ഒരു കാലത്ത് അവഗണനയുടെ വേദനകള്‍ അനുഭവിച്ചിരുന്ന സ്ത്രീകള്‍ ഇന്ന് എത്തപ്പെടാത്ത മേഖലകള്‍ ഇല്ല. ചരിത്രത്തില്‍ പരിവര്‍ത്തനത്തിന്റേതായ അധ്യായങ്ങള്‍ രചിക്കുകയാണ് പെണ്‍പ്രതിനിധാനങ്ങള്‍. കേരളത്തിന്റെ അഭിമാനമായി ചരിത്രം കുറിച്ച സ്ത്രീകളുടെ ജീവിതാനുഭവങ്ങളും പ്രവര്‍ത്തനവഴികളും പങ്കുവെക്കുന്നു...
കരിയറില്‍ പൊന്‍തൂവലേന്തി ഒ. സജിത
തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയും തൈക്കാട്ടുശ്ശേരിയിലെ റിട്ട. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ദാമോദരന്റെയും ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന കെ.യു മീനാക്ഷിയുടെയും മകളാണ് സജിത. വീട്ടിലെല്ലാവരും സര്‍ക്കാര്‍ ജീവനക്കാരായതുകൊണ്ട് സജിതയും ആഗ്രഹിച്ചിരുന്നതും ഈ വഴിതന്നെയാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ആഗ്രഹിച്ച ലക്ഷ്യത്തിന്റെ നിറവേറലാണ് ഈ ഉദ്യോഗലബ്ധി.
സ്വപ്‌നസാക്ഷാല്‍ക്കാരം 2014-ല്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ആയതോടെ പൂവണിഞ്ഞു. 2016-ലെ എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്തി 10 ശതമാനം വനിതകളെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സ്ഥാനത്തേക്ക് നിയമിക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഉണ്ടാകുകയും ആദ്യ പരീക്ഷയില്‍ തന്നെ ഒന്നാം റാങ്കിന്റെ തിളക്കത്തോടെ ഈ പദവിയിലെത്തുകയും ചെയ്തത് പ്രതീക്ഷിക്കാത്ത അംഗീകാരം തന്നെയാണ്.
തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തില്‍ നിന്ന് എക്സൈസ് ഇന്‍സ്‌പെക്ടറെന്ന ചുമതല ഏറ്റെടുത്ത് പുതിയ പദവിയിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയാണ് സജിത. കോലഴിയിലും വടക്കാഞ്ചേരിയിലും തൃശൂരിലുമുള്ള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് ഈ സ്ഥാനക്കയറ്റം.
ആദ്യദിന അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ അവരുടെ വാക്കുകളില്‍ സന്തോഷം നിഴലിക്കുന്നുണ്ടായിരുന്നു. ''ജോലി ചെയ്തിരുന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുളളവരുടെ നേട്ടത്തില്‍ ഉണ്ടായ മാറ്റവും ആദ്യമായി സല്യൂട്ട് ലഭിച്ചപ്പോഴും ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന പോലെ സന്തോഷവും അഭിമാനവും തോന്നി. നമ്മുടെ ഉള്ളിലുള്ള ബഹുമാനം പുറമേക്കുള്ള ആദരവായി കാണിക്കുന്നതാണല്ലോ സല്യൂട്ട്.''
''മയക്കുമരുന്നിന്റെയും സ്വര്‍ണക്കടത്തിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ എക്‌സൈസ് വിഭാഗത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ ഏറെ ഉത്തരവാദിത്വം വഹിക്കേണ്ടിവരും. ലഹരിവസ്തുക്കളുടെ ഉപയോഗം അനുദിനം വര്‍ധിച്ചുവരികയാണ്. ദിനംപ്രതി നിരവധി കഞ്ചാവ് വേട്ടയും കേരളത്തില്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ അന്യസംസ്ഥാനത്തു നിന്നും മറ്റും കൊണ്ടുവരുന്ന കഞ്ചാവിന് ഈ കൊച്ചു കേരളത്തില്‍ എത്രത്തോളം ആവശ്യക്കാര്‍ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കഴിഞ്ഞ മാസം 20 കോടിയുടെ കഞ്ചാവാണ് കേരളത്തിലേക്ക് മൈസൂരില്‍നിന്ന് കൊണ്ടുവന്നത്.'' സജിത പറയുന്നു.
സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഒരുപാട് ആളുകള്‍, പ്രത്യേകിച്ചും ചെറുപ്പക്കാരായ കുട്ടികളും, പ്രായപൂര്‍ത്തിയാകാത്തവരെ പോലും അക്കൂട്ടത്തില്‍ കാണാനാകും. അവര്‍ വഴിവക്കില്‍ ഒരു മറയുമില്ലാതെ തന്നെ ലഹരി ഉപയോഗിക്കുക എന്നതാണ് നിലവിലെ ശീലം.
ഈ കാര്യങ്ങളുടെ വിവിധ വശങ്ങളെപ്പറ്റി പഠിച്ചുകൊണ്ട് ഡിപ്പാര്‍ട്ട്മെന്റ് തന്നെ പലതരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കര്‍ശനമായ മാര്‍ഗങ്ങള്‍ മാത്രമല്ല, ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി ഒരു ദൗത്യമെന്ന നിലയില്‍ ഏറ്റെടുത്താണ് ഇപ്പോള്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ക്ക് കോളേജ് കുട്ടികള്‍, മാതാപിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അവരെയെല്ലാം ബോധവല്‍ക്കരിക്കുക, അതുപോലെ ലഹരിയിലേക്ക് പോകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുക, ലഹരിയില്‍ അടിപ്പെട്ടവരെ റിഹാബിറ്റേഷന്‍ ചെയ്യുക. അങ്ങനെ പലതരം പ്രവര്‍ത്തനങ്ങളാണ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിവരുന്നത്. കര്‍മപഥത്തില്‍ നിന്ന് പൂര്‍ണ ഉത്തരവാദിത്വത്തോടെ അവയെല്ലാം ഏറ്റെടുത്ത് വിജയിപ്പിക്കണം എന്നാണ് വിചാരിക്കുന്നത്. ഞാന്‍ ചാര്‍ജ് എടുത്തതിനു ശേഷം ഇതുപോലെ പല കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. മദ്യക്കടത്ത്, കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസ് അടക്കം നിരവധി കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വകുപ്പില്‍ ജോലിയില്‍ കയറിയശേഷമാണ് ഇതിന്റെ ഭീകരതയെ നേരിട്ടറിയുന്നത്. അതുകൊണ്ടു തന്നെ എനിക്ക് യുവത്വത്തെ മയക്കുമരുന്ന് ലഹരിയില്‍നിന്ന് മോചിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഈ കൊറോണാകാലത്തും കൂടുതല്‍ സമയവും ജോലി ചെയ്യുകയാണ്. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ ജോലി ചെയ്തിരുന്നതുകൊണ്ട് തനിക്ക് പുതിയതായിട്ട് ഒരു സ്ഥലത്ത് വന്ന പ്രതീതി ഇല്ല. ഇപ്പോഴത്തെ സ്ഥാനത്ത് ഇരിക്കുമ്പോള്‍ കുറേകൂടി ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടിവരുന്നു എന്നുമാത്രം.
പ്രതികളെ കായികമായി നേരിടേണ്ടിവന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. പ്രതികള്‍ വനിതകളാണെങ്കില്‍ വനിതകള്‍ വേണമെന്നാണ് നിയമം. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഈ പ്രതികള്‍ നമ്മുടെ മുന്നില്‍ കീഴടങ്ങണം എന്നൊന്നുമില്ല. അവര്‍ ചിലപ്പോള്‍ പ്രതികരിക്കുകയും എതിര്‍ക്കുകയും ചെയ്യും.
കോവിഡ് കാലമായതുകൊണ്ട് ഉത്തരവാദിത്വവും റിസ്‌കും കൂടുതല്‍ ഉണ്ട്. ഒരു കേസ് എടുത്താല്‍ പ്രതി ഏതൊക്കെ സ്ഥലങ്ങളില്‍ സഞ്ചരിച്ചുവെന്ന് നോക്കിയിട്ട് അയാളെ പിടിക്കാനോ കൈകാര്യം ചെയ്യാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ നിരവധി എക്സൈസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ ആണ്. മലപ്പുറം ജില്ലയില്‍ തന്നെ പരപ്പനങ്ങാടി റേഞ്ചില്‍ ഇപ്പോള്‍ പത്ത് പേര്‍ കോവിഡ് പോസിറ്റീവാണ്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ട്. വേണ്ട കാര്യങ്ങള്‍ എല്ലാം ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ചുതരുന്നുമുണ്ട്. എങ്കിലും പലപ്പോഴും ഞങ്ങള്‍ക്ക് സുരക്ഷ മറന്ന് ജോലിചെയ്യേണ്ട അവസ്ഥയാണുണ്ടാവാറുള്ളത്.
