പ്രമുഖ സിനിമാ സംവിധായക പ്രിയങ്ക ബാനര്‍ജി തയാറാക്കി ഹിന്ദിയില്‍ പുറത്തിറങ്ങിയ ഹ്രസ്വസിനിമയാണ് 'ദേവി'.
പ്രമുഖ സിനിമാ സംവിധായക പ്രിയങ്ക ബാനര്‍ജി തയാറാക്കി ഹിന്ദിയില്‍ പുറത്തിറങ്ങിയ ഹ്രസ്വസിനിമയാണ് 'ദേവി'. എത്രമാത്രം കറപിടിച്ച ലോകത്താണ് നാം ജീവിക്കുന്നതെന്ന് തിരശ്ശീലയില്‍ വരച്ചുകാണിച്ച ഈ ഷോര്‍ട്ട് ഫിലിം ഏറെ നിരൂപകശ്രദ്ധ നേടിയിട്ടുണ്ട്.
ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സ്ത്രീകള്‍ ഒരുമിച്ചു താമസിക്കുന്ന വീട്ടിലേക്ക് പുതിയ ആള്‍ കടന്നുവരുന്നിടത്താണ് കഥ തുടങ്ങുന്നത്. വീട്ടില്‍ ഇപ്പോള്‍ തന്നെ ആളുകള്‍ നിറഞ്ഞിരിക്കുന്നു. ബലാത്സംഗത്തിലൂടെ കൊലചെയ്യപ്പെട്ടവരില്‍ ജാതി-മതവ്യത്യാസമന്യേയുള്ള സ്ത്രീകളുണ്ട്. അതില്‍ വര്‍ധക്യത്തില്‍ എത്തിപ്പെട്ടവരുണ്ട്. മരണാനന്തരമുള്ള അവരുടെ ജീവിതത്തിലേക്ക് ഓരോ ദിനവും ബലാത്സംഗത്തിലൂടെ കൊലചെയ്യപ്പെട്ട സ്ത്രീകള്‍ കടന്നുവരികയാണ്. എന്നാല്‍, പുതുതായി വരുന്നവരെ പാര്‍പ്പിക്കാന്‍ വീട്ടില്‍ ഇടം മതിയാകുന്നില്ല. ഏറ്റവും പുതുതായി വന്ന ഇര ഡോര്‍ബെല്‍ അടിക്കുന്നു. ആ പുതിയ ആളെ കയറ്റുന്നത് സംബന്ധിച്ച് അകത്തുള്ളവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും സംഭാഷണങ്ങളുമാണ് 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം.
പ്രേക്ഷകന്റെ കരളില്‍ തറക്കുന്ന വേദനയായി ചിത്രത്തിന്റെ ക്ലൈമാക്‌സിനെ മാറ്റിയെടുക്കുന്നുണ്ട് സംവിധായിക. സിനിമയുടെ അവസാനത്തില്‍ പുതുതായി വന്ന ഇരക്കു വേണ്ടി വാതില്‍ തുറന്നുകൊടുത്ത മറ്റിരകള്‍ കാണുന്നത് മൂന്നു വയസ്സുകാരി പെണ്‍കുട്ടിയെയാണ്. ജനാധിപത്യരാഷ്ട്രമെന്ന് ലോകത്തിന്റെ മുമ്പില്‍ മേനിനടിക്കുന്ന, ജനസംഖ്യയുടെ എണ്‍പത് ശതമാനവും ദേവതകളെ ആരാധിക്കുന്ന ഒരു രാജ്യത്താണ് പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം ലൈംഗിക ആക്രമണങ്ങള്‍ നടക്കുന്നത് എന്ന് ഓര്‍മിപ്പിക്കുന്നു ഈ കൊച്ചുചിത്രം.
സമകാലിക ഇന്ത്യയിലെ സ്ത്രീസമൂഹം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ നേര്‍ചിത്രമെന്ന് ഈ സിനിമയെ വിശേഷിപ്പിക്കാവുന്നതാണ്. ആ പീഡനങ്ങള്‍ക്ക് അറുതിയില്ലെന്നു മാത്രമല്ല, ജാതി-മത-ലിംഗ-സാമ്പത്തിക വ്യത്യാസങ്ങളുടെ പിന്‍ബലത്തില്‍ അത് പെരുകിക്കൊണ്ടേയിരിക്കുന്നു എന്നതാണ് വര്‍ത്തമാന ഇന്ത്യയുടെ സാമൂഹികാവസ്ഥ നമ്മെ ഓര്‍മപ്പെടുത്തുന്നത്. യു.പിയിലെ ഹഥ്‌റസില്‍നിന്ന് ഉയര്‍ന്ന ദലിത് പെണ്‍കുട്ടിയുടെ അമര്‍ത്തിയ നിലവിളി സ്ത്രീത്വത്തിന് ഇന്ത്യന്‍ ഭരണകൂടവും അതിനെ രൂപപ്പെടുത്തിയ സവര്‍ണ പൊതുബോധവും എത്രമാത്രം വിലനല്‍കുന്നു എന്നതിന്റെ കൂടി തെളിവാണ്. ദലിത് പെണ്‍കുട്ടിയെ റേപ്പ് ചെയ്യുക മാത്രമല്ല, അവളുടെ നാവറുത്ത് നിശ്ശബ്ദീകരിക്കാനുള്ള ഭരണകൂട- ആള്‍ക്കൂട്ട ശ്രമംകൂടി യു.പിയില്‍ കാണാന്‍ കഴിയും. ലിംഗാധിപത്യവും സവര്‍ണ ജാതി അധീശത്വവും അടങ്ങുന്ന കൂട്ടുമുന്നണി ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരിലും വ്യത്യസ്ത ന്യൂനപക്ഷങ്ങള്‍ക്കെതിരിലും നടത്തിവരുന്ന സംയുക്താഭ്യാസങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇത്.
