മനുഷ്യമനസ്സിന് ശാന്തിയും കുളിര്‍മയും പകരുന്ന ധ്യാനാത്മകമായ അനുഭവമാണ് ഉപവാസം. ബാഹ്യമായ ആകുലതകളില്‍നിന്ന് മുക്തി നല്‍കി ആന്തരികതയുടെ വിശാലപ്രപഞ്ചത്തിലേക്ക് നയിക്കുന്ന കുളിര്‍മഴ കൂടിയാണ് അത്. അവസാനം, ഏകാന്തതയിലേക്കും തുടര്‍ന്ന് ദൈവസന്നിധിയിലേക്കും ഹൃദയത്തെ ചേര്‍ത്തുവെക്കുന്നു ഉപവാസം. ഉപവാസത്തിന്റെ ആന്തരിക സൗന്ദര്യത്തെ അക്ഷരങ്ങളില്‍ കോര്‍ത്തിണക്കി വിസ്മയം ജനിപ്പിക്കുകയാണ് ഫൈസല്‍ അബൂബക്കര്‍ രചിച്ച് തനിമ ഖത്തര്‍ പ്രസിദ്ധീകരിച്ച 'നിലാവിന്‍ നനവില്‍: ഉപവാസ കവിതകള്‍' എന്ന കവിതാസമാഹാരം.
'നിലാവിന്‍ നനവില്‍' ഹൃദ്യവും രസകരവുമാണ്. കൃതിയിലെ ഓരോ കവിതയും അനുഭൂതിപരമായ ഒരു അവസ്ഥയിലേക്കാണ് വായനക്കാരെ ഉയര്‍ത്തുന്നത്. 'നനച്ചും നിനച്ചും ഒരു കുളി' എന്ന കവിതയില്‍ തുടങ്ങി 'ജുനൈദിന്റെ പെരുന്നാള്‍ കുപ്പായത്തില്‍' എന്ന കവിതയില്‍ അവസാനിക്കുന്ന സമാഹാരം നാല്‍പ്പത്തിയാറ് കവിതകള്‍ ഉള്‍ക്കൊള്ളുന്നു. കൂടാതെ, പി.കെ ഗോപിയുടെ അവതാരിക സമാഹാരത്തെ ഏറെ മനോഹരമാക്കുന്നു. ടി. ആരിഫലി, പി.എം.എ ഗഫൂര്‍ എന്നിവരുടെ സമാഹാരത്തെക്കുറിച്ചുള്ള പങ്കുവെക്കലുകള്‍ കൃതിയുടെ തിളക്കം കൂട്ടുന്ന സവിശേഷതകളാണ്.
കാരുണ്യം പെയ്തിറങ്ങുന്ന രാപ്പകലുകളാണല്ലോ ഉപവാസത്തിന്റെ നിമിഷങ്ങള്‍. പ്രസ്തുത ആശയത്തെ ഫൈസലിന്റെ വരികളില്‍നിന്ന് ആസ്വദിക്കുമ്പോള്‍ നാം അറിയാതെ മൗനനിമഗ്നമായിപ്പോവും. 'കരുണയേകണേ'എന്ന കവിതയിലെ വരികള്‍ നോക്കൂ: 'അത്/കടലിലെ ഒരു തുള്ളിയല്ല/തുള്ളിയില്‍ കടലുതന്നെയുണ്ടെന്ന് കവി/റമദാന്‍ കടലിലെ/സമയത്തുള്ളികളെ/നീയെനിക്ക്/കാരുണ്യക്കടലാകണേ'. നോമ്പുകാരന്റെ അതിമധുര നിമിഷങ്ങളിലൊന്നാണ് നോമ്പുതുറ നിമിഷം. ഫൈസല്‍ ആ സന്ദര്‍ഭത്തെ 'നോമ്പുകാരന്റെ രണ്ടാം സന്തോഷം' എന്ന കവിതയില്‍ വര്‍ണിക്കുന്നു: 'അസ്തമയമേ....../ഇഫ്താറിന്നഴകേ...../നീ....ഉദിക്കണം/എനിക്കായ്/സൗഭാഗ്യക്കിഴക്കൊരു സ്വര്‍ഗസൂര്യനായ്....'' എന്നാല്‍, ഉപവാസത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാത്തവര്‍ നിരവധിയുണ്ടാകും. നോമ്പ് ചിലര്‍ക്ക് അങ്ങനെയായിത്തീരുന്നത് ദുഃഖകരമാണ്. അത്തരക്കാരുടെ സ്വഭാവമാണ് 'വിരോധാഭാസം' എന്ന കവിതയില്‍ പ്രകാശിതമാകുന്നത്: 'നോമ്പുകാല............./പകല്‍ ജയിലിലെ തടവുപുള്ളികള്‍/രാത്രികാല പരോളില്‍/ഉദര ബാരിക്കേഡുകള്‍ തകര്‍ത്ത്/അക്രമാസക്തരാകുന്നു'.
ഇസ്‌ലാം നിഷ്‌കര്‍ഷിച്ച ആരാധനയായ ഉപവാസത്തിന് ഒരു ലക്ഷ്യമുണ്ട്. മനുഷ്യനില്‍ അന്തര്‍ലീനമായ ധര്‍മബോധത്തെ ഊട്ടിയുറപ്പിക്കുകയാണ് ഉപവാസത്തിന്റെ ലക്ഷ്യം. സഹനം, സംയമനം, സഹാനുഭൂതി പോലുള്ള നന്മകള്‍ ശീലിക്കാനും തിന്മകള്‍ വര്‍ജിക്കാനും ഉപവാസം മനുഷ്യനെ പ്രാപ്തനാക്കുന്നു. ഉപവാസത്തിന്റെ ലക്ഷ്യം, ഉദ്ദേശ്യങ്ങള്‍, നന്മകള്‍ തുടങ്ങി ഉപവാസത്തിന്റെ വിവിധ തലങ്ങളിലൂടെ കയറിയിറങ്ങുന്നുണ്ട് ഫൈസല്‍ അബൂബക്കറിന്റെ കവിതകള്‍. അവതാരികയില്‍ പി.കെ ഗോപി കുറിച്ചിട്ട വാക്കുകള്‍ എത്ര അന്വര്‍ഥമാണ്: 'ഇലയനക്കങ്ങളും ചിറകനക്കങ്ങളും മൊഴികളായി വ്രതവിശുദ്ധിയുടെ പുല്ലാങ്കുഴല്‍ നാദം പോലെ എന്നിലേക്കെത്തുന്നു. പെരുന്നാളിന്റെ തിരുസന്ദേശം അമ്പിളിക്കീറിന്റെ അകമ്പടിയോടെ മാനത്തും തെളിയുന്നു. ഫൈസലിന്റെ കവിത മണ്ണിന്റെ മണമുള്ള ഇത്തിരിക്കടലാസില്‍ നിസ്‌കാരമുദ്ര പോലെ ഞാന്‍ വായിച്ചെടുക്കുന്നു'.