പ്രതിയുടെ കോവിഡ് ടെസ്റ്റ്, മെഡിക്കല്‍ പരിശോധന, ജീവനക്കാരുടെ ടെസ്റ്റ് എന്നിവ വളരെ വേഗത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അക്കാര്യത്തില്‍ ആരോഗ്യവകുപ്പ് ഏറ്റവും നല്ല സേവനം തന്നെയാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഓണം പോലുളള ആഘോഷങ്ങള്‍ വരുമ്പോഴാണ് എക്സൈസ് വിഭാഗത്തിനും പോലീസിനുമെല്ലാം ജോലി കൂടുന്നത്. എല്ലാ ആഘോഷത്തോടൊപ്പവും മദ്യവും മയക്കുമരുന്നും സുലഭമാവും.
.പല കുറ്റകൃത്യങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പിന്നില്‍ ഉളള ക്രിമിനലിന്റെ പശ്ചാത്തലം നോക്കിയാല്‍ എവിടെയെങ്കിലും ലഹരിയുടെ ഉപയോഗം കണ്ടെത്താന്‍ സാധിക്കും. ഒരുപക്ഷേ പ്രതിക്ക് രക്ഷപ്പെടാനും ഇത് വഴിയൊരുക്കും. 90 ശതമാനവും ഇത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടാണ് ഒരു മനുഷ്യന്‍ അവന്റെ ബോധതലം വിട്ട് ക്രൂരകൃത്യങ്ങള്‍ക്ക് ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ പുതുതലമുറയോട് ഒന്നേ പറയാനുളളൂ; 'ജീവിതമാണ് നമ്മുടെ ലഹരി ആകേണ്ടത്. അല്ലാതെ പുറത്തുനിന്ന് ഒരു ലഹരി കണ്ടെത്തി അതില്‍ ജീവിതം ഹോമിക്കുകയല്ല വേണ്ടത്.'
വരും വര്‍ഷത്തിലെങ്കിലും ലഹരിയുടെ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്. അതിനുവേണ്ടിയാണ് ഓരോ പരിപാടികളും പദ്ധതികളും കൗണ്‍സലിംങും ബോധവല്‍ക്കരണങ്ങളും കൂടുതല്‍ പെട്രോളിംഗും എക്സൈസ് വകുപ്പ് നടത്തിവരുന്നത്. ശക്തമായ പെട്രോളിംഗാവും ഉണ്ടാവുക. വിമുക്തി മിഷന്റെ നേതൃത്വത്തിലുളള പ്രവര്‍ത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കൊറോണക്കാലം വന്നപ്പോള്‍ കൂടുതല്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ തടസ്സമുണ്ട്.
തൃശൂര്‍ എക്‌സൈസ് അക്കാദമിയിലായിരുന്നു പരിശീലനം. കായിക യോഗ്യതകളില്‍ വിജയിച്ച ശേഷമാണ് ഇതിലേക്ക് നിയമിക്കുന്നത്. ഒരു വര്‍ഷമാണ് പരിശീലനം. ഫിസിക്കലി ഫിറ്റാകാനുള്ള ട്രെയിനിംഗ്. 180 ദിവസത്തെ ഗ്രൗണ്ട് പരിശീലനം, അതില്‍ പ്രതികളെ ഓടിച്ചിട്ട് പിടിക്കാനുള്ള ട്രെയിനിംഗ്, കരാട്ടെ പരിശീലനം, സെല്‍ഫ് പ്രൊട്ടക്ഷനും ഡിഫന്‍സിനുമുള്ള പാഠങ്ങള്‍ ഉള്‍പ്പെടുന്ന ലേണിംഗ് ക്ലാസ്സുകള്‍, ബാക്കിയുള്ള സമയം ഓഫീസ് ട്രെയിനിംഗ് എന്നിവയായിരുന്നു പരിശീലനം. കായികപരിശീലനങ്ങള്‍ ഏറെയും ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും ഇന്‍സ്ട്രക്ടറുടെ നിര്‍ദേശങ്ങള്‍ വളരെ സഹായകമായി. കോവിഡ് കാലഘട്ടമായിരുന്നതിനാല്‍ പാസ്സിംഗ് ഔട്ട് പരേഡ് ഒന്നും ഉണ്ടായില്ല.