ഹഥ്‌റസിന്റെ തൊട്ടടുത്താണ് കേരളം
യു.എന്‍.ഡി.പി (ഡിശലേറ ചമശേീി െഉല്‌ലഹീുാലി േജൃീഴൃമാാല)യുടെ മാനുഷിക വികസന റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജെന്റര്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ സ്ത്രീകളുടെ പുരോഗതിയില്‍ ഒന്നാമതാണ് കേരളം. സ്ത്രീകളുടെ പദവിയളക്കുന്ന സാധാരണ വികസന സൂചികകള്‍ വെച്ചുനോക്കുമ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ മറ്റിന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയില്‍ തന്നെയാണ്. ജനസംഖ്യയിലെ സ്ത്രീ-പുരുഷ അനുപാതത്തിലും സ്ത്രീകള്‍ മുന്നിലാണ്. പുരുഷന്മാരേക്കാള്‍ കൂടിയ ദീര്‍ഘായുസ്സ്, കുറഞ്ഞ മാതൃ-ശിശു മരണനിരക്ക്, ഉയര്‍ന്ന സ്ത്രീ സാക്ഷരത എന്നിവയെല്ലാം ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തെ വേറിട്ടുനിര്‍ത്തുന്നതാണ്. എന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ ഈ നേട്ടങ്ങള്‍ മാത്രം മതിയാകുന്നില്ല. കേരളപ്പിറവിക്ക് 64 വയസ്സിന്റെ മൂപ്പെത്തിയിരിക്കുന്ന ഈ വേളയിലും സ്ത്രീസമൂഹത്തോട് പുരോഗമന കേരളവും അതിന്റെ പൊതുബോധവും തുടര്‍ന്നുപോരുന്ന ആധിപത്യ പ്രവണതകളും അടിച്ചമര്‍ത്തലുകളും നിര്‍ബാധം തുടരുകയാണ്. വര്‍ധിച്ചുവരുന്ന ലൈംഗിക അക്രമങ്ങളും നോട്ടത്തിലും വാക്കുകളിലും നുരഞ്ഞുപൊന്തുന്ന സ്ത്രീവിരുദ്ധതയുമെല്ലാം അതിന്റെ പ്രകടിത രൂപങ്ങളാണ്. സ്ത്രീക്ക് സുരക്ഷിതയായി വഴിനടക്കാനോ വീട്ടിലിരിക്കാനോ തൊഴില്‍ ചെയ്യാനോ മൂത്രപ്പുരയില്‍ കയറാനോ ആശുപത്രികളില്‍ ചികിത്സ തേടാനോ സാധിക്കാത്തവിധം ലൈംഗിക ആക്രമണങ്ങളുടെ പിടിയിലമര്‍ന്നിരിക്കുകയാണ് കേരളം.
പൊതു ഇിടങ്ങള്‍ നിഷേധിക്കപ്പെുന്ന സ്ത്രീ
കേരളത്തിലെ ഉയര്‍ന്ന സ്ത്രീസാക്ഷരത, സ്ത്രീ വിദ്യാഭ്യാസം എന്നിവയെപ്പറ്റി മലയാളിക്ക് പൊതുവെ വലിയ അഭിമാനമാണ്. പുറംനാടുകളില്‍ കേരളത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസനേട്ടം വളരെ പ്രശംസിക്കപ്പെടാറുമുണ്ട്. യാഥാര്‍ഥ്യമിതാണങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ വിദ്യയുണ്ടെങ്കിലും തൊഴിലില്ലെന്ന സ്ഥിതിയാണ്. അറിവാണ് സ്വാതന്ത്ര്യത്തിലേക്കുള്ള പാസ്‌പോര്‍ട്ട് എന്നാണ് സാധാരണ പറഞ്ഞുകേള്‍ക്കാറുള്ളത്. എന്നാല്‍, വിദ്യാഭ്യാസമുണ്ടായാല്‍ സ്വാതന്ത്ര്യം പിറകെവന്നുകൊള്ളുമെന്ന തോന്നല്‍ തെറ്റാണെന്ന യാഥാര്‍ഥ്യമാണ് തൊഴില്‍ മേഖലയില്‍ സ്ത്രീ അനുഭവിക്കുന്ന വിവേചനം ബോധ്യപ്പെടുത്തുന്നത്.
