ സമ്പൂര്‍ണ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന പ്രാകൃത കമ്യൂണിസത്തിന്റെ കാലത്ത് കുടുംബം സ്ത്രീകേന്ദ്രീകൃതമായിരുന്നുവെന്നും കുട്ടികള്‍ അഛന്മാരെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും പിന്നീട് സ്വകാര്യസ്വത്തുണ്ടാവുകയും അതിന്റെ സംരക്ഷണത്തിനായി സ്ത്രീയെ സ്വകാര്യവല്‍ക്കരിച്ച് ഏക ഭാര്യാത്വ സമ്പ്രദായം സ്വീകരിച്ച് കുടുംബഘടന രൂപപ്പെടുത്തുകയാണുണ്ടായതെന്നും കാറല്‍ മാര്‍ക്‌സും ഫ്രെഡറിക് ഏംഗല്‍സും അവകാശപ്പെടുന്നു (ഇരുവരും കൂടി രചിച്ച 'വ്യക്തി, കുടുംബം, സമൂഹം' എന്ന കൃതി കാണുക).
യുക്തിവാദത്തിന്റെ മുദ്രയണിഞ്ഞ സ്ത്രീവാദികളും ഇതേ സമീപനം സ്വീകരിക്കുന്നവരാണ്. ഗീത എഴുതുന്നു: 'ഒരാള്‍ക്ക് സ്വന്തം ലൈംഗികത കൊണ്ടോ സ്വവര്‍ഗ ലൈംഗികത കൊണ്ടോ ആനന്ദം അനുഭവിക്കാവുന്നതാണ്. പക്ഷേ ബലപ്രയോഗത്തിലൂടെ അത് അരുതാത്തതാണെന്ന് പറയാനുള്ള അവകാശമില്ലേ? ആണോ പെണ്ണോ ആയവര്‍ക്ക് ആണോ പെണ്ണോ ആയവരുമായി ലൈംഗികാനുഭവം പങ്കിടാം. ഉഭയസമ്മതപ്രകാരം ആയിരിക്കണം' ('പ്രണയം, ലൈംഗികത', അധികാരം, പുറം: 91).
കുടുംബമെന്ന സ്ഥാപനത്തെ തന്നെ അവരംഗീകരിക്കുന്നില്ല. അതിനെ പുരുഷാധിപത്യത്തിന്റെ സൃഷ്ടിയായാണ് അവര്‍ കാണുന്നത്. മാതൃത്വം പെണ്ണിന്റെ ജൈവമായ ഒരവസ്ഥയാണ്. ഇതിനെ കൃത്രിമമായ ഒരു സാമൂഹിക സ്ഥാപനമാക്കി മാറ്റുകയാണ് പുരുഷാധിപത്യം ചെയ്തതെന്ന് കാണാം(അതേ പുസ്തകം: പുറം 99).
ഭര്‍ത്താവില്‍നിന്ന് മാത്രമേ ഗര്‍ഭം ധരിക്കാവൂ എന്ന കുടുംബഘടനയെ ഒരു തിന്മയായാണ് അവര്‍ കാണുന്നത്. സമൂഹം അംഗീകരിച്ച ആചാരങ്ങളിലൂടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ശേഷം ഭര്‍ത്താവിലൂടെ മാത്രമേ ഗര്‍ഭം ധരിക്കാവൂ എന്ന് ലിഖിതമായി തന്നെ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വ്യവസ്ഥയെ കണ്ണടച്ച് അംഗീകരിക്കുന്ന പൊതു സാമൂഹിക മൂല്യങ്ങളില്‍നിന്നാണ് അവിവാഹിതരായ അമ്മമാര്‍ ഉണ്ടാവുന്നത് (അതേ പുസ്തകം, പുറം 99).
