കാലത്തിന്റെ അടയാളങ്ങള്‍
ഡോ. യാസീന്‍ അശ്‌റഫ്
നവംബര്‍ 2020
'ഞങ്ങളുടെ നാടാണിത്. ഇവിടെ ഞങ്ങളുടെ കുട്ടികളെ ഒരുനാള്‍ പുറത്താക്കിയേക്കാം എന്നറിഞ്ഞുകൊണ്ട്
'ഞങ്ങളുടെ നാടാണിത്. ഇവിടെ ഞങ്ങളുടെ കുട്ടികളെ ഒരുനാള്‍ പുറത്താക്കിയേക്കാം എന്നറിഞ്ഞുകൊണ്ട് എനിക്കെങ്ങനെ വീട്ടില്‍ ഇരിക്കാനാവും? കുട്ടികളുടെ ജീവിതങ്ങള്‍ സുരക്ഷിതമായിട്ടല്ലാതെ ഞാനിവിടം വിടില്ല.'
ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിന്റെ ലേഖിക ഹാന ഏലിസ് പീറ്റേഴ്‌സനോട് ബില്‍ക്കീസ് എന്ന 82-കാരി ജനുവരി മാസത്തില്‍ അത് പറയുമ്പോള്‍ ദല്‍ഹിയിലെ കൊടും തണുപ്പില്‍ ദല്‍ഹി-നോയ്ഡ റോഡിലെ ശാഹീന്‍ ബാഗില്‍ അവരടക്കമുള്ള സ്ത്രീകള്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരുന്നു.
പൗരത്വത്തിന് മതം മാനദണ്ഡമാക്കുകയും മുസ്‌ലിംകളെ ഒഴിവാക്കാന്‍ പഴുത് നല്‍കുകയും ചെയ്യുന്ന ഭേദഗതി കഴിഞ്ഞ ഡിസംബര്‍ 11-നാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. ഡിസംബര്‍ 16-ന് സമരപ്പന്തലില്‍ വന്‍ സ്ത്രീസമൂഹം കുത്തിയിരിപ്പു തുടങ്ങി. നിയമ ഭേദഗതി പിന്‍വലിക്കണമെന്നാണ് ആവശ്യം. ബ്രിട്ടീഷ് ഭരണവും സ്വാതന്ത്ര്യസമരവും വിഭജനവും സ്വതന്ത്ര ഭരണവുമെല്ലാം അനുഭവിക്കുമ്പോഴും വീട്ടില്‍നിന്ന് പുറത്തിറങ്ങാതിരുന്ന 90-കാരി അസ്മാ ഖാതൂനും ബില്‍ക്കീസും അടങ്ങുന്ന ദാദിമാര്‍ സമരവീര്യത്തിന് ഊര്‍ജം പകര്‍ന്നു.
നൂറ്റാണ്ടിലെ ഏറ്റവും തണുപ്പു കൂടിയ ദിവസങ്ങളായിരുന്നു 2020 ജനുവരിയിലേത്. പക്ഷേ, ദാദിമാര്‍ അയഞ്ഞില്ല. സുപ്രീം കോടതി മധ്യസ്ഥരെ അയച്ചു. മധ്യസ്ഥരോടവര്‍ യുക്തിഭദ്രമായി കാര്യങ്ങള്‍ വിശദീകരിച്ചു. സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ബില്‍ക്കീസ് ദാദി ഉറപ്പിച്ചുപറഞ്ഞു. പിന്നീട് കോവിഡ് മഹാമാരി സമരം തുടരുന്നതിന് തടസ്സമായപ്പോള്‍ പന്തല്‍ ഒഴിഞ്ഞെങ്കിലും സമരം അവസാനിച്ചിട്ടില്ല.
ഗാര്‍ഡിയന്‍ ലേഖികയോട് ബില്‍ക്കീസ് പറഞ്ഞു: 'ഈ 82 വയസ്സിനിടക്ക് ആദ്യമായിട്ടാണ് ഞാന്‍ ഒരു സമരത്തിനിറങ്ങുന്നത്. തണുപ്പുണ്ട്. പക്ഷേ, പ്രശ്‌നമില്ല. ഞങ്ങള്‍ ശക്തരാണ്. മോദിക്കാണ് പേടി.'
അതവര്‍ പറഞ്ഞ് എട്ടുമാസം തികയുമ്പോള്‍ യു.എസില്‍നിന്നുള്ള അന്താരാഷ്ട്ര വാരികയായ ടൈം, ലോകത്തെ നൂറു പ്രമുഖരില്‍ ബില്‍ക്കീസിനെ ഉള്‍പ്പെടുത്തുന്നു; മോദിയെയും.
ഒരു വ്യത്യാസം മാത്രം; ഇന്ത്യയുടെ പേരുകേട്ട ജനാധിപത്യ ബഹുസ്വരതയെ തകര്‍ത്തതാണ് മോദിയെ ശ്രദ്ധേയനാക്കിയതെന്ന് ടൈം എഴുതി. ബില്‍ക്കീസ് ദാദി ശ്രദ്ധേയയായത് ബഹുസ്വരതക്കു വേണ്ടി ശബ്ദമുയര്‍ത്തുകയും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി പ്രക്ഷോഭം നടത്തി പ്രചോദനമായതിനും.
