പെരുന്നാള്‍ ഉറവയും മാപ്പിളപ്പാട്ട് കലവറയും
നസീര്‍ പള്ളിക്കല്‍
ഒക്ടോബര്‍ 2020
ഈ വര്‍ഷത്തെ ഹജ്ജിനും പെരുന്നാളിനും മോടിയും പ്രൗഢിയും ഒരുപാട് കുറവാണെങ്കിലും വളരെ പ്രാധാന്യത്തോടെയും സന്തോഷത്തോടെയും തന്നെയാണ് വിശ്വാസിലോകം ആഘോഷിച്ചത്.
ഈ വര്‍ഷത്തെ ഹജ്ജിനും പെരുന്നാളിനും മോടിയും പ്രൗഢിയും ഒരുപാട് കുറവാണെങ്കിലും വളരെ പ്രാധാന്യത്തോടെയും സന്തോഷത്തോടെയും തന്നെയാണ് വിശ്വാസിലോകം ആഘോഷിച്ചത്.
ഹജ്ജും പെരുന്നാളും ചരിത്രമാണ്, ആത്മീയതയാണ്, ആരാധനയും ആഘോഷവുമാണ്.
അതിനാല്‍തന്നെ ഈ വിഷയത്തില്‍ ഒരുപാട് പാട്ടും കവിതയും രചിക്കപ്പെട്ടിട്ടുണ്ട്. പല വിഷയത്തിലും എന്നതു പോലെ ഈ വിഷയത്തിലും ഒട്ടനവധി മാപ്പിളപ്പാട്ടുകളും കുറിക്കപ്പെട്ടിട്ടുണ്ട്.
ഹജ്ജും ഹജ്ജ് പെരുന്നാളും അഥവാ ബലിപെരുന്നാളും എന്ന ചരിത്രത്തെയും കര്‍മത്തെയും സന്തോഷത്തെയും ആഘോഷത്തെയും ആസ്പദമാക്കിയുള്ള ചില പാട്ടും പാട്ടെഴുത്തും നമുക്കിവിടെ ഒന്ന് ഓര്‍ത്തെടുക്കാം.
ബലിപെരുന്നാള്‍ പശ്ചാത്തലത്തിലും അല്ലാതെയും നാം നിരവധി തവണ കേട്ടതും മനസ്സിലാക്കിയതും ആസ്വദിച്ചതുമായ ഒരു പ്രശസ്ത ഗാനമാണ് പ്രഗത്ഭ ഗാനരചയിതാവ് പി.ടി അബ്ദുര്‍റഹ്മാന്‍ എഴുതി, കോഴിക്കോട് അബൂബക്കര്‍ സംഗീത സംവിധാനം ചെയ്ത്, വടകര കൃഷ്ണദാസും വിളയില്‍ (വത്സല) ഫസീലയും ചേര്‍ന്ന് പാടിയ 'ഉടനെ കഴുത്തെന്റേതറുക്ക് ബാപ്പാ... ഉടയോന്‍ തുണയില്ലേ നമുക്ക് ബാപ്പാ...' എന്ന ഗാനം.
അതിനു മുമ്പേ മക്കയെ കുറിച്ചും ഹജ്ജിനെ കുറിച്ചും പശ്ചാത്തലമാക്കിയ, മലയാളക്കരയില്‍ അലയൊലി തീര്‍ത്ത ഒരു ചലച്ചിത്ര ഗാനമുണ്ടായിരുന്നു. 'ഹര്‍ഷബാഷ്പം' എന്ന ചിത്രത്തിനു വേണ്ടി കെ.എച്ച് ഖാന്‍ സാഹബ് എഴുതി അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത് കെ.ജെ യേശുദാസ് പാടിയ 'ആയിരം കാതമകലെയാണെങ്കിലും... മായാതെ മക്ക മനസ്സില്‍ നില്‍പ്പൂ...' എന്ന ഗാനമായിരുന്നു അത്. ഈ ഗാനം കേള്‍ക്കാത്തവരോ ആസ്വദിക്കാത്തവരോ മലയാളത്തില്‍ ഉണ്ടായിരിക്കുകയില്ല. ഏതൊരു കുഞ്ഞിന്റെയും ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന ഈ ഗാനത്തിലൂടെ മക്കയും ഹജ്ജും സംസമും ബലിയും ബലിപെരുന്നാളും മനസ്സിലാക്കാത്തവരും ചിന്തിക്കാത്തവരും വളരെ കുറവ് തന്നെയായിരിക്കും.