കുത്തഴിഞ്ഞ ജീവിതം
മതത്തെ തീര്‍ത്തും മാറ്റിനിര്‍ത്തിയവര്‍ കുത്തഴിഞ്ഞ ജീവിതമാണ് നയിക്കുക. മൂല്യനിരാസപരമായ സമീപനം സ്വീകരിക്കുന്നതിനാല്‍ അവരുടെ ജീവിതം പൂര്‍ണമായും അരാജകമായിരിക്കും. നിരീശ്വരത്വത്തോടും മതനിരാസത്തോടും ആത്മാര്‍ഥത പുലര്‍ത്തുന്ന യുക്തിവാദികളെല്ലാം ഇവ്വിധമായിരിക്കും.
റൂസോ, ഷെല്ലി, മാര്‍ക്‌സ്, ഇബ്‌സണ്‍, ഹെമിംഗ്വേ, ബര്‍ട്രാന്‍ഡ് റസ്സല്‍, ബ്രഹ്റ്റ്, സാര്‍ത്രെ പോലുള്ള പ്രമുഖരും പ്രശസ്തരുമായ പലരുടെയും ജീവിതത്തിലെ ഏറ്റവും ഹീനവും രാക്ഷസീയവുമായ വശങ്ങളെ ഏറെ തെളിവുകളോടെ പരിചയപ്പെടുത്തുന്ന പോള്‍ ജോണ്‍സണ്‍ രചിച്ച വിഖ്യാത കൃതിയാണ് Intellectuals (Harper and Row publishers, New York).
പ്രശസ്ത നാടകകൃത്തായ ബ്രഹ്റ്റ് അനേകം സ്ത്രീകളെ നശിപ്പിച്ചു. അവരില്‍ തനിക്കുണ്ടായ കുഞ്ഞുങ്ങളെ തിരിഞ്ഞുനോക്കിയതേയില്ല. ലെനിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സമൂഹത്തിന് സേവനമനുഷ്ഠിക്കാനായി വ്യക്തികളോട് കരുണയില്ലാതെ പെരുമാറണമെന്ന് അയാള്‍ ഉദ്‌ഘോഷിച്ചു. സാമാന്യ മര്യാദ പോലും പലപ്പോഴും പുലര്‍ത്തിയില്ല.
സാര്‍ത്രെയുടെ സ്ത്രീവേട്ട അതിഭയങ്കരമത്രെ. പേരക്കുട്ടികളുടെ പ്രായമുള്ള പെണ്‍കുട്ടികളെ പ്രാപിക്കുകയും ആവശ്യപൂര്‍ത്തീകരണത്തിനു ശേഷം അവരെ ചവിട്ടിപ്പുറത്താക്കുകയും ചെയ്തു. തന്റെ അനിയന്ത്രിതമായ ലൈംഗിക വേഴ്ചകളെക്കുറിച്ച് പരസ്യമായി സംസാരിക്കുക സാര്‍ത്രെ പതിവാക്കിയിരുന്നു.
ഒരുവിധ മൂല്യങ്ങളെയും മാനിക്കാത്ത കഥാപാത്രങ്ങളെയാണ് അത്തരക്കാര്‍ മഹത്വവല്‍ക്കരിക്കുക. കുടുംബ ബന്ധങ്ങള്‍ തന്റെ സൈ്വര ജീവിതത്തിന് വിഘാതം വരുത്തുമോയെന്ന് ഭയന്ന് വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ഗര്‍ഭം അലസിപ്പിക്കാനായി 4000 ഫ്രാങ്ക് മോഷ്ടിക്കുകയും ചെയ്ത മാത്യുവിനെയാണ് തന്റെ വിഖ്യാത കൃതിയായ 'സ്വാതന്ത്ര്യത്തിലേക്കുള്ള പാത' (Roads to Freedom) യില്‍ അദ്ദേഹം പരിചയപ്പെടുത്തുന്നത്. ഭര്‍ത്താവിന്റെ പുത്രനാല്‍ തനിക്കുണ്ടായ കുഞ്ഞാണ് കാമുകനുമായുള്ള ബന്ധത്തിന് തടസ്സമെന്ന് കരുതി അതിനെ ക്രൂരമായി കൊലപ്പെടുത്തുന്ന ആബി എന്ന സ്ത്രീയെ യൂജീന്‍ ഓനീലും പരിചയപ്പെടുത്തുന്നു. അദ്ദേഹം തന്നെ മാതാവിന്റെ മൃതദേഹം കാലിഫോര്‍ണിയയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുമ്പോള്‍ മൂക്കറ്റം മദ്യപിക്കുകയും തെരുവ് വേശ്യയെ കൂടെ താമസിപ്പിക്കുകയും ചെയ്ത ജെയിംസിനെ അവതരിപ്പിക്കുന്നു.