തൊഴില്‍ നേടിയ സ്ത്രീകളെ സംബന്ധിച്ചേടത്തോളം അവരുടെ തൊഴിലിടത്തില്‍പോലും കടുത്ത അവഗണനയും വിവേചനവുമാണ് നിലനില്‍ക്കുന്നത്. തൊഴില്‍ സ്ഥലത്ത് തൊഴിലില്‍ നന്നായി ശോഭിക്കാനും ഉന്നത പദവികളിലെത്താനുമുള്ള ഭൗതികവും മാനസികവുമായ സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് തടയപ്പെട്ടിരിക്കുന്നു.
തൊഴില്‍ സ്ഥലത്ത് സ്ത്രീകളെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന ലൈംഗിക ചുവ കലര്‍ത്തിയ സംഭാഷണങ്ങള്‍ സുലഭമാണ്. അല്ലെങ്കിലേ നമ്മുടെ ഫലിതങ്ങളെല്ലാം സ്ത്രീവിരുദ്ധവും ആണത്തകേന്ദ്രിതവുമാണ്. നമ്പൂതിരി ഫലിതങ്ങളില്‍ തുടങ്ങി നവോത്ഥാന സാഹിത്യങ്ങളിലൂടെ പടര്‍ന്ന് ജനപ്രിയ സിനിമകളിലെ നായകന്മാരുടെ ഭാഷയിലും വാക്പ്രയോഗങ്ങളിലും ഉയര്‍ന്നുകേള്‍ക്കാറുള്ളത് സ്ത്രീവിരുദ്ധ അശ്ശീല വെടിപറച്ചിലുകളാണ്.
പുരോഗമന കേരളമെന്ന് നാമെത്ര പാടിപ്പുകഴ്ത്തിയാലും കേരളത്തിലെ സ്ത്രീകള്‍ക്ക് പൂര്‍ണപൗരത്വം നേടാനായിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. സ്ത്രീകള്‍ക്ക് ഐ.എ.എസ് പരീക്ഷക്ക് എഴുതാന്‍ തുല്യാവകാശമുണ്ട്, പക്ഷേ സ്വാതന്ത്ര്യത്തോടുകൂടി വഴിയേ നടക്കാനവകാശമില്ല എന്നതാണ് കേരളീയ സത്യം.
സ്ത്രീയെ സംബന്ധിച്ചേടത്തോളം പുരുഷനില്‍നിന്ന് വ്യത്യസ്തമായി കുടുംബമെന്ന യാഥാര്‍ഥ്യത്തെ ചുമന്നു നടക്കേണ്ട സ്ഥിതിയാണുള്ളത്. വാഹനത്തില്‍, തൊഴിലിടത്തില്‍, വഴിയാത്രയില്‍ എല്ലാം കുടുംബം, അടുക്കള, ഭക്ഷണം തുടങ്ങിയ ചിന്തകള്‍ അലട്ടുന്നത് സ്ത്രീയെ മാത്രമാണ്. തൊഴിലാവശ്യത്തിനായി പുറത്തുപോകേണ്ടി വരുന്ന സ്ത്രീ, ഒറ്റക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീ, രാത്രിയില്‍ ഒറ്റപ്പെടുന്ന സ്ത്രീ ഇവരെല്ലാം കുലസ്ത്രീ ഗണത്തില്‍ (കുടുംബത്തിന് പുറത്തു നില്‍ക്കുന്നവള്‍) പെടാത്തവരും അപഥസഞ്ചാരിണികളുമായി വളരെ വേഗത്തില്‍ മുദ്ര ചാര്‍ത്തപ്പെടുന്നു.
