അനാഥരാകുന്ന മാതാപിതാക്കള്‍
ഡോ. എം. ഹരിപ്രിയ
നവംബര്‍ 2020
ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ ചികഞ്ഞുകൊണ്ടിരിക്കാന്‍ ഏറെ സമയം കിട്ടിത്തുടങ്ങിയിരുന്നു
ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ ചികഞ്ഞുകൊണ്ടിരിക്കാന്‍ ഏറെ സമയം കിട്ടിത്തുടങ്ങിയിരുന്നു. രാവിലെ വെറുതെ ഫേസ്ബുക്ക് ഒന്ന് പരതി നോക്കിയപ്പോഴാണ് പഴയ സഹപാഠിയായ രമേശന്റെ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്. പ്രിയ അധ്യാപിക സരോജിനി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍...
മനസ്സേറെ പുറകോട്ടോടി.. നീളത്തിലുള്ള മുടി മടക്കിക്കെട്ടി, പ്രസരിപ്പുള്ള, പുഞ്ചിരിക്കുന്ന മുഖത്തോടെ ക്ലാസ് മുറിയിലേക്ക് കടന്നുവരുന്ന ടീച്ചര്‍. രമേശന്റെ പോസ്റ്റ് അല്ലാതെ ആരും ഒന്നും പറഞ്ഞില്ലല്ലോ.. എന്തുപറ്റി എന്റെ ടീച്ചര്‍ക്ക്.. രമേശനെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. ടീച്ചറുടെ വീടിന്റെ തൊട്ടടുത്തുള്ള വിനുവിനെ വിളിച്ചപ്പോള്‍ ടീച്ചര്‍ ആസ്‌ത്രേലിയയില്‍ ആയിരുന്നു എന്നും അവിടെ വച്ചാണ് മരണപ്പെട്ടതെന്നും അവിടെത്തന്നെ അടക്കം ചെയ്തു എന്നും അറിഞ്ഞു.
ടീച്ചറെ കുറിച്ചുള്ള പഴയ ഓര്‍മകള്‍ മനസ്സിലേക്ക് ഇരമ്പിവന്നു. ക്ലാസ് മുറികളില്‍ അധ്യാപകര്‍ ചൂരല്‍കഷായം വിളമ്പുന്ന കാലത്ത് ചെറുചിരിയോടെ 'പോട്ടെ സാരമില്ല, നാളത്തേക്ക് പഠിച്ചു വരണ'മെന്ന് കുട്ടികളെ ആശ്വസിപ്പിക്കുന്ന ടീച്ചര്‍, രാവിലെ ഒന്നും കഴിക്കാതെ ക്ലാസ്സില്‍ വന്ന് തളര്‍ന്നുറങ്ങിപ്പോയ രമേശന് മമ്മദ്ക്കയുടെ ചായക്കടയില്‍നിന്ന് ദോശ വാങ്ങിക്കൊടുത്ത ടീച്ചര്‍, കലോത്സവ ദിവസങ്ങളില്‍ മക്കളുമായി സ്‌കൂളില്‍ വന്ന് അവരെ ഞങ്ങളുടെ കൂടെ ഇരുത്തുന്ന ടീച്ചര്‍... ഓര്‍മകളുടെ തിരയിളക്കം... അന്ന് ഒരു മാലാഖയെപ്പോലെ ഓടിനടന്നിരുന്ന ടീച്ചറുടെ മകള്‍ സന്ധ്യ ഇന്ന് ഭര്‍ത്താവിനോടൊപ്പം ആസ്‌ത്രേലിയയിലാണ്. അങ്ങനെയാവാം ടീച്ചറും അവിടെ എത്തിയത്. കൂട്ടുകാരില്‍ പലരെയും വിളിച്ചപ്പോള്‍ സജീവനാണ് പറഞ്ഞത്, ടീച്ചറുടെ മകന്‍ സന്ദീപും ആസ്‌ത്രേലിയയില്‍ തന്നെ ആണെന്ന്. മക്കളുടെ കാര്യങ്ങള്‍ ഞങ്ങളോട് പറയുമ്പോള്‍ നൂറ് നാവായിരുന്നു ടീച്ചര്‍ക്ക്... അവര്‍ യു.എസ്.എസ് നേടിയതും എല്‍.എസ്.എസ് നേടിയതും സുഗമ ഹിന്ദി പരീക്ഷ എഴുതിയതും കണക്കില്‍ അന്‍പതില്‍ അന്‍പത് വാങ്ങിയതും എല്ലാം പറയുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ അമ്മമാര്‍ക്ക് ഇങ്ങനെ പറയാന്‍ നിങ്ങളും നന്നായി പഠിക്കണം എന്ന സ്‌നേഹോപദേശം ആവും അവസാനം.
