അത്തപ്പൂക്കളം കണ്ടാല്‍ ഇപ്പോഴും എന്റെ മനസ്സിടറും. ഓണപ്പൂവുകള്‍ക്കിടയിലൂടെ, രണ്ടു കുഞ്ഞിക്കണ്ണുകള്‍ ഈ മാമനെ ഉറ്റുനോക്കുന്നതായി തോന്നും. ജീവിതത്തിലാദ്യമായി എന്നെ 'മാമന്‍' എന്നു വിളിച്ചവന്‍. മൂത്ത പെങ്ങളുടെ മൂത്ത മകന്‍. ഞങ്ങളുടെ കുടുംബത്തില്‍ പുതുതലമുറയുടെ പ്രതിനിധിയായി വന്ന ആദ്യ ആണ്‍തരി. 1965-ലെ ഓണം. പൂരാടം കരിപ്പൂരാടമായി. ഞങ്ങളെ അനാഥരാക്കി അവന്‍ പോയി. ഉത്രാടവും തിരുവോണവുമെല്ലാം തോരാത്ത കണ്ണീര്‍ദിനങ്ങളായി. ബിമല്‍ എന്നായിരുന്നു അവന്റെ പേര്. എന്നെ ഇങ്ങനെ ഒരു കുഞ്ഞും സ്‌നേഹിച്ചിട്ടില്ല. ഞാനും ഒരു കുഞ്ഞിനെയും ഇങ്ങനെ ലാളിച്ചിട്ടില്ല. അവന്‍ നന്നായി പാടുമായിരുന്നു. അമ്മയുടെയും അഛന്റെയും പാട്ടുകള്‍ കേട്ട് കൊഞ്ഞയോടെ അവന്‍ പാടി: ''അറബിക്കടലൊരു മണവാളന്‍, കരയോ നല്ലൊരു മണവാട്ടി....'' ചിലങ്ക കെട്ടിയ നാവായിരുന്നു അവന്. കിലുകിലെ സദാ സംസാരിച്ചുകൊണ്ടിരിക്കും പ്രായത്തെ വെല്ലുന്ന വാക്കുകള്‍. ആരെയും ആകര്‍ഷിക്കുന്ന രൂപവും ഭാവവും. 'ഇതിനെ ജീവനോടെ കിട്ടിയാല്‍ മതിയായിരുന്നു....' എന്ന് എല്ലാവരും പറയുമായിരുന്നു.
ഭക്ഷണത്തോട് കുഞ്ഞിനു വലിയ ആര്‍ത്തിയായിരുന്നു. പോകാന്‍ വന്നവന്റെ ആര്‍ത്തി. എത്ര തിന്നാലും മുഴുക്കില്ല. കോളേജില്‍ കൊണ്ടുപോകാന്‍ രാവിലെ ഞാന്‍ ചോറു പൊതിയുമ്പോള്‍, 'അതില്‍ എന്താണ്?' എന്ന് സൂത്രത്തില്‍ അവന്‍ ചോദിക്കും. പിന്നീട്, ആ പൊതിച്ചോറ് അവനോടൊപ്പം കഴിച്ച്, പൊതിച്ചോറില്ലാതെ പലപ്പോഴും കോളേജില്‍ പോയിട്ടുണ്ട്.
ആ ഓണക്കാലത്ത് കിട്ടിയതെല്ലാം കഴിച്ച്, കുഞ്ഞിന് അജീര്‍ണം വന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ജീവനറ്റ ശരീരമായി ഉത്രാടനാളില്‍ അവന്‍ എത്തി. ഓണ നിലാവിനോട്, ആകാശം നോക്കി 'എന്റെ ബേബിയെ തരൂ....' എന്നു വിലപിച്ച ആ പ്രീഡിഗ്രിക്കാരന്‍ മാമന്‍ ഇപ്പോള്‍ എന്നിലുണ്ട്, പിന്നീട്, എന്റെ മക്കളെ എന്നല്ല, ഒരു കുഞ്ഞിനെയും ഞാന്‍ അതിരറ്റ് സ്‌നേഹിച്ചിട്ടില്ല. ഇടയ്ക്കുവെച്ച് വിടപറഞ്ഞു പോയാലോ എന്ന് ഭീതി. സന്തോഷനിമിഷങ്ങളെ ഇപ്പോഴും വല്ലാതെ കൊണ്ടാടാറില്ല, ദുരന്തങ്ങളുടെ മുന്നോടിയാണോ ഈ ആഹ്ലാദമെന്നു ഭയന്ന്.
