പ്രവാസ ലോകത്തെ വീട്ടമ്മമാര്‍ക്ക് ഒഴിവു സമയം ഏറെ ലഭിക്കാറുണ്ട്. പലരും അത് ഉറങ്ങിത്തീര്‍ക്കുകയാണ് എന്നാണ് പൊതുവെയുള്ള പരാതി. ഒരുപരിധിവരെ ഇതില്‍ കഴമ്പുമുണ്ട്. അതിരാവിലെ കുട്ടികള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ് ജോലിക്കും പോയിക്കഴിഞ്ഞാല്‍ ലഭിക്കുന്ന സമയത്ത് മറ്റു പണികളൊന്നും ഇല്ലെങ്കില്‍ ഉറങ്ങുന്നവരെ കുറിച്ച് ഈ പരാതിയില്‍ ശരിയുമുണ്ട്. എന്നാല്‍ ഇന്ന് പുതിയ തലമുറയില്‍ ജോലിയുള്ള കുടുംബിനികള്‍ ഏറെയാണ്. ഇത്തരത്തില്‍ ജോലിയുള്ള കുടുംബിനികളെ സംബന്ധിച്ച് ഒഴിവുവേള എന്നത് ഒരു കാണാക്കനിയാണ്. ഓഫീസിലെ ജോലിയും വീട്ടിലെ ജോലിയും തീര്‍ത്ത് നടുവൊന്ന് നിവര്‍ത്താന്‍ പലര്‍ക്കും സമയം കിട്ടാറില്ല. ഈ സമയമില്ലായ്മയിലും തന്റെ ഇഷ്ട വിനോദങ്ങളെ നെഞ്ചോടു ചേര്‍ക്കാന്‍ സമയം കണ്ടെത്തുകയാണ് ഗുരുവായൂര്‍ തൈക്കാട് സ്വദേശിനി അബൂദബിയിലെ ദിയാഫ ഇന്റര്‍നാഷ്‌നല്‍ സ്‌കൂളിലെ അധ്യാപികയായ ശഹന ടീച്ചര്‍. തന്റെ ഇഷ്ട വിനോദങ്ങളായ ക്രോക്കെറ്റും കാലിഗ്രഫിയും ഹൃദയാന്തരങ്ങളില്‍നിന്ന് അന്യം നിന്നു പോകാതിരിക്കാന്‍ ഉറക്കമിളച്ചും സമയം കണ്ടെത്തുകയാണ് ഈ അധ്യാപിക.
കോട്ടണ്‍, അക്രലിക്ക് തുടങ്ങിയവയുടെ യാണ്‍ ഉപയോഗിച്ചുകൊണ്ട് അലങ്കാര കൊട്ട, ബാഗ്, തൊപ്പി, ഷൂകള്‍, സ്വെറ്ററുകള്‍, ബുക്ക് കവറുകള്‍, ഹെയര്‍ബാന്റ് കളിപ്പാവകള്‍ തുടങ്ങിയവ ഇതിനകം ടീച്ചര്‍ ഉണ്ടാക്കിയ അലങ്കാര വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. കൊറോണാ കാലം വന്നതോടെ വീട്ടിലുള്ളവര്‍ക്കെല്ലാം ഓണ്‍ലൈനില്‍ തിരക്കോടു തിരക്കായെങ്കിലും മുമ്പത്തേക്കാള്‍ അല്‍പം കൂടുതല്‍ ഒഴിവുസമയം ഒത്തുവന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ഇഷ്ടവിനോദത്തില്‍ കൂടുതല്‍ സജീവമാകാനാണ് ടീച്ചര്‍ തീരുമാനിച്ചത്. ഭര്‍ത്താവും കുട്ടികളും ടീച്ചറുടെ തീരുമാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഭര്‍തൃ മാതാവിന്റെ അകമഴിഞ്ഞ സഹായവും പിന്തുണയും ഏറെ പ്രചോദനമായി. ഈ കൊറോണാ കാലത്തെ ഒഴിവുവേളകള്‍ ഉപയോഗപ്പെടുത്തി നിരവധി അലങ്കാര വസ്തുക്കള്‍ ടീച്ചര്‍ നെയ്‌തെടുത്തു. താന്‍ നിര്‍മിക്കുന്ന അലങ്കാര വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കലാണ് ശഹന ടീച്ചര്‍ക്ക് ഏറെ സന്തോഷം
നല്‍കുന്ന സംഗതി.