ചെറുപ്പകാലത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സജിത അവരുടെ ഓര്‍മകള്‍ പങ്കുവെച്ചു. ജനിച്ചു വളര്‍ന്നത് തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയിലാണ്. സെന്റ് മേരീസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പെടുത്ത് തൃശൂര്‍ കേരളവര്‍മ കോളേജില്‍ ചേര്‍ന്നു. പഠനത്തില്‍ ഏറെ മിടുക്കിയായിരുന്ന സജിത സെന്റ് ജോസഫ് കോളേജില്‍ ബി.എസ്.ഇ കെമിസ്ട്രി പഠനം പൂര്‍ത്തിയാക്കി. കല്യാണം കഴിഞ്ഞതിനു ശേഷമായിരുന്നു ബി.എഡ് പഠനം. ജെ.പി.ഇ.എച്ച്.എസ് കൂര്‍ക്കഞ്ചേരിയില്‍ ഫിസിക്കല്‍ സയന്‍സ് ആയിരുന്നു വിഷയം. എല്ലാവരെയും പോലെ ഒരുപാട് നല്ല ഓര്‍മകള്‍ നിറഞ്ഞ കാലമായിരുന്നു അത്. ഉദ്യോഗ തുടക്കം ഷൊര്‍ണൂര്‍ ഒറ്റപ്പാലത്ത് എന്‍.എസ്.എസ് കെ.പി.ടി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടായിരുന്നു. അധ്യാപന ജീവിതത്തിലെ ഒരുപാട് നല്ല ഓര്‍മകളും സഹപ്രവര്‍ത്തകരും ഇന്നും എന്റെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. പിന്നീട് ടെസ്റ്റ് എഴുതിയാണ് എന്റെ ഭാവി ഇതിലേക്കെത്തിയത്.
കുടുംബത്തിന്റെ പിന്തുണ മാത്രമാണ് ഈ പാതയില്‍ സഞ്ചരിക്കാന്‍ സഹായകമായത്.
ഷൊര്‍ണൂര്‍ സ്വദേശിയും തൃശൂരില്‍ സ്റ്റാര്‍ പി.വി.സി പൈപ്പ്‌സ് മാനേജറുമായ കെ.ജി അജിയാണ് ഭര്‍ത്താവ്. മകള്‍ ഇന്ദു കല്ലിപ്പാടം കാര്‍മല്‍ സി.എം സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇരു കുടുംബങ്ങളില്‍നിന്നും നല്ല പ്രോത്സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഏറെ സഹായിക്കുന്നതിനാല്‍ വീട്ടുജോലികളില്‍പെട്ട് ഔദ്യോഗിക കൃത്യങ്ങളില്‍ യാതൊരു ടെന്‍ഷനുമില്ല. സഹപ്രവര്‍ത്തകരില്‍നിന്ന് ലഭിച്ച പ്രോത്സാഹനം പരീക്ഷയെഴുതാനും വിജയിക്കാനും പ്രചോദനമായെന്ന് പറയാനും സജിത മറന്നില്ല.
ചരിത്രനേട്ടത്തിന്റെ യാത്രക്കൊടുവില്‍ വിരാമം
നീണ്ട ഇരുപത്തിയെട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം യാത്ര അവസാനിപ്പിക്കുമ്പോള്‍ വണ്ടി ഇപ്പോഴും നില്‍ക്കുന്നത് തുടങ്ങിയ ഇടത്തു തന്നെയാണ്. 92-ലെ ചരിത്രനേട്ടമായിരുന്നു കേരളത്തിന്റെ ആദ്യ വനിതാ കണ്ടക്ടര്‍ എന്ന പദവി. ഒരു സ്ത്രീക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിമാനകരവും അംഗീകാരവും നിറഞ്ഞ നിമിഷമായിരുന്നു അത്. പത്തനംതിട്ട ഇലന്തൂരില്‍ ജനിച്ചുവളര്‍ന്ന പി.എസ് സുമ തന്റെ കണ്ടക്ടര്‍ ജീവിതത്തിന്റെ ആദ്യ നാളുകളെക്കുറിച്ചും നീണ്ട ഓര്‍മകളെക്കുറിച്ചും സംസാരിക്കുന്നു.