നല്ല ദാരിദ്ര്യമുണ്ടായിരുന്നു ഞങ്ങളുടെ വീട്ടില്‍. ഞങ്ങള്‍ മക്കള്‍ എട്ടു പേര്‍. അഛന്‍; എം. ശിവശങ്കരന്‍, അമ്മ; ജി. ഭാര്‍ഗവി. മക്കള്‍: ലീല, രാജന്‍ബാബു, രാധ, ലളിത, ചന്ദ്രിക, രവികുമാര്‍, രമ, രാജ്കുമാര്‍. ഒരു നാള്‍വഴി പുസ്തകത്തില്‍ ഞങ്ങളുടെയെല്ലാം പേരും നാളും ജനനത്തീയതിയുമെല്ലാം അഛന്‍ ഭദ്രമായി എഴുതി സൂക്ഷിച്ചിരുന്നു. ലോകത്തെ പ്രധാന സംഭവങ്ങളും ചില കഥകളുമൊക്കെ അതില്‍ സ്വകാര്യമായി അഛന്‍ കുറിച്ചിരുന്നു.
എന്നേക്കാള്‍ ബുദ്ധിയും തന്റേടവും സാഹിത്യവാസനയുമൊക്കെയുണ്ടായിട്ടും മൂത്ത പെങ്ങള്‍ ലീലക്ക് വിദ്യാഭ്യാസം പ്രൈമറി ക്ലാസില്‍ അവസാനിപ്പിക്കേണ്ടിവന്നു. ഇളയ സഹോദരങ്ങളെ വളര്‍ത്തലും പാചകമുള്‍പ്പെടെയുള്ള വീട്ടുജോലികളും മൂത്ത പെങ്ങളുടെ ചുമലിലായിരുന്നു. അതേസമയം, ആറാമനായി രവികുമാര്‍ വരുംവരെ ഏകമകന്‍ പദവി എനിക്കുണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങി ചന്തയില്‍ വില്‍ക്കലും ചെറിയ തോതില്‍ കൃഷിയുമൊക്കെയായിരുന്നു അമ്മയുടെയും അഛന്റെയും ജോലി. ജീവിതത്തില്‍ കഷ്ടപ്പാടുകളുണ്ടായിരുന്നെങ്കിലും, തീരെ ചെറിയ ഓലകെട്ടിയ കുടിലില്‍ സ്‌നേഹത്തിനുമാത്രം ഒരു കുറവുമുണ്ടായിരുന്നില്ല. എനിക്കും അനുജന്‍ രവികുമാറിനും അനുജത്തി രമക്കും മാത്രമേ വിദ്യാഭ്യാസം പ്രയോജനപ്രദമാക്കാനായുള്ളൂ; തൊഴില്‍ നേടാനും പഠിക്കാനുമുള്ള ചുറ്റുപാടുണ്ടായിരുന്നിട്ടും ഇളയ അനുജന്‍ രാജ്കുമാര്‍ അമ്മയുടെ അധികലാളനയാല്‍ വേറിട്ട വഴിയേ പോയി തീരാദുഃഖമായി.
