പാകിസ്താനില്‍ നടന്നിരുന്ന പ്രമുഖ കായിക ഇനങ്ങളിലെല്ലാം പങ്കെടുത്തിരുന്ന എന്റെ ഉമ്മയും ഉമ്മൂമ്മയുമായിരുന്നു എന്റെ പ്രധാന പ്രചോദനം.
ആഗോള വ്യാപാര മേഖലയിലും വരേണ്യ കായിക രംഗങ്ങളിലും പ്രോഗ്രാം ഡെവലപ്പറായും നയതന്ത്രജ്ഞയായും അന്തര്‍ദേശീയ ഇടങ്ങളില്‍ തന്റെ ആശയ വിനിമയ ശേഷിയുടെ അതുല്യ പാടവം തെളിയിച്ചിട്ടുള്ള വനിതയാണ് റിംല അഖ്തര്‍. 2017-ല്‍ എഫ്.എ കൗണ്‍സിലില്‍ അംഗത്വം നേടിയ ഏഷ്യയിലെ ആദ്യ മുസ്‌ലിം വനിതയാണിവര്‍. എഫ്.എ കൗണ്‍സിലിന്റെ ഇന്‍ക്ലുഷന്‍ അഡൈ്വസറി സമിതിയിലും അംഗമാണ്. 2015-ല്‍ കായികരംഗത്തെ നേട്ടങ്ങള്‍ക്ക് മോസ്റ്റ് എക്‌സലന്റ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയറിന്റെ പുരസ്‌കാരം എലിസബത്ത് രാജ്ഞിയില്‍നിന്നു സ്വീകരിക്കുകയുണ്ടായി. സ്‌പോര്‍ട്‌സ് ഗ്രൗണ്ട് സേഫ്റ്റി അതോറിറ്റിയുടെ സ്വതന്ത്ര മേധാവി, കിക് ഇറ്റ് ഔട്ടിന്റെ സ്വതന്ത്ര മേധാവി, ട്രസ്റ്റി, സ്‌കോട്ട്ലന്റിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് കൗണ്‍സില്‍ അംഗം എന്നീ പദവികള്‍ക്ക് അര്‍ഹയാവുകയും ചെയ്ത വനിതകൂടിയാണ് റിംല.
യു.കെ, ഏഷ്യ എന്നിവിടങ്ങളില്‍നിന്നായി റിംല 2017-ല്‍ രണ്ട് ഡോക്ടറേറ്റ് പദവികള്‍ നേടി. 2013-ല്‍ സ്‌കൈ സ്‌പോര്‍ട്‌സ്, സണ്‍ഡേ ടൈംസ് സ്‌പോര്‍ട്‌സ് വിമന്‍ ഓഫ് ദ ഇയര്‍ കമ്യൂണിറ്റി അവാര്‍ഡ് എന്നിവക്കും അര്‍ഹയായി. കായികരംഗത്ത് ഇന്‍ക്ലൂഷന്‍ ആന്റ് ഡൈവേഴ്സിറ്റി സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന റിംല 2015-ലെ ലോകത്തെ സ്വാധീനം ചെലുത്തിയവരില്‍ 15-ാമത്തെ വ്യക്തിയാണ്. 2018-ല്‍ ഫോര്‍ബ്‌സ് മാസികയുടെ മോസ്റ്റ് പവര്‍ഫുള്‍ വിമന്‍ ഇന്‍ സ്‌പോര്‍ട്‌സ് എന്ന പദവിയില്‍ 14-ാമനും ആയി.
ലോകപ്രസിദ്ധമായ റിംജിം കായിക വികസന കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകയും മുസ്‌ലിം വിമന്‍സ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ അധ്യക്ഷയുമായ റിംല വനിതകളുടെ കായിക ഉന്നമനത്തിനായി ദേശീയ-അന്തര്‍ദേശീയ തലത്തില്‍ സജീവമായി ഇടപെടുന്നു.
റിംല അഖ്തറുമായി സറീന, ശര്‍ന, ലാമിയ എന്നിവര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
കായിക മേഖലയിലേക്ക് താങ്കള്‍ ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന പ്രേരകമെന്തായിരുന്നു?
