തടവറക്കുള്ളിലായ് മണിയറ കെട്ടിയവ-
നിരുളിനെ പ്രണയിച്ചു താലികെട്ടി
തറയിലായ് നീട്ടി വിരിച്ചൊരാ പായയില്‍
ഇരുളിനെ കെട്ടിപ്പിടിച്ചുറങ്ങി.
ഇരുളിന്റെ മാറത്ത് തലചായ്ച്ചവന്‍ തന്റെ
സ്വപ്നത്തിലേക്കിരു കണ്‍തുറന്നു
വിരിമാറു കാട്ടി നടന്നൊരാ വഴിയിലെ
ഓര്‍മകള്‍ താണ്ടീ.. നടന്നുനീങ്ങി...
ഇടവേള തെറ്റാതെയുറ്റിവീഴും വിഷ-
ത്തുള്ളികള്‍ മണ്ണിനെ മലിനമാക്കി
വാക്കിനാല്‍ തീര്ത്തുള്ളൊരമ്പിന് മുനമ്പേറ്റ്
പേവിഷക്കായ് മരക്കൊമ്പൊടിഞ്ഞു.
കാക്കിപ്പരുന്തുകള്‍ റാഞ്ചിയെടുത്തു നിന്
മോഹങ്ങളൊക്കെയും കൂട്ടിലിട്ടു
തോക്കിന് മുനകൊണ്ട് നെഞ്ചത്തവര്
നിന്റെ പേരു കുറിച്ചു..... കലാപകാരി.
ഇരുളിന്റെ മറനീക്കി തെളിയുന്ന കിരണങ്ങള്‍
കൂട്ടിലെ മോഹത്തിനന്നമേകും
അധികമായിനിയില്ല ആയുസ്സ് നിങ്ങളെ
തീയില്‍ കൊളുത്തുവാന്‍ വിറകു സജ്ജം.