അത്യുല്‍പാദന ശേഷിയുള്ള നടീല്‍ വസ്തുക്കളുടെ അപര്യാപ്തത ഇന്ന് സാധാരണ കൃഷിക്കാരുടെ ഇടയിലും ഉദ്യാന കൃഷി ചെയ്യുന്നവരുടെ ഇടയിലും
അത്യുല്‍പാദന ശേഷിയുള്ള നടീല്‍ വസ്തുക്കളുടെ അപര്യാപ്തത ഇന്ന് സാധാരണ കൃഷിക്കാരുടെ ഇടയിലും ഉദ്യാന കൃഷി ചെയ്യുന്നവരുടെ ഇടയിലും ഒരു പരിമിതിയാണ്. വിത്ത് ഉപയോഗിച്ചും വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങള്‍ ഉപയോഗിച്ചും പുതിയ സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കാം. കായിക പ്രവര്‍ത്തനത്തിന് മുറിച്ചുനടീല്‍, ഒട്ടിക്കല്‍, പതിവയ്ക്കല്‍, മുകുളനം, ടിഷ്യുകള്‍ച്ചര്‍ തുടങ്ങിയ രീതികളാണ് ഉപയോഗിച്ചുവരുന്നത്.
ഒട്ടിക്കല്‍
ഈ രീതിയില്‍ രണ്ടു ചെടികളുടെ തണ്ടുകള്‍ ഒട്ടിച്ചു ചേര്‍ത്ത് ഒരു പുതിയ ചെടി രൂപപ്പെടുത്തുന്നു. മൂലകാണ്ഡത്തിലും ഒട്ടുകമ്പിലും നിന്ന് തടിയോടു കൂടിയ തൊലി ഒരേ ആകൃതിയില്‍ ചെത്തി മാറ്റിയ ശേഷം ആ മുറിവുകള്‍ ഉണങ്ങുന്നതിനു മുമ്പ് ചേര്‍ത്തു വെച്ചു കെട്ടുമ്പോള്‍ അവയുടെ കലകള്‍ തമ്മില്‍ സംയോജിക്കുകയും ഒരു പുതിയ ചെടി (ഗ്രാഫ്റ്റ്) ആയി രൂപാന്തരപ്പെടുകയും ചെയ്യും.
വശം ചേര്‍ത്തൊട്ടിക്കല്‍ (സൈഡ് ഗ്രാഫ്റ്റിംഗ്)
സയോണിന്റെ ഒരു ചെറു കഷ്ണം സ്‌റ്റോക്കിന്റെ വശം ചേര്‍ത്തൊട്ടിച്ച് ഒരു പുതിയ ഗ്രാഫ്റ്റ് ഉല്‍പാദിപ്പിക്കുന്ന രീതി. സ്റ്റോക്കിന്റെ ചുവട്ടില്‍നിന്നും ഏകദേശം 2 ഇഞ്ച് ഉയരത്തില്‍ 1-2 സെ.മീ നീളത്തിലുള്ള ഒരു മുറിവ് കുറുകെയുണ്ടാക്കുക. ഈ മുറിവില്‍നിന്നും 5 സെ.മീ ആഴത്തില്‍ താഴോട്ട് ഒരു മുറിവ് ഉണ്ടാക്കുക. തടി വളയ്ക്കുമ്പോള്‍ വിടര്‍ന്നു വരുന്നതും നേരെ നിര്‍ത്തുമ്പോള്‍ അടയുന്നതുമായ ഒരു മുറിവായിരിക്കണം. പിന്നീട് സയോണിലെ ഇലത്തണ്ടു കൂടടക്കം നീക്കിയ ശേഷം അടിഭാഗത്ത് 2.5 സെ.മീ നീളത്തില്‍ ചരിച്ചു വെട്ടുക. ഈ ചെത്തിയ ഭാഗം സ്‌റ്റോക്കിന്റെ മുറിവിലേക്ക് ഇറക്കിവെച്ച് ചരടുപയോഗിച്ച് വരിഞ്ഞുകെട്ടി ടേപ്പ് കൊണ്ട് പൊതിയുക. സയണും സ്റ്റോക്കും ഒരേ വണ്ണത്തിലുള്ളതും മുറിവ് ഒരേ വലിപ്പത്തിലുള്ളതുമായിരിക്കണം. ഒരു മാസത്തിനുശേഷം സയോണ്‍ പച്ചയായിരുന്നാല്‍ ഒട്ടിക്കല്‍ വിജയകരമാകും. മാവ്, സപ്പോട്ട, മാങ്കോസ്റ്റീന്‍ എന്നിവ ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം.