ഇന്ന് നാം ഹജ്ജും ബലിപെരുന്നാളും പ്രമേയമാക്കിയുള്ള പഴയതും പുതിയതുമായുള്ള നിരവധി ഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഓരോ ബലിപെരുന്നാള്‍ കാലങ്ങളില്‍ പുതിയ പുതിയ ഗാനങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നതാണെങ്കിലൂം പഴയ ആ ഗ്രാമഫോണ്‍ റിക്കാര്‍ഡുകളില്‍ വന്നതും തൊട്ടുടന്‍ കാസറ്റ് യുഗത്തില്‍ പുറത്തു വന്നതുമായ ബലിപെരുന്നാള്‍ ഗാനങ്ങള്‍ ഒന്ന് വേറെ തന്നെയാണ്.
പ്രശസ്ത മാപ്പിളപ്പാട്ടെഴുത്തുകാരന്‍ കെ.ടി മുഹമ്മദ് തിരൂരങ്ങാടി എഴുതി പ്രഗത്ഭ ഗായകനും സംഗീതജ്ഞനുമായ എം.എസ്. ബാബുരാജ് സംഗീതം ചെയ്ത് മുതിര്‍ന്ന മാപ്പിളപ്പാട്ട് ഗായകനായിരുന്ന എ.വി മുഹമ്മദ് പാടിയ 'ഇലാഹായ പുരാനോട് ഇരവും പകലും തേടി ഖലീലായ ഇബ്‌റാഹീം നബിക്ക് കിട്ടി...' എന്നുള്ള ഗാനം എന്തുകൊണ്ടും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഗാനമാണ്. സമാന അര്‍ഥ ഭാവ രീതിയിലുള്ള മറ്റൊരു ഗാനമാണ് പ്രശസ്ത കാഥികയും ഗായികയുമായ ഐഷാ ബീഗം ആലപ്പുഴ പാടിയ 'ഇബ്‌റാഹീം നബിയുല്ലാഹ് ഉറക്കം പൂണ്ടേ.. ഇറയോവന്‍ ഖുദ്‌റത്താല്‍ കനവ് കണ്ടേ..' എന്നുള്ള ഗാനവും..
മാപ്പിളപ്പാട്ട് സുല്‍ത്താന്‍ ഡോ. വി.എം കുട്ടിയുടെ ഒന്നിലധികം ഗാനങ്ങളുണ്ട് ഹജ്ജും ബലിപെരുന്നാളും വിഷയമാക്കിയിട്ടുള്ളത്.
വിളയില്‍ (വത്സല) ഫസീല 1978-ല്‍ ഗ്രാമഫോണ്‍ റിക്കാര്‍ഡില്‍ പാടി ഹിറ്റാക്കിയ ഏവര്‍ക്കും സുപരിചിതമായ 'ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ട്' എന്ന ഗാനം വി.എം കുട്ടിയുടെ ചിന്തയിലും തൂലികയിലും സംവിധാനത്തിലും പിറന്നതാണ്. അതുപോലെ വി.എം കുട്ടി തന്നെ പാടി പ്രശസ്തമാക്കിയ 'ഹറമ് നാട്ടില്‍ മനുജരൊന്നായ് നിരന്നിടും നാള്' പോലുള്ള ഗാനങ്ങള്‍ ഈ വിഷയത്തില്‍ വി.എം കുട്ടിക്ക് സ്വന്തമായുള്ളതാണ്.
പ്രശസ്ത ഗായിക മുക്കം സാജിത ആ നാട്ടില്‍ ചെന്ന് പാടിയ, പ്രേം സൂറത്ത് രചിച്ച 'ബദ്‌രീങ്ങളെ പെറ്റ നാട് കാണാന്‍' എന്ന ഗാനം ഈ പ്രമേയത്തില്‍ ഏറെ പ്രസിദ്ധമാണ്.
