മുഹമ്മദ് നബി ഖുര്‍ആന്‍ നിലാവൊഴുകിയ ധന്യജീവിതം

ടി.ഇ.എം റാഫി വടുതല No image

പ്രവാചകശിഷ്യരില്‍ പ്രമുഖനാണ് അബൂദര്‍റുല്‍ ഗിഫാരി. വിജനമായ മരുഭൂമിയുടെ വന്യത വകഞ്ഞുമാറ്റി പ്രവാചകസന്നിധിയില്‍ വന്ന് അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചു. ഹൃദയസാക്ഷ്യം കഅ്ബാലയത്തിനു മുന്നിലെ അനശ്വര പ്രഖ്യാപനമായി. അതൊരു ചരിത്ര വിസ്മയവും. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോയി. ഖാഫില കൂട്ടം പോലെ ഗിഫാര്‍ ഗോത്രത്തിലെ ആബാലവൃദ്ധം ജനങ്ങളും മദീനയിലേക്ക് നീങ്ങി. മുന്നില്‍ അബൂദര്‍റും. സ്‌നേഹ റസൂല്‍ യാത്രയായി. വെളിച്ചം വിതറിയ ഖിലാഫത്തുര്‍റാശിദയും അസ്തമയത്തോടടുത്തു. രാജാധിപത്യത്തിന്റെ സുഖലോലുപതയില്‍ നാടും നാടുവാഴികളും അകപ്പെട്ടു. പണപ്രമത്തതയോടുള്ള പകയടങ്ങാത്ത കനലുമായി അബൂദര്‍റ് വിജനവും വിദൂരവുമായ റബ്ദയില്‍ താമസമാക്കി.
കാലം പിന്നെയു കുറച്ചു കഴിഞ്ഞു. അബൂദര്‍റ് മരണത്തോടടുത്ത നിമിഷങ്ങള്‍. കൂട്ടിരുന്ന കുട്ടിയും അബലയായ ഭാര്യയും കണ്ണീര്‍ വാര്‍ക്കുന്നു. എന്തിനാണ് കരയുന്നത്, മരണം എല്ലാവര്‍ക്കുമുള്ളതല്ലേ? അബൂദര്‍റ് അവരോട് ചോദിച്ചു. താങ്കള്‍ ഈ വിജനമായ മരുഭൂമിയില്‍ മരിച്ചാല്‍ കഫന്‍ ചെയ്യാന്‍ ഒരു കഷ്ണം തുണി പോലുമില്ല. എന്നെ സഹായിക്കാന്‍ സഹചാരികള്‍ ആരുമില്ല. സങ്കടത്തോടെ അവര്‍ മറുപടി പറഞ്ഞു. അബൂദര്‍റിന്റെ ശ്വാസം മന്ദഗതിയിലായി. ശരീരം നിശ്ചലമാകാന്‍ തുടങ്ങി. അന്ത്യശ്വാസത്തിലെത്താന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. അണയാന്‍ പോകുന്ന വിളക്ക് ആളിക്കത്തുന്ന പോലെ അബൂദര്‍റിന്റെ മുഖം പ്രസരിച്ചു. കണ്ണുകള്‍ തിളങ്ങി, വാക്കുകള്‍ വീണ്ടും വാചാലമായി. 'പ്രിയസഖീ; നീ കരയരുത്. പ്രവാചക സദസ്സില്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കെ അദ്ദേഹം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്; നിങ്ങളില്‍ ഒരാള്‍ വിജനമായ മരുഭൂമിയില്‍ മരണമടയും. യാദൃഛികമായി വിശ്വാസികളിലൊരു വിഭാഗം അതിനു സാക്ഷിയാകും. അവര്‍ ആ മയ്യിത്ത് മറവ് ചെയ്യും. പ്രവാചക സദസ്സിലുണ്ടായിരുന്ന ആ കൂട്ടുകാരൊക്കെയും വിടപറഞ്ഞു. ഇനി  അവശേഷിക്കുന്നത് ഞാന്‍ മാത്രം. അതും ഈ വിജനമായ മരുഭൂമിയില്‍. നീ ഭയപ്പെടരുത്. പ്രവാചകന്‍ വാഗ്ദാനം ചെയ്ത ആദര്‍ശ സംഘം ഇവിടെ എത്തുക തന്നെ ചെയ്യും.' വിടര്‍ന്ന കണ്ണുകള്‍ മെല്ലെ മെല്ലെ അടഞ്ഞു. വിജനമായിരുന്ന മരുഭൂമിയില്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ നേതൃത്വത്തിലുള്ള സംഘം അവിചാരിതമായി എത്തി. മൗനം തളംകെട്ടി നിന്ന റബ്ദ. മരുഭൂമിയുടെ ആറടി മണ്ണില്‍ അബൂദര്‍റിന്റെ ചേതനയറ്റ ശരീരം മറവ് ചെയ്തു. ജീവന്‍ വിടപറയുന്ന അന്ത്യനിമിഷത്തിലും അബൂദര്‍റിന്റെ ഹൃദയത്തില്‍ പ്രതീക്ഷയായി പെയ്തിറങ്ങി സ്‌നേഹ റസൂല്‍.