'വേലക്കാരിക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്തതുകൊണ്ട് അവളെ ഞാനങ്ങ് കല്യാണം കഴിച്ചു' എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പഴയ സരസമൊഴിയെ ശരിവെക്കുന്ന വീടകങ്ങളാണ് ഇന്ന് കേരളത്തിന്റേത്. വീടിനു പുറത്ത് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീക്ക് പലപ്പോഴും വീട്ടുജോലി എന്നത് അധിക ഭാരമാണെന്നിരിക്കെ അപ്പോഴും അതവള്‍ തന്നെ നിര്‍വഹിക്കാന്‍ ബാധ്യതപ്പെട്ടവളായി മാറുന്നു. അരക്കലും പൊടിക്കലും തുടക്കലും ഇല്ലാതായതോടെയാണ് സ്ത്രീകള്‍ക്ക് ഇടുപ്പെല്ലൊടിയുന്നതും ഗര്‍ഭപാത്രം കേടാവുന്നതും അസ്ഥിരോഗങ്ങള്‍ ബാധിക്കുന്നതെന്നുമുള്ള സ്ഥിരം പല്ലവികളിലും 'അമ്മയും ഭാര്യയുമുണ്ടാകുന്ന ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയാണ്' എന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന വാഴ്ത്തലുകളിലും പ്രസരിപ്പിക്കപ്പെടുന്നത് സ്ത്രീക്ക് മാത്രം ബാധ്യതപ്പെട്ട അടുക്കള വാദങ്ങളാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ത്രീവിരുദ്ധവും പുരുഷകേന്ദ്രീകൃതവുമായ ഇത്തരം അസമത്വങ്ങള്‍ക്കെതിരായാണ് സ്ത്രീവാദ പഠനങ്ങളും അതിന്റെ ഭാഗമായുള്ള ആത്യന്തികവാദങ്ങളും രൂപപ്പെടുന്നത്. എന്നാല്‍ കുടുംബം, സദാചാരം, ലിംഗപദവി അസമത്വം മുതലായ വിഷയങ്ങളില്‍ സ്ത്രീവാദ പഠനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഇത്തരം ആശയങ്ങള്‍ക്കും ഒട്ടേറെ പരിമിതികളും അതിരുകവിച്ചിലുകളുമുണ്ട്.
ലിംഗപദവി നിര്‍ണയിക്കുന്നതാര്?
സ്ത്രീവാദ വിമര്‍ശനങ്ങളുടെ മൊത്തം ഉള്ളടക്കം പരിശോധിച്ചാല്‍ അവര്‍ തൊടുത്തുവിടുന്ന സാധാരണ വിമര്‍ശനങ്ങളിലൊന്ന് ലിംഗസമത്വവുമായി ബന്ധപ്പെട്ടാണ്. ലിംഗനീതിയും ലിംഗപദവിയും നിര്‍ണയിക്കുന്നത് ആത്യന്തികമായി ഇന്ന് പുരുഷാധിപത്യ വ്യവസ്ഥയാണ് എന്നാണ് സ്ത്രീവാദപക്ഷം. അതില്‍ ശരിയില്ലാതില്ല. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായ സ്ത്രീമുന്നേറ്റങ്ങളെ പുരുഷകേന്ദ്രീകൃത സമൂഹം പ്രാന്തവല്‍ക്കരിക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷനിര്‍മിതമായ സാമൂഹികാവസ്ഥകളെ വിപാടനം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന ലിംഗപദവി അസമത്വം ഇല്ലാതാക്കുക എന്നതാണ് ഫെമിനിസ്റ്റുകള്‍ നിയോഗലക്ഷ്യമായി ഏറ്റെടുത്തിരിക്കുന്നത്. അതാകട്ടെ പുരുഷാധിപത്യ ഘടനയില്‍നിന്നും മുന്നോട്ടുപോയി സ്ത്രീ ആധിപത്യത്തിന്റെ ആത്യന്തിക വാദങ്ങളിലാണ് ചെന്നെത്തുന്നത്.
തന്റെ ശരീരത്തിന്റെ അവകാശം തനിക്കാണെന്നും തന്റെ ശരീരം വെച്ച് തനിക്ക് തോന്നിയതെല്ലാം ചെയ്യാമെന്നുമാണ് അതിന്റെ ഭാഗമായി വികസിച്ചുവരുന്നത്. ലെസ്ബിയനിസവും ചുംബന സമരവും ഉദാര ലൈംഗിക വാദവുമെല്ലാം അതിന്റെ തന്നെ വികസിത വാദങ്ങളാണ്. എന്നാല്‍, ശരീരത്തിന്റെ മുകളിലുള്ള വ്യക്തിയുടെ അമിതാധികാരം നിരാകരിക്കപ്പെടേണ്ടതാണ്. ശരീരത്തിനു മേലുള്ള സമ്പൂര്‍ണ അധികാരം മനുഷ്യനല്ല, മറിച്ച്, ദൈവത്തിനാണ്. ശരീരത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിനാകുന്നതുകൊണ്ടാണ് ആത്മഹത്യ മതങ്ങളിലും മനുഷ്യനോട്ടങ്ങളിലും പാപമാകുന്നത്. കാരണം, മനുഷ്യ ജീവന്‍ വിലപ്പെട്ടതാണ്, അത് പവിത്രവുമാണ്.