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ താമസിക്കുന്ന പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ വിരമിച്ച കെ. ഗോപിയുടെ ഭാര്യയും ബാങ്ക് ഓഫ് അമേരിക്കയുടെ മുംബൈ ഓഫീസില്‍ ബിസിനസ് അനലിസ്റ്റായ ഗൗതമിന്റെയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ഗായത്രിയുടെയും അമ്മയുമാണ് ഈ വനിത. അവര്‍ യാത്രക്കാരോടൊപ്പം യാത്രചെയ്തു തുടങ്ങിയിട്ട് വര്‍ഷം 28 പിന്നിടുമ്പോഴും ഓര്‍മകള്‍ അങ്ങനെ തന്നെ നില്‍ക്കുകയാണ് മനസ്സില്‍. ചരിത്രനേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. സുമ പറഞ്ഞുതുടങ്ങി. കേരളത്തിലെ ആദ്യ വനിതാ കണ്ടക്ടറായ ആദ്യ ദിവസം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അന്ന് തനിക്ക് താങ്ങായവരെയും ആത്മവിശ്വാസം തന്ന് കൂടെ നിന്ന മേലുദ്യോസ്ഥരെയും പരിശീലനം തന്നവരെയും ഡ്രൈവര്‍മാരും യാത്രക്കാരടക്കം എല്ലാവരെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും മനസ്സില്‍ ഓര്‍ക്കുന്നുണ്ട് സുമ.
1992-ല്‍ വനിതകളെ കണ്ടക്ടറായി നിയമിക്കാന്‍ തീരുമാനിക്കുമ്പോള്‍ അപ്പോയ്ന്‍മെന്റ് ലഭിച്ചത് അന്ന് ടെലഗ്രാം മുഖേനയായിരുന്നു. കണ്ടക്ടര്‍ തസ്തികയില്‍ അതുവരെ വനിതകള്‍ക്ക് അപേക്ഷിക്കാനാവുമായിരുന്നില്ല. അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി 300 പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി കെ.എസ്.ആര്‍.ടി.സിയുടെ അന്നത്തെ മാനേജിംഗ് ഡയറക്ടര്‍ മുകുന്ദന്‍ മേനോന്റെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ നടത്തിയാണ് 10 പേരെ തെരഞ്ഞെടുത്തത്. അന്നത്തെ ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള നേരിട്ടെത്തി പത്തു പേര്‍ക്കും നിയമന ഉത്തരവ് നല്‍കിയായിരുന്നു തുടക്കം. സുമക്ക് ടിക്കറ്റ് റാക്ക് നല്‍കിയാണ് മന്ത്രി വനിതാ കണ്ടക്ടര്‍മാരുടെ നിയമനം ഉദ്ഘാടനം ചെയ്തത്. 92 ജൂലൈ ഒന്നിന് ആ അസുലഭ നിമിഷത്തിന് തുടക്കമായി. ആദ്യം ഒരു ത്രില്ലോടു കൂടിയായിരുന്നു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തത്. ഒന്നാം റാങ്ക് കൂടി കിട്ടിയപ്പോള്‍ ഏറെ സന്തോഷമായി. അന്ന് ഞങ്ങള്‍ ഇത് പറ്റില്ലെന്നു പറഞ്ഞ് പോയിരുന്നെങ്കില്‍ പിന്നീട് ഈ പോസ്റ്റ് കാണില്ലായിരുന്നു. അതുകൊണ്ടു തന്നെ തനിക്ക് നല്ല അഭിമാനം ഉണ്ട്. താന്‍ വലതുകാല്‍ വെച്ച് തുടങ്ങിയ സംരംഭം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട് എന്നതില്‍ അതിന്റേതായ ചാരിതാര്‍ഥ്യം ഉണ്ട്. അന്ന് ഡിഗ്രിക്കാരെയായിരുന്നു ഈ വിഭാഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ഞാന്‍ എം.