വീട്ടില്‍ പോലീസ് റെയ്ഡ്

സയ്യിദ ഹുമൈറ മൗദൂദി No image

(പിതാവിന്റെ തണലില്‍- 12)

1966-ല്‍ നടന്ന സംഭവമാണ്. റമദാന്‍ മാസത്തില്‍ തറാവീഹ് നമസ്‌കാരത്തിന്റെ സമയം. ആളുകളൊക്കെ തറാവീഹിനായി ഒരുമിച്ചുകൂടുകയാണ്. അപ്പോള്‍ പൊടുന്നനെ ഇഛ്‌റയിലെ പോലീസ് സ്റ്റേഷന്‍ മേധാവി വീട്ടില്‍ വന്നു. രണ്ട് പോലീസുകാരും കൂടെയുണ്ട്. എനിക്ക് മൗലാനയോട് ഒരു വിഷയം സ്വകാര്യമായി സംസാരിക്കാനുണ്ടെന്നും പറഞ്ഞാണ് വരവ്. അബ്ബാജാന്‍ അദ്ദേഹത്തെ തന്റെ ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു. പോലീസുകാരെ പുറത്ത് നിറുത്തി ഓഫീസര്‍ വീട്ടിനകത്ത് കടന്നു അബ്ബാജാനോടു പറഞ്ഞു: ''വനിതാ പോലീസുകാരെ അടക്കം പോലീസുകാരെയും കൂട്ടി മൗലാനാ മൗദൂദിയുടെ വീട് റെയ്ഡ് ചെയ്യാന്‍ 'മുകളില്‍'നിന്ന് ഉത്തരവ് കിട്ടിയിട്ടുണ്ട്. മൗലാനയുടെ വീട്ടിലെ ഭൃത്യന്മാരുടെ ക്വാര്‍ട്ടേഴ്‌സില്‍ തട്ടിക്കൊണ്ടുവന്ന ഒരു പെണ്‍കുട്ടിയെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അവളെ പുറത്തു കൊണ്ടുവന്ന് ഫോട്ടോ എടുപ്പിച്ചു പത്രലേഖകന്മാരുടെ മുമ്പില്‍ വിശദാംശങ്ങള്‍ വിവരിക്കാനാണ് ഞങ്ങള്‍ക്ക് കിട്ടിയ ഉത്തരവ്.'' ഇത്രയും പറഞ്ഞശേഷം ഓഫീസര്‍ തുടര്‍ന്നു: ''മൗലാനാ, അങ്ങയുടെ അഭിമാനം ഞങ്ങളുടെ അഭിമാനം പോലെത്തന്നെ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. നിങ്ങള്‍ സെര്‍വന്റ് ക്വാര്‍ട്ടേഴ്‌സില്‍ തെരച്ചില്‍ നടത്തി പെണ്‍കുട്ടിയുണ്ടെങ്കില്‍ അവളെ ഉടന്‍ അവിടെനിന്ന് ഓടിച്ചുവിടണമെന്ന് പറയാനാണ് ഞാന്‍ ധൃതിപിടിച്ച് ഇങ്ങോട്ടു വന്നിരിക്കുന്നത്. ഞാന്‍ പോവുകയാണ്. പതിനഞ്ചു മിനിറ്റിനുള്ളില്‍ പോലീസുകാരെയും പത്രലേഖകരെയും ഫോട്ടോഗ്രാഫര്‍മാരെയും കൂട്ടി തിരിച്ചെത്തും. അങ്ങയുടെയും പുത്രന്മാരുടെയും അഭിമാനം രക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം, അങ്ങയുടെ ഒരു മകനെതിരെയാണ് കുറ്റാരോപണം.''
