ശ്രീനാരായണ ഗുരു ഓപ്പണ്‍സര്‍വകലാശാല ചില ചോദ്യങ്ങള്‍
കെ.കെ ശ്രീദേവി
നവംബര്‍ 2020
ശ്രീനാരായണഗുരുവിന്റെ പേരില്‍ ഒരു 'ഓപ്പണ്‍ യൂനിവേഴ്‌സിറ്റി' വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന
ശ്രീനാരായണഗുരുവിന്റെ പേരില്‍ ഒരു 'ഓപ്പണ്‍ യൂനിവേഴ്‌സിറ്റി' വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഒരു മുന്‍വിധിയുണ്ട് - 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ നാമധേയം ശ്രീനാരായണീയര്‍ എങ്ങനെ കാണുന്നുവെന്ന്. 'ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' എന്ന മഹദ് വചനം അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. അതുകൊണ്ടുതന്നെ തികച്ചും നിഷ്പക്ഷമായ ഒരു സമീപനം സര്‍ക്കാരില്‍നിന്നും ഗവണ്‍മെന്റില്‍നിന്നും ജനങ്ങള്‍ ആഗ്രഹിക്കും.
ഒന്ന് ശ്രദ്ധിക്കുക - പ്രസ്തുത ഓപ്പണ്‍ സര്‍വകലാശാലയില്‍ അടിസ്ഥാന വയസ്സില്ല. ആര്‍ക്കും അപേക്ഷിക്കാമത്രെ. ഒരു മാനദണ്ഡം സര്‍ക്കാര്‍ മുന്നോട്ട് വെക്കുമ്പോള്‍ നിശ്ചിത വയസ്സ്, പ്രായപരിധി ഇല്ലെങ്കില്‍ എവ്വിധമായിരിക്കും തെരഞ്ഞെടുപ്പു പ്രക്രിയ? ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശയുള്ളവരെ തെരഞ്ഞെടുക്കാം എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സാധാരണക്കാരന്റെ അതായത് ശിപാര്‍ശയുടെ പുറകില്‍ പോകാന്‍ ആളില്ലാത്ത പഠിതാക്കളുടെ ഗതിയെന്ത്? ഇവ്വിധമൊരു വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലാണ്. ഫസ്റ്റ് ജെ.ഇ.ടി ഫെല്ലോഷിപ്പ് നേടിയ ഞാന്‍ സി.പി.ഐ(എം)ന്റെ, സി.പി.എമ്മിന്റെ മുഖപത്രമായ 'ദേശാഭിമാനി'യുടെ ടെസ്റ്റെഴുതിയിരുന്നു. പോസ്റ്റ്; സബ് എഡിറ്റര്‍ ട്രെയ്‌നി. പരീക്ഷ നടന്നത് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുറ്റത്ത്. ബെഞ്ചും ഡെസ്‌കുമിട്ട് ചോദ്യപേപ്പര്‍ വിതരണം ചെയ്തത് മിസ്റ്റര്‍ വി.വി ദക്ഷിണാമൂര്‍ത്തി. പരീക്ഷയില്‍ വിജയിച്ചുവെന്നും ഇന്റര്‍വ്യൂവിന് 'ദേശാഭിമാനി' എറണാകുളം ബ്യൂറോയില്‍ എത്തണമെന്നും അറിയിപ്പ് ലഭിച്ചു. ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ 'ദേശാഭിമാനി'യില്‍ ജോലിചെയ്യുന്ന ഒരു വനിതയുടെ സഹോദരിയെ പരിചയപ്പെടാനിടയായി. ആ കുട്ടി സി.ഐ.ടി.യു വോയ്‌സില്‍ പ്രവര്‍ത്തിക്കുന്ന പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കുന്നത് എന്ന് സംസാരിച്ചപ്പോള്‍ ഞാനുറപ്പിച്ചു, എന്റെ വണ്ടിക്കൂലി വെറുതെ പോയി. ആ കുട്ടിക്ക് ഉദ്യോഗം ലഭിച്ചുവെങ്കിലും മാതൃഭൂമിയില്‍നിന്നും ഉദ്യോഗത്തിന് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചുവെന്ന് പ്രസ്തുത ഉദ്യോഗാര്‍ഥിയുടെ സഹോദരി, ഞാന്‍ എന്‍.ജി.ഒ യൂനിയന്‍ ഹാളില്‍ മിസ്റ്റര്‍ എം.എന്‍ വിജയന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോകവെ, സംസാരിക്കുകയുണ്ടായി.
