തൈരും മഞ്ഞളും
തൈരില്‍ ലാക്ടിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. മഞ്ഞളിന് ചര്‍മത്തിലെ മുറിവ് ഉണക്കാനുള്ള കഴിവുമുണ്ട്. അടുക്കളയില്‍ നിത്യേന ഉപയോഗിക്കുന്ന ഈ വസ്തുക്കള്‍ കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാം. ഈ ചേരുവകള്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടണം. ചുളിവുകളെയും പ്രായാധിക്യത്തെയും അല്‍പസ്വല്‍പമൊക്കെ അകറ്റിനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. തൈര് ചര്‍മത്തിന് മയം നല്‍കുന്നു. മഞ്ഞള്‍ ചര്‍മത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. 2 ടേബ്ള്‍ സ്പൂണ്‍ തൈരും ഒരു നുള്ള് മഞ്ഞളും തമ്മില്‍ ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകി കളയുക. ചര്‍മത്തിന് നല്ല മയം കിട്ടും.
മുട്ടയും തേനും
അയഞ്ഞ ചര്‍മം മുറുകിക്കിട്ടാന്‍ ഇവ രണ്ടും സഹായിക്കുന്നു. ചര്‍മകോശങ്ങളെ ഈ ചേരുവകള്‍ മുറുക്കുന്നു. തന്മൂലം ചര്‍മം തൂങ്ങുന്നത് തടയുന്നു. തേനില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ പ്രായാധിക്യം കുറച്ചുകാട്ടുന്നു. ഒരു മുട്ട നന്നായടിച്ച് അതില്‍ കുറച്ച് തേന്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്താകമാനം പുരട്ടുക. ഇത് മുഖചര്‍മം നന്നായി വലിച്ചെടുത്താല്‍ മുഖം ഉണങ്ങിയതായി അനുഭവപ്പെടും. അപ്പോള്‍ കഴുകുക.
ഇഞ്ചിനീര്, ബീറ്റ്‌റൂട്ട്
ബീറ്റ് റൂട്ടിന് മുടി പൊഴിയുന്നതിനെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. മുടിയുടെ വേരിന് ബലം പകരാന്‍ പറ്റിയ പോഷകങ്ങള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്നു. കുറച്ച് ബീറ്റ്‌റൂട്ട് ജ്യൂസും അത്രതന്നെ ഇഞ്ചിനീരും യോജിപ്പിക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി ശിരോ ചര്‍മത്തിലും കേശാഗ്രത്തിലും തേച്ചു പിടിപ്പിക്കുക. 15-20 മിനിറ്റിനുശേഷം കഴുകിക്കളയുക.
സ്‌ട്രോബറിയും ബട്ടറും
സ്‌ട്രോബറിയും ഉപ്പില്ലാത്ത ബട്ടറും ചര്‍മത്തിന്റെ പ്രായാധിക്യത്തെ തടയുന്നു. ഇവ തമ്മില്‍ ചേര്‍ത്തത് ചര്‍മത്തില്‍ തേച്ചു പിടിപ്പിച്ചാല്‍ ജീവകം 'സി' ചര്‍മത്തിന് ധാരാളം ലഭിക്കുന്നു. വംശനാശം വന്ന ചര്‍മകോശങ്ങളെ ഈ കൂട്ട് പുനരുജ്ജീവിപ്പിക്കുന്നു. ബട്ടര്‍ മോയ്‌സ്ചറൈസര്‍ ആയി പ്രവര്‍ത്തിച്ച് വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ ചര്‍മത്തിന് പരിരക്ഷ നല്‍കുന്നു. ചര്‍മത്തിന് നല്‍കപ്പെട്ട ഇലാസ്തികത തിരിച്ചുപിടിക്കാന്‍ സാധിക്കുന്നു.
ഒരു സ്‌ട്രോബറിയുടെ മുക്കാല്‍ ഭാഗവും കുറച്ച് ബട്ടറും തമ്മില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ചര്‍മത്തില്‍ തേച്ചു പിടിപ്പിച്ച് 15-20 മിനിറ്റിനു ശേഷം കഴുകിക്കളയുക.
മുള്‍ട്ടാണി മിട്ടി
ന്യൂട്രിയന്റുകളുടെ കലവറ തന്നെയാണ് മുള്‍ട്ടാണി മിട്ടി. ഇത് ചര്‍മത്തിന്റെ ഭംഗിയും ചുളിവും നീക്കുന്നു. ഇതിന്റെ ഉപയോഗം മുഖത്തുണ്ടാകുന്ന വൈറ്റ് ഹെഡുകളെയും ബ്ലാക്ക് ഹെഡുകളെയും അകറ്റുന്നു. രക്തയോട്ടം വര്‍ധിപ്പിച്ച് ചര്‍മത്തിന്റെ നിലവിലുള്ള സ്ഥിതി മെച്ചപ്പെടുത്തുന്നു. മുഖക്കുരു പ്രശ്‌നത്തെയും തടയുന്നു. കരിവാളിപ്പ് മാറ്റുന്നു. 2 ടേബ്ള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയില്‍ വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക. ഈ മിശ്രിതം ചര്‍മത്തില്‍ തേച്ച് ഉണക്കിയതിനു ശേഷം കഴുകുക.