ഇതു കേട്ട അബ്ബാജാന്‍ അകത്ത് വന്നു. എല്ലാം സ്വകാര്യമായി അമ്മാജാന് വിവരിച്ചുകൊടുത്തു. ചില കുശുകുശുക്കലുകള്‍ ഞങ്ങളുടെ കാതിലുമെത്തി. അമ്മാജാന്‍ സര്‍വന്റ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയി. 'ഇല്ല, ബീഗം സാഹിബാ, ഇതെങ്ങനെ സംഭവിക്കാനാണ്? ഞങ്ങളും നിങ്ങളുടെ ഉപ്പുതിന്നല്ലേ കഴിഞ്ഞുകൂടുന്നത്. നിങ്ങളുടെയും മിയാന്‍ജിയുടെയും വിയര്‍പ്പിറ്റുന്നിടത്ത് രക്തം ചിന്താനും ഞങ്ങള്‍ തയാറാണ്' - വേലക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
സമയം ശീഘ്രം കടന്നുപോവുകയായിരുന്നു. അതിനിടെ പൊടുന്നനെ തന്റെ സഹോദന്മാരായ ഹുസൈന്‍ ഫാറൂഖ് മൗദൂദി (ജനനം 1945 ഫെബ്രുവരി 15, ദല്‍ഹി)യും മുഹമ്മദ് ഫാറൂഖ് മൗദൂദിയും സര്‍വന്റ് ക്വാര്‍ട്ടേഴ്‌സിനകത്തേക്ക് നുഴഞ്ഞുകയറി തെരച്ചില്‍ തുടങ്ങി. ഞങ്ങളുടെ പാചകക്കാരിയുടെ ബന്ധത്തില്‍പെട്ട ഒരാളുടെ മകളെ അവിടെ കണ്ടെത്തി. രണ്ടു പേരെയും അവര്‍ പുറത്തിറക്കി ഓടിച്ചു വിട്ടു. വീട്ടിലെ ഒരു ഗേറ്റിലൂടെ അവര്‍ പുറത്തു പോകുമ്പോള്‍ മറ്റൊരു ഗേറ്റിലൂടെ പോലീസ് വന്നു അകത്ത് കടക്കുന്നുണ്ടായിരുന്നു. വനിതാ പോലീസുകാര്‍ വീട്ടിനകത്ത് എല്ലായിടവും അരിച്ചുപെറുക്കി. മറുവശത്ത് പുരുഷ പോലീസുകാര്‍ സര്‍വന്റ് ക്വാര്‍ട്ടേഴ്‌സ് റെയ്ഡ് ചെയ്തു. പക്ഷേ, അവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടി പുറത്തുപോയിക്കഴിഞ്ഞിരുന്നു. ഇത് അയ്യൂബ് ഖാന്‍ പ്രസിഡന്റായിരുന്ന കാലത്ത് നടന്ന നാടകമായിരുന്നു.
വലിയ വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മനസ്സാക്ഷി വിറ്റ് മുഖസ്തുതിയും കാലുപിടിത്തവും നടത്തുന്ന ഈ കെട്ട കാലത്ത് ഇഛ്‌റ പോലീസ് സ്റ്റേഷന്‍ ഓഫീസറെ പോലെ മറ്റുള്ളവരുടെ അഭിമാനം സ്വന്തം അഭിമാനമായി കരുതുന്ന അപൂര്‍വ വ്യക്തികളും ഉണ്ടെന്നത് വലിയ ശുഭപ്രതീക്ഷക്ക് വക നല്‍കുന്നതായിരുന്നു. സന്മനസ്സുള്ള ഈ പോലീസ് ഓഫീസര്‍ ഭാവിയിലെ തന്റെ ഉദ്യോഗക്കയറ്റം അപകടത്തിലാക്കി തക്ക സമയത്ത് റെയ്ഡിനെക്കുറിച്ച് അബ്ബാജാനെ അറിയിച്ചിരുന്നില്ലെങ്കില്‍ പിറ്റേന്ന് പത്രങ്ങള്‍ വെണ്ടക്ക നിരത്തി എന്തെല്ലാം വാര്‍ത്തകളാണ് പൊടിപ്പും തൊങ്ങലും വെച്ച് അച്ചടിക്കുമായിരുന്നത്!
