കുറച്ചു നേരം നമുക്കൊരു കുഞ്ഞാവാം
കെ.ടി സൈദലവി വിളയൂര്‍
നവംബര്‍ 2020
കുട്ടികളുടേതായ സ്വന്തം ലോകത്ത് എപ്പോഴെങ്കിലും നാമൊന്ന് കടന്നുചെന്നിട്ടുണ്ടോ? ഉണ്ടെന്ന് നാം
കുട്ടികളുടേതായ സ്വന്തം ലോകത്ത് എപ്പോഴെങ്കിലും നാമൊന്ന് കടന്നുചെന്നിട്ടുണ്ടോ? ഉണ്ടെന്ന് നാം പറയുമെങ്കിലും പരിപൂര്‍ണ മനസ്സോടെ ആ ഭാവനാ ലോകത്ത് ഒരിത്തിരി നേരം കഴിച്ചു കൂട്ടിയവര്‍ വിരളമായിരിക്കും. അവര്‍ കാണിക്കുന്ന കുസൃതികള്‍, കുഞ്ഞു ഭാഷണങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും അവര്‍ പ്രകടിപ്പിക്കുന്ന ചിന്തകള്‍. ഒരല്‍പം മാറി നിന്ന് അവരുടെ കളികളൊന്ന് മൗനമായി വീക്ഷിച്ചു നോക്കൂ. നിഷ്‌കളങ്കമായി അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ നമ്മുടെ മനസ്സിനെ വല്ലാതെ കുളിരണിയിപ്പിക്കും. ഒറ്റ നിമിഷം കൊണ്ട് തന്നെ ഒരുപാട് പാഠങ്ങള്‍ ഒരുപക്ഷേ അവര്‍ നമ്മെ പഠിപ്പിച്ചെന്നു വരും. മുതിര്‍ന്നവരേക്കാള്‍ എത്രയോ ആത്മാര്‍ഥമായും ചിട്ടയായുമാണ് അവര്‍ അവരുടെ ഓരോ കാര്യങ്ങളും ചെയ്തുതീര്‍ക്കുന്നത്. ചുറ്റുപാടുകളിലെ ബഹളമയങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ തങ്ങളുടേതായ ലോകത്ത് മാത്രം കണ്ണും മനസ്സും സമര്‍പ്പിക്കുന്നു. ഇത്തരത്തിലുള്ള വിശാലമായ അവരുടെ ആ ലോകത്തേക്ക് അതിഥിയായി ഒരാള്‍ ചെല്ലുന്നത് അവരെ സംബന്ധിച്ചേടത്തോളം വല്ലാത്തൊരു ആഹ്ലാദവും സന്തോഷവുമാണ്. അതും അല്‍പം മുതിര്‍ന്നവര്‍, പ്രത്യേകിച്ച് മാതാപിതാക്കളാവുമ്പോള്‍ അവരുടെ കുഞ്ഞു ഭാവനാലോകം ഏറെ വിശാലവും വിസ്തൃതവുമായി അവര്‍ക്കനുഭവപ്പെടുന്നു.
നമ്മുടെ കുട്ടികളുടെ സന്തോഷമാണ് നമ്മുടെ സന്തോഷം. അതിനു വേണ്ടിയാണ് നാം അധ്വാനിക്കുന്നതും വിശ്രമമില്ലാതെ ഓടി നടക്കുന്നതും. എന്നിട്ടും അവരോടൊന്നിച്ച് ക്ഷമയോടെ ഒന്നിരിക്കാന്‍ നമുക്കെന്തുകൊണ്ട് സാധിക്കുന്നില്ല?
