ധര്‍മനിഷ്ഠവും സദാചാരനിബദ്ധവുമായ ജീവിതം നയിക്കാന്‍ മനുഷ്യന്ന് പ്രേരകവും സഹായകവുമാവുന്നത് ദൈവവിശ്വാസമാകുന്നു. ഐഹിക ജീവിതത്തില്‍ മനുഷ്യരെ ദൈവിക സരണിയില്‍നിന്ന് വ്യതിചലിപ്പിക്കുന്ന പല ദുശ്ശക്തികളും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നതു കാരണം അവര്‍ യഥാര്‍ഥ ജീവിത ദൗത്യം വിസ്മരിച്ചുപോകുന്നതുകൊണ്ട് ദൈവത്തെക്കുറിച്ച് നിരന്തരം അനുസ്മരിപ്പിക്കേണ്ടിവരുന്നു. ദൈവസ്മരണ അനുസ്യൂതം നിലനിര്‍ത്താന്‍ വിവിധ തരത്തിലുള്ള ആരാധനാ കര്‍മങ്ങളും പ്രാര്‍ഥനകളും ഇസ്‌ലാമില്‍ നിയമമാക്കപ്പെട്ടിട്ടുണ്ട്. ദിനേന അഞ്ച് പ്രാവശ്യം അനുഷ്ഠിക്കപ്പെടുന്ന നമസ്‌കാരത്തിന്റെ ലക്ഷ്യം തന്നെ ദൈവസ്മരണ നിലനിര്‍ത്തലാണെന്ന് അല്ലാഹു പറയുന്നു:
''എന്നെ സ്മരിക്കുന്നതിന് നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുക'' (ത്വാഹാ: 14).
നമസ്‌കാരത്തില്‍ ആദ്യാവസാനം ചൊല്ലുന്ന ദിക്‌റുകളും പ്രാര്‍ഥനകളും ഖുര്‍ആന്‍ സൂക്തങ്ങളുമെല്ലാം ദൈവസ്മരണ ഉണ്ടാക്കുന്നതാണ്. ഓരോന്നിന്റെയും അര്‍ഥവും ആശയവും ഗ്രഹിച്ച് നിര്‍വഹിക്കുമ്പോള്‍ മാത്രമേ അതിന്റെ ആത്മാവും ചൈതന്യവും നേടിയെടുക്കാന്‍ സാധ്യമാവൂ. നമസ്‌കാരത്തില്‍ ഏക ദിക്കിലേക്ക് തിരിഞ്ഞുകൊണ്ടുള്ള ഏകാഗ്രതയോടു കൂടിയ നിര്‍ത്തം, കൈകെട്ടലും കൈ ഉയര്‍ത്തലും, കുനിയല്‍, സാഷ്ടാംഗം, ഇരുത്തം, കൈവിരലനക്കല്‍ മുതലായ കര്‍മങ്ങളും ദൈവസ്മരണ ജനിപ്പിക്കുന്നതാണ്. നമസ്‌കാരശേഷമുള്ള ദിക്‌റുകളും പ്രാര്‍ഥനകളും അതുപോലെത്തന്നെ. നമസ്‌കാരത്തിനു മുന്നോടിയായി നിര്‍വഹിക്കപ്പെടുന്ന ബാങ്ക്, ഇഖാമത്ത്, അംഗസ്‌നാനത്തിന്റെ ആരംഭത്തില്‍ ചൊല്ലുന്ന ദൈവനാമം, അംഗസ്‌നാനശേഷം നടത്തപ്പെടുന്ന പ്രാര്‍ഥന എന്നിവയും ദൈവസ്മരണ ഉണര്‍ത്തുന്നതാകുന്നു.