ഈ സ്റ്റേഷന്‍ ഓഫീസര്‍ ഇത്ര കൂടി പറയുകയുണ്ടായി: ''മൗലാനാ, അങ്ങയുടെ ചില ജോലിക്കാര്‍ വീട്ടില്‍ നടക്കുന്ന സംഭവങ്ങളുടെ മുഴുദിന റിപ്പോര്‍ട്ടുകള്‍ സ്റ്റേഷനിലെത്തിക്കുന്നുണ്ട്. നിങ്ങള്‍ കൊടുക്കുന്നതിന്റെ ഇരട്ടി വേതനം അതിനവര്‍ സ്റ്റേഷനില്‍നിന്ന് കൈപ്പറ്റുന്നുമുണ്ട്. മിയാന്‍ജിയുടെ വിയര്‍പ്പിന്റെ സ്ഥാനത്ത് രക്തം ചിന്താനും തയാറാണെന്ന് പറഞ്ഞ അതേ ജോലിക്കാരില്‍ പെട്ടവര്‍ തന്നെയാണിതെന്ന് ഓര്‍ത്തുകൊള്ളുക.'' എന്നാലും അബ്ബാജാന്‍ ഒരു വേലക്കാരനെയും ജോലിയില്‍നിന്ന് പിരിച്ചുവിട്ടില്ല. പുതിയ ജോലിക്കാരും സ്റ്റേഷനില്‍ ഇതുപോലെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു.

കുപ്രചാരണങ്ങള്‍
അപ്പോഴേക്ക് ഞങ്ങളുടെ സ്‌കൂള്‍ പഠനം പൂര്‍ത്തിയായി കോളജ് തലത്തിലെത്തിക്കഴിഞ്ഞിരുന്നു. പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയ്യൂബ് ഖാന്റെ ഭരണം അതിന്റെ മൂര്‍ധന്യത്തിലെത്തിയ കാലം കൂടിയായിരുന്നു അത്. അബ്ബാജാനെതിരെയുള്ള കുപ്രചാരണങ്ങള്‍ പിന്നെയും ശക്തിപ്പെട്ടുകൊണ്ടിരുന്നു. മൗലാനാ മൗദൂദി രാജ്യദ്രോഹിയും പാകിസ്താന്റെ ശത്രുവുമാണെന്ന് പത്രങ്ങളില്‍ ബാനര്‍ തലക്കെട്ടുകള്‍ വന്നുകൊണ്ടിരുന്നു. ലാഹോര്‍ കോളേജില്‍ കാലെടുത്തുവെക്കേണ്ട താമസം ഏതെങ്കിലും ഭാഗത്തുനിന്ന് മുദ്രാവാക്യം മുഴങ്ങും; മര്‍ദൂദി, മര്‍ദൂദി, ഏക് മൗദൂദി സൗ യഹൂദി ഠാഹ് മൗദൂദി ഠാഹ് മൗദൂദി (മൗദൂദി, മൗദൂദി തുലയട്ടങ്ങനെ മൗദൂദി, ഒരു മൗദൂദി നൂറ് യഹൂദി).
നിസ്സംശയം ഇതൊക്കെ ഞങ്ങളെ സംബന്ധിച്ചേടത്തോളം വളരെ അസഹ്യമായിരുന്നു. എന്നാല്‍ എപ്പോഴെങ്കിലും ഇതിനെക്കുറിച്ച് അബ്ബാജാനോടു പറഞ്ഞാല്‍ പലപ്പോഴും ഈ കവിതയാണ് അബ്ബാജാന്‍ ചൊല്ലുക:
ദര്‍കുവെ നേക്‌നാമി മാറാ ഗുസര്‍ന ദാദന്‍ദ്
ഗിര്‍തോ നമീ പസന്ദി, തഗ്‌യീര്‍ കിന്‍ ഖസാ റാ
(സല്‍പേരുകാരുടെ അണിയില്‍ കാലെടുത്തു വെക്കാന്‍ പോലും അനുവദിക്കില്ല. എന്നാല്‍ നിങ്ങള്‍ക്കിഷ്ടമില്ലെന്നു വെച്ച് ഇതൊന്നും മാറാന്‍ പോകുന്നില്ല. വേണമെങ്കില്‍ വിധി മാറ്റിമറിക്കാന്‍ നോക്കുക).