മൂത്ത പെങ്ങളേക്കാള്‍ പരിഗണന എനിക്കു ലഭിക്കുന്നതിനാല്‍ ഞാന്‍ പലപ്പോഴും ദുഃഖിതനായിരുന്നു. 4-ാം ക്ലാസ്സിലായിരുന്നു അന്ന് ചേച്ചി (ചേച്ചിയെന്നു ഞാന്‍ വിളിച്ചിട്ടില്ല. ഞങ്ങള്‍ കളിക്കൂട്ടുകാരാകയാല്‍, പേരേ വിളിക്കൂ. അതിന് അപൂര്‍വമായി എനിക്ക് ചൂരല്‍ക്കഷായം കിട്ടിയിട്ടുണ്ടെങ്കിലും പേരുവിളി മാത്രം മാറിയില്ല). നാലാം ക്ലാസുകാരിക്കും മൂന്നാം ക്ലാസുകാരനായ എനിക്കും അഛന്‍ വീട്ടില്‍ ഒരേ കണക്കിട്ടുതരും. ഞാന്‍ മുമ്പേ ശരിയുത്തരം കണ്ടെത്തി കാണിക്കുന്നതാണ് അഛന് എപ്പോഴും ഇഷ്ടം. 'കൊച്ചല്ലേ അവന്‍? അവന്‍ കണക്കു ചെയ്തുകാണിച്ചു. നീ എന്താണ് ചെയ്യുന്നത്?' എന്ന് അഛന്‍ മകളെ ശകാരിക്കും. ഇത് ആണ്‍പക്ഷമനോഭാവത്തിന്റെ പ്രശ്‌നമാണെന്നൊന്നും അന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അന്ന് അതാണു ശരി. അഛന്‍ തരുന്ന കണക്കു ചോദ്യത്തിന്റെ ഉത്തരം അഛന്‍ സ്വന്തം സ്ലേറ്റില്‍ മുകളില്‍ എഴുതിവെക്കും. ഞാന്‍ രണ്ടാമനായിപ്പോകാതിരിക്കാന്‍ ശരിയുത്തരം ഒരിക്കല്‍ അഛന്‍ രഹസ്യമായി എനിക്കു കാണിച്ചുതന്നത് വേദനയായി. ഞാന്‍ അതു നോക്കി പകര്‍ത്തിയെഴുതിയില്ല. കുമാരനാശാന്റെ കവിതകള്‍ മിക്കതും അഛനു ഹൃദിസ്ഥമായിരുന്നു. ജോലികള്‍ക്കിടയിലും അഛന്‍ കവിത ചൊല്ലുന്നതു കേട്ടായിരിക്കാം കവിതയില്‍ എനിക്കു താല്‍പര്യം ജനിച്ചത്. ചിലപ്പോള്‍ അഛന്‍ കേട്ടെഴുത്തിടും. മാര്‍ക്കിട്ടു തരുമ്പോള്‍ ഒരു ദിവസം അഛനോടു സ്വകാര്യമായി പറഞ്ഞു: 'ഉത്തരം ഇനി അഛന്‍ എനിക്ക് എഴുതി കാണിച്ചുതരേണ്ട, രണ്ടാമനായാലും എനിക്കു പ്രശ്‌നമില്ല.' മറുപടി ഉണ്ടായില്ലെങ്കിലും, ആ വാക്കുകള്‍ അഛനെ സന്തോഷിപ്പിച്ചുവെന്ന് പിന്നീട് മനസ്സിലായി. പിന്നീട് ഒരിക്കലും ഉത്തരമെഴുതി കാണിച്ചില്ല.
കണക്കു ചെയ്യുന്നതിനിടയില്‍, പെങ്ങന്മാര്‍ അറിയാതിരിക്കാന്‍, അഛന്‍ എന്റെ സ്ലേറ്റില്‍ ഇങ്ങനെ എഴുതി: 'ഇന്ന് തോക്കാല നടയില്‍ ഉത്സവമുണ്ട്. നമുക്കു പോകാം.' അതിനു ചുവട്ടില്‍ ഞാന്‍ എഴുതി:
'ഞാനില്ല.'
'ഉച്ചഭാഷിണിയുണ്ട്' -അഛന്‍.
'എങ്കില്‍ ഞാനുണ്ട്'- ഞാന്‍.
പെണ്‍കുട്ടികളെ രാത്രിയുത്സവങ്ങള്‍ക്കു കൊണ്ടുപോകുന്ന രീതി അന്ന് സാധാരണമല്ല. പല തരത്തിലുള്ള ഈ വേര്‍തിരിവുകള്‍ എല്ലാ പെണ്‍മക്കളും ആത്മശാപമായി പേറിയിരുന്നിരിക്കണമെന്നു വേണം കരുതാന്‍.
നാലാം ക്ലാസുകാരിയായ പെങ്ങള്‍ ഒരു കവിത എഴുതി. ആദ്യവരി ഇങ്ങനെ: 'കുയിലും കാകനുമൊരുപോലെ....' അതുകണ്ട് ഞാനുമെഴുതി ഒരു കവിത. അതൊരു പൊട്ടക്കവിതയാകയാല്‍ ആരെയും കാണിച്ചില്ല.