മാതാപിതാക്കള്‍ മക്കളെ അറിഞ്ഞു പെരുമാറുന്ന മാതൃകകളായിത്തീരണം. അല്‍പ നേരമെങ്കിലും കുഞ്ഞുമക്കളുമായി കളിയിലേര്‍പ്പെടാന്‍ സന്നദ്ധത കാണിക്കണം. കുട്ടികളോടൊപ്പമാവുമ്പോള്‍ ഒരു കുട്ടിയായി ചമയണം. അവരുടെ വേഷമിട്ട് ഇരുത്തം വന്ന ഒരു കലാകാരനെ പോലെ നന്നായി അഭിനയിക്കണം. അവരുടെ ഭാഷ, സംസാരം എല്ലാം തല്‍ക്കാലത്തേക്ക് കടമെടുക്കണം. അവരുടെ അംഗ വിക്ഷേപങ്ങളെ അപ്പടി പകര്‍ത്തണം. കൊഞ്ചലുകള്‍ക്കൊത്ത് തിരിച്ചും കൊഞ്ചണം. സ്വന്തം വീടിന്റെ അകത്താണ് നാം. നാമും കുടുംബവുമല്ലാതെ മറ്റാരുമില്ലവിടെ. അതിനാല്‍ മറ്റാരെങ്കിലും കേട്ടാലും കണ്ടാലുമുണ്ടാകുന്ന ജാള്യതയെ കുറിച്ച് ആലോചിച്ച് അസ്വസ്ഥരാവേണ്ടതില്ല. നമ്മുടെ കുട്ടികള്‍ നമ്മുടെ ലോകം. അവിടെ നമുക്ക് എങ്ങനെ വേണമെങ്കിലും വേഷങ്ങള്‍ മാറാം. അവരോടൊത്ത് ആടിത്തിമിര്‍ക്കാം, പാടി രസിക്കാം.
കുട്ടികളുടേതായ എത്ര തരം കളികളുണ്ട്. അല്ലെങ്കില്‍ അവരിഷ്ടപ്പെടുന്ന പ്രവൃത്തികളുണ്ട്. അവയിലൊക്കെയും അവരാഗ്രഹിക്കുന്ന രീതിയിലും ഭാവത്തിലും അവരോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കാന്‍ തയാറാവണം. അപ്പോഴേ അവരുടെ കുഞ്ഞു മനസ്സുകള്‍ സംതൃപ്തമാവൂ, അവരുടെ നിഷ്‌കളങ്ക മുഖങ്ങളില്‍ പ്രകാശത്തിന്റെ കിരണങ്ങള്‍ പ്രത്യക്ഷപ്പെടൂ. അവരോടൊപ്പം അവരെ പോലെയൊന്ന് മുട്ടുകുത്തി നടക്കാം. മുട്ടുകുത്തി കുനിഞ്ഞ് ആനയായി അവരെ പുറത്തിരുത്താം. കണ്ണുകള്‍ തുറിപ്പിച്ച് ചുവന്ന നാവുകള്‍ നീട്ടി ചെവി കൈകള്‍ കൊണ്ട് വട്ടം പിടിച്ച് എന്തെങ്കിലും പറഞ്ഞു ചെറുതായി ഭയപ്പെടുത്തി നോക്കാം. ഉമ്മയും കുട്ടിയും ഡോക്ടറും അധ്യാപകനും വിദ്യാര്‍ഥിയുമായെല്ലാം വേഷങ്ങള്‍ പകര്‍ന്നാടാം. കണ്ണന്‍ ചിരട്ടയില്‍ മണ്ണു നിറച്ച് അവരുണ്ടാക്കിയ ചോറുകള്‍ വാരിത്തിന്നാം. അവര്‍ കൈയിലേല്‍പ്പിക്കുന്ന പാവക്കുട്ടിയെ വാരിയെടുത്ത് ചോറ് നല്‍കി തോളിലിട്ടു താരാട്ടു പാടിയുറക്കാം. ഇതൊക്കെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല. ഇങ്ങനെ സ്വയമൊരു കുട്ടിയായി ചമയാനാവുമ്പോഴാണ് നാം ഒരു യഥാര്‍ഥ രക്ഷിതാവായി മാറുന്നത്.