പാകിസ്താനില്‍ നടന്നിരുന്ന പ്രമുഖ കായിക ഇനങ്ങളിലെല്ലാം പങ്കെടുത്തിരുന്ന എന്റെ ഉമ്മയും ഉമ്മൂമ്മയുമായിരുന്നു എന്റെ പ്രധാന പ്രചോദനം. കുടുംബത്തില്‍നിന്ന് ലഭിച്ചിരുന്ന നിര്‍ലോഭമായ പിന്തുണ തന്നെയാണ് ഈ രംഗത്ത് എന്നെ എത്തിച്ചതില്‍ മുഖ്യം.
താങ്കളില്‍ അന്തര്‍ലീനമായിരുന്ന കഴിവും ഇപ്പോഴുള്ള കായിക മികവിന് ആക്കം കൂട്ടിയിട്ടില്ലേ?
അഭിരുചികളേക്കാളേറെ, എന്റെ ജ്യേഷ്ഠ സഹോദരന്മാര്‍ പകര്‍ന്നു നല്‍കിയ പ്രചോദനമാണ് എന്റെ കായിക മികവിന്റെ കാതല്‍. അവരുടെ ഇളയ സഹോദരിയായ ഞാന്‍ അവര്‍ ചെയ്യുന്നതെല്ലാം അനുകരിച്ചു. അതുപോലെ എന്റെ ഉമ്മയും ഉമ്മൂമ്മയും നല്ല കായികാഭിരുചിയുള്ളവരായിരുന്നു. അവരോടൊപ്പമുള്ള ജീവിതം എന്നിലെ കായിക താരത്തെ മിനുക്കിയെടുക്കുന്നതില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. തീര്‍ച്ചയായും മക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ മാതാവിന് അനല്‍പ്പമായ പങ്കുണ്ട്.
മുസ്‌ലിം പ്രാതിനിധ്യം ശുഷ്‌കമായിട്ടുള്ള കായിക മേഖലയില്‍ തിളങ്ങുക അസാധ്യമാണോ?
ഇന്ത്യയിലും യു.കെയിലും പാകിസ്താനിലുമൊക്കെ കായിക രംഗങ്ങളില്‍ വനിതകളുടെ സ്ഥിതി വ്യത്യസ്തമല്ല.
ആരംഭദശയില്‍ അവര്‍ അതിനെ കുറിച്ച് ബോധവാന്മാരെല്ലെന്നു വേണം അനുമാനിക്കാന്‍. എന്റേത് വ്യത്യസ്ത അനുഭവമായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നെപ്പോലെ കായികരംഗത്ത് സമാന അനുഭവങ്ങള്‍ അഭിമുഖീകരിച്ചവരോടൊപ്പം പ്രവര്‍ത്തിക്കാനായത് എന്റെ നേട്ടമാണ്.
ഹിജാബ്ധാരികളും അല്ലാത്തവരുമായ ഏഷ്യന്‍ വംശജരും കറുത്തവരും വെളുത്തവരുമൊക്കെ നല്‍കുന്ന പ്രചോദനമായിരുന്നു എന്റെ ഊര്‍ജം.
കായിക രംഗത്ത് സുഗമമായി പ്രവര്‍ത്തിക്കുന്നതിന് ഹിജാബ് വിഘാതമാണെന്ന് കരുതിയിരുന്നോ?
ഒരിക്കലുമില്ല, 2007-ല്‍ ഞാന്‍ ദേശീയതലത്തില്‍നിന്ന് വിരമിക്കുന്നതു വരെ അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഹിജാബ് ഒരു വിഷയമായി ഉയര്‍ന്നുവന്നത് ഈയടുത്ത കാലത്താണ്. ഹിജാബ് കളിക്കളത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് ഒരു കായിക സംഘടനയും അന്നൊന്നും അഭിപ്രായപ്പെട്ടിട്ടില്ലായിരുന്നു.
ഇന്ന് എല്ലാ തരത്തിലുമുള്ള ഹിജാബുകള്‍ ലഭ്യമാണ്. ആദ്യകാലങ്ങളില്‍ ശരീരത്തിന് യോജിച്ച ഹിജാബിന്റെ അഭാവം നിഴലിച്ചിരുന്നു. എങ്കിലും എന്റെ പരിശീലകര്‍ക്ക് ഹിജാബ് വിഷയത്തില്‍ നിഷേധാത്മക സ്വഭാവമുണ്ടായിരുന്നില്ല. പക്ഷേ നിഷേധാത്മക സ്വഭാവം പുലര്‍ത്തിയിരുന്ന പരിശീലകര്‍ ഹിജാബ് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടതു വഴി കായികരംഗത്ത് നിന്ന് പിന്മാറിയവരുടെ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് യു.കെയിലെ മുസ്‌ലിം വിമന്‍സ് ഫൗണ്ടേഷന്റെ തലപ്പത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു മുതല്‍ ഹിജാബ് ധാരണത്തിന് ഊന്നല്‍ കൊടുക്കാനും അവരുടെ തെറ്റിദ്ധാരണ മാറ്റാനും ശ്രമിക്കുന്നത്.