ചെറിയ ക്ലാസില്‍ പഠിപ്പു നിര്‍ത്തേണ്ടിവന്ന അനുജത്തിമാര്‍ കശുവണ്ടി ഫാക്ടറിയിലും മറ്റും പണിയെടുത്താണ് എനിക്ക് പഠിക്കാനുള്ള അന്തരീക്ഷം ഒരുക്കിത്തന്നത്. ഒരു സന്ധ്യാ നേരത്ത് അനുജത്തിമാര്‍ പശുവിനുള്ള പുല്ലു കഴുകുകയായിരുന്നു, വീടിനടുത്തുള്ള തോട്ടില്‍. അതുകണ്ട് അയല്‍ക്കാരിയായ ഒരമ്മ ചോദിച്ചു: 'നിങ്ങളെന്തിന് പുല്ലു കഴുകുന്നു? ആണുങ്ങളല്ലേ ഇതൊക്കെ ചെയ്യേണ്ടത്? രാജന്‍ ഇല്ലേ അവിടെ?'
'അണ്ണന്‍ പത്താം ക്ലാസിലല്ലേ. ധാരാളം പഠിക്കാനുണ്ട്.'
'പത്താം ക്ലാസില്‍ എത്ര മിടുക്കനായാലും ആദ്യവര്‍ഷം തോക്കും. ആദ്യതവണ ജയിച്ച ഒരാളും മണമ്പൂരില്ല.'
അവരുടെ വാക്കുകള്‍ അനുജത്തിമാര്‍ എന്നെ അറിയിച്ചു. എനിക്കു വാശികയറി. പാഠപുസ്തകങ്ങള്‍ പലരില്‍നിന്ന് ഇരന്നുവാങ്ങി, കഠിനമായി അധ്വാനിച്ച്, ഫസ്റ്റ് ക്ലാസോടെ ഞാന്‍ പത്താംതരം ജയിച്ചു. അന്ന് ഗ്രാമത്തിന് അത് അത്ഭുതമായിരുന്നു. അനുജന്‍ രവികുമാര്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ച് ബി.ടെക്കുകാരനായി. ഇളയ അനുജത്തി രമ എം.എ കഴിഞ്ഞ് അധ്യാപികയായി.
ഞങ്ങളുടെ വീട്ടില്‍ വന്നുകയറിയ ആദ്യവധു എന്റെ ഭാര്യ സുമയായിരുന്നു. അങ്ങനെ വീട്ടില്‍ സ്ത്രീകളുടെ എണ്ണം ഏഴായി. പെങ്ങന്മാര്‍ നാത്തൂനെ നിറമനസ്സുകളോടെ ഏറ്റെടുക്കുകയായിരുന്നു. അമ്മയും വീട്ടില്‍ ഒരിക്കല്‍ പോലും അമ്മായിയമ്മപ്പോരോ നാത്തൂന്‍പോരോ ഉണ്ടാകാതെ ഏഴു പേരും സ്‌നേഹം നല്‍കിയും നേടിയും ഞങ്ങളുടെ ജീവിതം പ്രഫുല്ലമാക്കി.
എല്ലാ സഹോദരിമാരും ഇന്ന് ഭേദപ്പെട്ട കുടുംബജീവിതം നയിക്കുന്നു. ഒരുപരിധിവരെ അവരെ പരിപാലിക്കുന്നതില്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അഛന്‍ നാട്ടിലില്ലാത്ത കാലത്ത്, ഉത്സവം കാണാന്‍ അപൂര്‍വമായി സഹോദരിമാരെ കൂട്ടി പോകുമ്പോള്‍, ഞാന്‍ മുമ്പേ നടക്കും. സഹോദരിമാരും അമ്മയും പിന്നാലെ. പുരുഷന്മാര്‍ ഇരിക്കുന്ന സ്ഥലത്തു കൂടിയാണു പോകുക. ആരും കമന്റടിക്കാതെ കാക്കാന്‍ 'ഇത് എന്റെ ആളുകള്‍' എന്നു പറയാതെ പറയലാണ് പൈലറ്റ് വാഹനമായുള്ള എന്റെ പോക്ക്. അവര്‍ക്ക് സ്വന്തമായി കുടുംബജീവിതം ഉണ്ടാകും വരെയുള്ള കരുതലും പങ്കപ്പാടും ചെറുതല്ലായിരുന്നു. ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയെ പോലും കളിയാക്കാനോ കമന്റടിക്കാനോ മുതിരാതിരുന്നത്, മനസ്സിന്റെ അടിത്തട്ടില്‍ കരുതല്‍ നിക്ഷേപമായി ഈ സഹോദരിമാരെക്കുറിച്ചുള്ള ഓര്‍മ സജീവമായിരുന്നതിനാലാകണം.
