നമ്മളില്‍ പലരും ജീവിതത്തില്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ടെന്‍ഷന്‍ അനുഭവിച്ചിട്ടുള്ളവരാണ്. ജീവിത വ്യവഹാരങ്ങളില്‍ പെട്ടെന്ന് എന്തെങ്കിലുമൊരു മാറ്റം സംഭവിക്കുമ്പോള്‍ ശരീരം അതിനോട്
നമ്മളില്‍ പലരും ജീവിതത്തില്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ടെന്‍ഷന്‍ അനുഭവിച്ചിട്ടുള്ളവരാണ്. ജീവിത വ്യവഹാരങ്ങളില്‍ പെട്ടെന്ന് എന്തെങ്കിലുമൊരു മാറ്റം സംഭവിക്കുമ്പോള്‍ ശരീരം അതിനോട് പ്രതികരിക്കും. ഈ പ്രതികരണം ശാരീരികമോ മാനസികമോ വികാരപരമോ ആവാം. ഈ പ്രതികരണത്തെയാണ് പൊതുവെ ടെന്‍ഷന്‍, അഥവാ മാനസിക പിരിമുറുക്കം എന്ന് പറയുന്നത്. സുഗമമായി മുന്നോട്ടുപോകുന്ന ജീവിതത്തില്‍ പെട്ടെന്ന് ഒരു കയറ്റമോ ഇറക്കമോ സംഭവിക്കുമ്പോഴാണ് മാനസിക സംഘര്‍ഷം അനുഭവപ്പെടുന്നത്. ഇത് സന്തോഷം നല്‍കുന്നതോ സങ്കടം വരുത്തുന്നതോ ആയ കാര്യങ്ങളാവാം. ജീവിത വ്യവഹാരങ്ങളിലെല്ലാം ഇത്തരത്തിലുള്ള ഉത്ഥാനപതനങ്ങളും വഴിത്തിരിവുകളും ഉണ്ടാവുക സ്വാഭാവികമാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുക, പുതിയ വീടുവാങ്ങുക, കുഞ്ഞ് ജനിക്കുക, പരീക്ഷയില്‍ ഉന്നത വിജയം ലഭിക്കുക തുടങ്ങി സന്തോഷകരമായ ധാരാളം കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. ഒപ്പം തന്നെ ഇത്തരം കാര്യങ്ങള്‍ മാനസിക സമ്മര്‍ദത്തിനും ഇടവരുത്തും.
കൊല്ലങ്ങളോളം സര്‍ക്കാര്‍ ജോലി കിട്ടാന്‍ കാത്തിരുന്ന യുവതിക്ക് നിയമനോത്തരവ് ലഭിച്ചത് വീട്ടില്‍നിന്ന് കുറേ ദൂരെയുള്ള ഒരു സ്ഥലത്തേക്കായിരുന്നു. അഞ്ചു കുട്ടികളെയും അമ്മയെയും വീട്ടിലാക്കി എങ്ങനെ ജോലിക്കു പോവും എന്ന ചിന്ത യുവതിയെ മാനസിക പിരിമുറുക്കത്തിലാക്കി. തല ചുറ്റിവീഴുകയും ചെയ്തു. ജീവിതപ്രയാണത്തില്‍ കര്‍ത്തവ്യം, അല്ലെങ്കില്‍ ഉത്തരവാദിത്തവും ഭാരവും കൂടിയെന്ന് മനസ്സില്‍ തോന്നുമ്പോള്‍ തന്നെ പിരിമുറുക്കം അനുഭവപ്പെടും ചിലര്‍ക്ക്. പലപ്പോഴും ഉത്തരവാദിത്തം കൂടിയെന്ന് തോന്നുന്ന നിമിഷം മുതല്‍ നമ്മള്‍ കൂടുതല്‍ ജാഗരൂകരാകുന്നു, തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. നീക്കങ്ങള്‍ പ്രതികൂലമായ രീതിയില്‍ ആകുമ്പോള്‍ അത് വ്യക്തിയെ മാനസികമായി തളര്‍ത്തുന്നു. ചിലര്‍ക്ക് വിശ്രമമില്ലാതെയുള്ള ജീവിതം മടുപ്പും ദേഷ്യവും സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും ഒരുതരം പിന്‍വലിയല്‍ മനഃസ്ഥിതി സൃഷ്ടിക്കാനിടയാക്കുകയും ചെയ്യും.
