പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇപ്പോള്‍ നിലവിലുള്ള 18 വയസ്സില്‍നിന്ന് 21 വയസ്സായി ഉയര്‍ത്താനുള്ള ആലോചന
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇപ്പോള്‍ നിലവിലുള്ള 18 വയസ്സില്‍നിന്ന് 21 വയസ്സായി ഉയര്‍ത്താനുള്ള ആലോചന നടക്കുന്നുണ്ടെന്നും അധികം വൈകാതെ സര്‍ക്കാര്‍ അതുസംബന്ധിച്ച നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാറിന്റെ ഒരു പത്രവാര്‍ത്ത കാണുകയുണ്ടായി. പുരുഷന്മാരുടെ വിവാഹപ്രായത്തെ സംബന്ധിച്ച ഒരു കാര്യവും വാര്‍ത്തയില്‍ കണ്ടതുമില്ല. അവരുടെ വിവാഹപ്രായം നിലവില്‍ 21 ആണ്. പെണ്‍കുട്ടികളുടേത് 21-ലേക്ക് നീട്ടുമ്പോള്‍ സ്വാഭാവികമായും അവരുടേതു കൂടി നീട്ടണമല്ലോ.
ഇപ്പോള്‍ ഇന്ത്യ അംഗീകരിച്ചിരിക്കുന്ന സ്ത്രീ -പുരുഷ വിവാഹപ്രായം സാമാന്യം തൃപ്തികരമാണെന്ന് പറയാം. വ്യക്തിയുടെ ശാരീരിക-മാനസിക വളര്‍ച്ചയും പക്വതയും കൈവരിക്കാന്‍ ഏതാണ്ട് സാധ്യമാവുന്ന ഒരു കാലമാണിത്. ഈ പ്രായപരിധിയില്‍നിന്ന് വീണ്ടും ഒരു നീട്ടലോ കുറക്കലോ വന്നുചേരുമ്പോഴുണ്ടാകുന്ന സാമൂഹിക-മാനസിക- ആരോഗ്യ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് ഒരു വിശകലനം ആവശ്യമായി വന്നിരിക്കുന്ന സന്ദര്‍ഭമാണിത്.
മതസമൂഹങ്ങളുടെ നിലപാട്
പെണ്‍കുട്ടിയുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് 21-ലേക്ക് മാറ്റുമ്പോള്‍ അത് അപ്പടി പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ മതസമൂഹങ്ങള്‍ക്ക് സാധിച്ചു എന്ന് വരില്ല. സെക്കന്ററി വിദ്യാഭ്യാസവും ഡിഗ്രിയും കഴിഞ്ഞ് പിന്നെയും ഏതാനും വര്‍ഷം കൂടി വിവാഹത്തിന് കാത്തിരിക്കണം. അതിനിടക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും കരസ്ഥമാക്കാന്‍ അവസരം ലഭിക്കുമെങ്കിലും വിവാഹം നീട്ടിക്കൊണ്ടു പോകാന്‍ രക്ഷിതാക്കള്‍ ഇഷ്ടപ്പെട്ടെന്നു വരില്ല. ഇന്ത്യയിലെ മതസമൂഹങ്ങള്‍ മിക്കതും പെണ്‍കുട്ടികളുടെ നേരത്തേയുള്ള വിവാഹത്തെ ആഗ്രഹിക്കുന്നവരാണ്. ഹൈന്ദവ മതവിഭാഗങ്ങള്‍ക്കിടയില്‍ വിവാഹം എന്നത് സാമൂഹികമായ ഒരു കര്‍മമെന്നതിലുപരി മതപരമായ ഒരനുഷ്ഠാനം കൂടിയാണ്. ഹൈന്ദവ ജീവിത ദര്‍ശനം വലിയൊരളവോളം നാം കാണുന്നത് മനുവിന്റെ ധര്‍മസംഹിതയിലാണ്. പ്രായപൂര്‍ത്തിയായില്ലെങ്കിലും ശരി പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കേണ്ടത് കുട്ടിയുടെ മാതാപിതാക്കളുടെ ധര്‍മമാണ്. അങ്ങനെ ചെയ്യാത്ത രക്ഷിതാക്കള്‍ പാപികളാണ്. അതിനുള്ള ശിക്ഷ അവര്‍ അനുഭവിക്കുക തന്നെ ചെയ്യുമെന്ന് മനുസ്മൃതി രക്ഷിതാക്കളെ താക്കീത് ചെയ്യുന്നുണ്ട്. മനുവിന് ശേഷമുള്ള നിയമജ്ഞനായ ബൃഹസ്പതിയും പെണ്‍കുട്ടിയെ ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിക്കേണ്ടതാണെന്ന് ആജ്ഞാപിക്കുന്നു. പരിഷ്‌കൃത ലോകത്ത് ജീവിക്കുന്നവരാണെങ്കില്‍ പോലും ഹൈന്ദവ മനസ്സ് വിവാഹത്തെ ഒരു വൈദിക സംസ്‌കാരമായി പരിഗണിക്കുകയും ധര്‍മസംസ്‌കാരയുക്തമായ മതകര്‍മങ്ങളാല്‍ അത് നിര്‍വഹിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നതിന്റെ ഭാഗമാണ് പെണ്‍കുട്ടിയുടെ നേരത്തേയുള്ള വിവാഹത്തിന് അവരെ പ്രേരിപ്പിക്കുന്നത്.
മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയിലും പെണ്‍കുട്ടിയുടെ വിവാഹത്തിന് വയസ്സ് നിര്‍ണയിച്ചിട്ടില്ല എന്നതിനാല്‍ പ്രായപൂര്‍ത്തിയായ ഉടനെത്തന്നെ അവരുടെ വിവാഹം നടത്താന്‍ താല്‍പര്യം കാണിക്കുന്നവരാണ് അധികപേരും.
പെണ്‍കുട്ടികളുടെ വിവാഹം വൈകുന്നതിനെ എതിര്‍ക്കാനുള്ള മറ്റൊരു പ്രധാന കാരണം വൈദ്യശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്, ഇന്ത്യയിലെ പെണ്‍കുട്ടികള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഋതുമതികളാവുന്നു എന്നതാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്തുന്നതിന് എത്രയോ മുമ്പ് ഇന്ത്യയിലെ കുട്ടികള്‍ ഋതുമതികളാവുന്നു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കാലാവസ്ഥയുടെ വ്യത്യാസമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ഋതുവാകുക എന്നതിനര്‍ഥം കുട്ടി വിവാഹത്തിന് സന്നദ്ധയായിരിക്കുന്നു എന്നാണ്. അതുകൊണ്ട് അധികം വൈകാതെ വിവാഹം നടത്തേണ്ടതാണ്. വിവാഹപ്രായം, ആ നിലക്ക്, നീട്ടുന്നത് ശരിയല്ല എന്നാണ് വൈദ്യശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.
ലൈംഗിക ശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങള്‍
സന്തോഷകരമായ വിവാഹ ജീവിതത്തിനും നല്ല സന്താനങ്ങളുടെ ഉല്‍പാദനത്തിനും പറ്റിയ വയസ്സിനെക്കുറിച്ച് ലൈംഗിക ശാസ്ത്രജ്ഞന്മാര്‍ ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ പ്രായമാകുന്നതിന് മുമ്പുള്ള വിവാഹമാണ് ഏറ്റവും നല്ലത് എന്ന് പലരും സമ്മതിച്ചിട്ടുണ്ട്. മനുഷ്യന് ഉല്‍പാദനശേഷിയുണ്ടാവുകയും ലൈംഗിക ഗ്രന്ഥികള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തശേഷം വളരെ കാലത്തോളം അവക്ക് പ്രവര്‍ത്തനം നടത്താനുള്ള സന്ദര്‍ഭം നല്‍കാതെ അടിച്ചമര്‍ത്തിക്കൊണ്ട് ജീവിക്കണമെന്ന് പറയുന്നത് പ്രകൃതിവിരുദ്ധമാണെന്നാണ് നേരത്തേയുള്ള വിവാഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ലൈംഗിക സംതൃപ്തി നേടാനുള്ള മനുഷ്യസഹജമായ അഭിവാഞ്ഛ സ്ത്രീ-പുരുഷന്മാരെ അധാര്‍മികവും അസാന്മാര്‍ഗികവുമായ വഴികളിലേക്ക് നീക്കിയേക്കുമെന്നും അതില്‍നിന്ന് അവരെ തടഞ്ഞു നിര്‍ത്താന്‍ കാലേക്കൂട്ടിയുള്ള വിവാഹമാണ് ഉപകരിക്കുക എന്നും അഭിപ്രായപ്പെടുന്നുണ്ട്. വളരെക്കാലം ഇങ്ങനെ വികാരത്തെ അടക്കിവെക്കുകയോ തെറ്റായ മാര്‍ഗത്തിലൂടെ സംതൃപ്തി നേടാന്‍ ശ്രമിക്കുകയോ ചെയ്യുന്നതുകൊണ്ട് പിന്നീട് അത്തരക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പൂര്‍ണമായ ആനന്ദം കണ്ടെത്താന്‍ സാധിക്കാതെ വരുന്നു. ഇതിനൊക്കെ പരിഹാരമെന്ന നിലക്ക് നേരത്തേ വിവാഹം ചെയ്യുന്നതാണ് ഉത്തമം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Womanhood and Marriage എന്ന വലിയൊരു ഗ്രന്ഥം എഴുതിയ പ്രസിദ്ധ ലൈംഗിക മനഃശാസ്ത്രജ്ഞനായ ബെര്‍നര്‍ മാക്ഫഡന്‍ (Berner Macfaddan) നേരത്തേയുള്ള വിവാഹത്തെ അനുകൂലിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളാണ് ഗ്രന്ഥത്തില്‍ നിരത്തിവെക്കുന്നത്. പുരുഷന്മാര്‍ ചെറുപ്പത്തില്‍ വിവാഹിതരാവുന്നതാണ് ഏറ്റവും അഭികാമ്യമായിട്ടുള്ളതെന്നും സ്ത്രീയുടെ വിവാഹപ്രായം പതിനെട്ട് ആയിരിക്കണമെന്നുമാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. പതിനെട്ട് വയസ്സിന് മുമ്പും മുപ്പതിന് ശേഷവുമുള്ള ആദ്യ പ്രസവം പ്രയാസം നിറഞ്ഞതായിരിക്കാന്‍ സാധ്യതയുണ്ട്. ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയ്ക്കുള്ള ആദ്യത്തെ പ്രസവമാണ് വളരെയേറെ സുഖകരമായിത്തീരുക. അതുകൊണ്ട് പതിനെട്ടോ പത്തൊമ്പതോ വയസ്സില്‍ തന്നെ സ്ത്രീകള്‍ വിവാഹിതരാവണമെന്നാണ് പലതെളിവുകളുടെയും അടിസ്ഥാനത്തില്‍ മാക്ഫഡന്‍ സമര്‍ഥിക്കുന്നത്. ഇതേപോലെ ഈ രംഗത്ത് ധാരാളം ഗവേഷണം നടത്തിയ രണ്ട് വിദഗ്ധരായിരുന്നു ഹെഗനും മാക്സ്‌ക്രിസ്റ്റിയനും (Hegan and Maxchristian) അവരുടെ പഠനത്തില്‍ അവര്‍ എത്തിച്ചേര്‍ന്ന നിഗമനം പുരുഷന്‍ 25 വയസ്സാകുമ്പോഴേക്കും സ്ത്രീ അതിന് അഞ്ചാറു വര്‍ഷം മുമ്പും വിവാഹിതരാവുന്നതാണ് അഭികാമ്യം എന്നാണ്.
ഇന്ത്യക്കാരെ സംബന്ധിച്ചേടത്തോളം നേരത്തേ വിവാഹം നടത്തുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെടുന്ന നിരവധി ശാസ്ത്രജ്ഞര്‍ വേറെയുമുണ്ട്. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യന്‍ സ്ത്രീകളുടെ സന്താനോല്‍പാദനം വേഗത്തില്‍ അവസാനിക്കുന്നുവെന്നതാണ് അതിനു കാരണമായി പറയപ്പെടുന്നത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ഇന്ത്യയിലെ ശ്രമത്തിനെതിരായി വളരെ മുമ്പ് തന്നെ സ്ത്രീകളുടെ ഭാഗത്തു നിന്ന് എതിര്‍പ്പുകള്‍ വന്നിരുന്ന കാര്യവും സ്മരണീയമാണ്. ധാര്‍മിക-സാമൂഹിക-ആരോഗ്യ സംഘടന എന്ന പേരില്‍ ഒരു സംഘടന കുറേ മുമ്പ് സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നു (ഇപ്പോള്‍ ആ സംഘടന നിലവിലുണ്ടോ എന്നറിയില്ല). അതിന്റെ സെക്രട്ടറിയായ മിസിസ് ശകുന്തളാ ലാല്‍ പറഞ്ഞത്, പതിനാറിനും ഇരുപതിനും ഇടയ്ക്കുള്ള കാലം പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സൗഭാഗ്യകരവും അതേസമയം സങ്കീര്‍ണവുമായ കാലമാണെന്നാണ്. ഈ കാലത്തിനുള്ളില്‍ പെണ്‍കുട്ടികള്‍ വിവാഹിതരാവേണ്ടതാണ്. ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളാണ് ഭര്‍ത്താക്കന്മാരുടെ ഇഷ്ടാനിഷ്ടം മനസ്സിലാക്കി പെരുമാറുകയും നല്ല ഭാര്യമാരായി സൗഭാഗ്യകരമായ ദാമ്പത്യ ജീവിതം നയിക്കുകയും ചെയ്യുന്നത് എന്നാണ്.
അഖിലേന്ത്യാ വനിതാ കോണ്‍ഫറന്‍സ് എന്ന സംഘടനയും വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ പ്രസിഡന്റായിരുന്ന മിസിസ് എം.എസ്.എച്ച് ജാബ് പാലയും വിവാഹപ്രായം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നിയമനിര്‍മാണത്തെയും ഉയര്‍ന്ന വയസ്സില്‍ മാത്രം വിവാഹം ചെയ്യുന്നതാണ് നല്ലതെന്നുള്ള മനോഭാവം സൃഷ്ടിക്കാനുള്ള നീക്കത്തെയും അതിശക്തമായി എതിര്‍ത്തുവന്ന കാര്യവും ശ്രദ്ധേയമാണ്.