സമരപ്പന്തലില്‍നിന്ന് ബില്‍ക്കീസ് ദാദി മാധ്യമങ്ങളോട് പറഞ്ഞു: 'അവര്‍ ഞങ്ങളെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നു. ഞങ്ങള്‍ ബ്രിട്ടീഷുകാരെ നാട്ടില്‍നിന്ന് പുറത്താക്കിയവരാണ്. ആരാണീ നരേന്ദ്ര മോദിയും അമിത് ഷായും? ഇല്ല, ഞങ്ങള്‍ പിന്നോട്ടില്ല. ഞങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്താലും ഞങ്ങള്‍ അനങ്ങില്ല. പൗരത്വ ഭേദഗതികള്‍ പിന്‍വലിക്കൂ, ഒട്ടും താമസിക്കാതെ ഞങ്ങള്‍ മാറിത്തരാം.'
ബില്‍ക്കീസിന്റെ വാക്കുകള്‍ മുംബൈ, കൊല്‍ക്കത്ത നഗരങ്ങളിലടക്കം ശാഹീന്‍ ബാഗുകള്‍ക്ക് ജന്മം നല്‍കി. കോവിഡ് പൊട്ടിപ്പുറപ്പെടുംവരെ നാടൊട്ടുക്കും ചെറുപ്പക്കാരും സ്ത്രീകളുമടക്കം സമരപ്പന്തലുകള്‍ തീര്‍ത്തു. ശാഹീന്‍ ബാഗ് ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി.
'വ്യക്തി പ്രതീകങ്ങള്‍' (ഐക്കണുകള്‍) എന്ന വിഭാഗത്തിലാണ് ബില്‍ക്കീസ് ദാദിയെ ടൈം വാരിക ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു പേരില്‍ ഉള്‍പ്പെടുത്തിയത്.
ടൈം വാരികയില്‍ ബില്‍ക്കീസ് ദാദിയെ പരിചയപ്പെടുത്തിക്കൊണ്ട് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് എഴുതി: 'ആള്‍ക്കൂട്ടത്തിനു നടുവില്‍ കരുത്തുറ്റ ശബ്ദമായിരുന്നു ദാദി. ഒരു കൈയില്‍ ജപമാല, മറുകൈയില്‍ ദേശീയ പതാക. രാവിലെ എട്ടിന് പ്രതിഷേധപ്പന്തലില്‍ സജീവമാകും; അര്‍ധരാത്രി വരെ സമരത്തിന് വീര്യം പകര്‍ന്ന് അവിടെയുണ്ടാകും.'
ലോകപ്രമുഖരുടെ ടൈം പട്ടികയില്‍ ഉള്‍പ്പെട്ടതിനുശേഷം ബില്‍ക്കീസ് ദാദിക്ക് അഭിനന്ദനങ്ങള്‍ ധാരാളം കിട്ടി. സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയപക്ഷക്കാരുടെ ആക്ഷേപത്തിനും കുറവുണ്ടായിരുന്നില്ല.
അഭിനന്ദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ദാദി പറഞ്ഞു: 'സന്തോഷമുണ്ട്. പക്ഷേ, പൗരത്വ ഭേദഗതി നിയമങ്ങള്‍ പിന്‍വലിച്ചു എന്നായിരുന്നു വാര്‍ത്തയെങ്കില്‍ ഇതിലുമേറെ സന്തോഷമായേനെ.'
നരേന്ദ്ര മോദിയെ ടൈം എഡിറ്റര്‍ കാള്‍വിക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെ: 'ഏഴു പതിറ്റാണ്ടിലേറെ കാലമായി ലോകത്തിലേറ്റവും വലിയ ജനാധിപത്യമായ ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ വിവിധ മതക്കാരുണ്ട്. അവിടെ അഭയാര്‍ഥിയായി കഴിഞ്ഞു വന്ന ദലൈലാമ, ഒത്തൊരുമയുടെയും സുസ്ഥിരതയുടെയും വിളനിലമെന്നാണ് ഇന്ത്യയെ വിശേഷിപ്പിച്ചത്. നരേന്ദ്ര മോദി ഇതെല്ലാം സംശയത്തിലാക്കിയിരിക്കുന്നു. ബഹുസ്വരതയെ അദ്ദേഹവും ബി.ജെ.പിയും തിരസ്‌കരിക്കുന്നു. മോദിക്കു കീഴില്‍ ലോകത്തെ ഏറ്റവും ഊര്‍ജസ്വലമായ ജനാധിപത്യത്തിനുമേല്‍ നിഴല്‍ വീണു.