ഓര്‍മകള്‍ നശിക്കുന്നതുവരെ ഓര്‍ത്തിരിക്കേണ്ട ഏക മനുഷ്യനാമം മുഹമ്മദുര്‍റസൂലുല്ലാഹ്. നിലക്കാത്ത ആ മഹത്വ ജീവിതത്തിന്റെ അവിസ്മരണീയ സാന്നിധ്യമാണ് ആദര്‍ശ ജീവിതത്തിന്റെ അകം പൊരുള്‍. പ്രപഞ്ച സ്രഷ്ടാവിന്റെ പേരിനോടൊപ്പം കാലാതിവര്‍ത്തിയായി കാലം ശ്രവിച്ചുകൊണ്ടിരിക്കുന്ന ഏക നാമമത്രെ മുഹമ്മദ്. അഞ്ചു നേരത്തെ നമസ്‌കാരത്തിനു ബാങ്ക് മുഴങ്ങുന്ന മുഅദ്ദിനിന്റെ 'അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്' പ്രഖ്യാപനത്തോടൊപ്പം അലയടിക്കുന്നു 'അശ്ഹദു അന്ന മുഹമ്മദുര്‍റസൂലുല്ലാഹ്'.
''പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു'' (ആലുഇംറാന്‍ 31).
ആകാശത്തുനിന്ന് മരുഭൂമിയുടെ വചനപ്രസാദമായി പെയ്തിറങ്ങിയ വിശുദ്ധ ഖുര്‍ആന്‍ ഒരു ജീവിതപ്രവാഹമായി പ്രവാചകനിലൂടെ ഒഴുകി പരക്കുകയായിരുന്നു. പാദത്തില്‍ നീരു കെട്ടി നമസ്‌കരിക്കുന്ന ദൈവദാസന്‍, പ്രണയാര്‍ദ്ര വികാരം നിറഞ്ഞ ഭര്‍ത്താവ്, വാത്സല്യ നിധിയായ പിതാവ്, സ്‌നേഹം ഇളംതെന്നലായി വിശീയ വല്യുപ്പ, പ്രജാ തല്‍പരനായ ഭരണാധികാരി, സത്യസന്ധനായ വ്യാപാരി, ഹരിതപ്രതീക്ഷയുള്ള കര്‍ഷകന്‍, വിനയം നിറഞ്ഞ വിദ്യാര്‍ഥി, സുവിശേഷം പകര്‍ന്ന അധ്യാപകന്‍, അടിയറവ് പറയാത്ത അഭയാര്‍ഥി, സഹനപര്യായമായ ഇടയന്‍, പള്ളി മിമ്പറില്‍ വടിപിടിച്ച പ്രഭാഷകന്‍, പടക്കളത്തില്‍ പടവാളേന്തിയ പട്ടാള മേധാവി, മനുഷ്യസ്‌നേഹിയായ പ്രബോധകന്‍, ആഹ്ലാദം അതിരു വിടാത്ത വിജയി, പോരാടി വിജയിച്ച പരാജിതന്‍, അന്യായം അംഗീകരിക്കാത്ത ന്യായാധിപന്‍, അപകര്‍ഷബോധമില്ലാത്ത അനാഥന്‍, ഹൃദയം മുള്ളുവേലി കെട്ടിതിരിക്കാത്ത അയല്‍വാസി, ധൂര്‍ത്തില്ലാത്ത ധനികന്‍, പരിഭവങ്ങളില്ലാത്ത ദരിദ്രന്‍, പലിശ നിര്‍മാര്‍ജനം ചെയ്ത സാമ്പത്തിക പരിഷ്‌കര്‍ത്താവ്, കുടിപ്പക അവസാനിപ്പിച്ച രാഷ്ട്രീയ നേതാവ്, പെണ്ണിന് ആദരവും അവകാശവും നിശ്ചയിച്ച വനിതാ വിമോചകന്‍, സ്‌നേഹവും സഹനവും ത്യാഗവും സമര്‍പ്പണവും സമരവും സൗന്ദര്യവും സമാസമം പരിലസിച്ച സമ്പൂര്‍ണ മനുഷ്യന്‍. 
പ്രവാചകശിഷ്യന്മാര്‍ മഹതി ആഇശയോട് ചോദിക്കുന്നു; 'എന്താണീ ഭര്‍ത്താവിന്റെ വിസ്മയ സ്വഭാവത്തിന്റെ രഹസ്യം?' തൂമന്ദഹാസം തൂകി ആഇശയുടെ മറുപടി; 'ഖുര്‍ആന്‍ അതൊന്നു മാത്രം.'
''നീ മഹത്തായ സ്വഭാവത്തിനുടമ തന്നെയാകുന്നു'' (അല്‍ഖലം 4).
പ്രവാചകശിഷ്യന്മാര്‍ സ്‌നേഹ റസൂലിന് സസന്തോഷം സമ്മാനങ്ങള്‍ സമര്‍പ്പിക്കുന്നു. സ്വഹാബി വനിത ഉമ്മുസുലൈമിന്റെ കൈവശം സമ്മാനമായി നല്‍കാന്‍ ഒന്നുമില്ല. ആകെയുള്ളത് ആറ്റുനോറ്റ് വളര്‍ത്തുന്ന അനസെന്ന പുത്രന്‍ മാത്രം. ഉമ്മുസുലൈം അനസിന്റെ കൈപിടിച്ച് പ്രവാചക സന്നിധിയില്‍ വന്നു. സമ്മാനമായി നല്‍കാന്‍ എനിക്ക് ഒന്നുമില്ല റസൂലേ... സേവകനായി സ്വീകരിച്ചാലും, എന്റെ പ്രിയപുത്രനെ... ഉമ്മുസുലൈം പറഞ്ഞുനിര്‍ത്തി. സസന്തോഷം നബി അനസിനെ സ്വീകരിച്ചു. കാലമേറെ കഴിഞ്ഞു. കാരുണ്യത്തിന്റെ തിരുദൂതന്‍ അനസിന്റെ ഹൃദയത്തില്‍ ജീവിച്ചു. അനസ് നബിഹൃദയത്തിലും. അനസ് സ്‌നേഹ റസൂലിനെ ഒരുനാള്‍ അനുസ്മരിച്ചു; 'പ്രവാചകനൊപ്പമുള്ള കാലയളവില്‍ അദ്ദേഹം എന്നോട് ഛെ എന്നുപോലും പറഞ്ഞിട്ടില്ലല്ലോ?' ആ മധുരസ്മരണ കവിള്‍ത്തടങ്ങളെ നനയിച്ചിരുന്നു.
നബി, പ്രിയപത്‌നി ആഇശയുടെ വീട്ടിലായിരുന്ന സന്ദര്‍ഭം. ഭാര്യമാരിലൊരാള്‍ പ്രവാചകന് സ്വാദിഷ്ടമായ ഭക്ഷണം ഭൃത്യന്റെ കൈവശം തളികയില്‍ കൊടുത്തയച്ചു. കൗമാര വികാരം വിട്ടുമാറാത്ത ആഇശ അത് തട്ടിത്തെറിപ്പിച്ചു തളിക നിലത്തുവീണുപൊട്ടി. പ്രവാചകന്‍ പൊട്ടിത്തെറിച്ചില്ല. പക്ഷേ പ്രവാചകന്‍ പുഞ്ചിരിച്ചു. പാത്രം ചേര്‍ത്തുവെച്ചു. ഭക്ഷണം അതില്‍ എടുത്തു വെച്ചു. ദാമ്പത്യത്തിന്റെ സുവര്‍ണ നൂലുകള്‍ പ്രവാചകന്‍ ഇഴയകലാതെ നെയ്തു വെച്ചു. 'ആഇശാ, മദീനയുടെ അങ്ങാടിയില്‍ ഇനിയും തളികകള്‍ വാങ്ങാന്‍ കിട്ടും പക്ഷേ, നമ്മുടെ ദാമ്പത്യത്തിന്റെ പളുങ്കുപാത്രം പൊട്ടിപ്പോയാല്‍ ഏത് അങ്ങാടിയില്‍നിന്നാണ് ആഇശ അത് തിരിച്ചു കിട്ടുക?' ആഇശയുടെ അമര്‍ഷം കണ്ണീരണിഞ്ഞ ക്ഷമാപണമായി. പ്രവാചകന്‍ ആഇശയിലേക്ക് പ്രണയപ്രവാഹമായി ഒഴുകുകയായിരുന്നു. സര്‍വോപരി ദാമ്പത്യം സ്‌നേഹവും സഹനവും കാരുണ്യവുമായി, വറ്റാത്ത നിര്‍ഝരിയായി നിലനില്‍ക്കണമെന്ന ഖുര്‍ആനിക പാഠം പരിചയപ്പെടുത്തുകയായിരുന്നു.
''അല്ലാഹു നിങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല. വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്' (അര്‍റൂം: 31).