ഞങ്ങള്‍ സ്‌കൂള്‍ പഠനം തീര്‍ന്ന് കോളേജില്‍ ചേര്‍ന്നപ്പോഴും ജോലി നേടിയപ്പോഴും ടീച്ചറുമായുള്ള ബന്ധം തുടര്‍ന്നു. അതിനിടയിലാണ് അതിസുന്ദരിയായ സന്ധ്യയെ അതിബുദ്ധിമാനായ ഐ.ഐ.ടിക്കാരന്‍ രഘുനാഥന്‍ വിവാഹം ആലോചിച്ച് എത്തിയത്. വിദ്യാര്‍ഥികളെയും സഹാധ്യാപകരെയും എല്ലാം വിളിച്ച് ടീച്ചര്‍ ആര്‍ഭാടമായി വിവാഹം നടത്തി. വിവാഹത്തോടെ അവര്‍ ആസ്‌ത്രേലിയയില്‍ സ്ഥിരതാമസം ആയി. വല്ലപ്പോഴും വന്നാലായി, അത്രതന്നെ...
ചേച്ചിയുടെ ജീവിതശൈലിയില്‍ ആകൃഷ്ടനായ സന്ദീപ് എങ്ങനെയെങ്കിലും ആസ്‌ത്രേലിയയില്‍ എത്തിപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. ഒരുവിധത്തില്‍ അവിടെ ഒരു പ്രൈവറ്റ് ഫേമില്‍ തൊഴില്‍ ഉറപ്പിച്ച് അവനും അവിടേക്ക് കടന്നു. ഒപ്പം കുടുംബവും. ടീച്ചറുടെ ഭര്‍ത്താവ് ഗംഗാധരന്‍ മാഷ് നേരത്തേ മരണപ്പെട്ടിരുന്നു. ചുരുക്കത്തില്‍ വലിയ പുരയിടത്തിലെ പഴയ തറവാട് വീട്ടില്‍ ടീച്ചര്‍ ഒറ്റക്കായി.
സന്ദീപ് ഒരാവേശത്തില്‍ പോയെങ്കിലും ഒടുങ്ങാത്ത ഗൃഹാതുരത്വം കാരണം ഇടക്കിടെ നാട്ടില്‍ വരും. എല്ലാവരെയും ഫോണില്‍ വിളിച്ചും മലയാളം സംസാരിച്ചും ഗൃഹാതുരത്വം മറികടക്കാന്‍ ശ്രമിച്ചു. മലയാളവും അമ്മയും എന്റെ വീക്‌നെസ് ആണ് എന്ന് ഇടക്കിടെ പറയും. പക്ഷേ ടീച്ചറെ കൊണ്ടുപോകാന്‍ വിസ ഇല്ല. അവസാനം വിസിറ്റിംഗ് വിസയില്‍ ടീച്ചറെ കൊണ്ടുപോകാന്‍ അവന്‍ തയാറായി. ആറുമാസം കഴിഞ്ഞ് ടീച്ചര്‍ മടങ്ങി വന്നു. വീണ്ടും പോയി. ആ പതിവ് തുടര്‍ന്നുകൊണ്ടേയിരുന്നു. പക്ഷേ വിസിറ്റിംഗില്‍ ചെല്ലുന്ന പ്രായമായവരെ താമസിപ്പിക്കാനുള്ള പരിമിതി കാരണം അവിടെയുള്ള ഓള്‍ഡ് ഏയ്ജ് ഹോമില്‍ ആയിരുന്നു ടീച്ചര്‍. ആവശ്യമുള്ളപ്പോള്‍ മക്കള്‍ക്ക് പോയി കാണാം എന്നു മാത്രം.