ജോലിയും പദവികളുമനുസരിച്ച് മാതാപിതാക്കള്‍ക്കുണ്ടാകുന്ന ഗൗരവ സ്വഭാവം ഒരിക്കലും മക്കളില്‍ പ്രകടിപ്പിക്കരുത്. അതെല്ലാം ജോലിസ്ഥലത്ത് അഴിച്ചുവെച്ചു വേണം വീട്ടിലേക്ക് തിരിക്കാന്‍. കാര്‍ക്കശ്യവും കണിശതയുമുള്ള പോലീസുകാരനെയോ കസ്റ്റംസ് ഓഫീസറെയോ ഒന്നുമല്ല മക്കള്‍ക്ക് ആവശ്യം. വാത്സല്യനിധികളായ മാതാപിതാക്കളെയാണ് അവര്‍ കൊതിക്കുന്നത്. എത്ര വലിയ ഉദ്യോഗമാണെങ്കിലും അവയുടെ പരിവേഷമെല്ലാം മാറ്റിവെച്ച് മക്കളോട് കളിതമാശകളില്‍ ഏര്‍പ്പെട്ടേ മതിയാകൂ. അധ്യാപകനോ പട്ടാളക്കാരനോ ആരുമാകട്ടെ നമ്മള്‍. മക്കള്‍ക്ക് നമ്മള്‍ പിതാവും മാതാവും മാത്രമാണ്. അല്ലെങ്കില്‍ അങ്ങനെയാകണം. അതിനല്‍പം കുട്ടിത്തം എപ്പോഴും നാം മനസ്സില്‍ സൂക്ഷിച്ചുവെക്കണം. ഇല്ലാത്തവര്‍ അത് നട്ടു വളര്‍ത്തിയെടുക്കുക തന്നെ വേണം. മനസ്സില്‍ കുട്ടിത്തമുണ്ടെങ്കിലേ മക്കളുടെ ലോകത്തേക്ക് പൂര്‍ണമായും നമുക്ക് കടന്നുചെല്ലാനാകൂ. ഗൗരവവും നടിച്ചു നടന്നിട്ട് യാതൊരു ഫലവുമില്ല. ബലൂണ്‍ പോലെ സ്വയം വീര്‍പ്പിച്ച നമ്മുടെ മനസ്സും ശരീരവും കാറ്റൊഴിച്ചുവിട്ട് റിലാക്‌സാക്കണം. കുട്ടിത്തമെന്നത് കുട്ടികളുടെ അവകാശമാണ്. അതിന് മുതിര്‍ന്നവരില്‍നിന്ന് അംഗീകാരം ലഭിക്കണം. എങ്കിലേ അത് സമ്പൂര്‍ണവും ആസ്വാദ്യകരവുമാകൂ. ആ അവകാശം വകവെച്ചു കൊടുക്കാന്‍ നമുക്ക് മനസ്സും സന്നദ്ധതയും ഉണ്ടാവണം. ചിലരുണ്ട്, വീട്ടില്‍ എപ്പോഴും ഗൗരവത്തോടെ നടക്കുന്നവര്‍. മക്കളോട് പോലും ഒന്ന് മനസ്സറിഞ്ഞു ചിരിക്കാത്തവര്‍. അവരൊക്കെ ഉടനടി ഒരു മാറ്റത്തിന് തയാറായേ മതിയാകൂ.