കാലം പിന്നെയും മുന്നോട്ടുപോയി. തിരുനബി വഫാത്തായി. പ്രവാചക വിയോഗത്തിന്റെ ദുഃഖസ്മൃതികളുമായി ആഇശ ദിനരാത്രങ്ങള്‍ തള്ളിനീക്കി. സഹോദരീപുത്രന്‍ ഉര്‍വത്തുബ്‌നു സുബൈര്‍ മാതൃസഹോദരിയെ തന്റെ വീട്ടില്‍ സല്‍ക്കാരത്തിനു ക്ഷണിച്ചു. നിറയെ വിഭവസമൃദ്ധമായ ഭക്ഷണം. രുചിഭേദങ്ങള്‍ നിറഞ്ഞ ഭക്ഷണത്തളികകള്‍ കണ്ട് ആഇശ മൗനിയായി. പനയോല വിരിച്ച പ്രവാചക ഭവനത്തിലേക്ക് ഓര്‍മകള്‍ കണ്ണുകള്‍ നിറച്ചു. സഹോദരീപുത്രനോട് ആഇശ പറഞ്ഞു: 'മോനേ; എനിക്കിത് ഭക്ഷിക്കാന്‍ സാധിക്കില്ല... പ്രവാചകന്‍ ഇതൊക്കെ കഴിച്ചിട്ടില്ലെന്നു മാത്രമല്ല പലതും ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ല. പ്രവാചക ഭവനത്തില്‍ നിരന്തരമായി രണ്ടു ദിവസം തീ പുകയുന്ന ദിനരാത്രങ്ങള്‍ എനിക്ക് ഓര്‍മയില്ല.' പച്ചവെള്ളവും കാരക്കയും കഴിച്ച് വിശപ്പകറ്റിയ റസൂലിനെ ഓര്‍ത്തപ്പോള്‍ മൗനം വിങ്ങുന്ന തേങ്ങലായി.
ഗ്രാമീണ അറബി പള്ളിയില്‍ മൂത്രമൊഴിച്ചു. സ്വഹാബികളില്‍ പലരുടെയും വികാരം തിളച്ചു. അവര്‍ അദ്ദേഹത്തെ മര്‍ദിക്കാനൊരുങ്ങി. നബി അവരെ തടഞ്ഞു. അനസിനോട് ഒരു ബക്കറ്റ് വെള്ളം കൊണ്ടുവരാനും മൂത്രമൊഴിച്ച സ്ഥലത്ത് ആ വെള്ളം ഒഴിക്കാനും പറഞ്ഞു. ശേഷം പ്രവാചകന്‍ ആ ഗ്രാമീണ അറബിയെ വിളിച്ചു. ഹൃദയം ഹൃദയത്തോട് സംസാരിച്ചു. ഇത് അല്ലാഹുവിന്റെ പരിശുദ്ധ ഭവനമാണ്. അത് മലിനമാക്കരുത്. ദൈവകീര്‍ത്തനങ്ങളും ഖുര്‍ആന്‍ പാരായണങ്ങളും ഉയരുന്ന ഇടമാണിത്. ഗ്രാമീണ അറബിയുടെ ഹൃദയത്തില്‍ ചോക്കും ചൂരലുമില്ലാത്ത ഒരു ഗുരുസാഗരം പിറവിയെടുത്തു.
നജ്ദിന്റെ ഭാഗത്തേക്ക് നബി കുതിരപ്പടയാളികളെ നിയോഗിച്ചു. അവര്‍ ബനൂഹാതിം ഗോത്രക്കാരനും ശത്രുവുമായ സുമാമയെ പള്ളിയുടെ തൂണില്‍ പിടിച്ചുകെട്ടി. നബി സുമാമയുടെ അടുത്ത് ചെന്നു ചോദിച്ചു: 'സുമാമാ, നീ എന്താണ് എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നത്?' സുമാമ പറഞ്ഞു: 'താങ്കള്‍ എന്നെ വധിച്ചാല്‍ ഒരു കൊലയാളിയെ തന്നെയാണ് വധിക്കുന്നത്. ഔദാര്യം കാണിച്ചാല്‍ തികച്ചും കൃതജ്ഞതയുള്ള ഒരാളോടായിരിക്കും ആ ഔദാര്യം.' പ്രവാചകന്‍ സുമാമയെ വിട്ടയച്ചു. പള്ളിക്കടുത്തുള്ള ജലാശയത്തില്‍ സുമാമ മുങ്ങിക്കുളിച്ചു. മനസ്സും ശരീരവും ശുദ്ധമാക്കി പ്രവാചക സന്നിധിയിലെത്തി ശഹാദത്ത് പ്രഖ്യാപിച്ചു. വികാരനിര്‍ഭരനായി സുമാമ പറഞ്ഞു തുടങ്ങി: 'സ്‌നേഹ റസൂലേ, ഭൂമുഖത്ത് താങ്കളുടെ മുഖംപോലെ വെറുക്കപ്പെട്ട ഒരു മുഖം എനിക്കില്ലായിരുന്നു. എന്നാല്‍ ഇന്നെനിക്ക് ഏറ്റവും പ്രിയപ്പെട്ട മുഖമാണ് റസൂലേ അങ്ങയുടെ തിരുവദനം. താങ്കളുടെ മതത്തേക്കാള്‍ വെറുപ്പുള്ള ഒരു മതവും എനിക്കില്ലായിരുന്നു. എന്നാല്‍ ഏറ്റവും മതിപ്പുള്ള മതമാണ് റസൂലേ താങ്കളുടെ പുണ്യമതം. താങ്കളുടെ നാടിനോളം വെറുപ്പുള്ള ഒരു രാജ്യവും എനിക്കില്ലായിരുന്നു. എന്നാല്‍ താങ്കളുടെ പ്രിയപ്പെട്ട നാടാണ് റസൂലേ എനിക്ക് ഇന്ന് പ്രിയപ്പെട്ട മദീന.' ശത്രുവിനെയും മിത്രമാക്കുന്ന വശ്യമനോഹര സ്വഭാവത്തിന്റെ സമ്പൂര്‍ണതയായിരുന്നു ആ പ്രവാചകന്‍.