പിന്നീട് അഭിമുഖ കര്‍ത്താക്കളിലൊരാളെ അവിചാരിതമായി കണ്ടപ്പോള്‍, ഞാന്‍ എഴുന്നേറ്റുനിന്ന് അദ്ദേഹത്തിന് ഇരിപ്പിടം കൊടുത്തു. ജില്ലാ കമ്മിറ്റിയുടെ സ്‌ട്രോങ്ങ് റെക്കമെന്റേഷന്‍ ഉള്ളവര്‍ക്കാണ് ഉദ്യോഗം നല്‍കിയത് എന്നദ്ദേഹം സംസാരിക്കുകയുണ്ടായി. എന്റെ മക്കള്‍ നന്നെ ചെറുതായതുകൊണ്ട്, ഇനി അഥവാ ഞങ്ങളുടെ താമസസ്ഥലത്തില്‍നിന്നും ദൂരെയാണെങ്കില്‍ ഞാന്‍ ഉദ്യോഗം വഹിക്കുന്ന പ്രശ്‌നമില്ല എന്നതുകൊണ്ട് ഞാന്‍ നിശ്ശബ്ദം കേട്ടുനിന്നു.
ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി ഭരിക്കുമ്പോള്‍ അവരുടെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രം നിയമനം നല്‍കുന്ന പ്രക്രിയ ആശാസ്യമാണോ എന്ന് സാധാരണക്കാരന്‍ ചിന്തിച്ചാല്‍ കുറ്റം പറയാനാകുമോ?
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഒരു യാഥാര്‍ഥ്യമായി കാണാന്‍ കേരള ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതായി സി.പി.എമ്മിന്റെ മുഖപത്രമായ 'ദേശാഭിമാനി'യില്‍ വന്ന വാര്‍ത്ത കണ്ട് ഏതൊരു സാധാരണക്കാരനും ചിന്തിക്കുന്ന ഒന്നുണ്ട്:
പി.എസ്.സി നിയമനങ്ങളും പാര്‍ട്ടി പത്രത്തിലെ നിയമനങ്ങളും പോലെ ഒരു പ്രഹസനമായിരിക്കുമോ? എന്റെ അമ്മ നേരില്‍ കാണാനിടയായ (അമ്മയുടെ ബാല്യത്തില്‍) ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള ഒരു സര്‍വകലാശാലയും?
കേരള, കോഴിക്കോട്, കണ്ണൂര്‍, മഹാത്മാ ഗാന്ധി (എം.ജി യൂനിവേഴ്‌സിറ്റി) യൂനിവേഴ്‌സിറ്റികളുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും ശ്രീനാരായണ സര്‍വകലാശാലയുടെ കീഴിലായിരിക്കുമത്രെ!
രജിസ്‌ട്രേഷന്‍ മുതല്‍ മൂല്യനിര്‍ണയം വരെയുള്ള എല്ലാ പ്രവൃത്തികളും ഓണ്‍ലൈനിലാണ്. നിയന്ത്രണത്തിനായി അഞ്ച് ഐ.ടി വിദഗ്ധരടങ്ങുന്ന സൈബര്‍ കൗണ്‍സിലുമുണ്ട്.
ഏറ്റവും രസകരമായ വസ്തുത, വിദേശഭാഷകള്‍ ഉള്‍പ്പെടെ കോഴ്‌സുകളെല്ലാം തന്നെ ഏത് പ്രായക്കാര്‍ക്കും പഠിക്കാമെന്ന് 'ദേശാഭിമാനി'യില്‍ വാര്‍ത്തയുണ്ടായിരുന്നു എന്നതു തന്നെ.
ഭരണസിരാകേന്ദ്രത്തിലിരുന്ന് കോണ്‍സിക്യുന്‍സസ് -വരുംവരായ്കകള്‍- ചിന്തിക്കാതെയുള്ള ഈ ഡിസിഷന്‍ -തീരുമാനം- ആരുടെ ബുദ്ധിയിലാണുദിച്ചത്? സര്‍വകലാശാല ജനോപകാരപ്രദമോ? പാവം വൈസ് ചാന്‍സലറെ എന്തിന് വലിച്ചിഴക്കുന്നു? അദ്ദേഹമാണെങ്കില്‍ ഒരു നിഷ്പക്ഷമതിയും.