വാസനപ്പുല്ലായി വളരുന്ന രാമച്ചം ശീതോപദ്രവ്യങ്ങളില്‍ വളരെ പ്രമുഖമായ ഔഷധമാണ്. തിങ്ങിയടുക്കിയ കറ്റകളുടെ രൂപത്തില്‍ വലിയ മൂടുകളായി രാമച്ചം വളരുന്നു. ഇതിന്റെ ചുവട്ടില്‍നിന്നുതന്നെയാണ് ഇലകള്‍ ഉണ്ടാകുന്നത്. നീളമുള്ള പൂങ്കുലകളാണ് രാമച്ചത്തിനുള്ളത്. നാര് പോലുള്ള വേരുകള്‍ക്ക് സുഗന്ധമുണ്ട്. വേരിന് ചെമ്പിച്ച നിറമാണ്. രാമച്ചവേരില്‍ വെറ്റിവെയര്‍ ഓയില്‍ എന്ന പേരില്‍ ഒരു തൈലം അടങ്ങിയിരിക്കുന്നു.
ഔഷധഗുണം
രാമച്ചം ശരീരത്തിന്റെ ദുര്‍ഗന്ധം അകറ്റുകയും നിറം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശീതവീര്യമുള്ളതുകൊണ്ട് ചുട്ടുനീറ്റലും ജ്വരവും ശമിപ്പിക്കുന്നു. മൂത്രതടസ്സവും നീരും അകറ്റുന്നു. രക്തശുദ്ധി വരുത്തുന്നു. വിഷത്തെ ഇല്ലാതാക്കുന്നു.
ഔഷധപ്രയോഗങ്ങള്‍
രാമച്ചം, ചന്ദനം, മുത്തങ്ങ, ഇരുവേലി, ചുക്ക് ഇവ ചതച്ചിട്ട വെള്ളം കുടിക്കുന്നത് പൈത്തികജ്വരം, നവജ്വരം എന്നിവക്ക് നല്ലതാണ്.
രാമച്ചത്തിന്റെ വേര് അരച്ച് പുറമേക്ക് പുരട്ടുന്നത് ചുട്ടുനീറ്റല്‍, ചര്‍മരോഗങ്ങള്‍, അധികമായ വിയര്‍പ്പ്, ശരീര ദുര്‍ഗന്ധം എന്നിവ അകറ്റുന്നതിന് വിശേഷമാണ്. രാമച്ചം മണ്‍കുടത്തിലെ വെള്ളത്തിലിട്ട് വെച്ച് ആ വെള്ളം കുടിക്കുന്നത് ക്ഷീണം, ശരീരത്തിന്റെ ചുട്ടുനീറ്റല്‍, ശരീരത്തിന്റെ ദുര്‍ഗന്ധം എന്നിവ മാറ്റുന്നു. രാമച്ചം അരച്ച് പുറമേ തേക്കുന്നതും നല്ലതാണ്. രാമച്ചത്തിന്റെ വേരും ചന്ദനവും സമമായെടുത്ത് പൊടിച്ച് മൂന്ന് ഗ്രാം വീതമെടുത്ത് പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്ന് നേരം പതിവായി കഴിക്കുന്നത് രക്തപിത്തത്തിന് നല്ലതാണ്.
വയമ്പ്
ബഹുവര്‍ഷി ഔഷധിയായ വയമ്പ് കണ്ഠശുദ്ധിക്കും ബുദ്ധിവികാസത്തിനും ആയുര്‍വേദം എടുത്തു പറഞ്ഞിരിക്കുന്ന ഔഷധമാണ്. അരേസി എന്ന സസ്യകുടുംബത്തിലുള്‍പ്പെട്ട അംഗമാണ് വയമ്പ്. ഉന്മാദം, അപസ്മാരം തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കണ്ഠ-ദന്തരോഗങ്ങള്‍ക്ക് വയമ്പിന്റെ ഉപയോഗം വളരെ നല്ലതാണ്. ഇത് മലബന്ധവും മൂത്രതടസ്സവും ഇല്ലാതാക്കുന്നു.
ഔഷധപ്രയോഗങ്ങള്‍
ഉന്മാദ രോഗശമനത്തിന് ദിവസവും രാവിലെ വയമ്പുപൊടി രണ്ട് ഗ്രാം വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ കലക്കി കൊടുക്കുന്നത് ഫലപ്രദമാണ്. അപസ്മാരത്തിന് വയമ്പ് ഔഷധമായി ഉപയോഗിക്കുന്നു. വയമ്പും കുരുമുളകും കൂടി പുകച്ച് ഈ പുക മൂക്കിലൂടെ വലിച്ചുകയറ്റിയാല്‍ രോഗത്തിന് ശമനമുണ്ടാകുന്നതാണ്. ബുദ്ധിശക്തിക്കും ഓര്‍മശക്തിക്കും വയമ്പ്, ബ്രഹ്മി, ശംഖുപുഷ്പത്തിന്റെ വേര് എന്നിവ സമമായി ഉണക്കിപ്പൊടിച്ച് ബ്രഹ്മി സത്തില്‍ രണ്ടോ മൂന്നോ തവണ ചേര്‍ത്ത് തുടര്‍ന്ന് വീണ്ടും ഉണക്കി അരഗ്രാം വീതം നെയ്യും തേനും അതില്‍ ചേര്‍ത്ത് ദിവസവും പ്രഭാതത്തില്‍ ഉപയോഗിക്കുന്നത് വളരെ ഉപകാരപ്രദമാണ്.