വിശുദ്ധ ഹറമില്‍ തക്ബീര്‍ ധ്വനി. മക്ക ജനനിബിഡം. സ്വഹാബത്തിന്റെ മുഖത്ത് ആഹ്ലാദനൃത്തം. എങ്ങും മക്കാ വിജയത്തിന്റെ സന്തോഷം. ഖുറൈശികളുടെ മുഖം അതിനാല്‍ വിഷാദം. അവരുടെ കൂട്ടത്തിലൊരു സ്ത്രീ മോഷണം നടത്തിയതിനാല്‍ പലരുടെയും മുഖത്ത് അപമാനം. പക്ഷേ കള്ളിയുടെ കാര്യത്തില്‍ നബിയോട് ആരു സംസാരിക്കും. ഖുറൈശികള്‍ ഉസാമയെ ചട്ടംകെട്ടി. ഉസാമ നബിയോട് സംസാരിച്ചു. പെട്ടെന്ന് പ്രവാചകന്റെ ചുവപ്പോട് കൂടിയ വെളുത്ത മുഖം ചെന്താമര പോലെ ചുവന്നു. തീ പാറുന്ന വാക്കുകള്‍: ''അല്ലാഹുവിന്റെ വിധിയിലാണോ നീ എന്നോട് സംസാരിക്കുന്നത്.'' ഉസാമ ക്ഷമാപണം നടത്തി. ശേഷം തിരുനബി അല്ലാഹുവിനെ സ്തുതിച്ചു, പ്രസംഗിച്ചു; ''നിങ്ങള്‍ക്കു മുമ്പുള്ള സമൂഹം നശിപ്പിക്കപ്പെടാന്‍ കാരണം അവരിലെ ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടും. ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കും. അല്ലാഹുവാണ, മുഹമ്മദിന്റെ പ്രിയപുത്രി കരളിന്റെ കഷ്ണം ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കൈ ഞാന്‍ മുറിച്ചിടുക തന്നെ ചെയ്യും.'' അഖില ലോക കോടതികളുടെ പൂമുഖവാതിലില്‍ എഴുതിവെക്കാന്‍ ഇതിലും വലിയ നീതിയുടെ ശബ്ദമെവിടെ?
അഭയാര്‍ഥിയായിരുന്നപ്പോഴും ആദര്‍ശം അടിയറ വെച്ചില്ല ആ പ്രവാചകന്‍. ശിഅബ് അബീത്വാലിബില്‍ പച്ചില തിന്നും പച്ചവെള്ളം കുടിച്ചും കാലം തള്ളിനീക്കി. സുഭിക്ഷതയുടെ സുവര്‍ണ പകിട്ടില്‍ വര്‍ത്തക റാണിയായി വാണ ഖദീജ അന്നം കിട്ടാതെ രോഗിണിയായി മരിച്ചു. പെണ്ണും പൊന്നും മക്കയുടെ സിംഹാസനവും ഖുറൈശികള്‍ മുന്നില്‍ വെച്ചു. വലത് കൈയില്‍ സൂര്യനും ഇടതു കൈയില്‍ ചന്ദ്രനും വെച്ചു തന്നാലും നെഞ്ചോട് ചേര്‍ത്തുവെച്ച ആദര്‍ശത്തെ തൃണവല്‍ഗണിക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. അധികാരത്തിന്റെ ചക്കരക്കുടത്തേക്കാള്‍ ആദര്‍ശ വിജയത്തിന്റെ മധുരപ്രതീക്ഷയായിരുന്നു പ്രവാചകന്റെ അഭിലാഷവും ശുഭാപ്തി വിശ്വാസവും.