അതുകൊണ്ടുതന്നെ ഞാന്‍ യു.കെയിലെ മുസ്‌ലിം വിമന്‍സ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷനിലൂടെ ഇത്തരം നിലപാടുകളില്‍ മാറ്റങ്ങള്‍ വരുത്തുകയും സുരക്ഷയുടെ കാര്യത്തില്‍ ഹിജാബ് ഒരു പ്രശ്‌നം അല്ലെന്ന തിരിച്ചറിവ് ഉണ്ടാക്കുകയും പ്രവര്‍ത്തിക്കുകയുമായിരുന്നു. ഹിജാബ് ധരിക്കുന്നതുകൊണ്ട് അവര്‍ക്കോ മറ്റുള്ളവര്‍ക്കോ യാതൊരു പ്രയാസവും ഉണ്ടാക്കിയില്ല എന്നായിരുന്നു ഞങ്ങള്‍ ഉന്നയിച്ചത്.
2007-ല്‍ ദേശീയ ഫുട്‌ബോള്‍ സംഘടനയായ FIFA ഹിജാബ് റദ്ദാക്കുകയുണ്ടായി. അത് തികച്ചും പഴമക്കാരായ വെള്ളക്കാരുടെ ആക്ഷേപാര്‍ഹമായ ഒരു തീരുമാനം ആയിരുന്നു. ഈ തീരുമാനം ആഗോള മുസ്‌ലിം സ്ത്രീകള്‍ക്ക് ഒരു വിലങ്ങായിരുന്നു എന്നവര്‍ മനസ്സിലാക്കുന്നില്ല. ഇതിനെതിരെ ഞങ്ങള്‍ ഏഴ് വര്‍ഷത്തോളം പോരാടുകയും അതിന്റെ ഫലമായി 2014-ല്‍ ഫുട്‌ബോളില്‍ ഹിജാബ് അനുവദനീയമാക്കുകയും ചെയ്തു.
എന്നാല്‍ ഇതേ വര്‍ഷം ദേശീയ ബാസ്‌കറ്റ് ബോള്‍ സംഘടനയായ എകആഅ ഹിജാബ് റദ്ദാക്കുകയുണ്ടായി. ഇതിനെതിരെയും ഞങ്ങള്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി പോരാട്ടം നടത്തി. 2017-ല്‍ അമേരിക്കയില്‍ നിന്നുള്ള ബല്‍ഖീസ് അബ്ദുല്‍ ഖാദര്‍ എന്ന പെണ്‍കുട്ടിയുടെ അതിഗംഭീര പ്രകടനത്തിന്റെ ഫലമായി FIBA -യും ഹിജാബിന് അനുമതി നല്‍കി. ബല്‍ഖീസ് അമേരിക്കയിലെ ബാസ്‌കറ്റ് ബാളില്‍ റെക്കോര്‍ഡ് തകര്‍ത്ത കുട്ടിയായിരുന്നു. പ്രഫഷണലായി കളിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഹിജാബ് റദ്ദാക്കിയത്. തന്റെ ജീവിതത്തില്‍ വന്ന തടസ്സത്തിനെതിരെ ബല്‍ഖീസ് പോരാടി. അവളോടൊപ്പം ഞങ്ങളും കഴിവതും പ്രയത്നിക്കുകയും അത് വിജയകരമാവുകയും ചെയ്തു.