സമൂഹം മതമുക്തമാകുമ്പോള്‍ അരാജകത്വം സാര്‍വത്രികമാകുന്നു. നിരീശ്വരവാദികളുടെ ഭരണം നിലവിലുണ്ടായിരുന്നപ്പോള്‍ പല നാടുകളിലെയും സ്ഥിതി അതായിരുന്നു.
മതനിരാസം സൃഷ്ടിക്കുന്ന ലൈംഗിക അരാജകത്വത്തിന്റെ വ്യാപ്തി അറിയാന്‍ ദൈവനിഷേധികളുടെയും മതവിരുദ്ധരുടെയും നാടായിരുന്ന കിഴക്കന്‍ ജര്‍മനിയിലെ ഏറെ പ്രചാരമുള്ളതും ഭരണകക്ഷിയുടെ മുഖപത്രവുമായിരുന്ന ലൈപ്ജിഗര്‍ ഫോക്‌സൈറ്റുംഗില്‍ അക്കാലത്ത് പ്രത്യക്ഷപ്പെട്ട രണ്ട് വിവാഹ പരസ്യം മാത്രം വായിച്ചാല്‍ മതി. അവയിങ്ങനെ സംഗ്രഹിക്കാം: 'ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായിട്ട് ഒമ്പത് മാസവും പതിനേഴ് ദിവസവുമേ ആയിട്ടുള്ളൂ. എന്റെ ഭാര്യ സുന്ദരിയാണ്. ആരോഗ്യവതിയും കാര്യഗ്രഹണ ശേഷിയുള്ളവളും സന്ദര്‍ഭത്തിനനുസരിച്ച് പെരുമാറാന്‍ കഴിയുന്നവളുമാണ്. കൂടാതെ നന്നായി നൃത്തം ചെയ്യാന്‍ കഴിയും. സാമാന്യം നന്നായി മദ്യപിക്കാനും. സല്‍ക്കാരപ്രിയയായ അവള്‍ക്ക് കുഞ്ഞുങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും ഇഷ്ടമാണ്. ഞാനാണെങ്കില്‍ ശാന്തനും ആരോഗ്യവാനുമാണ്. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ കുടുംബത്തെ ഒരു മാതൃകാ കുടുംബമായി വിശേഷിപ്പിക്കാം. ഞങ്ങള്‍ക്ക് തല്‍ക്കാലം ഒന്ന് മാറി താമസിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നു. ചിലപ്പോഴത് സ്ഥിരമായ വേര്‍പ്പെടലും ആയിക്കൂടെന്നില്ല. ഞങ്ങളുടെ രീതികളുമായി പൊരുത്തപ്പെടുന്നവരുമായി ഒരു മാറ്റത്തിന് ഞങ്ങള്‍ തയാറാണ്. അതായത് ഒരു വെച്ചുമാറ്റം. താല്‍പര്യമുള്ളവര്‍ ഏഴു ദിവസത്തിനകം ഈ വിലാസത്തില്‍ എഴുതുക (കാള്‍രമായിന്‍സ് ജാക്കം, ഫമീലിയ, ലുഡ്ഷ വിഷ് യാന്‍ സ്ട്രാഡേ, 072. കണകടീവ്.മക്‌ലീബര്‍ഗ്, ഈസ്റ്റ് ജര്‍മനി 7113).