അബ്ദുല്ലാഹിബ്‌നു മസ്ഊദ് മദീനാ പള്ളിയില്‍ ഇരിക്കുന്നു. വിനയം നിറഞ്ഞ വിദ്യാര്‍ഥിയെ പോലെ പ്രവാചകന്‍ ഇബ്‌നു മസ്ഊദിനോട് പറഞ്ഞു: ''ഇബ്‌നു മസ്ഊദ്, എനിക്ക് അല്‍പം ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുതന്നാലും.'' ഇബ്‌നു മസ്ഊദ് അത്ഭുതപ്പെട്ടു. ''താങ്കള്‍ക്ക് ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്തു തരികയോ? താങ്കള്‍ക്കല്ലയോ ഖുര്‍ആന്‍ അവതരിച്ചത്?'' ''ശരി തന്നെ, മറ്റുള്ളവരില്‍നിന്നും ഖുര്‍ആന്‍ ഓതിക്കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' -റസൂല്‍ പറഞ്ഞു. ഇബ്‌നു മസ്ഊദ് സൂറത്തുന്നിസാഅ് ഓതി തുടങ്ങി; 'അപ്പോള്‍ ഓരോ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ കൊണ്ടുവരും. ഈ സമൂഹത്തിന് സാക്ഷിയായി നാം താങ്കളെയും ഹാജറാക്കും.' എത്ര ഗൗരവമായിരിക്കും ആ സന്ദര്‍ഭം! പ്രവാചകന്റെ മുഖം ചുവന്നു. ഇബ്‌നു മസ്ഊദിനോട് പാരായണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പ്രവാചകന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. താടിരോമങ്ങള്‍ നനഞ്ഞു. അല്ലാഹു ഏല്‍പിച്ച പ്രബോധന ദൗത്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട ആത്മവിചാരമായിരുന്നു ആ കണ്ണുനീര്‍. പ്രബോധനഭാരം ഏല്‍പിക്കപ്പെട്ട സമുദായത്തിന് ആത്മവിചാരണക്ക് പ്രചോദനമാണ് ആ ഖുര്‍ആന്‍ സൂക്തവും പ്രവാചകന്റെ കവിള്‍ത്തടം നനച്ച കണ്ണുനീരും.
ചില്ലു കൊട്ടാരത്തിലെ ശീതീകരിച്ച റൂമിലിരുന്ന് ഭരണം നയിച്ച നേതാവല്ല പുണ്യ റസൂല്‍. മഞ്ഞും മഴയും വെയിലും തണലും കണ്ണീരും പുഞ്ചിരിയും അനുയായികളോടൊപ്പം മുന്നില്‍ നിന്ന് അനുഭവിച്ചു മദീനയുടെ ആ നായകന്‍. യുദ്ധമുതല്‍ വീതംവെച്ചപ്പോള്‍ കുടുംബത്തെ അകറ്റിനിര്‍ത്തി. ത്യാഗസമര്‍പ്പണത്തില്‍ കുടുംബത്തെ മുന്നില്‍ നിര്‍ത്തി. ദൈവപ്രകീര്‍ത്തനം കൊണ്ട് ജീവിതം ധന്യമാക്കാനും സ്വര്‍ഗലോകത്തില്‍ സന്തോഷം കൊള്ളാനും പഠിപ്പിച്ചു. ഹിജ്‌റയുടെ വേളയില്‍ ശത്രുക്കള്‍ വളഞ്ഞ വീടിനകത്ത് പ്രവാചകന്റെ കട്ടിലില്‍ പകരക്കാരനായി കിടക്കാന്‍ പിതൃവ്യപുത്രനും ഭാവി മരുമകനുമായ അലിയെ പരിഗണിച്ചു. മക്കം ഫത്ഹിന്റെ വിജയമന്ത്രം മുഴക്കാന്‍ അവഗണിക്കപ്പെട്ട അടിമകളുടെ പ്രതിനിധി കറുത്ത ബിലാലിനെ തെരഞ്ഞെടുത്തു. സമരത്തിലും സേവനത്തിലും ഉത്തരവാദിത്വനിര്‍വഹണത്തിലും ഒരു മെയ്യും മനസ്സുമായി അനുയായികളോടൊപ്പംനിന്നു, ആദര്‍ശത്തിന്റെ സംഘബോധം പഠിപ്പിച്ചു ആ പ്രവാചകന്‍.
''കരുത്തുറ്റ മതില്‍ക്കെട്ട് പോലെ അണിചേര്‍ന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടരാടുന്നവരെയാണ് അവന്‍ ഏറെ ഇഷ്ടപ്പെടുന്നത്'' (അസ്സ്വഫ്ഫ്).