സകാത്ത് നല്‍കുമ്പോഴും വ്രതമനുഷ്ഠിക്കുമ്പോഴും ദൈവസ്മരണ ഉത്ഭൂതമാകുന്നു. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഹജ്ജിലെ കര്‍മങ്ങളും ദിക്‌റുകളുമെല്ലാം ദൈവസ്മരണയും ദൈവവിശ്വാസവും നവീകരിക്കാനും ദൃഢീകരിക്കാനും സഹായകമാണ്. ഇഹ്‌റാം മുതല്‍ വിടവാങ്ങല്‍ ത്വവാഫ് വരെയുള്ള കര്‍മങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് ബോധ്യപ്പെടും. ഇഹ്‌റാമോടുകൂടി ആരംഭിക്കുന്ന തല്‍ബിയത്ത്, കഅ്ബാ പ്രദക്ഷിണത്തിന്റെ ആരംഭത്തിലും പ്രദക്ഷിണത്തിനിടയിലുമുള്ള ദിക്‌റുകളും പ്രാര്‍ഥനകളും, ത്വവാഫിനു ശേഷമുള്ള നമസ്‌കാരവും പ്രാര്‍ഥനയും, സ്വഫാ-മര്‍വക്കിടയിലെ സഅ്‌യില്‍, സ്വഫക്കും മര്‍വക്കും മുകളിലുള്ള പ്രാര്‍ഥനകള്‍, അറഫയിലെ പ്രാര്‍ഥനകള്‍, മുസ്ദലിഫയിലെ പ്രാര്‍ഥനകള്‍, ഒന്നും രണ്ടും ജംറകളിലെ കല്ലേറിനു ശേഷമുള്ള പ്രാര്‍ഥനകള്‍ തുടങ്ങി ഹജ്ജ് കര്‍മത്തോടനുബന്ധിച്ച് ധാരാളം ദിക്‌റുകളും പ്രാര്‍ഥനകളും ദൈവസ്മരണ നിലനിര്‍ത്താന്‍ സഹായകമാണ്.
ഹജ്ജിലെ പ്രധാന കര്‍മങ്ങള്‍ അനുഷ്ഠിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ മുന്‍കാലത്ത് പൂര്‍വ പിതാക്കന്മാരുടെ അപദാനങ്ങള്‍ എടുത്തു പറഞ്ഞ് അനുസ്മരിച്ചിരുന്നതുപോലെയോ അതില്‍ കൂടുതലോ അല്ലാഹുവെ സ്മരിക്കണമെന്ന് അല്ലാഹു കല്‍പിച്ചിരിക്കുന്നു:
''നിങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നതുപോലെയോ അതിനേക്കാള്‍ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക'' (അല്‍ബഖറ: 200).
ദിക്‌റിന്റെ പ്രാധാന്യവും പുണ്യവും സംബന്ധിച്ച് നിരവധി ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും വന്നിട്ടുണ്ട്. അല്ലാഹുവെ ധാരാളമായി സ്മരിക്കാന്‍ സത്യവിശ്വാസികളോട് അല്ലാഹു കല്‍പിച്ചിരിക്കുന്നു:
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും രാവിലെയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക'' (അല്‍ അഹ്‌സാബ്: 41,42).
നാം അല്ലാഹുവെ സ്മരിക്കുകയാണെങ്കില്‍ അല്ലാഹു നമ്മെയും സ്മരിക്കും:
''നിങ്ങള്‍ എന്നെ സ്മരിക്കുക. എങ്കില്‍ ഞാന്‍ നിങ്ങളെയും സ്മരിക്കും. നിങ്ങള്‍ എന്നോട് നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്'' (അല്‍ബഖറ: 152).
അല്ലാഹു നമ്മെ സ്മരിക്കും എന്നതിന്റെ ഉദ്ദേശ്യം നമുക്കാവശ്യമുള്ള ഘട്ടത്തില്‍ അവന്‍ നമ്മെ സഹായിക്കുമെന്നും പ്രതിസന്ധികളില്‍ നമുക്ക് ശരിയായ മാര്‍ഗം കാണിച്ചുതരുമെന്നും അവന്റെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുതരുമെന്നുമാണ്.
അല്ലാഹുവെ ധാരാളമായി സ്മരിക്കുന്ന സ്ത്രീപുരുഷന്മാര്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നുവെന്ന് അവന്‍ വാഗ്ദത്തം ചെയ്തിരിക്കുന്നു:
''നിശ്ചയം, അനുസരണശീലരും സത്യവിശ്വാസികളും ഭയഭക്തിയുള്ളവരും ദാനശീലരും വ്രതമനുഷ്ഠിക്കുന്നവരും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അല്ലാഹു പാപമുക്തിയും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്'' (അല്‍അഹ്‌സാബ്: 35).
എല്ലാ അവസ്ഥകളിലും അല്ലാഹുവെ സ്മരിക്കുക എന്നത് ബുദ്ധിമാന്മാരുടെ ലക്ഷണമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
''തീര്‍ച്ചയായും ആകാശഭൂമികളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങള്‍ മാറിമാറിവരുന്നതിലും ബുദ്ധിമാന്മാര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിന്നും ഇരുന്നും കിടന്നും ഒക്കെ അല്ലാഹുവെ സ്മരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍ ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിമാന്മാര്‍ക്ക്'' (ആലുഇംറാന്‍ 190,191).