അമ്മാജാനാണെങ്കില്‍ ഞങ്ങളെ ധരിപ്പിക്കാന്‍ ശ്രമിച്ചത് ഇതായിരുന്നു: ''പഠിക്കണമെങ്കില്‍ ഈ അവസ്ഥയില്‍തന്നെ ഇക്കൂട്ടരോടൊപ്പമിരുന്ന് തന്നെ പഠിക്കുക. അല്ലെങ്കില്‍ 'ജാഹിലായി' കഴിഞ്ഞുകൊള്ളുക. സ്വന്തത്തെ ക്ഷമയുടെ മഹാമേരുവാക്കാന്‍ ശ്രമിക്കുക. വന്‍ പ്രളയങ്ങളുടെ മഹാപ്രവാഹം ഏറ്റുമുട്ടിയാലും സ്ഥാനത്തു നിന്ന് നീങ്ങാത്ത പര്‍വതങ്ങള്‍ അവിടെത്തന്നെ നില്‍ക്കുകയേ ഉള്ളൂ. നിങ്ങളുടെ ഉള്ളില്‍ നദികള്‍ വന്നു വീഴുന്ന മഹാസമുദ്രങ്ങള്‍ ഉണ്ടാക്കുക. സമുദ്രം നദികളെ ഉള്ളിലോട്ട് വലിച്ചെടുക്കുകയേയുള്ളൂ. ഒരിക്കലും അവ കരകവിഞ്ഞു പുറത്തു വരുന്നില്ല. 'അങ്ങാടിയിലെ തെറി ചിരിച്ചുകൊണ്ട് തള്ളുക' എന്ന തത്ത്വം സദാ ഓര്‍ക്കുക.'' ഇതോടൊപ്പം തന്നെ തെറിക്കു പകരം ഒരിക്കലും തെറി പറയരുതെന്നും അമ്മാജാന്‍ ഞങ്ങളെ ധരിപ്പിച്ചു. അവര്‍ പറയും: ''ഒറ്റ മൗനം ആയിരം മറുപടിക്ക് തുല്യമാണ്. മലിന ജലത്തില്‍ ഇഷ്ടിക എടുത്തിട്ടാല്‍ സ്വന്തം ഉടുപ്പില്‍ ചെളി തെറിക്കുകയായിരിക്കും ഫലം. അതിനാല്‍ ഒരിക്കലും പരുഷവാക്കുകള്‍ക്ക് മറുപടി പറയാന്‍ തുനിയണ്ട.''