ബില്‍ക്കീസ് ദാദിയെപ്പോല, അനീതിക്കെതിരായ ചെറുത്തുനില്‍പിന്റെ പ്രതീകങ്ങളെന്ന നിലക്ക് ടൈം പട്ടികയില്‍ ഇടംപിടിച്ച വനിതകളുടെ ഒരു മൂവര്‍ സംഘമുണ്ട് - 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' (കറുത്തവരുടെ ജീവനും വിലയുണ്ട്) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരായ അലീസിയ ഗാര്‍സ, പട്രീസ് കളഴ്‌സ്, ഓപല്‍ ടൊമെറ്റി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍, അമേരിക്കയില്‍ പ്രത്യേകിച്ചും കറുത്ത വര്‍ഗക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാപകമായ വംശീയ അതിക്രമങ്ങള്‍ക്കെതിരെയാണ് ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ശാഹീന്‍ ബാഗിനെപ്പോലെ, ഈ പ്രസ്ഥാനവും അനേകം പ്രാദേശിക സമരങ്ങള്‍ക്ക് ഊര്‍ജമായിട്ടുണ്ട്.
കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സേവന സന്നദ്ധതയുടെ പ്രതീകമെന്ന നിലക്ക് യു.എസിലെ നഴ്‌സ് എയ്മി സളിവന്‍ പട്ടികയില്‍ ഇടം പിടിച്ചു. യു.എസില്‍ അഭയാര്‍ഥികളുടെ പരിചരണത്തിലും പുനരധിവാസത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന സിസ്റ്റര്‍ നോര്‍മ പിമന്റല്‍ ആണ് മറ്റൊരു വനിത. കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പേരില്‍ അര ഡസനോളം വനിതകളെ 'സ്വാധീനം ചെലുത്തിയ 100 വ്യക്തികളു'ടെ കൂട്ടത്തില്‍ ടൈം ഉള്‍പ്പെടുത്തി.
ഈജിപ്തില്‍ അല്‍ സീസിയുടെ പട്ടാള ഭരണത്തില്‍ മനുഷ്യാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും കൂച്ചുവിലങ്ങിലാണ്. കടുത്ത നിയന്ത്രണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമിടയിലും തളരാതെ ഏകാധിപത്യത്തിനെതിരെ ജനപക്ഷ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ധീരവനിതയാണ് ലീന അത്തല്ലാഹ്. 'മദാ മസ്ര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ചീഫ് എഡിറ്ററായ അവരെ ടൈം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്, പൊതുസേവനത്തിനായി സ്വന്തം സുഖസൗകര്യങ്ങള്‍ സന്തോഷത്തോടെ ബലികൊടുക്കുന്ന വനിത എന്ന നിലയിലത്രെ.
'മുമ്പേ നടന്നവര്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വനിതകളാണ് പരിസ്ഥിതി പ്രവര്‍ത്തക സിസിലിയ മാര്‍ട്ടിനസ്, സിറിയന്‍ യുദ്ധത്തിന്റെ നേരിട്ടുള്ള ദുരന്തകഥകളായി ഡോക്യുമെന്ററികള്‍ ചെയ്ത് ഓസ്‌കര്‍ നേടിയ വാഅദ് അല്‍ കാത്തബ് എന്നിവര്‍. അഭയാര്‍ഥികള്‍ എന്ന പരിമിതികളെ അതിജയിച്ച്, യുദ്ധക്കെടുതികളെപ്പറ്റി ലോകത്തോടു മുഴുവന്‍ വിളിച്ചു പറയുന്നു വാഅദ്. പ്രതിസന്ധികള്‍ക്കെതിരെ പൊരുതുന്ന വനിതകളുടെ ചങ്കൂറ്റമാണ് അവരുടെ ചിത്രങ്ങളുടെ പ്രമേയം.
കോര്‍പറേറ്റുകളുടെ അമിത ലാഭക്കൊതിക്കെതിരെ പരിസ്ഥിതിക്കനുകൂലമായി വമ്പിച്ച പ്രക്ഷോഭം നടത്തുന്ന ഒരു പ്രസ്ഥാനം എക്വഡോറിലുണ്ട്. ആദിവാസി വനിതകളാണ് അത് നയിക്കുന്നത്. ആമസോണ്‍ വനഭൂമിയില്‍നിന്ന് വലിയ ഭാഗങ്ങള്‍ വന്‍ എണ്ണക്കമ്പനികള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ കേസ് നടത്തി അവര്‍ ഐതിഹാസിക വിജയം നേടിയത് കഴിഞ്ഞ വര്‍ഷമാണ്. ലോകമെങ്ങുമുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ഇത് ആവേശം പകര്‍ന്നു. ആമസോണ്‍ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ നായിക നെമോണ്ടെ നെന്‍കിമോ 'ടൈം 100'-ല്‍ ഇടം നേടിയതും ചെറുത്തുനില്‍പ്പിന്റെ സമരവീര്യം കൊണ്ടുതന്നെ.
സ്ത്രീശക്തിയുടെ ഒരുപാട് കഥകള്‍ ആ പട്ടിക പറയുന്നുണ്ട്.