ഞാന്‍ കവിത എഴുതാന്‍ തുടങ്ങിയപ്പോള്‍ എനിക്കു കുറച്ചുകൂടി സമയവും സ്വാതന്ത്ര്യവും അനുവദിച്ചുതരാന്‍ എല്ലാവരും ശ്രദ്ധപുലര്‍ത്തി. അറിയപ്പെടുന്നവനായി എന്നെ വളര്‍ത്തിയതില്‍ കുടുംബത്തില്‍ എല്ലാവരുടെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുണ്ട്.
അമ്മയ്ക്കു പോലും പെണ്‍മക്കളേക്കാള്‍ ഇഷ്ടക്കൂടുതല്‍ എന്നോടുണ്ടായിരുന്നു. ഏതു കഷ്ടപ്പാടിനിടയിലും എനിക്ക് ഒരു ഗ്ലാസ് പാല്‍ അമ്മ കരുതിവെക്കും. 'കോളേജില്‍ പഠിക്കുന്ന കുട്ടിയാണ്, അവന് ആരോഗ്യം വേണം.' എന്നതായിരുന്നു അമ്മയുടെ ന്യായം. ആ ന്യായം എല്ലാവര്‍ക്കും ബോധ്യമായിരുന്നു. എനിക്കു ജോലി കിട്ടിയപ്പോള്‍ അനുജന്‍ രവികുമാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയാണ്. അവനു പാലില്ല. എന്നാല്‍ എനിക്കുണ്ട്. അതിനു അമ്മയുടെ ന്യായം: 'ജോലിക്കു പോണ കുട്ടിക്ക് ആരോഗ്യം വേണം' എന്നായിരുന്നു. ആ ഇരട്ടത്താപ്പ് എനിക്കു സഹിച്ചില്ല: ''ഞാന്‍ കോളേജിലായാലും ജോലിയിലായാലും എനിക്കു പാല്‍ തരും. കോളേജില്‍ പോകുന്ന രവിക്ക് പാലില്ലേ?''
അമ്മ മൗനം പൂണ്ടു. എനിക്കു കിട്ടുന്ന പാല്‍ ഞാന്‍ പകുതി അനുജനു നല്‍കിത്തുടങ്ങി. ആ പകുതിപ്പാല്‍, പാലല്ല മഹത്തായ സ്‌നേഹസന്ദേശമാണെന്ന് പില്‍ക്കാല ജീവിതം തെളിയിച്ചു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും 360 കി.മീ അകലെ മലപ്പുറത്തു കഴിയുന്ന ഈ 'അണ്ണ'നോട് ആരാഞ്ഞ ശേഷമേ അനുജന്‍ രവികുമാര്‍ നടപ്പിലാക്കാറുള്ളൂ.
44 വര്‍ഷമായി ഞാന്‍ മലപ്പുറത്തും സഹോദരങ്ങള്‍ മണമ്പൂരിലും ആകയാല്‍ ദൈനംദിന കുടുംബകാര്യങ്ങളില്‍ എനിക്ക് ഇടപെടാന്‍ കഴിയാത്ത ദുഃഖമുണ്ട്. എങ്കിലും കത്തിലൂടെയോ ഫോണിലൂടെയോ അറിയുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ഏതു തിരക്കിനിടയിലും ശ്രമിച്ചുവരുന്നു.