നിസ്സാരമായ കാര്യങ്ങളില്‍ വരെ കുട്ടികളോട് മുതിര്‍ന്നവരോടെന്ന പോലെ പെരുമാറുന്ന രക്ഷിതാക്കളുണ്ട്. എപ്പോഴും സംസാരിച്ചും ഉപദേശിച്ചും കൊണ്ടിരിക്കുന്നവര്‍. രണ്ടു വയസ്സു പോലും തികയാത്ത കുട്ടികളെ വരെ ഇവരിങ്ങനെ ഉപദേശിച്ചു കൊല്ലും. കുട്ടികളെ കുട്ടികളായി കാണാനും അവരുടെ കുഞ്ഞുമനസ്സിലെ ചിന്തകളെ ഉള്‍ക്കൊള്ളാനും കഴിയാത്ത ഇടുങ്ങിയ മനസ്സിന്റെ ഉടമകളാണ് ഇത്തരക്കാര്‍. കുട്ടികള്‍ പലതും എറിഞ്ഞുടക്കും. തകര്‍ത്തു തരിപ്പണമാക്കും. ചുമരുകളില്‍ ചോക്കു കൊണ്ട് വരഞ്ഞ് വൃത്തികേടാക്കും. ആ ചെയ്തികളുടെ ഗൗരവം മനസ്സിലാക്കാനുള്ള പ്രായവും പക്വതയും അവര്‍ക്കെത്തിയിട്ടില്ല. ഇവിടെ ഇത്യാദി തിരിച്ചറിവുകളാണ് രക്ഷിതാക്കള്‍ക്ക് ആവശ്യം.
ജോലിത്തിരക്കും ജീവിതത്തിന്റെ പിരിമുറുക്കങ്ങളും മൂലം കുട്ടികളുടെ പരിപാലനത്തില്‍ തന്നെ ശ്രദ്ധയും ജാഗ്രതയും കാണിക്കാത്തവര്‍ ധാരാളമുണ്ട്. സാമൂഹിക മാധ്യമങ്ങളിലും മറ്റു ഇലക്‌ട്രോണിക് വിനോദങ്ങളിലും സമയം കൊല്ലുന്നവര്‍ക്കും മക്കളെ ശ്രദ്ധിക്കാനാവുന്നില്ല. ഇതിനിടയില്‍ കുട്ടികള്‍ എന്തെങ്കിലും അഭ്യാസങ്ങളുമായി വന്നാല്‍ ദേഷ്യവും അസ്വസ്ഥതകളും പ്രകടിപ്പിക്കും. കുട്ടികളിലും ആധുനികതയുടെ ഈ മാറ്റങ്ങള്‍ വല്ലാതെ പ്രകടമാകുന്നുണ്ട്. അവര്‍ക്കും ഇലക്‌ട്രോണിക് ഉപകരണങ്ങളോടാണ് പ്രിയം. ഒരു ഭാഗത്ത് ആര്‍ക്കും ശല്യമില്ലാതെ അവരങ്ങനെ അച്ചടക്കത്തോടെ ഇരുന്നുകൊള്ളും എന്നതിനാല്‍ മാതാപിതാക്കള്‍ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിനൊക്കെ ഒരു മാറ്റം വരുത്തി കളികളിലേക്കും മറ്റും അവരെ കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ മുന്‍കൈ എടുക്കണം. അവര്‍ക്ക് ശാരീരികവും മാനസികവുമായ ആയാസവും ഉല്ലാസവും ലഭിക്കാനും മാതാപിതാക്കളോട് സ്‌നേഹം വര്‍ധിക്കാനും അത് കാരണമാകും.