പ്രവാചകനും അനുചരന്മാരും കിടുകിടാ വിറപ്പിക്കപ്പെട്ട പോരാട്ടമത്രെ അഹ്‌സാബ്. യുദ്ധതന്ത്രമെന്ന നിലയില്‍ സല്‍മാനുല്‍ ഫാരിസി കിടങ്ങു കുഴിക്കുന്ന ഉപായം കണ്ടെത്തി. ഓരോ അനുയായിക്കും മുപ്പതു വാര വീതിച്ചുനല്‍കി. പ്രവാചകനും മുപ്പത് വാര സ്വയം ഏറ്റെടുത്തു. കിടങ്ങു കുഴിച്ചു തുടങ്ങി. പെട്ടെന്നൊരു പാറ പ്രത്യക്ഷപ്പെട്ടു. കരുത്തന്മാരായ പലരും ശ്രമിച്ചിട്ടും വഴങ്ങാത്ത അനങ്ങാപ്പാറ. പ്രവാചകന്‍ മഴു എടുത്തു. തക്ബീര്‍ മുഴക്കി പാറയില്‍ അടിച്ചു. പ്രോജ്ജ്വല പ്രകാശം മിന്നിത്തിളങ്ങി. ഭാവിവിജയത്തിന്റെ താക്കോല്‍ക്കൂട്ടങ്ങള്‍ ദര്‍ശിക്കുന്നു എന്ന് അനുചരന്മാര്‍ക്ക് ദീര്‍ഘദര്‍ശനം നല്‍കി. വിശപ്പു സഹിക്കവയ്യാതെ, വയറില്‍ കല്ലുവെച്ചു കെട്ടിയ അനുചരന്മാര്‍ പരിഭവം പറഞ്ഞു. മേല്‍വസ്ത്രം ഉയര്‍ത്തി അസഹ്യമായ വിശപ്പിനു താങ്ങായി രണ്ട് കല്ലുകള്‍ കെട്ടിവെച്ചത് തിരുദൂതര്‍ കാണിച്ചുകൊടുത്തു. ഉന്നത നേതാവിന്റെ അനുകരണീയ മാതൃകയെ കാലം മായ്ക്കാത വചസ്സുകള്‍ കൊണ്ട് പ്രശംസിച്ചു.
''നിശ്ചയം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്കും'' (അല്‍അഹ്‌സാബ്: 21).
പെണ്ണിനെ കുഴിച്ചുമൂടിയ അജ്ഞാന്ധകാര ഘട്ടത്തില്‍ ഫാത്വിമ എന്ന പെണ്ണിനെ നെറ്റിയില്‍ ചുംബിച്ച് ചേര്‍ത്തു നിര്‍ത്തി, ദയാനിധിയായ റസൂല്‍. ഫാത്വിമയുടെ പുഞ്ചിരി പ്രവാചകനെ പ്രസന്നവദനനാക്കും. ഫാത്വിമയുടെ ദുഃഖം പ്രവാചകനെ കണ്ണീരണിയിക്കും. പ്രവാചക ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ജിബ്‌രീല്‍ മാലാഖ എല്ലാ റമദാനിലും ഖുര്‍ആന്‍ ഒരാവൃത്തി ഒത്തുനോക്കും. അവസാനം റമദാനില്‍ ജിബ്‌രീല്‍ രണ്ടാമതൊരു പ്രാവശ്യം കൂടി വന്നു. പരലോക യാത്രക്ക് സമയമായി എന്ന് പ്രവാചകനു ബോധ്യമായി. അത് പുത്രിയുമായി പങ്കുവെച്ചു. ഫാത്വിമ അതു കേട്ട് പൊട്ടിക്കരഞ്ഞു. 'കരയരുത് മോളേ; വാപ്പ മരിച്ചാല്‍ വാപ്പയുടെ അടുത്തേക്ക് എന്റെ കുടുംബത്തില്‍നിന്ന് ആദ്യമായെത്തുക നീയായിരിക്കും മോളേ.' പ്രവാചകന്‍ ആശ്വസിപ്പിച്ചു. പൊട്ടിക്കരഞ്ഞ പൊന്നുമോള്‍ ഉടനെ പൊട്ടിച്ചിരിച്ചു. കൊടുംവെയിലില്‍ പെയ്ത കുളിര്‍മഴ പോലെ ഫാത്വിമ ഹര്‍ഷപുളകിതയായി. പൊന്നിനും പണത്തിനും വേണ്ടി പെണ്ണിനെ പ്രണയിക്കുന്ന പണപ്രധാന ചൂഷണ ലോകത്ത് മിന്നുന്ന താരങ്ങളാണ് ആ പിതാവും പുത്രിയും.
ഉത്തമ സ്‌നേഹിതരുടെ ആത്മബന്ധം അത്തര്‍മണം വീശുന്ന സൗഗന്ധികമെന്ന് പ്രവാചകന്‍ ഉപമിച്ചു. അബൂബക്‌റിനെയും ഉമറിനെയും അനുചരന്മാരെയും ഊദ് മരം പോലെ ചേര്‍ത്തുനിര്‍ത്തി. സാമൂഹിക ജീവിതം ഒരു കപ്പല്‍ യാത്രയോട് ഉദാഹരിച്ചു. അടിഭാഗത്ത് ഓട്ടയിട്ടവന്നും നിസ്സംഗനായി നോക്കി നില്‍ക്കുന്നവന്നും വിനാശം ഒരുപോലെ ഭവിക്കുമെന്നും സാമൂഹിക ഗാത്രത്തില്‍ ഓട്ടയിടുന്ന ദുശ്ശക്തികളെ പ്രതിരോധിക്കുന്ന കാവലാളാകണമെന്നും പഠിപ്പിച്ചു. 