എന്റെ മിക്ക കുട്ടിക്കവിതകളുടെയും പിന്നിലെ പ്രചോദനം പെങ്ങന്മാരുടെ മക്കളായിരുന്നു. അവരുടെ കുട്ടിത്തവും കുസൃതികളും നിഷ്‌കളങ്കതയുമെല്ലാം പല കവിതകള്‍ക്കും കാരണമായി. ഞാന്‍ എഴുതുകയാണെന്നു കണ്ടാല്‍, ചെറുപ്രായത്തിലും അവര്‍ ശല്യപ്പെടുത്താതെ അകന്നുനില്‍ക്കും. എഴുതിക്കഴിഞ്ഞാലുടന്‍ അവരെ വായിച്ചുകേള്‍പ്പിക്കും. മിക്ക കുട്ടിക്കവിതകളുടെയും ആദ്യകേള്‍വിക്കാരും അഭിപ്രായനിര്‍ദേശകരും ഈ കുഞ്ഞുങ്ങളായിരുന്നു. പിന്നീട് എന്റെ മക്കളുടെ കുട്ടിക്കാലം എന്നെ പ്രചോദിപ്പിച്ചു. അവര്‍ മുതിര്‍ന്നപ്പോള്‍ കുട്ടിക്കവിതകള്‍ക്കു വന്ന ക്ഷാമം പരിഹരിക്കപ്പെട്ടത് പേരക്കുട്ടികള്‍ വന്നതോടെയാണ്.
2016-ല്‍ മൂത്ത പെങ്ങള്‍ക്ക് പക്ഷാഘാതമുണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ശ്രീചിത്രയിലുമായിരുന്നു ചികിത്സ. കൈവിട്ടുപോയെന്ന് എല്ലാവരും കരുതിയതാണ്. മകള്‍ വീനസും എന്റെ സഹോദരി രമയും ആശുപത്രിയില്‍ കണ്ണീരോടെ, പ്രാര്‍ഥനയോടെ ശുശ്രൂഷിച്ച്, ഡോക്ടര്‍മാരുടെ പ്രത്യേക ശ്രദ്ധയും പരിഗണനയും ആര്‍ജിച്ച് ജീവന്‍ വീണ്ടെടുത്തു. ആ ദുഃഖത്തില്‍ പിറന്ന 'മൃതിദേവാ, മടങ്ങിപ്പോയാലും' എന്ന എന്റെ കവിത 'കലാകൗമുദി' ഓണപ്പതിപ്പില്‍ വന്നു. ആ ഓണപ്പതിപ്പ് തലയ്ക്കല്‍ വെച്ചായിരുന്നു 'രോഗി' ഉറങ്ങിയിരുന്നത്.
എട്ടു മക്കളെ വളര്‍ത്താന്‍ കണ്ണീര്‍ കുടിച്ച അഛനും അമ്മയ്ക്കും മക്കള്‍ വളര്‍ന്നപ്പോള്‍ ജീവിതം സുരഭിലമായി. രോഗാവസ്ഥകളില്‍ ആശുപത്രിയില്‍ മക്കളും മരുമക്കളും പേരക്കുട്ടികളും മാറിമാറി എത്തി സ്‌നേഹവും ശുശ്രൂഷയും ഏകി. ഇരുവരും ഇപ്പോഴില്ല. എങ്കിലും അവര്‍ കൊണ്ട വെയിലും മഴയുമാണ് ഞങ്ങളെ ഞങ്ങളാക്കിയത്. ജീവിതത്തില്‍ ഓരോ സന്തോഷം വരുമ്പോഴും വേദനയോടെ അവരുടെ ത്യാഗം ഓര്‍മയില്‍ വരും.
വിഖ്യാത എഴുത്തുകാരനായ എം.ടി വാസുദേവന്‍ നായര്‍, പെങ്ങളില്ലാത്ത ദുഃഖം പ്രകടിപ്പിച്ചപ്പോഴൊക്കെ, അക്കാര്യത്തില്‍ ഭാഗ്യമുള്ളവനാണല്ലോ അഞ്ച് പെങ്ങന്മാരുള്ള ഞാന്‍ എന്നു സമാധാനിച്ചിട്ടുണ്ട്. ഒരു പുരുഷനെ നേര്‍വഴി നടത്താന്‍ ഒരു പെങ്ങളോര്‍മ നിധിശേഖരം പോലെ വിലപ്പെട്ടതാണ്; അമ്മയോര്‍മ കഴിഞ്ഞാല്‍.