ശരീരത്തിന്റെ നിയന്ത്രണാധികാരം വ്യക്തിക്കാണ് എന്നു വരുമ്പോള്‍ അത് പലപ്പോഴും സങ്കുചിതമായിരിക്കും. എന്നാല്‍, ദൈവത്തിന് ആ സ്ഥാനം വിട്ടുകൊടുക്കുമ്പോള്‍ കുറേക്കൂടി വിശാലമാകുന്നു. തന്റെ ശരീരം കൊണ്ട് തനിക്ക് മാത്രമല്ല ഉപകാരം കിട്ടേണ്ടതെന്നും തന്റെ ഇണക്കും കുടുംബത്തിനും സമൂഹത്തിനും ഭാവിതലമുറക്കുമെല്ലാം കിട്ടണമെന്നും വരുമ്പോള്‍ ആ ദര്‍ശനത്തിന് മാറ്റുകൂടുന്നു. ഇതിനര്‍ഥം വ്യക്തികളുടെ സ്വയംനിര്‍ണയാവകാശം സമ്പൂര്‍ണമായി നിരാകരിക്കപ്പെടണം എന്നുമല്ല. വിവാഹത്തിലും അതിന്റെ തെരഞ്ഞെടുപ്പിലും ലൈംഗികതയിലും വരെ വ്യക്തികളുടെ (സ്ത്രീയുടെയും പുരുഷന്റെയും) സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പരിഗണന നല്‍കപ്പെടേണ്ടതാണ്. നിങ്ങള്‍ പക്ഷികളെപ്പോലെ ലൈംഗികതയെ പെട്ടെന്ന് അവസാനിപ്പിക്കരുതെന്ന് പുരുഷന്മാരെ ഉപദേശിക്കുന്ന മുഹമ്മദ് നബി (സ) ലൈംഗികതയിലെ ജനാധിപത്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
മനുഷ്യസ്വാതന്ത്ര്യമെന്നത് നിസ്സീമമല്ല. മറിച്ച്, അതിന് ചില അതിരുകളും പരിധികളും ക്രമപ്പെടുത്തേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ അതിരുകള്‍ (ഹുദൂദുല്ലാഹ്) എന്ന സംജ്ഞയില്‍ സദാചാരത്തിന്റെ അതിരടയാളങ്ങള്‍ ഇസ്ലാമില്‍ ഭദ്രമാണ്. ആ അതിരുകള്‍ ഭേദിക്കപ്പെടുമ്പോള്‍ മനുഷ്യബന്ധങ്ങളുടെയും സാമൂഹികബോധങ്ങളുടെയും അടിവേരിളകും. ഇസ്ലാം ബഹുഭര്‍തൃത്വം അനുവദിക്കാത്തതിന്റെ പിറകില്‍ ഈ സാമൂഹിക നീതിയാണ് നിലനില്‍ക്കുന്നത്. പിതാവ് മരിച്ചുപോയവനല്ല, മറിച്ച് പിതാവുണ്ടായിരിക്കെ ജാരസന്തതിയായി ജീവിക്കേണ്ടിവരുന്നവനാണ് യഥാര്‍ഥ അനാഥന്‍.
ബഹുഭര്‍തൃത്വവും വ്യഭിചാരവുമെല്ലാം സാമൂഹിക നീതിയുമായി ഇടയുന്നതുകൊണ്ടാണ് ഇസ്ലാം അവയോട് അകലം പാലിക്കുന്നത്. ഇതിനര്‍ഥം സ്ത്രീയും പുരുഷനും രണ്ടും രണ്ടറകളിലായി കഴിഞ്ഞുകൂടണം എന്നുമല്ല. സ്ത്രീ-പുരുഷ ഇടപെടലുകളെ അവരുടെ ജീവശാസ്ത്രപരമായ വ്യത്യസ്തതകളോടു കൂടി അംഗീകരിക്കപ്പെടണം. സ്ത്രീ-പുരുഷ ബന്ധം സ്വാഭാവികമാണ് എന്ന് ഇസ്സത്ത് ബെഗോവിച്ച് അദ്ദേഹത്തിന്റെ 'നവോത്ഥാന ചിന്തകള്‍' എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ സ്വാഭാവികതക്കപ്പുറമുള്ള ബന്ധങ്ങളിലേക്ക് സ്ത്രീ-പുരുഷ ഇടപെടലുകള്‍ എത്തിപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സമൂഹം കൈക്കൊള്ളണം.