അബ്ബാജാന്റെ അധ്യാപനം
മക്കളില്‍ അബ്ബാജാനില്‍നിന്ന് നേരിട്ടു പഠിക്കാനുള്ള ബഹുമതി എനിക്ക് മാത്രമേ കിട്ടിയിരുന്നുള്ളൂ. ഫാര്‍സി കൂടി എടുത്താണ് ഞാന്‍ മെട്രിക്കിന് പഠിച്ചിരുന്നത്. കോളേജില്‍ എത്തിയപ്പോള്‍ അമ്മാജാന്‍ നിര്‍ബന്ധിച്ച് അറബി കൂടി എടുപ്പിച്ചു. ഖുര്‍ആന്‍ ശരീഫ് തര്‍ജമയോടുകൂടി വായിക്കാറുള്ളതിനാല്‍ അറബി എനിക്ക് കുറച്ചൊക്കെ മനസ്സിലാകുമായിരുന്നു. അതിനാല്‍ ഒന്നാം വര്‍ഷം അത്യാവശ്യം അറബി പഠിക്കാന്‍ ഞാന്‍ അബ്ബാജാന്റെ സഹായം തേടാറുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം അബ്ബാജാന്‍ വിശ്രമിക്കുമ്പോള്‍ ഞാന്‍ പുസ്തകങ്ങളുമായി അടുത്തിരിക്കും. അപ്പോള്‍ അറബി വ്യാകരണവും 'സ്വര്‍ഫ്' (പദവ്യുല്‍പത്തി ശാസ്ത്രം) സംബന്ധമായ പാഠങ്ങളും പറഞ്ഞുതരും. അതുപോലെ 'ഇസ്‌ലാമിക്‌സി'ല്‍ ഖുര്‍ആനിലെ 'അഹ്‌സാബ്' അധ്യായത്തിന്റെ പരിഭാഷയും വ്യാഖ്യാനവും അബ്ബാജാനില്‍നിന്നാണ് ഞാന്‍ പഠിച്ചത്.

'ജിന്നി'ന്റെ കളികള്‍
ഉച്ചക്കും രാത്രിയും അബ്ബാജാന്‍ ഭക്ഷണത്തിനു വരുമ്പോള്‍ എഴുതാനുള്ള പേനയും കടലാസും കരടു കോപ്പികളും മേശപ്പുറത്ത് അതേപടി ഉപേക്ഷിച്ചാണ് വരാറുള്ളത്. എന്താണ് അദ്ദേഹം ഇപ്പോള്‍ എഴുതുന്നതെന്നറിയാനായി അപ്പോള്‍ ഞാന്‍ ഉടനെ ഓഫീസില്‍ ചെന്ന് കടലാസുകള്‍ തിരിച്ചും മറിച്ചും വായിച്ചു നോക്കും. നല്ല മനഃപാഠമുള്ളതിനാല്‍ ഒന്നു രണ്ട് തവണ വായിച്ചാല്‍ തന്നെ വാചകങ്ങളൊക്കെ നന്നായി ഓര്‍മയില്‍ നില്‍ക്കും. എന്റെ ഈ പണി ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഒരു ദിവസം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതോ ഒരു വിഷയം ചര്‍ച്ചയായി. അപ്പോള്‍ അബ്ബാജാന്‍ എഴുതിയ ഒരു ഖണ്ഡിക സന്ദര്‍ഭോചിതം അതേ ശൈലിയില്‍ ഓര്‍മിച്ചെടുത്ത് ഞാന്‍ കേള്‍പ്പിച്ചു. അതു കേട്ട് നടുങ്ങിയ അബ്ബാജാന്‍ എന്നോടു ചോദിച്ചു: 'തരക്കേടില്ലല്ലോ. ഇതിന്റെ കാറ്റ് നിനക്കെവിടന്നാണ് തട്ടിയത്? ഇത് ഞാന്‍ ഇന്നലെ രാത്രി എഴുതിയതാണല്ലോ.' ഞാന്‍ പറഞ്ഞു: 'ദിവസവും ഞാന്‍ നിങ്ങളുടെ ഓഫീസില്‍ ചെന്ന് കടലാസുകള്‍ വായിക്കാറുണ്ട്. ഈയിടെയായി എന്താണ് നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നതെന്ന് എനിക്കറിയാം.' അബ്ബാജാന്‍ അത്ഭുതത്തോടെ നിഷ്‌കളങ്കമായി എന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു: 'ശരി, ശരി.' പുറമെ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും അബ്ബാജാന്‍ ഉള്ളാലെ സന്തുഷ്ടനാണെന്ന് എനിക്കറിയാമായിരുന്നു.