കോവിഡ് പടര്‍ന്നുപിടിച്ചതോടെ ഓള്‍ഡ് ഏജ് ഹോം സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. പുറത്ത് ഗ്ലാസിലൂടെ അമ്മയെ കാണാന്‍ ഇടക്കിടെ മകന്‍ ചെന്നു. യാത്രാ ബുദ്ധിമുട്ട് കാരണം മകള്‍ വന്നതേയില്ല. അതിനിടെയാണ് ടീച്ചര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. അന്യരാജ്യത്ത് ആരും ഇല്ലാത്ത അവസ്ഥ... മകന്‍ ജനലരികില്‍ വന്നു നില്‍ക്കുമ്പോള്‍ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സ്വന്തം മണ്ണ് പോലും കാണാന്‍ കഴിയാതെ അനാഥയെ പോലെ കിടക്കേണ്ടിവന്നുവല്ലോ എന്നോര്‍ത്ത് ടീച്ചര്‍ ഏങ്ങിക്കരഞ്ഞു. ഒരുപാട് കുട്ടികളെ മുന്നിലിരുത്തി പഠിപ്പിച്ച ടീച്ചര്‍ ആരുമില്ലാതെ.... തൊണ്ടയില്‍ കുരുങ്ങിയ വേദന കണ്ണുനീരായി ഒഴുകി ഇറങ്ങി. ആ വേദന കാണാന്‍ ആരും ഇല്ലാതെ പോയി. ഒടുവില്‍ കടിച്ചമര്‍ത്തിയ വേദനകള്‍ ഒരു സ്‌ഫോടനമായി ആ ഹൃദയത്തെ തകര്‍ത്തപ്പോള്‍ ടീച്ചര്‍ ഒരു കോളം വാര്‍ത്ത പോലുമാകാതെ നമ്മളെ വിട്ടകന്നു.
മക്കളെ കുറിച്ച് ഒരുപാട് സ്വപ്‌നം കാണുകയും അവരുടെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുകയും ഉള്ളതെല്ലാം പെറുക്കി വിറ്റ് അവരെ ഉന്നതവിദ്യാഭ്യാസത്തിന് അയക്കുകയും അവര്‍ ജോലി നേടുമ്പോള്‍, വിശേഷിച്ച് വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ജോലി കരസ്ഥമാക്കുമ്പോള്‍ അതില്‍ അഭിമാനിക്കുകയും ചെയ്ത് അവസാന നാളുകളില്‍ ഒറ്റപ്പെടലിന്റെ വേദനയും മക്കളില്‍നിന്ന് നേരിടേണ്ടിവരുന്ന അവജ്ഞയും കണ്ണീരുമായി ജീവിതം തീര്‍ക്കുന്ന ഒരു തലമുറ. അവര്‍ സ്വന്തം വളര്‍ച്ച സ്വപ്‌നം കണ്ടില്ല, അവര്‍ സമ്പാദിച്ചത് ഒന്നും അവര്‍ ഉപയോഗിച്ചില്ല. എല്ലാം അടുത്ത തലമുറക്ക് വേണ്ടി കൂട്ടിവെച്ചു.
ആഘോഷങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച് ജീവിതാവസാനം വരെ അവര്‍ മക്കള്‍ക്കു വേണ്ടി ജീവിച്ചു തീര്‍ത്തു. തലച്ചോറ് മള്‍ട്ടിനാഷ്‌നല്‍ കമ്പനികള്‍ക്ക് പണയപ്പെടുത്തുമ്പോള്‍, കടുത്ത മത്സരം നിലനില്‍ക്കുന്ന രംഗത്ത് പിടിച്ചുനില്‍ക്കാന്‍ ബോധപൂര്‍വമോ അല്ലാതെയോ രക്ഷിതാക്കളുടെ ത്യാഗങ്ങളെ മക്കള്‍ക്ക് മറക്കേണ്ടിവരുന്നു. പുത്തന്‍ ജീവിത സാഹചര്യങ്ങളില്‍ ഭ്രമിച്ചുപോകുന്നവരും ഉണ്ട്. ചുരുക്കത്തില്‍ ആരോഗ്യമുള്ള നാളുകളില്‍ നല്ല ഭാവിക്കു വേണ്ടി കഠിനമായി അധ്വാനിക്കുകയും സമ്പാദിക്കുകയും ചെയ്ത ശേഷം മക്കള്‍ വളര്‍ന്നു വലുതാകുമ്പോള്‍ ഉണ്ടാകുന്ന നല്ല ദിനങ്ങള്‍ ആഗ്രഹിച്ച്, ജീവിതത്തില്‍ ഒരിക്കലും സന്തോഷിക്കാന്‍ കഴിയാതെ മണ്‍മറഞ്ഞുപോകുന്ന പരാതിയില്ലാത്ത ഒരു തലമുറ. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മറക്കരുത്; അവരുടെ കണ്ണീരും വിയര്‍പ്പുമാണ് നമ്മളെ നമ്മളാക്കിയത്, അവര്‍ കൊണ്ട വെയിലാണ് നമുക്ക് തണലായത്.