മനസ്സ് അക്ഷരങ്ങളെ വാരിപ്പുണരുമ്പോള്‍ വാക്കുകള്‍ കണ്ണുകളെ തലോടും. ഉള്ളിലിട്ട് നീറ്റിയ ആശയങ്ങള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി മനസ്സ് ഭാവിയും ഭൂതവും വര്‍ത്തമാനവും ഇഴപിരിയുന്ന മറ്റൊരു ലോകത്തേക്ക് മടങ്ങും. ഇരു കൈകളുടെയും തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തു പിടിച്ച പത്രവുമായി സാവിത്രി ചേച്ചി ഉമ്മറത്തിരിക്കുന്നുണ്ട്.
നാക്കറുത്ത്, ഇടുപ്പെല്ല് ചവിട്ടിപ്പൊടിച്ച്, കൊടിയ പീഡനങ്ങള്‍ക്ക് വിധേയയാക്കി, ശേഷം ഗോതമ്പു പാടത്ത് എണ്ണയൊഴിച്ച് കത്തിച്ച പെണ്‍കുട്ടിയെ കുറിച്ചുള്ള വാര്‍ത്ത അടഞ്ഞ കണ്ണിനു മുമ്പില്‍ അക്ഷരങ്ങളുടെ രൂപത്തില്‍ വന്നു നിന്ന് കൊഞ്ഞനം കുത്തിയപ്പോള്‍ സാവിത്രി ചേച്ചിയുടെ മനസ്സ് ഭൂതകാലത്തിലേക്ക് പാഞ്ഞു.
പാവാടയും കമ്മീസും വിട്ട് മുണ്ടും ബ്ലൗസിലേക്കും മാറിയ കാലം. മാറഞ്ചേരി ചന്തയില്‍നിന്നും മീനും മറ്റു സാധനങ്ങളും വാങ്ങി താമലശ്ശേരി തോടിനരികിലൂടെ നടന്നാണ് വീട്ടിലേക്ക് മടങ്ങുക. ഇന്ന് ടാറിട്ട റോഡായി രൂപാന്തരം പ്രാപിച്ച ആ തോടിന്റെ വശങ്ങളില്‍ വലിയ മരങ്ങള്‍. നട്ടുച്ചയില്‍ സൂര്യനെത്രമാത്രം രൗദ്രഭാവം പൂണ്ടാലും വലിയ മരങ്ങളിലെ ഇലകളെ കബളിപ്പിച്ച് ഭൂമിയെ സ്പര്‍ശിക്കുക എന്നത് എളുപ്പമായിരുന്നില്ല. തോട്ടില്‍ പതിച്ച സൂര്യ രശ്മികള്‍ ചിതറിത്തെറിച്ചാണ് വഴി കാണിച്ചിരുന്നത്.
സാധനങ്ങളും കാത്ത് നായരുടെ കടയില്‍ നില്‍ക്കുമ്പോഴേ തന്റെ മേല്‍ പതിച്ചിരുന്ന കണ്ണുകളുടെ ഉടമയെ ആ വഴിയിലും പലവുരു കണ്ടിട്ടുണ്ട്. അയിനി മരവും ചാരി നിന്ന് ബീഡി വലിച്ചിരുന്ന അയാള്‍ ഒരിക്കല്‍ തന്റെ കൈ പിടിച്ചു വലിച്ചതാണ്. കൈയിലെ സാധനങ്ങളുപേക്ഷിച്ച് ഓടിപ്പോയ തന്നെ നോക്കി അയാള്‍ പറഞ്ഞത് സാവിത്രിയോര്‍ത്തു:
'ചന്ത്രൂന്റെ പെങ്ങള്‍ക്ക് ഇത്ര അഹങ്കാരമോ...'
കരങ്ങിക്കലഞ്ഞ കണ്ണുമായി വീട്ടില്‍ വന്നു കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ ഇതെല്ലാം ഒരു നിത്യസംഭവമെന്ന മട്ടില്‍ അമ്മ കേട്ടിരുന്നു.
'അയാള്‍ക്ക് ഇന്നാട്ടിലെ എല്ലാതും ഉപ്പുനോക്കണം.. അയാള്‍ടെ കുട്ടിയേം വയറ്റിലിട്ടാ വെപ്പുകാരന്‍ അലവിടെ മോള് തൂങ്ങിയത്... കിളിയിലെ കുളത്തിലും ആരംകുളത്തിലും പെണ്ണുങ്ങള്‍ക്ക് കുളിക്കാന്‍ വയ്യാതായി, ഓറ്റാള്‍ടെ പറമ്പിലായിപ്പോയി ചന്ത്രൂന് പണി, അല്ലെങ്കില്‍ നാലാളുടെ മുമ്പിലിട്ട് ഞാന്‍ ആട്ടിയേനെ..'
അയാളെ പോലെ ഒട്ടേറെ പേരുണ്ടായിരുന്നു നാട്ടില്‍. കുടുംബമഹിമയും സമ്പത്തും അധികാരവും ചേര്‍ന്ന ലഹരിയില്‍ ആശ തോന്നുന്നതെല്ലാം വാങ്ങിയും പിടിച്ചുപറിച്ചും അന്യരുടെ കണ്ണീരു കൊണ്ട് സ്വന്തം ജീവിതത്തിന് വളമേകിയിരുന്നവര്‍.