കോം കാരിയായിരുന്നു. പത്തനംതിട്ടയില്‍ ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ക്ലര്‍ക്ക് പോസ്റ്റിലിരിക്കവെയാണ് കണ്ടക്ടര്‍ ജോലി ലഭിച്ചത്. 92-2007 വരെ കണ്ടക്ടറായി ഡബിള്‍ ഡക്കര്‍ ബസ്സിലായിരുന്നു ജോലി ചെയ്തത്. അന്ന് രണ്ട് ഡബിള്‍ ഡക്കര്‍ ബസ്സുകളേ ഉണ്ടായിരുന്നുളളൂ. അതില്‍ ഒരു കണ്ടക്ടറാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ട്. 2007-'18 വരെ ഓഫീസ് ജോലിയായിരുന്നു. അതുവരെ എസ്.എസ്.എല്‍.സി ആയിരുന്നു യോഗ്യതയെങ്കിലും പിന്നീട് അത് ഡിഗ്രിയാക്കിയപ്പോള്‍ ആളുകളുടെ എണ്ണം കുറവായതിനാല്‍ ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞിട്ട് കുറേക്കാലം ഓഫീസ് ജോലികള്‍ ചെയ്തത്. 2018-ല്‍ വീണ്ടും കണ്ടക്ടര്‍ ജോലിയിലേക്ക് തിരികെ വന്ന് പേരൂര്‍ക്കട ഡിപ്പോയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 2020 മെയ് 31-ന് ജോലിയില്‍നിന്ന് വിരമിച്ചു. ആദ്യനിയമനം കെ.എസ്.ആര്‍.ടി.സി റിസര്‍വ് കണ്ടക്ടറായിട്ടായിരുന്നു. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. ആദ്യനിയമനമായതുകൊണ്ട് കളഞ്ഞിട്ട് പോകാതിരിക്കാന്‍ വേണ്ടി മൂന്നു വര്‍ഷത്തേക്ക് ബോണ്ടുണ്ടായിരുന്നു. സെക്കന്റ് ഗ്രേഡ് നിയമനം കിട്ടിയത് 2001-ല്‍ ആയിരുന്നു.
സിറ്റി ഡിപ്പോയിലായിരുന്നു കൂടുതലും ജോലി ചെയ്തിരുന്നത്. അതും തിരുവനന്തപുരം-വെള്ളേക്കടവ് റൂട്ടില്‍. പിന്നീട് കിഴക്കേകോട്ട - ശാസ്തമംഗലം റൂട്ടിലുമായിരുന്നു സര്‍വീസ്. ആദ്യ വനിതാ ഐ.പി.എസ് ഓഫീസര്‍ ആര്‍. ശ്രീലേഖ ഉള്‍പ്പെടെ പരിശീലനത്തിന് വന്നിരുന്നു. അവരുടെ പരിശീലനം ഒരുപാട് ഇഷ്ടമായി. 'നമ്മള്‍ കൃത്യമായി യൂണിഫോം ധരിക്കുക. ഒരിക്കല്‍ നോക്കുന്ന ആളെ ഒന്നുകൂടി നോക്കാന്‍ പ്രേരിപ്പിക്കുന്ന വിധമാകരുത് ഔദ്യോഗിക വസ്ത്രധാരണ'മെന്ന ശ്രീലേഖയുടെ ഉപദേശം പാലിച്ചതിനാല്‍ യാതൊരു തരത്തിലുളള പ്രശ്നങ്ങളും നേരിടേണ്ടിവന്നിട്ടില്ല. ഞാനും ഒരുപാട് പേര്‍ക്ക് ട്രെയിനിംഗ് കൊടുത്തിരുന്നു. അവരോടും ഞാന്‍ ഈ വാക്കുകള്‍ പറയുമായിരുന്നു. ഈ ജോലിക്കും പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. അപ്പോഴൊക്കെ അവര്‍ക്ക് മനസ്സിലായി, യൂണിഫോമിട്ട സ്ത്രീകളോട് ഒരാളുപോലും മോശമായി പെരുമാറുന്നില്ലായെന്ന്. ഇന്ന് ഇക്കഴിഞ്ഞ ബാച്ചിലൊക്കെ 50 ശതമാനത്തിലധികം വനിതകളാണ് കണ്ടക്ടര്‍മാരായി വരുന്നത്.
കണ്ടക്ടര്‍മാരെ സംബന്ധിച്ചേടത്തോളം താഴെ മുതല്‍ മുകളിലെ അറ്റം വരെയുളള ആളുകളെ അവര്‍ ജീവിതത്തില്‍ കാണുന്നുണ്ട്. ഒരിക്കല്‍ മുഖ്യമന്ത്രിയായിരുന്ന പി.കെ വാസുദേവന്‍ നായര്‍ എന്റെ ബസ്സില്‍ കയറിയിരുന്നു. സാധാരണയിലും നല്ല തിരക്കുണ്ടായിരുന്നു. അന്നൊക്കെ സ്റ്റാച്യു ആവുമ്പോള്‍ ടിക്കറ്റ് തീര്‍ക്കണം. ഇന്നും അങ്ങനെയാണ്. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ടിക്കറ്റ് കൊടുക്കാന്‍ നോക്കുമ്പോഴള്‍ പാസ്സാണ് എന്ന് പറഞ്ഞു. പാസ് കാണിച്ചപ്പോഴാണ് മനസ്സിലായത്. എന്നോട് സുഖമാണോന്നും ജോലി ഇഷ്ടമാണോന്നും ചോദിച്ചു. തിരക്കായതുകൊണ്ട് ടിക്കറ്റ് കൊടുത്തോളാന്‍ പറഞ്ഞു. ഇറങ്ങുമ്പോള്‍ 'നന്നായി ജോലി ചെയ്യുന്നുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമായി' എന്നു പറഞ്ഞു. ആ നിമിഷത്തില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ബസ്സില്‍ കയറുന്ന എം.എല്‍.എമാര്‍, പത്രപ്രവര്‍ത്തകര്‍ പോലുള്ള ഒരുപാട് പേര്‍ എന്റെ സുഹൃത്തുക്കളുമാണ്.
പലര്‍ക്കും നമ്മളെ അറിയാമെന്നതുതന്നെ വലിയ അംഗീകാരമാണ്. ഒരു ചെറു പുഞ്ചിരിയോടെ ആവും നമ്മള്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുക. എന്നാല്‍ അവര്‍ ആരാണെന്ന് മുഖം നോക്കാറില്ല. അത്രയധികം തിരക്കുളള, ഉത്തരവാദിത്വമുളള ജോലിയാണ് കണ്ടക്ടറുടേത്. കണ്ടക്ടറെ സംബന്ധിച്ച ആറുമാസം ജോലി ചെയ്തുകഴിഞ്ഞാല്‍ ഒരാളുടെ മുഖത്തുനോക്കുമ്പോള്‍ തന്നെ അവര്‍ ഏതു രീതിയിലുളളവനാണെന്ന് നോക്കി ആ രീതിയില്‍ പെരുമാറാന്‍ കഴിയും. കണ്ടക്ടര്‍ ഒരുപാട് കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ യാത്രക്കാരും എവിടെയാണ് ഇറങ്ങേണ്ടത് എന്ന് ഓര്‍ത്തു വെക്കണം, രണ്ട് ഡോര്‍ നോക്കണം, ആരും ഡോറിന് വെളിയില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം, നല്ല തിരക്കുണ്ടാകുന്ന സമയത്ത് പോലും ആരെയും വിട്ടുപോകാതെ എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കണം. പുറത്തുനിന്ന് കാണുന്ന പോലെ അത്ര എളുപ്പമുളള ജോലിയല്ല. സ്ഥലമറിയാത്തവര്‍ കയറിയാല്‍ അവരെ പ്രത്യേകം ശ്രദ്ധിച്ച് ഇറക്കിവിടാനുളള