ശത്രുക്കളുമായുള്ള സംഘട്ടനവേളയില്‍ സ്ഥൈര്യമായി നിലകൊള്ളണമെന്ന് നിര്‍ദേശിക്കുന്നതോടൊപ്പം അല്ലാഹുവെ ധാരാളമായി സ്മരിക്കണമെന്ന് കല്‍പിക്കുകയും ചെയ്യുന്നു അല്ലാഹു:
''സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചു നില്‍ക്കുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (അല്‍അന്‍ഫാല്‍: 45).
സമ്പത്തും സന്താനങ്ങളും ദൈവസ്മരണയില്‍നിന്ന് മനുഷ്യരെ അശ്രദ്ധരാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവര്‍ തന്നെയാണ് നഷ്ടക്കാര്‍'' (അല്‍മുനാഫിഖൂന്‍ 9).
വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് ബാങ്ക് വിളിച്ചുകഴിഞ്ഞാല്‍ ദൈവസ്മരണയിലേക്ക് നിങ്ങള്‍ ധൃതിയില്‍ പുറപ്പെടുക എന്നു പറഞ്ഞശേഷം, നമസ്‌കാരം കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വിഹരിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്യുക എന്നു പറഞ്ഞതോടൊപ്പം ധാരാളമായി അല്ലാഹുവെ സ്മരിക്കാനും അല്ലാഹു സത്യവിശ്വാസികളോട് കല്‍പിച്ചിരിക്കുന്നു (അല്‍ജുമുഅ: 9,10).
ദൈവസ്മരണയുടെ രീതിശാസ്ത്രം വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
''വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാക്കാതെ, രാവിലെയും വൈകുന്നേരവും നീ നിന്റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ അശ്രദ്ധരുടെ കൂട്ടത്തിലാകരുത്'' (അല്‍ അഅ്‌റാഫ്: 205).
ദൈവസ്മരണയുടെ പ്രാധാന്യവും പുണ്യവും വിവരിക്കുന്ന നബിവചനങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു:
നബി(സ) പ്രസ്താവിച്ചു: ''തന്റെ നാഥനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉപമ ജീവനുള്ളവന്റെയും മരിച്ചവന്റെയും ഉപമപോലെയാണ്'' (ബുഖാരി, മുസ്‌ലിം).
മറ്റൊരു റിപ്പോര്‍ട്ടില്‍: ''അല്ലാഹുവെ സ്മരിക്കുന്ന വീടിന്റെയും സ്മരിക്കാത്ത വീടിന്റെയും ഉപമ ജീവനുള്ളവന്റെയും മരിച്ചവന്റെയും ഉപമ പോലെയാണ്.''
അല്ലാഹുവെ സ്മരിക്കുന്നവന്റെ കൂടെ അവന്റെ സാന്നിധ്യമുണ്ടാകും. നബി (സ) പറഞ്ഞു: ''അല്ലാഹു പറയുന്നു: എന്റെ ദാസന്റെ എന്നെക്കുറിച്ച വിശ്വാസത്തിന്റെ അടുത്ത് ഞാനുണ്ടാവും. അവന്‍ എന്നെ സ്മരിച്ചാല്‍ അവന്റെ കൂടെ ഞാനുണ്ടാവും. അവന്‍ അവന്റെ മനസ്സില്‍ എന്നെ സ്മരിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ മനസ്സില്‍ അവനെയും സ്മരിക്കും. ഒരു സമൂഹത്തില്‍ വെച്ചാണ് അവന്‍ എന്നെ സ്മരിക്കുന്നതെങ്കില്‍ അവരേക്കാള്‍ ഉത്തമരായ ഒരു സമൂഹത്തില്‍ വെച്ച് ഞാന്‍ അവനെയും സ്മരിക്കും'' (ബുഖാരി, മുസ്‌ലിം).
ദൈവസ്മരണയുടെ സദ്ഫലങ്ങള്‍ വിവരിക്കുന്ന മറ്റൊരു ഹദീസില്‍ നബി(സ) പറയുന്നു:
''ഒരു സംഘം ആളുകള്‍ അല്ലാഹുവെ സ്മരിക്കാന്‍ വേണ്ടി ഇരിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ മലക്കുകള്‍ അവരെ ആവരണം ചെയ്യുകയും കാരുണ്യം അവരെ പൊതിയുകയും അവര്‍ക്കു മേല്‍ ശാന്തി ഇറങ്ങുകയും അല്ലാഹു അവന്റെ സന്നിധാനത്തിലുള്ളവരോട് അവരെക്കുറിച്ച് വാഴ്ത്തിപ്പറയുകയും ചെയ്യുന്നതാണ്.''
