ഭരണഘടനാ മൂല്യങ്ങളിലേക്ക് തിരിഞ്ഞുനടക്കുക
രാജ്യം അതിവേഗം പാഞ്ഞടുക്കുകയാണ് സവര്‍ണാധിപത്യ ആണധികാര അധീശത്വ ബോധത്തിലേക്ക്. കഠ്വ, ഉന്നാവ്,
രാജ്യം അതിവേഗം പാഞ്ഞടുക്കുകയാണ് സവര്‍ണാധിപത്യ ആണധികാര അധീശത്വ ബോധത്തിലേക്ക്. കഠ്വ, ഉന്നാവ്, ഇപ്പോഴിതാ ഹഥ്റസ്. യു.പിയില്‍ ഇത് ആദ്യത്തേതോ അവസാനത്തേതോ ആകാന്‍ തരമുള്ളതോ, ജനാധിപത്യവാദികള്‍ പ്രതീക്ഷിക്കാത്ത കാര്യമോ അല്ല, ബലാത്സംഗങ്ങളും മാനംകാക്കാനുള്ള കൊലകളും അടിച്ചുകൊല്ലലുമൊക്കെ പതിവ് ഭരണരീതിയാണ്. അക്രമവും വര്‍ഗീയതയും ശത്രുതയും പ്രത്യയശാസ്ത്രമാക്കിയവരുടെ അധികാര നയമാണത്. ഉന്നാവ് പീഡനക്കേസിലെ പ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെങ്കാറും കൂട്ടരും ഇരയോടും കുടുംബത്തോടും ചെയ്തത് നാട് മുഴുക്കെ കണ്ടതാണ്. അതുപോലെ യാതൊരു അലോസരവുമില്ലാതെയാണ് ഹഥ്റസിലെ പെണ്‍കുട്ടിയോടും കുടുംബത്തോടും ഭയാനകമാംവിധം ഭരണകൂടം പെരുമാറിയത്. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടില്‍ തെളിവു പോലുമില്ലാതെ കത്തിച്ചുകളഞ്ഞിരിക്കുന്നു. കഠ്വ പെണ്‍കുട്ടിയോടും കാണിച്ചത് പീഡിപ്പിക്കുക എന്നതു മാത്രമായിരുന്നില്ല. ന്യൂനപക്ഷത്തെ ശബ്ദമില്ലാതാക്കാനുള്ളൊരു താക്കീതു കൂടിയായിരുന്നല്ലോ. കാമഭ്രാന്തന്മാരുടെ നെറികേടുകളെന്നു പഴിക്കുകയോ മെഴുകുതിരി കത്തിച്ചു പരിഹരിക്കുകയോ ചെയ്യേണ്ട നിസ്സാര പ്രശ്നമല്ലിത്.
മതേതര ജനാധിപത്യ ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പല്ല ഇനിയങ്ങോട്ട് നമ്മെ കാത്തിരിക്കുന്നത്. മനുസ്മൃതിയാല്‍ ഭരിക്കപ്പെടുന്ന സവര്‍ണ ആണധികാര നിയമമാണ്. ആ നിയമത്തിനു കീഴില്‍ പെണ്ണ്, ആദിവാസി, ദലിത് ന്യൂനപക്ഷങ്ങള്‍ ഇവരൊക്കെ എന്തായിത്തീരണമോ അതു തന്നെയാണ് ദിനേന കണ്ടുകൊണ്ടിരിക്കുന്നത്. പെണ്ണ് എങ്ങനെയായിരിക്കണമെന്ന് അവര്‍ക്കൊരു നിയമമുണ്ട്. അത് ബി.ജെ.പി എം.എല്‍.എ പറഞ്ഞതാണ്; 'പെണ്‍കുട്ടികളെ നന്നായി വളര്‍ത്തണ'മെന്ന്. വീട്ടില്‍ തന്നെ അടങ്ങിയൊതുങ്ങിക്കഴിയണം. മേലാളന്മാര്‍ ആരെങ്കിലും വന്നു തൊട്ടുനോക്കിയാല്‍ കത്തിച്ചുകളയുമെന്ന്. അതുകൊണ്ടാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികള്‍, വിദേശ കൈകള്‍, തീവ്രവാദികള്‍ എന്നൊക്കെ ആരോപിക്കുന്നതും പ്രതിഷേധക്കാര്‍ക്കെതിരെ ജാമ്യമില്ലാ കേസ് ചുമത്തുന്നതും ജയിലിലടക്കുന്നതുമൊക്കെ. ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷം ഭരണകൂടത്തിനെതിരെ ആര് എന്തു പറഞ്ഞാലും അത് ദേശദ്രോഹമായും തീവ്രവാദമായും മുദ്രകുത്തുകയാണല്ലോ. ബലാത്സംഗവും സ്ത്രീപീഡനവും തെരഞ്ഞെടുത്ത ജനപ്രതിനിധിയെ തറയിലിരുത്തുന്നതുമൊക്കെ ഇന്നത്തെ ചില ഭരണകര്‍ത്താക്കളുടെ നയമായതുകൊണ്ടാണ് അത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ക്കായി ജയിലറകള്‍ തുറന്നിടുന്നത്.
സ്വതന്ത്ര ഇന്ത്യക്കൊരു ഭരണഘടനയുണ്ടാക്കുമ്പോള്‍ ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കര്‍ ഇത്തരമൊരു സാമൂഹികാവസ്ഥയെ ഭയന്നതുകൊണ്ടാണ് സാമൂഹിക സംവരണത്തെക്കുറിച്ച് ഊന്നിപ്പറയുകയും സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്. ഇന്ത്യയിലെ ജാതിരാഷ്ട്രീയത്തിന്റെ അപകടകരമായ അവസ്ഥയെക്കുറിച്ച് ഇടതുപക്ഷങ്ങള്‍, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്നിവക്ക് കൃത്യമായ ബോധം ഇനിയെങ്കിലുമുണ്ടാകണം. ഈ ജാതി- വംശീയാധിഷ്ഠിത സ്ത്രീപീഡന നയങ്ങള്‍ ഇങ്ക്വിലാബ് വിളിച്ചതുകൊണ്ടു മാത്രം പരിഹരിക്കപ്പെടില്ല. സാമൂഹിക സമത്വത്തിലൂന്നിയ ഭരണഘടനാ മൂല്യങ്ങളിലേക്കുള്ള തിരിച്ചുനടത്തത്തിലൂടെ മാത്രമേ ഇരകള്‍ക്ക് നീതി ലഭ്യമാവുകയുള്ളു എന്ന പ്രതീക്ഷയെങ്കിലും പുലര്‍ത്താനാകൂ. അത്തരമൊരു മുന്നേറ്റത്തിലൂടെ മതേതര ഇന്ത്യയെ രക്ഷിച്ചെടുക്കാനാകട്ടെ.