കുടുംബാംഗങ്ങള്‍ രക്തസാക്ഷിയായി എന്നു കേള്‍ക്കുമ്പോഴും തളര്‍ന്നുവീഴാതെ, എന്റെ പ്രവാചകന് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കുന്ന മഹിളാരത്‌നങ്ങളുള്ള അനുയായികളെ സൃഷ്ടിച്ചു. 
പ്രവാചക സന്നിധിയില്‍ ഓടിയെത്തുന്നു ഒരു യുവാവ്. ''സ്‌നേഹ റസൂലേ, താങ്കളുടെ സവിധത്തിലിരിക്കുമ്പോഴും താങ്കളെ വിട്ട് വീട്ടിലിരിക്കുമ്പോഴും കണ്ണടച്ചുറങ്ങുന്ന സ്വപ്‌നങ്ങളിലൊക്കെയും താങ്കളെ സംബന്ധിച്ച ഓര്‍മകള്‍ നിറഞ്ഞുതുളുമ്പുന്നു. അങ്ങ് മരിച്ചാല്‍ മനോഹര സ്വര്‍ഗത്തില്‍ ഞാന്‍ മരിച്ചാലോ.... അങ്ങയുടെ സ്വര്‍ഗത്തില്‍ ഈ പാവമെനിക്ക് പ്രവേശനം ലഭിക്കില്ലല്ലോ?'' പെട്ടെന്ന് പ്രവാചകന്റെ നെറ്റിത്തടം വിയര്‍ത്തു. ശരീരം വിറച്ചു. ജിബ്‌രീല്‍ മാലാഖ വീണ്ടും പറന്നിറങ്ങി. ഖുര്‍ആന്‍ ഇളം തെന്നലായി പെയ്തിറങ്ങി.
''അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍, അനുഗ്രഹിച്ച പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവരത്രെ നല്ല കൂട്ടുകാര്‍'' (അന്നിസാഅ്......)
തിരുനബി അനുചരന്മാരോടൊപ്പമിരിക്കുന്നു. പ്രവാചക മുഖത്തിന് തിളക്കത്തിന്മേല്‍ തിളക്കം. 'എനിക്ക് എന്റെ സഹോദരന്മാരെ കാണാന്‍ കൊതിയാകുന്നു.' 'ഞങ്ങള്‍ താങ്കളുടെ സഹോദരന്മാര്‍ അല്ലേ?' സ്വഹാബികളിലൊരാള്‍ ചോദിച്ചു: 'അല്ല: നിങ്ങള്‍ എന്റെ സ്വഹാബികളാണ്. എന്റെ നിറസാന്നിധ്യം അനുഭവിച്ചവര്‍. വഹ്‌യിന്റെ ഇറക്കവും ബദ്‌റിന്റെ വിജയവും കണ്ടവര്‍. എന്റെ പിന്നില്‍ നമസ്‌കരിക്കുകയും എന്റെ പിന്നില്‍ അണിനിരക്കുകയും ചെയ്തവര്‍. എന്റെ ജയപരാജയത്തിന് സാക്ഷ്യം വഹിച്ചവര്‍. എന്നാല്‍ എന്റെ സഹോദരന്മാര്‍ ഇനിയും വന്നണഞ്ഞിട്ടില്ല. എന്നെ നേരില്‍ കാണാതെ, എന്നെ നേരില്‍ കേള്‍ക്കാതെ, എന്റെ കണ്ണീരും പുഞ്ചിരിയും അനുഭവിക്കാതെ. എന്റെ ദര്‍ശനത്തെ നെഞ്ചോടു ചേര്‍ത്തുവെക്കുന്നവരാണവര്‍. ആരൊക്കെ കൈയൊഴിഞ്ഞാലും എന്റെ ആദര്‍ശത്തെ കൈയൊഴിയാത്തവര്‍. അവരാണ് സഹോദരന്മാര്‍... അവരെയാണെനിക്ക് കണ്‍നിറയെ കാണാന്‍ കൊതി.' ആ പ്രവാചക ദര്‍ശനത്തെ പിന്തുണക്കുന്നവര്‍ക്കാണ് അദ്ദേഹത്തോടൊപ്പം പരലോകത്ത് സംഗമിക്കാന്‍ വിധി.
''തങ്ങളുടെ കൈവശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയിട്ടുള്ള നിരക്ഷരനായ പ്രവാചകനെ പിന്‍പറ്റുന്നവരാണവര്‍. അദ്ദേഹം അവരോട് നന്മ കല്‍പിക്കുന്നു, തിന്മ വിലക്കുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദിക്കുന്നു, ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു, അവരെ വലിഞ്ഞു മുറുക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുക. അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുക. അദ്ദേഹത്തിനു അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ അവരാണ് വിജയം വരിച്ചവര്‍'' (അല്‍അഹ്‌സാബ് 157).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top