ഈ സംഭവം നടന്ന് കുറച്ചു നാളുകള്‍ക്കു ശേഷം അബ്ബാജാനോട് ദാദി അമ്മാ പറഞ്ഞു: 'മുകളിലത്തെ നിലയില്‍ ജിന്നുണ്ടെന്നാണ് തോന്നുന്നത്.' അപ്പോള്‍ അബ്ബാജാന്‍ പറഞ്ഞു: 'അമ്മാബീ, നിങ്ങള്‍ ഒരു ജിന്നിനെപ്പറ്റിയാണല്ലോ പറയുന്നത്. എന്നാല്‍ ഞാന്‍ പറയുന്നു; ഇവിടെ ഒന്നല്ല, ഒമ്പത് ജിന്നുകള്‍ പാര്‍ക്കുന്നുണ്ട്. ഈ ജിന്നുകളില്‍ ഒരു പ്രത്യേക ജിന്ന് എന്റെ കടലാസു പോലും തട്ടിയെടുക്കുന്നുണ്ട്. എന്റെ അഭാവത്തില്‍ ഞാന്‍ എഴുതിയതൊക്കെ വായിച്ച് മനഃപാഠമാക്കി എന്റെ ശൈലിയില്‍ അതെന്നെ കേള്‍പ്പിക്കുന്നു. അത് എന്റെ പേനക്ക് വരെ സ്വരം കൊടുക്കുന്നില്ല. ഞാന്‍ എഴുതിയതിന്റെ സ്വരചിഹ്നങ്ങളൊക്കെ മാറ്റിമറിച്ച് തകരാറിലാക്കാന്‍ പോലും ധൈര്യപ്പെടുന്നു.'

പഠന ക്ലാസ്
ഈ സംഭവം നടന്ന് ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ഞാന്‍ ജിദ്ദയില്‍നിന്ന് വേനലവധിക്ക് പാകിസ്താനില്‍ വന്നപ്പോള്‍ അമ്മാജാന്‍ നടത്താറുള്ള ഒരു ക്ലാസ് നടത്താന്‍ എന്നെ ഏല്‍പിച്ചു. ലാഹോറില്‍ ഞാന്‍ നടത്തുന്ന ആദ്യത്തെ പഠന ക്ലാസായിരുന്നു അത്. ക്ലാസ് കഴിഞ്ഞപ്പോള്‍ ആരോ അമ്മാജാനെ ഫോണ്‍ ചെയ്ത് പറഞ്ഞു: 'ബീഗം സാഹിബാ, നിങ്ങളുടെ മകള്‍ നല്ലൊരു ക്ലാസ് നടത്തി. ഈ കുട്ടി ഇംഗ്ലീഷ് എം.എകാരിയാണെന്നായിരുന്നു ഞങ്ങളുടെ ധാരണ. ഇംഗ്ലീഷ് പഠിപ്പിക്കുന്നവള്‍ എന്ത് ദര്‍സ് എടുക്കാനാണ്! ബീഗം സാഹിബ മുട്ടുശാന്തിക്ക് മകളെ അയച്ചതായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി കേട്ടോ! ഖുര്‍ആന്‍-ഹദീസ് പഠനമൊക്കെ നിങ്ങളുടെ വീട്ടിലെ പൈതൃകം തന്നെ.'
ഇത് കേള്‍ക്കാനിടയായ അബ്ബാജാന്‍ എന്നെ അരികെ വിളിച്ചു ചോദിച്ചു: 'നീ അവിടെ പോയിട്ട് എന്തൊക്കെ കുഴപ്പങ്ങളുമുണ്ടാക്കിയാണ് വന്നിരിക്കുന്നത്?'