ഉത്തരവാദിത്വം കണ്ടക്ടര്‍ക്കാണ്. അവര്‍ നമ്മളെ വിശ്വസിച്ചാണ് യാത്ര ചെയ്യുന്നത്. പിന്നെ ഓഫീസില്‍ പോകുന്നവര്‍, മാര്‍ക്കറ്റില്‍ പോകുന്നവര്‍, കൃഷിജോലി ചെയ്യുന്നവര്‍, മോഷണക്കാര്‍ ഇങ്ങനെയുളള എല്ലാവരെയും നേരിടേണ്ട മാനസിക അവസ്ഥ വരും. കണ്ടക്ടര്‍ ജോലിയുടെ പ്രത്യേകത എവിടെ ചെന്നാലും നമ്മളെ അറിയുന്ന ആരെങ്കിലും ഉണ്ടാവും. അവര്‍ നമ്മളെ സഹായിക്കുകയും ചെയ്യും. ഒരിക്കല്‍ എന്റെ ഭര്‍ത്താവ് ബസ്സില്‍ കയറി ടിക്കറ്റെടുത്തിട്ടു പോലും ഞാന്‍ അറിഞ്ഞില്ല. ആളുകുറഞ്ഞപ്പോഴാണ് ഫ്രണ്ടില്‍ ഇരിക്കുന്നത് കണ്ടത്. എല്ലാവരും വിചാരിക്കും, നമ്മള്‍ അവരെ കണ്ടിട്ടാണ് ടിക്കറ്റ് കൊടുക്കുന്നതെന്ന്. എന്നാല്‍ അങ്ങനെയാരെയും ശ്രദ്ധിക്കാന്‍ കഴിയില്ല.
വനിതകള്‍ക്ക് സുരക്ഷിതത്വമുളള ജോലിയാണിത്. ഒരു പ്രയാസമുള്ളത് പുലര്‍ച്ചെ അഞ്ചിനുമുമ്പാണ് ജോലി തുടങ്ങുന്നു എന്നതാണ്. ഒരു സ്ത്രീ ജോലിക്ക് ഇറങ്ങുന്നതിനു മുമ്പ് വീട്ടിലെ എല്ലാം ഒരുക്കിവെച്ചിട്ട് ഇറങ്ങണം. അതുകൊണ്ട് വീട്ടുകാരുടെ സപ്പോര്‍ട്ടോടുകൂടിയേ ഈ ജോലി ചെയ്യാന്‍ കഴിയൂ. 10-ന് തുടങ്ങി അഞ്ചിന് തീരുന്ന ജോലി അല്ല. എന്റെ ബസ്സില്‍ മോഷണം, പീഡനം എല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാം തരണം ചെയ്യാന്‍ പറ്റി. നമ്മള്‍ ഒറ്റയ്ക്കല്ലല്ലോ. എല്ലാവരുടെയും നല്ല സപ്പോര്‍ട്ട് ഉണ്ട്. എന്റെ സര്‍വീസ് ഷീറ്റില്‍ ഒരു ആപ്സന്റോ ചാര്‍ജ്ഷീറ്റോ മോശമായ അഭിപ്രായമോ രേഖപ്പെടുത്താനില്ല. എല്ലാവരും എന്നോട് നല്ല രീതിയിലാണ് പെരുമാറിയത്.
വിദ്യാഭ്യാസ കാലത്തിന്റെ തുടക്കം എലന്തൂരിലെ മലയാളം മീഡിയം സ്‌കൂളിലായിരുന്നു. ഡിഗ്രി പത്തനംതിട്ടയിലും പി.ജി കോഴഞ്ചേരി എച്ച്.ഡി.സി പാലയിലുമായിരുന്നു. സുമ ഒരു എഴുത്തുകാരികൂടിയാണ്. കഴിഞ്ഞ 10 വര്‍ഷമായി കെ.എസ്.ആര്‍.ടി.ഇ.എ സി.ഐ.ടി.യു സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ് സുമ. വര്‍ക്കിംഗ് വിമണ്‍ കോഡിനേഷന്‍ തിരുവനന്തപുരം ജില്ലാ കണ്‍വീനറായിരുന്നു. ഇപ്പോള്‍ ജില്ലാ സെക്രട്ടറിയുമാണ്. ആദ്യ വനിതാ കണ്ടക്ടറുടെ വേഷമണിഞ്ഞ സുമ ഇനി വീട്ടമ്മയുടെ വേഷം ധരിക്കാനാണ് തീരുമാനിച്ചത്.