സാഡില്‍ ഗ്രാഫ്റ്റിംഗ് / വെഡ്ജ് ഗ്രാഫ്റ്റിംഗ്
സ്റ്റോക്കിന്റെ അഗ്രഭാഗം മുറിച്ചുമാറ്റി ആപ്പുമാതിരി ചെത്തിയെടുക്കുക. പിന്നീട് സയോണില്‍ സ്‌റ്റോക്കിലുള്ള ആപ്പിന് കണക്കാക്കി ഒരു വിടവ് ഉണ്ടാക്കി ആപ്പില്‍ കടത്തിവെച്ച് ഒരു ചരട് ഉപയോഗിച്ച് വരിഞ്ഞുകെട്ടണം. വെഡ്ജ് ഗ്രാഫ്റ്റിംഗില്‍ സയോണില്‍ ആപ്പുണ്ടാക്കി സ്റ്റോക്കിലെ ഢ ആകൃതിയിലുണ്ടാക്കിയ വിടവില്‍ വെച്ച് ചരട് ഉപയോഗിച്ച് വരിഞ്ഞുകെട്ടുന്നു.
സ്‌റ്റോണ്‍ / എപ്പിക്കോട്ടൈല്‍ ഗ്രാഫ്റ്റിംഗ്
പോട്ടിംഗ് മിശ്രിതം നിറച്ചു ചെറിയ കവറുകളില്‍ മാവ്, കശുമാവ്, ജാതി, പ്ലാവ് എന്നിവയുടെ വിത്തുകള്‍ നടുന്നു. മുളച്ച് 10-15 ദിവസങ്ങള്‍ക്കുള്ളില്‍ ഈ തൈകള്‍ തറനിരപ്പില്‍നിന്നും 3-5 സെ.മീ ഉയരത്തില്‍ വെച്ച് തലമുറിച്ചു മാറ്റുന്നു. പിന്നീട് കുറ്റിയുടെ തണ്ട് നടുവെ പിളര്‍ത്തി അതേ വണ്ണത്തിലുള്ള സയണ്‍ന്റെ കമ്പ് ഇലകള്‍ അടര്‍ത്തിയ ശേഷം അടിഭാഗം 2 സെ.മീ നീളത്തില്‍ രണ്ടു പാര്‍ശ്വങ്ങളിലും ചെത്തി ഈ പിളര്‍പ്പില്‍ വെച്ച് പോളിത്തീന്‍ നാടകൊണ്ട് നല്ലവണ്ണം ചുറ്റിക്കെട്ടി കൊടുക്കണം. ബാഷ്പീകരണം ഒഴിവാക്കാന്‍ മുകളില്‍ സുതാര്യമായ സൂര്യപ്രകാശം ലഭിക്കുമാറ് ഒരു കവര്‍ ഇട്ട് മൂടുന്നത് ഉത്തമമാണ്.
മുകുള സംയോജനം
മുകുള സംയോജനത്തില്‍ ഒട്ടുകമ്പിന് പകരം മാതൃചെടിയുടെ മുകുളം ആണ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്നത്. ഇവിടെ റൂട്ട് സ്‌റ്റോക്കിന്റെ താഴ്ഭാഗത്ത് മുകുളത്തിന്റെ വലുപ്പത്തിനനുസരിച്ച് തൊലി അടര്‍ത്തി മാതൃചെടിയുടെ മുളക്കാന്‍ വെമ്പുന്ന ഒരു മുകുളം ഉള്ളിലേക്ക് ഇറക്കിവെച്ച് മെല്ലെ അമര്‍ത്തുക. ഒന്നര സെ.മീ വീതിയില്‍ മുറിച്ചെടുത്ത ബഡ്ഡിംഗ് ടേപ്പ് ഉപയോഗിച്ച് ചുറ്റിക്കെട്ടുക. ഠ ആകൃതിയില്‍ സ്‌റ്റോക്കില്‍ മുറിവുണ്ടാക്കുന്നതിന് ഠ മുകുളനം എന്നു പറയുന്നു. പ ആകൃതിയില്‍ മുറിവുണ്ടാക്കുന്നതിന് പ മുകുളനം എന്നും പറയുന്നു. റൂട്ട് സ്റ്റോക്കില്‍നിന്ന് സമചതുരാകൃതിയിലുള്ള ഒരു പാളി മുറിച്ചെടുത്ത് അതേ വലിപ്പത്തിലുള്ള മുകുളത്തോടുകൂടിയ മാതൃചെടിയുടെ പാളി വെച്ച് മുകുളനം ചെയ്യാം. ഇതിന് പാളി മുകുളനം എന്ന് പറയുന്നു. മുകുളം തണ്ടിന്റെ വണ്ണമനുസരിച്ച് 2-3 സെ.മീ നീളത്തില്‍ തൊലിയും തടിയും അടക്കം പുറംതൊലിക്ക് ക്ഷതമേല്‍ക്കാതെ അടര്‍ത്തിയെടുക്കണം. മുകുളാഗ്രം പുറത്തേക്ക് കാണുന്ന വിധത്തില്‍ വേണം ടാപ്പ് ഉപയോഗിച്ച് കെട്ടേണ്ടത്.