ഡ്രസ്സ് കോഡിന്റെ പേരില്‍ ശരീരം മറയ്ക്കുന്ന മുസ്‌ലിം വനിതകളെ വിലക്കുന്ന കായിക മേഖലകളും ഇല്ലാതില്ല. ഉദാഹരണത്തിന് നീന്തല്‍ മത്സരം. അത് ഹിജാബുമായി ബന്ധപ്പെട്ടതല്ല. മതപരമായ കാര്യവും അല്ല. അത് യഥാര്‍ഥത്തില്‍ മത്സര നേട്ടത്തിന് വേണ്ടിയാണ്. സിഡ്‌നി ഒളിമ്പിക്‌സില്‍ ചില സ്ത്രീകള്‍ മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചിരുന്നു. ആ വസ്ത്രത്തിന്റെ സാങ്കേതികവിദ്യയുടെ കാരണത്താല്‍ മത്സര നേട്ടം ഉണ്ടാകുന്നു. ആ വസ്ത്രം വെള്ളത്തില്‍ വേഗതയില്‍ നീന്താന്‍ സഹായിക്കുന്നതുകൊണ്ടാണ്. എന്നാല്‍ FINA അത് റദ്ദാക്കി. മുട്ടുവരെ മാത്രമേ മറക്കാന്‍ പാടുള്ളൂ എന്ന നിയമം കൊണ്ടുവന്നു. ഇത് ശരീരം മുഴുവന്‍ മറയ്‌ക്കേണ്ട മുസ്‌ലിം വനിതകള്‍ക്ക് ഒരു തടസ്സമായി മാറി. അതുകൊണ്ട് യു.കെയിലെ 'സ്വിം ഇംഗ്ലണ്ട്' എന്ന് ഇന്ന് അറിയപ്പെടുന്ന അമേച്വര്‍ നീന്തല്‍ സംഘടനയില്‍ ബര്‍കിനി ധരിച്ച് മത്സരിക്കാനുള്ള അനുമതിക്കായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഒന്നര വര്‍ഷത്തോളമായി അവര്‍ അതിന് അനുമതി നല്‍കുന്നുണ്ട്.
എന്നാല്‍ എന്റെ അടുത്ത ചുവട് അന്തര്‍ദേശീയ തലത്തില്‍ FINA-യും അതിന് അനുമതി നല്‍കണം എന്നതിനു വേണ്ടിയാണ്. കാരണം ബര്‍കിനി മത്സര ഗുണത്തിന് കാരണമാകുന്നില്ല. ഇത്തരം വിഷയങ്ങളിലാണ് ഞങ്ങള്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നത്. ഇന്നും ഹിജാബ് അനുവദിക്കാത്ത ജൂഡോ പോലുള്ള പല കായിക മത്സരങ്ങളും ഉണ്ട്. അത്തരം പ്രശ്‌നങ്ങളിലും ഇടപെടുന്നുണ്ട്.
കായികരംഗത്തെ നിങ്ങളുടെ മറ്റു പ്രവര്‍ത്തന മേഖലകള്‍ ഏതൊക്കെയാണ്?
മറ്റു മൂന്നു മേഖലകളില്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഒന്നാണ് കാമ്പയിന്‍.
ഇതിലൂടെ ലോകവ്യാപകമായ ഒരു കൂട്ടായ്മ ഉണ്ടായി. അതിലൂടെ മുസ്‌ലിം സ്ത്രീകളെ എങ്ങനെ കായികരംഗത്ത് കൊണ്ടുവരാം എന്നതിനെ കുറിച്ച് അന്തര്‍ദേശീയമായി ചര്‍ച്ചകളും ഒരുപാട് പഠനങ്ങളും നടത്തുന്നുണ്ട്. കായിക വ്യവസായത്തെ ലോകവ്യാപകമായി മാത്രമല്ല, ദേശീയമായും എങ്ങനെ സഹായിക്കാം എന്നും ഓരോ രാജ്യത്തെയും മുസ്‌ലിം വനിതകളെ വ്യത്യസ്ത നിലവാരത്തില്‍ കായികമേഖലകളില്‍ കൊണ്ടുവരാം എന്നതിലും ആണ് ശ്രദ്ധിക്കുന്നത്. കായിക സംഘടനകളുമായി ബന്ധപ്പെട്ട് ഒരുപാട് ഉപദേശക പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. മൂന്ന് വര്‍ഷമായി പ്രബലരും സ്വാധീനം ചെലുത്തുന്നവരുമായ മുസ്‌ലിം വനിതകളുടെ ലിസ്റ്റ് തയാറാക്കുന്നു. എനിക്ക് തോന്നുന്നത് അങ്ങനെ ചെയ്യുമ്പോള്‍ ലോകത്തിലെ കായികരംഗത്തെ മികവുറ്റ നിരവധി മുസ്‌ലിം വനിതകള്‍ - കളിക്കാര്‍ മാത്രമല്ല, അവരുടെ കൂടെ പല നിലകളില്‍ പ്രവര്‍ത്തിക്കുന്ന പരിശീലകരെയും ശ്രദ്ധേയമാക്കാന്‍ കഴിയും എന്നാണ്.
നിങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ ഏറ്റവും വലിയ തടസ്സം എന്താണെന്നാണ് തോന്നുന്നത്?
മുസ്‌ലിം വനിതകളെ ഈ രംഗത്ത് സജീവമാക്കുന്നതിലാണെങ്കില്‍ അതില്‍ രണ്ട് ഘടകങ്ങള്‍ ഉണ്ട്. കായിക വ്യവസായത്തിന്റെ പ്രശ്‌നമാണ് അതിലൊന്ന്. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി യു.കെയില്‍ നല്ല മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കുറേ കാലം മുമ്പുവരെ കായികരംഗം മുസ്‌ലിം സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കാത്തവയായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് എന്താണോ വേണ്ടത്, അത് കായികരംഗത്ത് കൊണ്ടുവരിക എന്നതായിരുന്നു ഞങ്ങള്‍ ചെയ്തത്. മുസ്‌ലിം സ്ത്രീകളില്‍ നിഖാബ് ധരിക്കുന്നതില്‍ കണിശതയുള്ളവര്‍ക്ക് അതിനു വേണ്ട സാഹചര്യങ്ങളൊരുക്കിക്കൊടുത്ത് പ്രവര്‍ത്തിച്ചു. ഞങ്ങള്‍ക്ക് കരാറുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ഏതെങ്കിലും ഒരു മുസ്‌ലിം സ്ത്രീയോ മറ്റ് സ്ത്രീയോ 'എനിക്ക് ഇന്ന കാരണത്താല്‍ കായികരംഗത്ത് പിടിച്ചുനില്‍ക്കാനാവുന്നില്ല' എന്ന് പറയുകയാണെങ്കില്‍ ഞങ്ങള്‍ അതിനെക്കുറിച്ച് പഠിച്ച് പരിഹാരം കാണും. ഇങ്ങനെ ചെയ്യുന്നതിലൂടെ പല കായിക മേഖലകളും 'ഓ...നിങ്ങള് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ' എന്ന് പറയുകയും, ഇതിലൂടെ കായിക വ്യവസായം ഞങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നം മനസ്സിലാക്കുകയും ചെയ്തു. അതുകൊണ്ട് കായികരംഗത്ത് മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ട സാഹചര്യം എന്താണ് എന്ന് അവര്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു. മുസ്‌ലിം വനിതകള്‍ക്ക് എങ്ങനെയുള്ള സാഹചര്യങ്ങളാണ് ഒരുക്കേണ്ടത് എന്ന് സ്വയം മനസ്സിലാക്കുകയും അതുമായി ഒത്തുപോവുകയുമാണ് ചെയ്യുന്നത്. ഒരു മുസ്‌ലിം സ്ത്രീയോട്, 'ഞങ്ങള്‍ ഇങ്ങനെയാണ് ചെയ്യുന്നത്, നിങ്ങള്‍ ഒന്നുകില്‍ ഇതുമായി ഒത്തുപോവുക, അല്ലെങ്കില്‍ മാറിനില്‍ക്കുക' എന്ന് പറയുന്നതിന് പകരം 'നിങ്ങള്‍ക്ക് എങ്ങനെയാണ് വേണ്ടത്' എന്ന് ചോദിക്കുകയും അതിനു പരിഹാരം കാണുകയുമാണ് വേണ്ടത്. ഇപ്പോള്‍ അങ്ങനെയാണ് നടന്നു പോകുന്നത്.