എല്ലാറ്റിനുമപ്പുറം സ്ത്രീ-പുരുഷ ഇടപെടലുകള്‍ സാമൂഹിക മണ്ഡലത്തില്‍ സജീവമാകുമ്പോഴാണ് കൂടുതല്‍ ലൈംഗികേതരമായ സമൂഹം രൂപപ്പെടുക. കാരണം, ഓരോ ശരാശരി കേരളീയന്റെയും സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ മുഖ്യമായും മുഴച്ചുനില്‍ക്കുന്നത് സ്ത്രീശരീരമാണ്. സ്ത്രീ സമം ശരീരം എന്ന ഈ സമവാക്യം വളരെ വേഗം സ്ത്രീയെ ശരീരത്തിലേക്ക് പരിമിതപ്പെടുത്തുന്നതാണ്. അതിനാല്‍തന്നെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ആദ്യപടിയില്‍ പുരുഷന്റെ നോട്ടം സാമാന്യമായി പറഞ്ഞാല്‍ ലൈംഗികമായ കണ്ണിലൂടെയായിരിക്കും. എന്നാല്‍, സ്ത്രീ-പുരുഷ ബന്ധങ്ങള്‍ പരിചിതഭാവത്തിലേക്ക് എത്തുമ്പോള്‍ ലൈംഗികേതരമായ ബോധത്തിലേക്ക് അവ വഴിമാറും. അതിലൂടെ സ്ത്രീ എന്നത് ശരീരം മാത്രമല്ല അവള്‍ക്ക് മറ്റനേകം മൗലികതകളുണ്ടെന്നും തിരിച്ചറിയപ്പെടും.
നവോത്ഥാന ചരിത്രം വെട്ടിമാറ്റിയ മുസ്ലിം സ്ത്രീ
മതേതര ലിബറല്‍വാദികളും ഫെമിനിസ്റ്റ് ആശയവാദികളും രണ്ടുതരം മുസ്ലിം സ്ത്രീക്ക് മാത്രമേ അവരുടെ നിഘണ്ടുവില്‍ ഇടം കൊടുത്തിട്ടുള്ളൂ. അതിലൊരുവള്‍ മതത്തിന്റെ പുരുഷാധിപത്യ നയങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഇര. മറ്റൊരാള്‍ മതത്തിനകത്തു നിന്നുകൊണ്ട് ആഭ്യന്തരയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന പോരാളി. എന്നാല്‍, മുസ്ലിം സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ച് നടന്നുവരുന്ന പുതിയ അന്വേഷണങ്ങള്‍ ഇത്തരം സ്ത്രീവാദബോധങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക് സുപരിചിതമായിരുന്ന അറബി മലയാളത്തില്‍ എഴുതാനും വായിക്കാനും കഴിയുന്ന മുസ്ലിം സ്ത്രീകള്‍ എമ്പാടുമുണ്ടായിരുന്നുവെന്നും അവര്‍ മതാധ്യയനം, മതാധ്യാപനം വരെ നടത്തിയിരുന്നുവെന്നും ഡോ. ഷംസാദ് ഹുസൈനെ പോലുള്ളവര്‍ നിരീക്ഷിക്കുന്നു. മറ്റു സമൂഹങ്ങളില്‍ അക്ഷരം നിഷിദ്ധമായവരും അക്ഷരലോകത്തുനിന്ന് പുറത്താക്കപ്പെട്ടവരും നിലനിന്നിരുന്ന കാലത്ത് ലിംഗ ജാതി ഭേദമില്ലാതെ മുസ്ലിം സ്ത്രീകള്‍ പഠനം നടത്തി. മതകാര്യങ്ങളോടൊപ്പം പാട്ടുകളും ബൈത്തുകളും മദ്റസയില്‍ പഠിപ്പിച്ചിരുന്നു. ഏതു വിഷയങ്ങളെക്കുറിച്ചും അവര്‍ പാട്ടുകളുണ്ടാക്കി. ആ പാട്ടുകളാകട്ടെ അവരുടെ സാമൂഹിക ഇടപെടലിന്റെ ഭാഗമായിതന്നെ കാണാവുന്നതാണ് എന്ന് ഷംസാദ് ഹുസൈന്‍ അഭിപ്രായപ്പെടുന്നു (ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍, പേജ്: 13).
മൗലികമായ മൂന്ന് ചോദ്യങ്ങള്‍ ഈ പുസ്തകത്തിലൂടെ ഷംസാദ് ഹുസൈന്‍ കേരളത്തോട് ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, സമുദായ വ്യവസ്ഥകള്‍ക്കകത്തു ജീവിക്കുന്നു എന്നതുകൊണ്ടു മാത്രം ഒരു ജനതയെ അപരിഷ്‌കൃതമെന്ന് വിളിക്കാനാവുമോ എന്നതാണ്. അതുപോലെ തന്നെ മുഖ്യധാരാ വിദ്യാഭ്യാസമില്ലാത്തതുകൊണ്ടുമാത്രം മുസ്ലിം സ്ത്രീകള്‍ അറിവില്ലാത്തവരാകുമോ എന്നും. എല്ലാറ്റിനുമപ്പുറം 'അറിവില്ലാതെ അകത്തളങ്ങളില്‍ മാത്രം കഴിഞ്ഞവള്‍' എന്ന് എല്ലാവരെയും അടക്കി വിളിക്കുമ്പോള്‍ പാട്ടുകളെഴുതുന്ന, തന്റേതായ ഇടങ്ങള്‍ സ്ഥാപിക്കുന്ന മുസ്ലിം സ്ത്രീകളെ എവിടെയാണ് നിങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ്. ഈ മൂന്ന് ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ നമ്മുടെ മുഖ്യധാരാ മതേതര ലിബറല്‍ ഫെമിനിസ്റ്റ് വാദങ്ങള്‍ക്കാവുകയില്ല. മതത്തിനുള്ളില്‍നിന്നും മതത്തിന്റെ പുരുഷാധിപത്യ പ്രവണതകള്‍ ചൂണ്ടിക്കാണിച്ചെന്ന പ്രത്യേകതയോടെ ഖദീജ മുംതാസിന്റെ 'ബര്‍സ' എന്ന നോവല്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മുഖ്യധാരാ കേരളീയ സമൂഹം ഷംസാദ് ഹുസൈന്റെ പുസ്തകം ശ്രദ്ധിക്കാതെ പോയതില്‍ അത്ഭുതപ്പെടാനില്ല എന്ന് ഷെറിന്‍ പറയുന്നു.