1990 മാര്‍ച്ച് 20-ന് മുപ്പത്തിമൂന്നുകാരിയായ കാതറിന്‍ സ്‌ട്രോവര്‍ കൊടുത്ത പരസ്യമിങ്ങനെ വായിക്കാം: 'ഞാന്‍ നാല് കുട്ടികളുടെ മാതാവാണ്. നാലു പേരും നാല് പിതാക്കളില്‍ ജനിച്ചവര്‍. മൂത്തവന്റെ പിതാവ് നിക്കരാഗ്വക്കാരന്‍, രണ്ടാമത്തെവള്‍ വിയറ്റ്‌നാം വംശജ, മൂന്നാമത്തെവള്‍ യമന്‍കാരി, നാലാമത്തെവന്‍ ജര്‍മന്‍കാരന്‍. എനിക്കൊരു വിദേശിയെ താല്‍ക്കാലിക ഭര്‍ത്താവായി സ്വീകരിക്കണമെന്നുണ്ട്. അഞ്ചാമതൊരു കുഞ്ഞിനെ സമ്മാനിക്കാന്‍ കഴിവുള്ള, മുകളില്‍ പറഞ്ഞ രാജ്യങ്ങളില്‍ പെടാത്തവര്‍. ഒരാഴ്ചക്കകം നേരിട്ടോ ടെലഫോണിലൂടെയോ ബന്ധപ്പെടുക.'
ലൈംഗികതയോടുള്ള സമീപനം
പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം ഒന്നിച്ചു ജീവിക്കുന്നതിനോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനോ ഒരു തടസ്സവുമില്ലാത്ത നാടാണ് നമ്മുടേത്. ഏതു പുരുഷനും എത്ര സ്ത്രീകളുമായും ലൈംഗിക ബന്ധം പുലര്‍ത്താവുന്നതാണ്. ബന്ധപ്പെടുന്ന സ്ത്രീയുടെ സമ്മതം വേണമെന്നേയുള്ളൂ. സ്ത്രീയുടെ സ്ഥിതിയും ഇതുതന്നെ. എത്ര പുരുഷന്മാരുമായും ബന്ധപ്പെടാവുന്നതാണ്. ദൈവവിശ്വാസമോ മതനിഷ്ഠയോ ഇല്ലാത്തവരെ ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതില്‍നിന്ന് വിലക്കുന്ന ഒന്നുമില്ല.
സ്വതന്ത്ര ലൈംഗികതയെയും അരാജകത്വത്തെയും എതിര്‍ക്കുന്ന മതത്തിന്റെ വിലക്കുകളെ രൂക്ഷമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരാണ് യുക്തിവാദികളുള്‍പ്പെടെയുള്ള ദൈവനിഷേധികള്‍. അതുകൊണ്ടുതന്നെ മതനിയമങ്ങളെയും വിലക്കുകളെയും അവര്‍ നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. അത് വളരെ സ്വാഭാവികവും അനിവാര്യവുമാണ്. മനുഷ്യനെ സംബന്ധിച്ച ഭൗതികവാദത്തിന് മറ്റൊരു തീര്‍പ്പിലെത്തുക സാധ്യമല്ലല്ലോ.
ഏറ്റുമാനൂര്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു: 'മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ അരുതുകള്‍ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ച് ഉണ്ടാക്കിയിട്ടുള്ളവയാണ്. അരുതുകളുടെ അതിര് ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില വ്രതങ്ങള്‍ അനുഷ്ഠിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൗതിക ജീവിതം മാത്രമേയുള്ളൂവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നുവരില്ല. യുക്തിവാദികള്‍ പുകവലിച്ചതുകൊണ്ടോ മദ്യപിച്ചതുകൊണ്ടോ യാതൊരു തകരാറും ഉണ്ടാകാനില്ല' (യുക്തിവാദികളുടെ സാമൂഹ്യ വീക്ഷണം, ഏറ്റുമാനൂര്‍ ഗോപാലകൃഷ്ണന്‍, പുറം 14,15).
മൃഗരതിയും ശവരതിയും
സ്വന്തം മാതാവിനും സഹോദരിക്കും എതിര്‍പ്പില്ലെങ്കില്‍ അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെ എതിര്‍ക്കുന്നതിന് എന്ത് ന്യായവും യുക്തിയുമാണുള്ളതെന്ന ചോദ്യത്തിന് ഇരുവര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ അതാകാമെന്ന നിരീശ്വരവാദിയുടെ മറുപടി വളരെ സ്വാഭാവികം മാത്രം.