മറ്റൊന്ന്, സമുദായത്തിന്റെ ഭാഗത്തു നിന്ന് ഇപ്പോഴും വിലക്കുകള്‍ ഉണ്ട് എന്നതാണ്. പെണ്‍കുട്ടികള്‍ കായികരംഗത്ത് സജീവമാകാനുള്ള പ്രോത്സാഹനം നല്‍കുന്നില്ല. അത് ഒന്നുകില്‍ പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല ഈ രംഗം എന്ന ചിന്തയോ, അല്ലെങ്കില്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്താല്‍ അവളെ സ്‌ത്രൈണത നഷ്ടപ്പെട്ടവളായി കാണുമോ എന്ന ചിന്തയോ ആയിരിക്കും. എന്നാല്‍ എന്റെ മാതാവ് അങ്ങനെ ആയിരുന്നില്ല. ഞാന്‍ എന്റെ സഹോദരങ്ങളെ നോക്കി അവര്‍ ചെയ്യുന്നതുപോലെ ചെയ്യുന്നതില്‍ അവര്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. മനഃശാസ്ത്രപരമായ ഘടകത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടികള്‍ എന്ത് ചെയ്യണം എന്നും, എങ്ങനെ ആരോഗ്യത്തോടെ ഉണ്ടാവും എന്നും, എവിടെയാണ് സജീവമായിരിക്കേണ്ടത് എന്നും ഒക്കെ തീരുമാനിക്കേണ്ടത്. ഓടുകയോ ചാടുകയോ, അല്ലെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തും ചെയ്യാനായിരിക്കണം നമ്മള്‍ നമ്മുടെ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത്. കായിക മത്സരത്തില്‍ ഏര്‍പ്പെടുക എന്നാല്‍ വലിയ മാംസപേശികള്‍ ഉണ്ടാവുക എന്നതല്ല - അതാണ് പേടിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് പറ്റുന്ന എല്ലാതരം കായിക മത്സരങ്ങളും ഉണ്ട് എന്ന് അറിയേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് ഉചിതമായ മേഖല കണ്ടത്തുകയും തെരഞ്ഞെടുക്കുകയും ചെയ്യുക എന്നതാണ് കാര്യം. എനിക്ക് തോന്നുന്നു ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കേണ്ടിയിരിക്കുന്നു. ഇതില്‍ മാതാക്കളുടെ പങ്കിന് വലിയ പ്രാധാന്യം ഉണ്ട്. കാരണം എന്റെ നിരീക്ഷണത്തില്‍ മാതാക്കള്‍ കായിക രംഗത്ത് ഉണ്ടെങ്കില്‍ അവര്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും, ആണോ പെണ്ണോ ആകട്ടെ, തന്റെ മക്കള്‍ക്ക് അതില്‍ പ്രചോദനം നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഇഷ്ട കായികതാരം ആരാണ്?
ഞങ്ങളുടെ സമുദായത്തില്‍നിന്നും രണ്ടു പേര് ഉണ്ട്. വനിതകളില്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരി ബല്‍ഖീസ് അബ്ദുല്‍ ഖാദര്‍ (സാനിയ മിര്‍സയെയും ഇഷ്ടമാണ്, അവരും ഗംഭീര കളിക്കാരി ആണ്). കായികരംഗത്ത് തനിക്കും ലോകത്തുള്ള മറ്റ് മുസ്‌ലിം വനിതകള്‍ക്കും വേണ്ടി ചെയ്ത പ്രകടനങ്ങള്‍ കാരണം എനിക്ക് അവരോട് ബഹുമാനം ഉണ്ട്. അതാണ് ബല്‍ഖീസിനെ ഇഷ്ടപ്പെടാന്‍ കാരണം.
പുരുഷന്മാരില്‍ എന്റെ ഇഷ്ട കളിക്കാര്‍ മാറിക്കൊണ്ടിരിക്കും. ഇപ്പോള്‍ പറയുകയാണെങ്കില്‍ സോണി ബില്‍ വില്യംസ്. നിങ്ങള്‍ അവരെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് അറിയില്ല. അദ്ദേഹം ന്യൂസിലാന്റുകാരനായ റോഗ്‌ബൈ കളിക്കാരന്‍ ആണ്. ഇസ്ലാമിലേക്ക് മതം മാറിയ നല്ല കളിക്കാരനാണ്. തന്റെ വിശ്വാസത്തില്‍ അഭിമാനിക്കുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം മുസ്‌ലിം സമുദായത്തിനു വേണ്ടി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. സമുദായത്തിനു വേണ്ടി അദ്ദേഹം കായികതാരം എന്ന പദവി തന്നെ ഉപയോഗിക്കുന്നു. അതിനാല്‍ ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.
മൊഴിമാറ്റം: ഫാത്വിമ നൗറിന്‍