മാപ്പിളപ്പാട്ട് ഗായകനും സംഗീതജ്ഞനുമായ കെ.ജി. സത്താറിന്റെ 'മക്കത്ത് പോണോരേ..' എന്ന ഗാനവും എ.വി മുഹമ്മദിന്റെ 'പരിശുദ്ധ പ്രശോഭനം', കെ.ടി മുഹമ്മദ് കുട്ടിയുടെ 'കഅ്ബാദേവാലയത്തില്‍ കണ്ണഞ്ചും മിനാരങ്ങള്‍', പീര്‍ മുഹമ്മദിന്റെ 'ബലിപെരുന്നാളിന്റെ സന്ദേശവുമായി', 'ഇബ്‌റാഹീം നബിയിറയോനില്‍' എന്നീ ഗാനങ്ങളും മൂസ എരഞ്ഞോളിയുടെ 'ഇബ്‌റാഹീം നബിയുല്ലാഹ് കിനാവ് കണ്ടൂ.. ഇറയോന്റെ കല്‍പ്പന കിനാവില്‍ കണ്ടൂ' എന്നതും 'ആകാശഭൂമിക്കധിപതിയായ അല്ലാവിന്റെ ഖുദ്‌റത്തിനാലെ ഇബ്‌റാഹീമെന്ന നബിയോടൊരാജ്ഞ..' എന്ന ഗാനവും സി.എ അബൂബക്കറിന്റെ 'ഇബ്‌റാഹീം നബിമണവാളന്‍ ഇരിക്കുമ്പോള്‍.. ജബ്‌റായി ഇശ്ക്കും കൂടി ഏകിയേ' തുടങ്ങിയ ഗാനങ്ങള്‍ ഈ വിഷയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും ഈ വിഷയത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നവയുമാണ്.
പ്രശസ്ത ഗായകനും സുല്‍ത്താന്‍ കാസറ്റ് & സ്റ്റുഡിയോ ഓണറുമായ സി.വി.എ കുട്ടി ചെറുവാടി & പാര്‍ട്ടി പാടി പ്രശസ്തമാക്കിയ കെ.എസ് ഖാദര്‍ തവനൂരിന്റെ, 'കഅ്ബാ ശരീഫ് കാട്ടീടണേ...
കൗതുക നാട് കാണിക്കണേ..
കാരുണ്യത്തിന്‍ പൂങ്കാവല്ലേ..
കാണാനായ് ഞാന്‍ ആശിച്ചിടും..' എന്ന ഗാനവും ഓര്‍മകളിലേക്ക് ഓടിയെത്തുന്നവയാണ്.
കെ.എസ് ഖാദറിന്റെ ഗാനം ഇനിയുമുണ്ട്; 'തിലകക്കുറിപോല്‍ കഅ്ബക്കല്ലാഹ്.. മുകുടം ചാര്‍ത്തിയ ശിലയാണ്... ഉലകിന് ജന്നത്തേകിയ ഹജറുല്‍ കാണുവതെന്നാണ്', 'ത്വാഹ, റസൂലൊളി വീശിയ നാട്ടില്‍ താരകമായൊരു ബൈത്തുല്ലാഹ്..' പോലുള്ള വരികള്‍ ഉദാഹരണം മാത്രം.
പ്രസിദ്ധ കവികളായ ഒ.എം കരുവാരകുണ്ടിന്റെയും ബാപ്പു വെള്ളിപ്പറമ്പിന്റെയും ശ്രദ്ധേയമായ രചനകള്‍ ഈ വിഷയത്തിലും ഇല്ലാതില്ല.
ഒ.എമ്മിന്റെ 'കഅ്ബാലയം കാണിക്കണേ അല്ലാഹ്.. കരുണാമൃതം വര്‍ഷിക്കണേ അല്ലാഹ്..' എന്നും 'ഇലാഹീ ഇലാഹീ ഹാജറ കേണിടുന്നു ഖല്‍ബില്‍ നൊമ്പരമേറിടുന്നൂ' എന്നും ബാപ്പു വെള്ളിപ്പറമ്പിന്റെ 'കാലിട്ടടിച്ച പൂപൈതല്‍ തേങ്ങിക്കരയുന്നൂ..' അതുപോലെ 'മക്കം കണ്ടിട്ടാനന്ദിക്കാന്‍ ദുഃഖം നീക്കി ഒന്ന് വസിക്കാന്‍', 'ഇബ്‌റാഹീമിന്റെ വിളിയാളം ഈമാനിന്റെ തിരനാളം'- പോലുള്ള വരികളും പ്രസിദ്ധമാണ്.