'പാട്ടുകൊണ്ട് ചൂട്ടുകെട്ടി മോത്തുകുത്തും ഞാന്‍'
എന്ന വരികള്‍ പാട്ടുകള്‍ നിറഞ്ഞുനിന്ന പോയ കാലത്തെയും അതിനെ ആയുധമാക്കിയിരുന്ന മാപ്പിളപ്പെണ്ണിന്റെ വീര്യത്തെയും പ്രതിനിധാനം ചെയ്യുന്നതാണ്. പാട്ടുകളുടെ മേഖലയില്‍ മാത്രമല്ല മതാധ്യാപന രംഗത്തും മുസ്ലിം സ്ത്രീകളുണ്ടായിരുന്നു. സ്ത്രീകള്‍ നടത്തിയിരുന്ന ഓത്തുപള്ളികള്‍ പലയിടത്തും ഉണ്ടായിരുന്നു. ഉസ്താദ് എന്നും മൊല്ലാച്ചി എന്നുമൊക്കെ ഇവര്‍ ബഹുമാനപുരസ്സരം വിളിക്കപ്പെട്ടു. പരപ്പനങ്ങാടിയില്‍ ഉസ്താദ് നബീസാത്ത ഓത്തുപള്ളിയില്ലെങ്കിലും ഇന്നും ആ പേരിലാണ് അറിയപ്പെടുന്നത്. പൊന്നാനിയിലെ ആയിശതാത്ത രണ്ട് നേരം നൂറോളം കുട്ടികളെ വെച്ച് ഓത്തുപള്ളി നടത്തിയിരുന്നു. ആയിശതാത്ത ഇന്നും കുടുംബം പുലര്‍ത്തുന്നത് കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടാണ് (ഡോ. ഷംസാദ് ഹുസൈന്‍ - ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍, പേജ്: 15).
ഇങ്ങനെ പാരമ്പര്യ വിദ്യാഭ്യാസം നേടുകയും പഠിപ്പിക്കുകയും വായിക്കുകയും പാടുകയും ചെയ്യുന്ന ഒരു മുസ്ലിം സ്ത്രീ ചരിത്രം ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്. ഇസ്ലാം പുരുഷനെപ്പോലെ സ്ത്രീക്കും നല്‍കിയ അതിരുകളും പരിധികളുമെല്ലാം പാലിച്ചുകൊണ്ടുതന്നെ തന്റെ ഇടത്തെ അവള്‍ സാര്‍ഥകമാക്കിയിട്ടുണ്ട്. എന്നാല്‍, പുരുഷാധിപത്യത്തിനും പൗരോഹിത്യത്തിനും കീഴില്‍ പ്രശ്നമനുഭവിക്കാന്‍ വിധിക്കപ്പെട്ടവള്‍ എന്ന ഗണത്തില്‍ മാത്രം ഉള്‍പ്പെടുത്തി മുസ്ലിം സ്ത്രീയെ കാണാനാണ് നമ്മുടെ പൊതുമണ്ഡലത്തിനിഷ്ടം. ഇസ്ലാമിനെ ഒറ്റക്കണ്ണിലൂടെ മാത്രം നോക്കിക്കാണുകയും പടിഞ്ഞാറന്‍ ലിബറല്‍ മൂല്യങ്ങളുടെ എതിര്‍പക്ഷത്ത് പ്രതിഷ്ഠിച്ച് പൈശാചികവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ മുസ്ലിം സ്ത്രീ മതത്തിന്റെ ഇരയായിത്തീരുന്നു. മുസ്ലിം സ്ത്രീയുടെ പര്‍ദയും ശിരോവസ്ത്രവുമെല്ലാം അവള്‍ സ്വയം തെരഞ്ഞെടുക്കുന്നതല്ലെന്ന മുന്‍വിധി ലിബറല്‍, ഫെമിനിസ്റ്റ് വാദികളെല്ലാം കൊണ്ടുനടക്കുന്നത് ഇതിനാലാണ്.