എല്ലാ നിരീശ്വരവാദികളും യുക്തിവാദികളാണല്ലോ. അവരുടെ നാടായ ഫിന്‍ലന്റില്‍ മൃഗരതി നിയമംമൂലം അനുവദിക്കപ്പെട്ടിരിക്കുന്നു. അവിടെ ജീവിക്കുന്നവര്‍ക്ക് വളര്‍ത്തുമൃഗങ്ങളുമായി രതിയിലേര്‍പ്പെടാം.
പിഞ്ചുകുഞ്ഞുങ്ങളുടെ കാര്‍ട്ടൂണ്‍ രൂപത്തിലുള്ള അശ്ലീല സിനിമകള്‍ക്ക് ഫിന്‍ലന്റ്, ഡെന്മാര്‍ക്ക് തുടങ്ങിയ നാടുകളില്‍ വിലക്കില്ല.
യുക്തിവാദികളുടെ ആഗോള നേതാവ് റിച്ചാര്‍ഡ് ഡോക്കിന്‍സ് 2018-ല്‍ സന്തോഷപൂര്‍വം ട്വിറ്ററിലൂടെ പങ്കുവെച്ചത് മനുഷ്യമാംസം കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയുന്നതിലൂടെ മനുഷ്യമാംസം കഴിക്കരുതെന്ന വിലക്കിനെ മറികടക്കാമെന്നാണ്. മൃഗരതിയും ശവരതിയും അനുവദിക്കണമെന്നാവശ്യപ്പെട്ടത് സ്വീഡനിലെ ലിബറല്‍ യൂത്ത് ലീഗാണ്.
പ്രമുഖ നാസ്തികനായ ലോറന്‍സ് ക്രോസ് പറഞ്ഞത് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അഗമ്യഗമനം തെറ്റല്ല എന്നാണ്. നാസ്തികരുടെ നേതാവ് പീറ്റര്‍ സിംഗര്‍ മൃഗരതി, ശവരതി, അഗമ്യഗമനം തുടങ്ങിയവക്കു വേണ്ടി വാദിക്കുന്നയാളാണ്. അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അങ്ങകലെയല്ല, ഇങ്ങിവിടെയും രക്തബന്ധുക്കളുമായും കൂടപ്പിറപ്പുകളുമായും തുടങ്ങി മാതാവുമായും പിതാവുമായും വരെ ലൈംഗികബന്ധം ആവാമെന്നും അത് നിയമവിധേയമാക്കണമെന്നും 2019 ജനുവരി 6-ന് പ്രമുഖ യുക്തിവാദി പ്രചാരകന്‍ സി. രവിചന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടന്ന ലിറ്റ്മസ് 19 അന്താരാഷ്ട്ര സ്വതന്ത്ര സെമിനാര്‍ ആവശ്യപ്പെട്ടത് അതിനാലായിരിക്കുമല്ലോ.
പരസ്പരസമ്മതമുണ്ടെങ്കില്‍ അഗമ്യഗമനവും ആവാമെന്ന് വിഷയം അവതരിപ്പിച്ച ആലപ്പുഴ സ്വദേശി മനുപ്രസാദ് പറഞ്ഞു. 'കളിയാട്ടം' എന്ന സെഷനിലായിരുന്നു ഇത്. 'സ്വതന്ത്ര ലൈംഗികത എന്നത് സ്വതന്ത്രചിന്തയുടെ ഒരു ഭാഗമാണ്. പരസ്പര സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ലൈംഗികതയെ കാണുന്നത്. ഇത്തരം ലൈംഗികതയെ ഒരു കാരണവശാലും എതിര്‍ക്കേണ്ടതില്ല.' ഇന്‍സെസ്റ്റ് സെക്‌സ് (രക്തബന്ധുക്കളും കൂടപ്പിറപ്പുകളും മക്കളും മാതാപിതാക്കളുമായുള്ള ലൈംഗികത) പോലും അവര്‍ക്കതില്‍ താല്‍പര്യമുണ്ടെങ്കില്‍ ആകാവുന്നതാണ് എന്നും മനുപ്രസാദ് കൂട്ടിച്ചേര്‍ത്തു. ഇതിനെ പൊതുസമൂഹം എങ്ങനെ കാണുന്നുവെന്ന് ചിന്തിച്ച് അതില്‍ മൗനം പാലിക്കുന്നതില്‍ അര്‍ഥമില്ല (Newstag live.com).