അപ്പോള്‍ ഞാന്‍ പറഞ്ഞു: 'സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ അബ്ബയുടെ ചില ഖണ്ഡികകള്‍ ഞാന്‍ മനഃപാഠമാക്കി വെച്ചിട്ടുണ്ടായിരുന്നു. അത് അപ്പടി അവിടെ ആവര്‍ത്തിച്ചു. പിന്നെ ഹൃദിസ്ഥമാക്കി വെച്ച ചില ഹദീസുകളും അല്ലാമാ ഇഖ്ബാലിന്റെ ചില കവിതകളും... അത്ര തന്നെ. എവിടെയെങ്കിലും ഞാന്‍ കുടുങ്ങിയാല്‍ ഇതൊക്കെയാണ് ഞാന്‍ തോണ്ടിയെടുക്കുക. എഴുതാനും ക്ലാസെടുക്കാനുമൊക്കെ നിങ്ങളെഴുതിയതിന്റെ പകര്‍പ്പുകളാണ് സഹായത്തിനെത്താറുള്ളത്.'
ഞാന്‍ എന്റേതായ രീതിയില്‍ ഇതൊക്കെ പറയുമ്പോള്‍ അബ്ബാജാന്‍ രണ്ട് കൈകൊണ്ടും ശിരസ്സ് താങ്ങിപ്പിടിച്ച് അമ്പരന്ന് എന്റെ നേരെത്തന്നെ നോക്കിക്കൊണ്ടിരുന്നു. പിന്നീട് സഹോദരി അസ്മ എന്നോടു പറഞ്ഞു: 'അബ്ബാജാനോട് ഇങ്ങനെയൊക്കെ പറയാന്‍ നീയൊരുത്തിക്കേ കഴിയൂ.'
'തഫ്ഹീമുല്‍ ഖുര്‍ആന്‍' എഴുതിക്കൊണ്ടിരിക്കുന്ന വേളയില്‍തന്നെ ഞാന്‍ വായിക്കാറുായിരുന്നു. ഇപ്പോഴും ആ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ അതെഴുതിയതിനിടയില്‍ പേന അവിടെ വെച്ച് അബ്ബാജാന്‍ എവിടെയോ പോയിരിക്കുകയാണെന്നും ഇപ്പോള്‍ മടങ്ങിവന്ന് എഴുത്ത് പുനരാരംഭിക്കുമെന്നും അബ്ബാജാന്‍ ഈ ലോകത്ത് തന്നെ ഇപ്പോഴും ഉണ്ടെന്നുമൊക്കെ തോന്നും.
അബ്ബാജാന്റെ ഒരു പ്രത്യേക ഗുണമായി ഞാന്‍ എപ്പോഴും ഓര്‍ക്കാറുള്ള ഒരു സംഗതിയുണ്ട്. മറ്റുള്ളവര്‍ മാതാപിതാക്കളെ എത്രമാത്രം ബഹുമാനിക്കുമോ അത്രമേല്‍ സ്വന്തം മക്കളെ അബ്ബാജാന്‍ ബഹുമാനിക്കാറുണ്ടായിരുന്നു. യാതൊരു അതിശയോക്തിയുമില്ലാതെ പറയാന്‍ കഴിയുന്ന സംഗതിയാണിത്. സാധാരണ അവസ്ഥയില്‍ ബേഠീ (മോളേ) എന്നാണു വിളിക്കുക. മനസ്സില്‍ എന്തെങ്കിലും അതൃപ്തിയുണ്ടായാല്‍ വിളി 'സാഹിബ്‌സാദീ' (രാജകുമാരീ) എന്നാകും. കൂടുതല്‍ നീരസമുണ്ടായാല്‍ 'സാഹിബ് സാദീ സാഹിബാ' എന്നാകും വിളി. വിളിയുടെ ഈ ശൈലി തന്നെ ഞങ്ങളെ സംബന്ധിച്ചേടത്തോളം ഒരു ശിക്ഷയായിരുന്നു. അതിനാല്‍ 'സാഹിബ്‌സാദീ സാഹിബാ' എന്ന് വിളിക്കാനിടവരുത്താതിരിക്കാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചിരുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top