ദൈവസ്മരണ സദാ നിലനിര്‍ത്താന്‍ സഹായകമായ, പൊതുവായ ചില ദിക്‌റുകളും സമയബന്ധിതമായ ദിക്‌റുകളും നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
നബി(സ) അരുള്‍ ചെയ്തു:
''ആരെങ്കിലും സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന് ഒരു ദിവസത്തില്‍ നൂറുപ്രാവശ്യം ചൊല്ലുകയാണെങ്കില്‍ അവന്റെ പാപങ്ങള്‍ മായ്ച്ചുകളയപ്പെടും; സമുദ്രത്തിലെ നുരയുടെ അത്രയുണ്ടെങ്കിലും'' (ബുഖാരി).
മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു: ''സുബ്ഹാനല്ലാഹ് വല്‍ഹംദുലില്ലാഹ് വലാഇലാഹ ഇല്ലല്ലാഹ് വല്ലാഹു അക്ബര്‍ എന്ന് ചൊല്ലല്‍ ഈ ഭൂമിയിലുള്ള സകലതിനേക്കാളും എനിക്ക് പ്രിയങ്കരമാണ്'' (മുസ്‌ലിം).
നബി(സ) അരുളി;
''നാവിന് ഉച്ചരിക്കല്‍ ലഘുവായതും പരമകാരുണികന് പ്രിയങ്കരമായതും തുലാസ്സില്‍ ഭാരം തൂങ്ങുന്നതുമായ രണ്ട് വാക്യങ്ങളാണ് സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം എന്നത്'' (ബുഖാരി).
പൊതുവായ ദിക്‌റുകള്‍ക്കു പുറമെ ദൈനംദിന ജീവിതത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ചൊല്ലാന്‍ റസൂല്‍(സ) പ്രത്യേകം പ്രത്യേകം ദിക്‌റുകള്‍ പഠിപ്പിച്ചിട്ടുണ്ട്. ഉറക്കില്‍നിന്ന് ഉണര്‍ന്നതുമുതല്‍ രാത്രിയില്‍ ഉറങ്ങുന്നതുവരെയുള്ള ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ അല്ലാഹുവെക്കുറിച്ച സ്മരണ നിലനിര്‍ത്താന്‍ സഹായകമാണ് എല്ലാ ദിക്‌റുകളും. ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഉണരുമ്പോള്‍, ശൗചാലയത്തിലേക്ക് പോവുമ്പോള്‍, പുറത്തുവരുമ്പോള്‍, അംഗശുദ്ധിക്കു മുമ്പും ശേഷവും, വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍, പള്ളിയില്‍ പ്രവേശിക്കുമ്പോള്‍, പുറത്തിറങ്ങുമ്പോള്‍, വീട്ടില്‍ പ്രവേശിക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, ഭക്ഷണശേഷം, വസ്ത്രം ധരിക്കുമ്പോള്‍, വസ്ത്രം അഴിക്കുമ്പോള്‍, ദുഃഖവേളയില്‍, ദുരിത സമയത്ത്, രോഗി സന്ദര്‍ശന വേളയില്‍, കാറ്റുണ്ടാവുന്ന സമയത്ത്, ഇടിവെട്ടുമ്പോള്‍, ഉദയചന്ദ്രനെ കാണുമ്പോള്‍, തുമ്മിയാല്‍, നോമ്പു തുറന്നാല്‍, നവദമ്പതികളെ ആശീര്‍വദിക്കുമ്പോള്‍, സദസ്സില്‍നിന്ന് എഴുന്നേല്‍ക്കുമ്പോള്‍, വാഹനത്തില്‍ കയറുമ്പോള്‍, യാത്ര പുറപ്പെടുമ്പോള്‍, യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോള്‍, ഭാര്യയെ സമീപിക്കുമ്പോള്‍ തുടങ്ങി വിവിധ സന്ദര്‍ഭങ്ങളില്‍ ചൊല്ലേണ്ടുന്ന ദിക്‌റുകളും പ്രാര്‍ഥനകളും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അവയെല്ലാം കൃത്യമായും സ്ഥിരമായും പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ജീവിതത്തിലുടനീളം ദൈവസ്മരണ നിലനിര്‍ത്താന്‍ സാധിക്കും. അതുവഴി തിന്മകളില്‍നിന്ന് രക്ഷയും നന്മകളില്‍ മുന്നേറ്റവും നേടിയെടുക്കാന്‍ കഴിയും. മുതിര്‍ന്നവര്‍ ഈ വിഷയത്തില്‍ സ്വയം ശ്രദ്ധ പതിപ്പിക്കുന്നതോടൊപ്പം വളര്‍ന്നുവരുന്ന തലമുറയെ ഈ കാര്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതാണ്.