അഛനും മകളും അമ്മയും മകനും സഹോദരനും സഹോദരിയും തമ്മില്‍ ലൈംഗികബന്ധം ആകാമെന്നും മൃഗരതിയും ശവരതിയും വിലക്കേണ്ടതില്ലെന്നും വിശ്വസിക്കുന്നവരും വാദിക്കുന്നവരുമാണ് പ്രവാചകന്റെ വിവാഹങ്ങളെ വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയിലുള്ള യുക്തിവാദികള്‍.
സമാനതകളില്ലാത്ത വിശുദ്ധിയുടെയും നന്മയുടെയും മാനവികമൂല്യങ്ങളുടെയും ഉടമയായ പ്രവാചകനെ വിമര്‍ശിക്കുന്നവരുടെ സദാചാര സങ്കല്‍പ്പം അനാവരണം ചെയ്യാനും തനിനിറം തുറന്നു കാണിക്കാനുമാണ് ഇത്രയും എഴുതിയത്. ഒരുവിധ മൂല്യങ്ങളെയും അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാത്തവര്‍ക്ക് ആരെപ്പറ്റിയും എന്തും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാമല്ലോ.
ലൈംഗികതക്കപ്പുറം
ജീവിതത്തെ ശരീരകേന്ദ്രീകൃതമക്കുകയും ജീവിതലക്ഷ്യം ജഡികേഛകളുടെ പൂര്‍ത്തീകരണത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഭൗതികവാദികളെ സംബന്ധിച്ചേടത്തോളം സ്ത്രീപുരുഷ ബന്ധങ്ങള്‍ ലൈംഗികതയില്‍ ഒതുങ്ങുന്നു. കുടുംബമെന്ന മഹത്തായ ദൈവിക സ്ഥാപനത്തിന് അടിത്തറ പാകുന്ന വിവാഹം അവരെ സംബന്ധിച്ചേടത്തോളം അപ്രസക്തമാണ്. യഥാര്‍ഥത്തില്‍ ലൈംഗികാസ്വാദനം വിവാഹത്തിന്റെ നിരവധി ലക്ഷ്യങ്ങളില്‍ ഒന്ന് മാത്രമാണ്. ലൈംഗികബന്ധം അസാധ്യമായ ദമ്പതികളും പതിറ്റാണ്ടുകളോളം സ്‌നേഹോഷ്മളവും സൗഹൃദപൂര്‍ണവും സംതൃപ്തവുമായ ദാമ്പത്യജീവിതം നയിക്കുന്നു. സന്തോഷത്തോടെയും സംതൃപ്തിയോടെയും കുടുംബത്തെ സംരക്ഷിക്കുന്നു. ഇതൊന്നും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാതെ പ്രവാചകന്റെ വിവാഹങ്ങളെ വിമര്‍ശിക്കുന്നവര്‍ സ്ത്രീപുരുഷ ബന്ധത്തെ ലൈംഗികതക്കപ്പുറം കാണാന്‍ കഴിയാത്തവരാണ്. വിധവകളുടെ സംരക്ഷണവും സാമൂഹികാവശ്യങ്ങളുടെ നിര്‍വഹണവും പാവങ്ങളുടെ പരിരക്ഷണവും ലക്ഷ്യംവെച്ച് പ്രവാചകന്‍ നടത്തിയ വിവാഹങ്ങളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അത്തരക്കാര്‍ക്ക് സാധിക്കാത്തതില്‍ അത്ഭുതമില്ല.