കുട്ടിത്ത ഭാഷയും സംസാരവും മോശമായി കരുതുന്നവരും നമുക്കിടയിലുണ്ട്. അവര്‍ക്കങ്ങനെ പറയാനും ചെയ്യാനുമെല്ലാം വലിയ നാണവും ജാള്യതയുമാണ്. കണ്ണ് കൊണ്ടു പോലും കുട്ടികളോട് ഒരു കോപ്രാട്ടി കാട്ടാത്തവര്‍. സ്‌നേഹക്കുറവ് കൊണ്ടാവില്ല ഇതില്‍നിന്ന് പിറകോട്ടു വലിയുന്നത്. അവരുടെ പ്രകൃതമാവാം. ചിലര്‍ക്കാകട്ടെ ശ്രദ്ധക്കുറവാണ്. മറ്റു ചിലര്‍ക്ക് അതിനായി സമയം കണ്ടെത്താനും ബുദ്ധിമുട്ടാനും വയ്യ. കുട്ടികള്‍ അവരുടെ ഇഷ്ടം പോലെ ഇരിക്കുന്നിടത്ത് ഇരിക്കട്ടെ എന്ന് കരുതുന്നവര്‍. കാരണം കുട്ടികളുടെ ഇഷ്ടത്തിന് നിന്നു കൊടുക്കണമെങ്കില്‍ കുറച്ച് ക്ഷമയൊക്കെ വേണം. അവരുടെ ഇടതടവില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം ചെയ്തുകൊണ്ടിരിക്കണം. എന്നാല്‍ ചില രക്ഷിതാക്കള്‍ നേരെ വിപരീതമാണ്. എത്ര ഹൃദ്യമായാണ് അവര്‍ കുട്ടികളോട് ഇടപഴകുന്നത്! കുട്ടികളിലേക്കങ്ങ് ഇറങ്ങിച്ചെല്ലാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. സ്വന്തം കുട്ടികളോട് മാത്രമല്ല, എല്ലാവരോടും ഇവരിങ്ങനെ പെരുമാറും. ആള്‍ക്കൂട്ടത്തിനിടയിലായാലും ഈ കുട്ടിത്തം തുറന്നു പ്രകടിപ്പിക്കുന്നതില്‍ ഇവര്‍ക്ക് തടസ്സങ്ങളൊന്നുമില്ല. വീട്ടിലെങ്കിലും കുട്ടികളോട് ഇങ്ങനെ അടുത്തിടപഴകാന്‍ എല്ലാവര്‍ക്കുമാകണം.
കുട്ടികളും അവരുടെ കുട്ടിത്തവും എന്തുമാത്രം അനുഗ്രഹമാണ്! കുട്ടികളുടെ ചിരിക്കിലുക്കവും കുസൃതികളുമില്ലാത്ത വീടകം ശ്മശാനതുല്യമായിരിക്കും. വീടെന്ന ഉദ്യാനത്തിന് സുഗന്ധവും ചാരുതയുമേകാന്‍ കുഞ്ഞുങ്ങളാകുന്ന പാറിപ്പറക്കുന്ന പൂമ്പാറ്റകള്‍ വേണം. ഒരു കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ വിധിയില്ലാത്ത എത്രയോ ദമ്പതികളുണ്ട്. ആരുടെയെങ്കിലുമൊക്കെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ അവര്‍ കാണിക്കുന്ന സ്‌നേഹം കണ്ടിട്ടില്ലേ? നമുക്ക് കൈയിലുണ്ടായിട്ടും അവരോടൊന്ന് കളിച്ചുല്ലസിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് കുറേ കുഞ്ഞുങ്ങള്‍! അപ്പോള്‍ ഒരു അല്‍പസമയമെങ്കിലും കുരുന്നുമക്കളോട് അവരുടെ ഇഷ്ടങ്ങള്‍ക്കൊത്ത് കഴിയാന്‍ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. പ്രവാചകന്‍(സ) ഇക്കാര്യത്തിലും നമുക്ക് മികച്ച മാതൃകയാണ്. അവിടുന്ന് കുട്ടികളെ തലക്ക് തോണ്ടിയും മറ്റും തമാശ കളിക്കുമായിരുന്നു. തന്റെ പൗത്രന്‍ ഹസന്(റ) നാക്ക് നീട്ടിക്കൊടുക്കും. തങ്ങളുടെ ചുവന്ന നാക്ക് കണ്ട് കുട്ടി അമ്പരക്കും. അങ്ങനെ കുട്ടിയെ പിടിച്ചുവലിക്കും. വാരിപ്പുണരുകയും ചെയ്യും. ഇതുപോലുള്ള മറ്റു സംഭവങ്ങളും ഹദീസുകളില്‍ കാണാനാവും.