മാതാവിന്റെ താല്‍പര്യം കണ്ട് സഹായത്തിന് കുട്ടികളും കൂടെ കൂടും. അലങ്കാര വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ മക്കള്‍ക്കും ഇപ്പോള്‍ ഹരം കയറിയിരിക്കുകയാണ്. അബൂദബിയിലെ വിഷന്‍ ടാക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആയ ഭര്‍ത്താവ് ചാവക്കാട് പാലയൂര്‍ സ്വദേശി ശിഹാബിന്റെ സഹകരണവും പിന്തുണയും കൂട്ടുകാരില്‍നിന്നും കുടുംബക്കാരില്‍നിന്നുമുള്ള പ്രചോദനവും ഈ മേഖലയില്‍ തനിക്ക് ഏറെ കരുത്തു പകര്‍ന്നതായി ടീച്ചര്‍ പറയുന്നു. അബൂദബി ഖാലിദിയയില്‍ ലൈറ്റ് വേവ്‌സ് എന്ന സ്ഥാപനം നടത്തുന്ന ഭര്‍തൃസഹോദരന്‍ ശഫീഖ് സമ്മാനമായി നല്‍കിയ ഏതാനും യാണുകള്‍ കൊണ്ടാണ് ശഹന ടീച്ചര്‍ ആദ്യമായി ക്രോക്കെറ്റ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്.
തന്റെ കലാവിരുതുകളെ സൗഹൃദങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ക്രോക്കെറ്റ് ആര്‍ട്ട് സ്റ്റുഡിയോ എന്ന പേരില്‍ യൂട്യൂബ് ചാനലും, വീടകങ്ങളില്‍ സങ്കര്‍ഷമുഖരിതമാകുന്ന കുടുംബിനികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീര്‍ നല്‍കുന്നതിന് ഇന്‍സ്റ്റഗ്രാമിലൂടെ സ്‌ട്രെസ്സ് റിലീഫ് ആര്‍ട്‌സ് എന്ന പേജിലൂടെയും തന്റെ കലാവാസനകളെ പരിചയപ്പെടുത്തുന്നുണ്ട്. ക്രോക്കെറ്റ് കലാസൃഷ്ടിക്കിടെ മനസ്സിനും ശരീരത്തിനും ആനന്ദം നല്‍കുന്നതിനു കണ്ടെത്തിയ ഉപായമാണ് കാലിഗ്രഫിയിലേക്കുള്ള ചുവടുവെപ്പ്. ഈ മേഖലയില്‍ ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ടെന്ന് ടീച്ചര്‍ തിരിച്ചറിയുന്നുണ്ട്. അതിനായി ഈ മേഖലയിലുള്ള പ്രമുഖരുടെ കലാസൃഷ്ടികളെ കണ്ടെത്തി പഠിക്കാന്‍ തന്നെയാണ് ടീച്ചറുടെ പരിപാടി. ടീച്ചറുടെ പഠനവും കുട്ടികളെ പഠിപ്പിക്കലും തട്ടിയും മുട്ടിയും നീങ്ങുമ്പോള്‍ അബൂദബിയിലെ നാലു ചുവരുകള്‍ക്കുള്ളില്‍ അലങ്കാര വസ്തുക്കളുടെ വിസ്മയ കലവറ തന്നെ ഒരുങ്ങുകയാണ്. പ്രവാസി വീട്ടമ്മമാര്‍ക്ക് വിരസതയകറ്റാന്‍ മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്ക് ശഹന ടീച്ചറുടെ ജീവിതം മാതൃകയാണ്. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം യു.എ.ഇയിലുണ്ടായിരുന്ന ഗുരുവായൂര്‍ തൈക്കാട് പേനത്ത് അബ്ദുല്‍ കരീം-സാബിറ ദമ്പതികളുടെ മകളാണ് ശഹന. ഐറാ അയാന്‍, ആഇശ എന്നിവരാണ് മക്കള്‍.