ഭക്ഷണമേശയിലെ ശീലങ്ങള്‍ ആരോഗ്യകരമാക്കിയാല്‍ ജീവിതശൈലീരോഗങ്ങളെ ഒരു പരിധിവരെ അകറ്റിനിര്‍ത്താം. നാവിനു രസം പകരാന്‍ എന്തെല്ലാം വിഭവങ്ങളാണ്. പീറ്റ്‌സ, ബര്‍ഗര്‍, ലെയ്‌സ്, ചോക്ലേറ്റ്‌സ്... കഴിക്കുന്ന നേരമോ? ഏതു നേരത്തും എന്തും..... രുചിയില്‍ ഒരു കോംപ്രമൈസും ഇല്ല.... ഫലമോ മുപ്പതിലെത്തും മുമ്പേ പറഞ്ഞുതുടങ്ങും; ചായയില്‍ പഞ്ചസാര വേണ്ട; ഉപ്പ് തീരെ പറ്റില്ല. എരിവുള്ളതൊന്നും വയറിന് ശരിയാവില്ല. ആഹാര കാര്യത്തില്‍ അതിസ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ഫലം. കാലം ചെല്ലും തോറും ആഹാരത്തിലെ ശീലക്കേടുകള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വിരുന്നെത്തുന്ന പ്രായവും കുറയുകയാണ്. പരിഹാരം ഒന്നേയുള്ളൂ, ആരോഗ്യപ്രദമായ ആഹാരശീലങ്ങള്‍ പിന്തുടരുക.
തെളിനീരില്‍ തുടങ്ങാം
എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുക. ദിവസം മുഴുവന്‍ ഉന്മേഷം തരും. ചൂടാക്കി തണുപ്പിച്ച വെള്ളവും കുടിക്കാന്‍ ഉപയോഗിക്കാം. ശോധന ശരിയായി നടക്കുന്നതിന് ഇടക്കിടെ വെള്ളം കുടിക്കുക. നിര്‍ജലീകരണം തടയുന്നതു കൊണ്ടുതന്നെ രോഗസാധ്യത പകുതിയോളം കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ സ്വന്തം ആരോഗ്യത്തിന് പാരവെക്കുകയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രഭാത ഭക്ഷണമാണ്. ശരിയായ പോഷകഗുണമുള്ള സമീകൃതാഹാരം പ്രഭാത ഭക്ഷണമാക്കുന്ന ശീലം ശരീരത്തിന്റെ ഊര്‍ജനില ഉയര്‍ത്തുകയും ദിനം മുഴുവന്‍ പ്രസരിപ്പു നല്‍കുകയും ചെയ്യും. ഉറക്കമുണര്‍ന്നാല്‍ രണ്ടു മണിക്കൂറിനകത്ത് പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
ആവശ്യമറിഞ്ഞ് ഭക്ഷിക്കാം
പലപ്പോഴും നാം ആവശ്യത്തിനല്ല, ആവേശത്തിനു വഴങ്ങിയാണ് ഭക്ഷണം കഴിക്കുന്നത്. ആഹാരം കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ഓര്‍മയില്‍ ഉണ്ടായിരിക്കണം:
- വിശന്നാല്‍ മാത്രം കഴിക്കുക
- കഴിവതും ശാന്തമായ അന്തരീക്ഷത്തില്‍ ഇരുന്ന് കഴിക്കുക. ഇത് യഥാര്‍ഥ രുചിയറിഞ്ഞ് കഴിക്കാന്‍ സാധിക്കും.
- ഭക്ഷണം ആസ്വദിച്ചു കഴിക്കുക. ഇരുന്ന് അല്‍പം സമയമെടുത്ത് റിലാക്‌സ് ചെയ്തതിനു ശേഷം മാത്രം ആഹാരം കഴിച്ചു തുടങ്ങുക.
- ആദ്യം തന്നെ വേണ്ടതിലധികം ഭക്ഷണ സാധനങ്ങള്‍ വിളമ്പിവെക്കുന്നത് ഒഴിവാക്കണം. ആവശ്യത്തിനു മാത്രം എടുത്തിട്ട് വീണ്ടും വേണമെങ്കില്‍ പിന്നീട് വിളമ്പി എടുക്കുക.
മുപ്പതു വയസ്സു കഴിഞ്ഞാല്‍...
നിങ്ങള്‍ക്ക് മുപ്പതു വയസ്സായോ? എങ്കില്‍ ശ്രദ്ധിക്കണം. നാര് (ഫൈബര്‍) കൂടുതലുള്ള ഭക്ഷണങ്ങളാണ് ഇനി വേണ്ടത്. കുമ്പളങ്ങ, മുരിങ്ങ, മാങ്ങ, പപ്പായ, ഇലക്കറികള്‍ തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. അതുപോലെ നാരങ്ങ, ആപ്പിള്‍, മുന്തിരി, സപ്പോട്ട, ഓറഞ്ച്, നെല്ലിക്ക എന്നിവയും വേണം. ജ്യൂസുകള്‍ കഴിവതും ഒഴിവാക്കുക. മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സാലഡുകള്‍ ധാരാളമായി കഴിക്കണം. രക്താദി സമ്മര്‍ദം, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, തലവേദനകള്‍ എന്നിവയില്‍നിന്നെല്ലാം മോചനത്തിനായി ശരിയായ വ്യായാമവും ആവശ്യമാണ്.
വിളര്‍ച്ച കുറയ്ക്കും ഭക്ഷണം
ഇരുമ്പ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുകയെന്നതാണ് വിളര്‍ച്ച തടയുന്നതിനുള്ള വഴി. എല്ലാ പരിപ്പ്, പയര്‍ വര്‍ഗങ്ങളിലും ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പും കാത്സ്യവും കൊണ്ട് സമ്പന്നമാണ് റാഗി. എളുപ്പം ദഹിക്കുന്ന ഈ ധാന്യത്തില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കുറുക്കായോ പുട്ടായോ ദോശയായോ റാഗി കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. കറിവേപ്പില, മല്ലിയില എന്നിവ ഉള്‍പ്പെടെ പച്ചനിറത്തിലുള്ള ഇലക്കറികള്‍ വിളര്‍ച്ചയെ നേരിടാന്‍ ഉത്തമമാണ്. ചീര, കാബേജ് തുടങ്ങിയവയും ഇരുമ്പിന്റെ ഉറവിടമാണ്.