തുടരെയുള്ള മാനസിക സമ്മര്‍ദം പലരീതിയിലാണ് പ്രകടമാകുന്നത്. വിട്ടുമാറാത്ത തലവേദനയോ വയറുസംബന്ധമായ അസ്വസ്ഥതയോ ആകാം. വയറിളക്കവും വായുസംബന്ധമായ ബുദ്ധിമുട്ടുകളും ഇതിനുദാഹരണങ്ങളാണ്. വര്‍ധിച്ച തോതിലുള്ള രക്തസമ്മര്‍ദം (ബി.പി), നെഞ്ചുവേദന, ഉറക്കമില്ലായ്മ, ലൈംഗികതയോടുള്ള താല്‍പര്യക്കുറവ്- ഈ തരത്തില്‍ പലതുമാകാം. അതുപോലെ തന്നെയാണ് വികാരപരമായി നേരിടുന്ന പ്രശ്‌നങ്ങളും. അവ വിഷാദത്തിനും വിഷാദ രോഗത്തിനും ഇടവരുത്തും.
തലചുറ്റുന്നതുപോലെ തോന്നുക, ശരീരത്തില്‍ അവിടെയും ഇവിടെയും വേദന അനുഭവപ്പെടുക, പല്ലിറുമ്മുക, പല്ല് കടിച്ചു പിടിക്കുക, തലവേദനിക്കുക, ദഹനത്തിന് ബുദ്ധിമുട്ടുണ്ടാവുക, വിശപ്പ് കൂടുകയോ തീരെ ഇല്ലാതാവുകയോ ചെയ്യുക, കൈപ്പത്തികള്‍ തണുക്കുകയും വിയര്‍ക്കുകയും ചെയ്യുക, തളര്‍ച്ച, വിറയല്‍, ശരീരഭാരത്തില്‍ വ്യതിയാനം തോന്നല്‍, ലൈംഗിക താല്‍പര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഇങ്ങനെ നീണ്ടുപോകുന്നതാണ് മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍.
എങ്ങനെ നേരിടാം?
മാനസിക പിരിമുറുക്കം (ടെന്‍ഷന്‍) നേരിടാനുള്ള കഴിവ് സ്വയം ആര്‍ജിച്ചെടുക്കണം. അല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ അത്തരമൊരു മാനസികാവസ്ഥയിലേക്ക് രോഗിയെ പതുക്കെപ്പതുക്കെ നയിക്കുകയാണ് വേണ്ടത്. ആത്മവിശ്വാസം കാത്തുസൂക്ഷിക്കലാണ് ഇതില്‍ പ്രധാനം. ജീവിതത്തില്‍ നമുക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളുണ്ടെന്നും നാം അംഗീകരിക്കാന്‍ തയാറാകണം. കാര്യങ്ങളെ വിവേകപൂര്‍വം നേരിടാനുള്ള പരിശീലനം നാം ആര്‍ജിക്കേണ്ടതുണ്ട്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നമുക്കുണ്ടാകുന്ന വികാരങ്ങളെയും വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും വിവേകത്തോടെ വിശകലനം ചെയ്യാന്‍ നമുക്കു സാധിക്കണം. യോഗ തുടങ്ങിയ ധ്യാനശീലങ്ങള്‍, ദിനേനയുള്ള വ്യായാമം, മാനസികവും ശാരീരികവുമായി ഉണര്‍വേകുന്ന ചെറിയ ചെറിയ വ്യായാമ മുറകള്‍, ആരോഗ്യപ്രദമായ ഭക്ഷണശീലം, ഉപയോഗക്ഷമതയോടുകൂടിയ സമയവിനിയോഗം, വേണ്ടിടങ്ങളില്‍ നിയന്ത്രണം, അനാവശ്യമായി ടെന്‍ഷന്‍ സൃഷ്ടിക്കുന്ന കാര്യങ്ങളില്‍നിന്നുള്ള വിട്ടുനില്‍പ്പ്, വിനോദത്തിനു വേണ്ടി സമയം കണ്ടെത്തുക, ഉറങ്ങുന്നതിലും ഉണരുന്നതിലും സമയനിഷ്ഠ ഉറപ്പുവരുത്തുക, ശാരീരികവും മാനസികവുമായ വിശ്രമം, ടെന്‍ഷന്‍ കുറക്കാമെന്ന ഉപായമെന്ന നിലയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാതിരിക്കുക, സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുക, അഭിലഷണീയമായ സാമൂഹിക ഇടപെടലുകള്‍ക്കുള്ള അവസരം ഒഴിവാക്കാതിരിക്കുക, അത്യാവശ്യമെങ്കില്‍ വൈദ്യസഹായം തേടുക തുടങ്ങി ധാരാളം പ്രതിരോധ മാര്‍ഗങ്ങള്‍ ടെന്‍ഷന്‍ തരണം ചെയ്യാന്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും. സുഖകരവും ആരോഗ്യപ്രദവും സന്തോഷകരവുമായ ജീവിതപ്രയാണത്തെ തടഞ്ഞുനിര്‍ത്തുന്ന ഒരു ദുരന്തമാണ് മാനസിക പിരിമുറുക്കം. ആ ദുരന്തത്തെ തട്ടിമാറ്റാനുള്ള പരിശ്രമം ജീവിതവിജയത്തിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്.