2018-ല്‍ ആരോഗ്യവകുപ്പ് നടത്തിയ ഒരു സര്‍വേയില്‍ ഇന്ത്യയില്‍ 2 കോടി 75 ലക്ഷം ദമ്പതികള്‍ സന്താനഭാഗ്യമില്ലാതെ ദുരിതമനുഭവിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു (കണക്കില്‍ പെടാത്ത ആയിരങ്ങള്‍ വേറെയുമുണ്ടാവാം). അന്ന് ഇക്കാര്യം പത്രമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. വര്‍ഷം രണ്ടു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ തീര്‍ച്ചയായും മുകളില്‍ പറഞ്ഞ സംഖ്യയില്‍ വമ്പിച്ച വര്‍ധനയുണ്ടാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
എന്തുകൊണ്ടാണ് വന്ധ്യത വര്‍ഷം തോറും കൂടിവരുന്നത് എന്നതിലേക്ക് ആഴത്തിലുള്ള അന്വേഷണം നടക്കുന്നില്ല. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം കാത്തിരുന്നു കുട്ടികളില്ലാതെ വരുമ്പോള്‍ നേരെ വന്ധ്യതാ ക്ലിനിക്കില്‍ അഭയം പ്രാപിക്കുകയെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ക്ലിനിക്കിനെ പൂര്‍ണമായി വിശ്വസിച്ചവരില്‍ പലര്‍ക്കുമുണ്ടായ സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്.
സന്താനഭാഗ്യമില്ലാതെ വരുന്നതിന്റെ അടിസ്ഥാന കാരണമെന്തെന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് സ്വന്തം ജീവിത രീതി ഒന്ന് വിശകലനം ചെയ്താല്‍ മതി. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍; അത് ഭക്ഷണമാകാം, വസ്ത്രമാകാം, സൗന്ദര്യവര്‍ധകങ്ങളാവാം, ക്ലീനിംഗ് വസ്തുക്കളുമാവാം. ഇതില്‍ നിറഞ്ഞിരിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തിലെ അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഓരോ വസ്തുക്കളെക്കുറിച്ചും വിശദമായി പരിശോധിക്കാം.
പ്ലാസ്റ്റിക് ബോട്ടില്‍
കുട്ടികളുടെ ലഞ്ച് ബോക്‌സ് മുതല്‍ ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍ വരെ പ്ലാസ്റ്റിക്കില്‍ നിര്‍മിതമാണ്. ഇതിലടങ്ങിയ ബിസ്‌പെനോള്‍-എ എന്ന കെമിക്കല്‍ അപകടകാരിയാണ്. പ്ലാസ്റ്റിക് ബോട്ടിലില്‍ കിട്ടുന്ന വെള്ളം കുടിക്കുമ്പോള്‍ പുരുഷന്മാരില്‍ ബീജോല്‍പാദനം തടയപ്പെടുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. കുപ്പികളിലോ എവര്‍ സില്‍വര്‍ ബോട്ടിലുകളിലോ ശേഖരിക്കുന്ന വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
കീടനാശിനികള്‍
കീടനാശിനികള്‍ ആരോഗ്യത്തെ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന് കണ്ടും കേട്ടും മടുത്തവരാണ് നമ്മള്‍. കാലാകാലങ്ങളായി ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി പ്രയോഗത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയെങ്കിലും അതില്‍നിന്ന് മുക്തരാവാന്‍ നമുക്കിനിയും സാധ്യമായിട്ടില്ല. അടുത്ത കാലത്തായി മാസം തികയാതെയുള്ള പ്രസവങ്ങളുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് അറിയുന്നത്. ഇതിന് കാരണം ചില കീടനാശിനികളാണ്. വന്ധ്യതക്കും ഇത് കാരണമാവുന്നു. നൂറുകണക്കിന് രാസവസ്തുക്കളാണ് നമ്മുടെ ശരീരത്തില്‍ എത്തുന്നത്. അപ്പോള്‍ ഇവയെല്ലാം തന്നെ ശരീരത്തിന്റെ പ്രകൃതിദത്ത പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ കാരണമാവുന്നു. അങ്ങനെയാണ് പുരുഷനില്‍ ബീജക്കുറവിനും സ്ത്രീയില്‍ അണ്ഡോല്‍പാദനവും തടയപ്പെടുന്നത്.