മുസ്ലിം സ്ത്രീയും പൊതുമണ്ഡലവും
സ്ത്രീവാദ പഠനങ്ങള്‍ പൊതുവെ ചലന-സഞ്ചാര സ്വാതന്ത്ര്യത്തെ വിമോചനത്തിന്റെ മുഖ്യ ഉപാധികളിലൊന്നായാണ് പരിഗണിക്കുന്നത്. എന്നാല്‍, പുരുഷാധിപത്യ സമൂഹം ഇഷ്ടദാനം നല്‍കിയ സ്ത്രീയുടെ പൊതു ഇടങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. പുരോഗമന പ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന മതേതര സംഘടനകളില്‍വരെ സ്ത്രീകളുടെ രണ്ടാംകിട പൗരത്വവും അതില്‍തന്നെ മുസ്ലിം- കീഴാള സ്ത്രീകളോടുള്ള വിവേചനവും പ്രകൃതിനിയമംപോലെ പരിപാലിക്കപ്പെട്ടുപോരുന്നുണ്ട്.
മതവിശ്വാസത്തില്‍നിന്ന് യുക്തിചിന്തയെ വേര്‍തിരിച്ചവരായി അറിയപ്പെടുന്ന അരിസ്റ്റോട്ടില്‍ മുതല്‍ ഹെഗല്‍ വരെയുള്ള ചിന്തകര്‍ സ്ത്രീകളുടെ അടിമത്തവും വിധേയത്വവും ചരിത്രവിധിയാണെന്ന് എഴുതിവെച്ചിട്ടുള്ളവരാണ്. അതിനെ പിന്തുടരുന്ന പുരോഗമനകാരികള്‍ക്കും മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാര്‍ക്കും ലിംഗനീതിയെ സംബന്ധിച്ച പുതിയ ഉള്‍ക്കാഴ്ചകളൊന്നും വികസിപ്പിക്കാനായിട്ടുമില്ല.
ആധുനികപൂര്‍വ സമൂഹങ്ങളില്‍ വിശിഷ്യാ, കാര്‍ഷിക സമൂഹഘടനയില്‍ പ്രസവിക്കാനും കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും സ്ത്രീക്ക് സാധിച്ചിരുന്നു. എന്നാല്‍, ആധുനിക വ്യവസായ യുഗത്തിലേക്ക് കാലെടുത്തുവെച്ചതോടെ സ്ത്രീകള്‍ പുരുഷനു തുല്യമായി പൊതു ഇടങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും ഇറങ്ങിത്തുടങ്ങി. പൊതു ഇടങ്ങളിലെ ഈ ജോലിയാകട്ടെ സ്ത്രീയെ സംബന്ധിച്ചേടത്തോളം ഇരട്ടി ഭാരവുമായിരുന്നു. വിവാഹം, ഗര്‍ഭധാരണം, ശിശുപരിചരണം, ശുചീകരണം, പാചകം മുതലായവ പുറംജോലിയോടൊപ്പം ചെയ്യേണ്ടിവരികയെന്നത് അവള്‍ക്ക് അധികബാധ്യതയുമായി. സ്ത്രീയും പുരുഷനും സര്‍വസ്വതന്ത്രരാണെന്നും യാതൊരു സമവായവും പാരസ്പര്യവും സാധ്യമാകാത്ത രണ്ടു വ്യക്തികളാണെന്നുമുള്ള വീക്ഷണമാണ് ഈ ദുര്യോഗത്തിന് കാരണം. സമൂഹത്തില്‍ നിലനില്‍ക്കേണ്ട അനിവാര്യമായ സ്ഥാപനമാണ് കുടുംബമെന്ന വസ്തുത മതേതരവാദികള്‍ക്ക് സ്വീകാര്യമായില്ല. കുടുംബത്തില്‍ സ്ത്രീയും പുരുഷനും നിര്‍വഹിക്കാനുള്ള ധര്‍മങ്ങള്‍ വ്യത്യസ്തവും അതേസമയം പരസ്പരപൂരകവുമാണെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിഞ്ഞുമില്ല. അതിനാല്‍ ഒന്നുകില്‍ ജൈവികമായ സ്ത്രീത്വവും മാതൃത്വവും ഉപേക്ഷിക്കുക, അല്ലെങ്കില്‍ ജോലിയെടുക്കുക എന്നതാണ് പുരുഷകേന്ദ്രീകൃത മതേതര, ലിബറല്‍ കമ്പോള വ്യവസ്ഥ സ്ത്രീയോട് ആവശ്യപ്പെടുന്നത്. എന്നാല്‍, ഇസ്ലാമിക ശരീഅത്തിന്റെ അതിരുകള്‍ക്കകത്തുവെച്ച് ഇവ രണ്ടും സംഗീതമധുരമായി കോര്‍ത്തുവെക്കാന്‍ മുസ്ലിം സ്ത്രീക്ക് സാധിക്കുന്നു.