എറമ്പത്തേല്‍ സ്‌കൂളിലെ എല്‍.പി തരവും ചെമ്പയില്‍ സ്‌കൂളിലെ യു.പി പഠനവും മുക്കാല സ്‌കൂളിലെ ഹൈസ്‌കൂള്‍ പഠനവുമൊക്കെ കൂലിപ്പണിക്കാരന്റെ മക്കള്‍ക്ക് അന്യമായിരുന്ന കാലം പിന്നിട്ട് അക്ഷരങ്ങള്‍ക്കൊപ്പം ഉച്ചക്കഞ്ഞിയും വിളമ്പിത്തുടങ്ങിയ കാലത്തിന് തുടക്കം കുറിച്ചപ്പോള്‍ സമ്പത്തും അധികാരവുമില്ലെങ്കിലും അറിവെന്ന പുത്തനായുധം തന്റെ കുലങ്ങളിലും കടന്നുവന്നു.
വാപൊത്തിയ കൈകളിലേക്ക് കീഴടങ്ങലിന്റെ നിശ്വാസങ്ങള്‍ക്കു പകരം പ്രതികരണത്തിന്റെ ദംഷ്ട്രകള്‍ ആഴ്ന്നിറങ്ങി. എല്ലാ ദൃശ്യങ്ങളും പതിയുന്ന ആധുനിക കാമറകള്‍ വരും മുമ്പേ നരാധമന്മാരുടെ സഞ്ചാരവഴികളില്‍ കാവലാളുകളുടെ അദൃശ്യമിഴികള്‍ സുരക്ഷാ കവചം തീര്‍ത്തു. നീളുന്ന കൈകള്‍ വെട്ടിയരിയപ്പെടുമെന്ന ഭീതിയില്‍ ദുരാഗ്രഹങ്ങളെ മുറിബീഡിക്കൊപ്പം വലിച്ചെറിയാന്‍ മാടമ്പികള്‍ നിര്‍ബന്ധിതരായി.
അക്ഷരങ്ങളും അവ പകര്‍ന്ന അറിവും മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ പകര്‍ന്നപ്പോള്‍ ഒന്നെന്ന ചിന്തയുടെ നാമ്പുകള്‍ക്ക് പുതുജീവന്‍ കിട്ടി. ജാതിമേല്‍ക്കോയ്മയുടെയും കൈയടക്കലിന്റെയും എതിര്‍സ്വരങ്ങളെയും കീഴടങ്ങാത്തവരെയും ഇല്ലായ്മ ചെയ്യുന്നതിന്റെയും കാലം തന്റെ നാട്ടില്‍ നിന്നകന്നപോലെ മറ്റിടങ്ങളില്‍നിന്നും ഒരിക്കല്‍ വിടപറയുമായിരിക്കും. പക്ഷേ, ജാതിയും മതവും സമ്പത്തും വേര്‍തിരിവുകള്‍ തീര്‍ക്കാത്ത ലൈംഗിക വൈകൃതത്തിന്റെയും ലഹരിക്ക് അടിമപ്പെട്ടവരുടെയും കരാളഹസ്തത്തില്‍നിന്ന് പ്രബുദ്ധരെന്ന് മേനി നടിക്കുന്ന ഈ സമൂഹത്തിന് എന്ന് മോചനം ലഭിക്കും?
ദേശവും ഭാഷയും മറ്റൊന്നെങ്കിലും പെണ്ണുടലിനെല്ലാം ഒറ്റയിടവും ഒറ്റ ശബ്ദവുമല്ലേ? രണ്ടു വയസ്സുകാരിയും എഴുപതു വയസ്സുകാരിയും ഇരകളാവുന്നില്ലേ? ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെയാവുന്നില്ലേ?
ചിന്തകളില്‍ കനല്‍ പടര്‍ന്നപ്പോള്‍ നിവര്‍ത്തിപ്പിടിച്ച പത്രം സാവിത്രി ചേച്ചിയുടെ കൈകളില്‍നിന്നും ഊര്‍ന്നുവീണു.
'സിനൂ, മര്യാദക്ക് ടി.വിയുടെ മുമ്പിലിരുന്ന് ക്ലാസ്സ് കണ്ടോട്ടാ.. യൂട്യൂബിന്ന് ഡൗണ്‍ലോഡ് ചെയ്ത് സൗകര്യം പോലെ കാണാന്‍ ന്റെ ഫോണില്‍ ഇനി ഈ മാസം ഡാറ്റയൊന്നും ബാക്കിയില്ല..'
വീടിനകത്തെ മുറിയില്‍ മകള്‍ കൊച്ചുമക്കളെ ശാസിക്കുന്നത് കേട്ടപ്പോള്‍ സാവിത്രിയമ്മയുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു.
കൊച്ചു മക്കള്‍ രാവിലെ സ്‌കൂളില്‍ പോയാല്‍ വൈകീട്ട് വീടണയുംവരെ ഒരാന്തലാണ് ഉള്ളില്‍.. ഇതിപ്പോള്‍ കോവിഡ് ഭീതിയുണ്ടെങ്കിലും പഴയപോലെ യാത്രകള്‍ പറ്റില്ലെങ്കിലും മക്കളും കൊച്ചുമക്കളും കണ്‍വെട്ടത്തു തന്നെയുണ്ടല്ലോ..!