ലാപ്‌ടോപ്പ്
മടിയില്‍ വെച്ചു ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതില്‍നിന്നുണ്ടാവുന്ന താപം ജനനേന്ദ്രിയ ഭാഗങ്ങളില്‍ പ്രവേശിക്കുകയും ബീജത്തിന്റെ ഉല്‍പാദനം തടയപ്പെടുകയും ചെയ്യും. അതുപോലെ സ്ത്രീയുടെ അണ്ഡോല്‍പാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ലാപ്‌ടോപ്പ് മടിയില്‍ വെക്കുമ്പോള്‍ വൃഷണ ഭാഗത്ത് ഏല്‍ക്കുന്ന താപം 2.56 സെല്‍ഷ്യസ് വര്‍ധിക്കുന്നതായാണ് കണ്ടെത്തിയത്.
ലെഡ് (കാരീയം)
വീട്ടിനടിക്കുന്ന പെയിന്റ് എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുക എന്നാണ് പലരുടെയും സംശയം. പെയിന്റുകളില്‍ കൂടുതല്‍ കാണപ്പെടുന്ന ലെഡ് (കാരീയം) ശ്വസിക്കുന്ന വായുവില്‍ കലര്‍ന്ന് ശരീരത്തിലെത്തുമ്പോള്‍ നിരവധി ബുദ്ധിമുട്ടുകള്‍ വ്യക്തിയിലുണ്ടാകുന്നു.
വിദേശത്തുനിന്നു വരുന്ന മിഠായികളിലും ടിന്നിലടച്ച ഭക്ഷ്യവസ്തുക്കളിലും കാരീയത്തിന്റെ അംശമുണ്ട്. സിറാമിക് കപ്പുകള്‍, പെയിന്റ് ചെയ്യപ്പെട്ട സിറാമിക് പ്ലെയിറ്റുകള്‍ എന്നിവയിലെല്ലാം വര്‍ധിച്ച തോതില്‍ ലെഡ് കലര്‍ന്നിട്ടുണ്ട്. ഇത്തരം പാത്രങ്ങള്‍ ഭക്ഷണം വിളമ്പാനും കഴിക്കാനും ഉപയോഗിക്കുന്നത് അപകടം വിളിച്ചുവരുത്തും. പ്രത്യേകിച്ച് ബീജത്തിന്റെയും അണ്ഡത്തിന്റെയും ഉല്‍പാദനത്തെ ഇത് സാരമായി ബാധിക്കുന്നു.
സൗന്ദര്യവര്‍ധകങ്ങള്‍
സൗന്ദര്യവര്‍ധക വസ്തുക്കള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരട്ടി സുന്ദരമാക്കുന്നവരുടെ പിന്നാലെ മാറാരോഗങ്ങള്‍ വരുന്നുണ്ടെന്ന കാര്യം മറക്കരുത്. ഷാംപുവില്‍ കെമിക്കലുകള്‍ ചേര്‍ക്കുന്നുണ്ട്. സോഡിയം ലാറില്‍ സള്‍ഫേറ്റ്, പ്രോപ്പിലിന്‍ ഗ്ലൈക്കോള്‍, മീതൈല്‍ ഐസോതിയോസോലിന്‍ എന്നിവയാണിതില്‍ പ്രധാനപ്പെട്ടവ. ഇവ ഗര്‍ഭസ്ഥ ശിശുവില്‍ ഞരമ്പു സംബന്ധമായ അസുഖത്തിനും കണ്ണിനും പ്രശ്‌നങ്ങളുണ്ടാക്കുന്നു.
ഐ ഷാഡോവില്‍ പോളിത്തിലിന്‍ ടെറാപ്ത്താലേറ്റ് എന്ന കെമിക്കല്‍ അടങ്ങിയിട്ടുണ്ട്. നെയില്‍ പോളിഷ് നിര്‍മാണത്തിലും താലേറ്റ് പോലുള്ള കെമിക്കലുകള്‍ ഉപയോഗിക്കുന്നു. ഇവയെല്ലാം ഹോര്‍മോണ്‍ തകരാറുകള്‍, വന്ധ്യത, കാന്‍സര്‍ എന്നിവക്ക് കാരണമാകുന്നു.
ഹെയര്‍ സ്‌പ്രേ തയാറാക്കുന്നതിന് 11-ല്‍ പരം കെമിക്കലുകള്‍ ഉപയോഗിക്കുന്നു. ഒക്റ്റിനോക്‌സേറ്റ്, ഐസോ പാത്തലേറ്റസ് എന്നിവയാണിതില്‍ പ്രധാനപ്പെട്ടവ. ഹോര്‍മോണ്‍ തകരാറുകള്‍ക്ക് കാരണമാവുന്നതിനാല്‍ പ്രത്യുല്‍പാദന വ്യവസ്ഥയെ താളം തെറ്റിക്കുന്നു. മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്ന മൈലാഞ്ചി ഗര്‍ഭസ്ഥശിശുവില്‍ അംഗവൈകല്യമുണ്ടാക്കാന്‍ സാധ്യതയേറെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭാശയത്തിലെ അംനിയോട്ടിക് അമ്ലത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളാണിതില്‍ പ്രധാനം. ഗര്‍ഭാശയത്തെയും ഇത് ബാധിക്കും. അപ്പോള്‍ ഗര്‍ഭധാരണത്തിനും സാധ്യമാകാതെ വന്നേക്കാം.
പെയിന്റ്, ടൈല്‍സ്
വീടിന്റെ തറയും ചുമരുകളും മോടിപിടിപ്പിക്കാന്‍ കണ്ടെത്തിയ പുത്തന്‍ രീതികള്‍ കണ്ണിന് കുളിര്‍മ പകര്‍ന്നേക്കാം. അതേസമയം ആരോഗ്യത്തിന് ഇവ ഭീഷണിയാണ്. വിനൈല്‍ ഫ്‌ളോറുകള്‍, ബാത്ത് റൂമില്‍ ഇടുന്ന വിനൈല്‍ കര്‍ട്ടന്‍, കൃത്രിമ പശ ഉപയോഗിച്ചു തറയില്‍ ഒട്ടിക്കുന്ന ടൈല്‍സുകള്‍ എന്നിവ മനുഷ്യശരീരത്തിന്റെ നൈസര്‍ഗിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കാരണമാവുന്നു. ഇവയിലെല്ലാം താലേറ്റ് എന്ന കെമിക്കല്‍ കലര്‍ന്നിരിക്കും. ഇത് ശരീരത്തില്‍ എത്താനിടയായാല്‍ പുരുഷനില്‍ ബീജസംഖ്യ കുറയാനും അതിന്റെ ഡി.എന്‍.എ ഘടകത്തെ ബാധിക്കാനും കാരണമാകും.
ക്ലീനിംഗ് വസ്തുക്കള്‍
പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന ലിക്വിഡുകള്‍, തറ വൃത്തിയാക്കാനുള്ള ക്ലീനറുകള്‍, കീടങ്ങളെ നശിപ്പിക്കാനുള്ള ലോഷനുകള്‍ എന്നിവയിലെല്ലാം 'ട്രൈക്ലോസെന്‍' എന്ന രാസവസ്തു കലര്‍ന്നിട്ടുണ്ട്. ഇതാണ് കീടങ്ങളെ നശിപ്പിക്കുന്നതിന് ചേര്‍ത്തുന്നത്. ഈ വസ്തുക്കള്‍ എന്റോക്രൈന്‍ ഡിസ്‌റെപ്റ്റിംഗ് കെമിക്കല്‍ എന്നാണറിയപ്പെടുന്നത്. അതായത് ശരീരത്തിലെ അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ തടയുന്നു എന്നര്‍ഥം.
1970-കളില്‍ ആശുപത്രികള്‍ തുടച്ചു വൃത്തിയാക്കുന്നതിനു ഉപയോഗിച്ച ഈ കെമിക്കല്‍ ഇന്ന് വീടുകളിലെ അകത്തളങ്ങളില്‍ എത്തിയിരിക്കുന്നു. ഈ കെമിക്കല്‍ ഉപയോഗിച്ച് തുടച്ച തറയിലൂടെ കുട്ടികള്‍ കളിക്കുമ്പോള്‍ കൈകളിലും മറ്റും ഒട്ടിച്ചേര്‍ന്ന് വായവഴി ശരീരത്തിലെത്തും. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. വൃത്തിയാക്കാന്‍ സാധാരണ സോപ്പു മതിയെന്നിരിക്കെ എന്തിനാണ് അപകടകരമായ വഴികളിലേക്ക് തിരിയുന്നത്? കൊറോണാ വൈറസിനെ ഒഴിവാക്കാന്‍ സോപ്പിട്ടു കൈകഴുകിയാല്‍ മതിയെന്ന് പറയുമ്പോള്‍ സാധാരണ കീടാണുവിനെ കൊല്ലാന്‍ മറ്റു വഴി തേടുന്നതെന്തിനാണ്?
നോണ്‍സ്റ്റിക് പാത്രങ്ങള്‍
എണ്ണയില്ലാതെ പാചകം ചെയ്യാനുള്ള ഉപാധിയെന്ന നിലക്കാണ് നോണ്‍സ്റ്റിക്കിനെ രംഗത്തിറക്കിയത്. എന്നാല്‍ ഈ പാത്രങ്ങളിലെ പെര്‍ഫ്‌ളൂറിനേറ്റഡ് കോമ്പൗണ്ടുകള്‍ (കെമിക്കല്‍) ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തുന്നതിലൂടെ കാന്‍സറും വന്ധ്യതയും മറ്റു ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുന്നു. മേല്‍പറഞ്ഞ കെമിക്കല്‍ ക്ലീനിംഗ് സ്‌പ്രേകളില്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ദോഷങ്ങള്‍ എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.
പുകവലി
പുകവലിയും സന്താനോല്‍പാദനശേഷിയെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കണം. അതിലെ നിക്കോട്ടിന്‍ ഏതൊക്കെ തരത്തില്‍ ശരീരത്തെ ബാധിക്കുമെന്ന് ചിലര്‍ക്കെങ്കിലും അറിയാം. പുകവലിക്കുമ്പോള്‍ അതില്‍ മൂവായിരം കെമിക്കല്‍ അടങ്ങിയിട്ടുണ്ടെന്നും ഇവയില്‍ 400 എണ്ണം കാന്‍സറിന് കാരണമാവുമെന്നും 'ഫിറ്റ്‌ഫോര്‍ ലൈഫ്' എന്ന പുസ്തകത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അക്രോലിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, അമോണിയ, ഫോമിക് ആസിഡ്, ഹൈഡ്രജന്‍ സൈനയിഡ്, നൈട്രസ് ഓക്‌സൈഡ്, ഫോര്‍മാല്‍ഹൈഡ്, അസിറ്റാല്‍ ഡിഹൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, മീതൈല്‍ ക്ലോറൈഡ്, മെത്തനോള്‍ എന്നിവ അവയില്‍ ചിലതുമാത്രം.
പുകവലിക്കുന്നവരുടെ അരികില്‍ നില്‍ക്കുന്നവര്‍ക്കും ഇതിന്റെ ദൂഷ്യങ്ങള്‍ അനുഭവിക്കേണ്ടിവരും. ഇക്കാരണത്താലാണ് പുകവലിക്കുന്ന വ്യക്തിയുടെ ഭാര്യക്കും ശാരീരികാസ്വാസ്ഥ്യങ്ങള്‍ കാണപ്പെടുന്നത്. വീട്ടില്‍ ആരെങ്കിലും പുകവലിക്കുന്നുണ്ടെങ്കില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഇതിലടങ്ങിയ കെമിക്കല്‍സ് പ്രശ്‌നകാരിയായിത്തീരുന്നതാണ്. അപ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക. നിക്കോട്ടിന്‍ ബീജത്തിന്റെയും അണ്ഡത്തിന്റെയും ആരോഗ്യത്തെ തകരാറിലാക്കും. ആരോഗ്യമുള്ള ബീജവും അണ്ഡവും ചേരുമ്പോള്‍ മാത്രമേ ഗര്‍ഭധാരണവും പ്രസവവും മുറപോലെ നടക്കുകയുള്ളൂ.
സന്താനോല്‍പാദന ശേഷിയില്ലാത്തവര്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ ബീജങ്ങളുടെയും അണ്ഡങ്ങളുടെയും ഉല്‍പാദനത്തില്‍ മാറ്റങ്ങള്‍ ദര്‍ശിക്കാനാവും. അതുവഴി ഗര്‍ഭധാരണത്തിനുള്ള വഴികള്‍ തുറക്കപ്പെടുകയും ചെയ്യും.