'തക്ബീര്‍ നാദം ഉലകിലുയര്‍ന്നു..
കീര്‍ത്തന നാദം അലകളുയര്‍ന്നു..' പ്രശസ്ത ഗാനരചയിതാവ് ഹസന്‍ നെടിയനാടിന്റെ വരികള്‍ അലകളുയര്‍ന്ന് പൊങ്ങിയ വരികളാണ്.
മലയാളത്തില്‍ മാപ്പിളപ്പാട്ട് രചയിതാക്കളിലധിക പേരും ഹജ്ജും ബലിപെരുന്നാളും മക്കയും സംസമും മിനയും അറഫയും അവരുടെ രചനകള്‍ക്ക് വിഷയമാക്കാതിരുന്നിട്ടില്ല. അതുപോലെ ഒട്ടുമിക്ക ഗായകരും ഇത്തരം പാട്ടുകള്‍ പാടാതിരുന്നിട്ടുമില്ല.
'ഉണ്ടോ സഖീ ഒരു കുല മുന്തിരി'യുടെ രചയിതാവ് റഹീം കുറ്റിയാടി ഈ ചരിത്ര വിഷയത്തിലും കൈവെക്കാതിരുന്നിട്ടില്ല.
റഹീം എഴുതുന്നു: 'കരുണക്കടലാം ദേവാലയം കഅ്ബയെന്ന കരുണാലയം!' എത്ര മനോഹരമാണീ വരികള്‍!
മലയാളികള്‍ ഈ വിഷയത്തില്‍ പണ്ടുമുതല്‍ കേള്‍ക്കുന്ന നിരവധി ഗാനങ്ങളുണ്ട്. അതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗാനങ്ങളാണ്, പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം.പി ഉമ്മര്‍ക്കുട്ടിയുടെ 'ഹജ്ജിന്നായ് മക്കത്തെത്തി കോടി ജനമുത്തി മണത്തുള്ള' എന്ന ഗാനവും പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകനായിരുന്ന, കെ.എസ് മുഹമ്മദ് കുട്ടിയൂടെ 'മക്കപുരി കഅ്ബ മണ്ണില്‍ ദിക്കണക്കല്ലാഹ്' എന്ന ഗാനവും. ഇത്തരം വരികള്‍ മലയാളികള്‍; മാപ്പിളപ്പാട്ട് സ്‌നേഹികള്‍ ഒരിക്കലും മറക്കുകയില്ല; കൈവെടിയുകയുമില്ല.
ബലിപെരുന്നാളിന്റെ ഉറവകളില്‍നിന്ന് മാപ്പിളപ്പാട്ടിന്റെ കലവറകള്‍ തുറന്നാല്‍ അത് തീര്‍ത്താല്‍ തീരാത്ത 'സംസം' തന്നെയാണ്.
ഇന്നും ഈ വിഷയത്തില്‍ ഗാനങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. പഴയ കവികളും പുതിയ കവികളും എത്ര എഴുതിയാലും തീരാത്ത ഒരു അക്ഷയ പാത്രം തന്നെയാണ് ഈ കലവറ.
ഇന്നും ഈ കലവറയില്‍നിന്ന് ഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു... 'മാനത്തിന്‍ നിന്നൊരു അമ്പിളി പൊങ്ങി തക്ബീറ് ചെല്ലാം പെണ്ണുങ്ങളേ.. മാണിക്യ ചെപ്പ് തുറന്നിട്ട് മൈലാഞ്ചി ചെപ്പൊന്ന് കിട്ടാന്‍ പെണ്ണുങ്ങളേ.. തക്ബീറ് ചൊല്ലാം പെണ്ണുങ്ങളേ ..' ഈരടികള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഹസ്രത്ത് ഇബ്‌റാഹീമും ഹസ്രത്ത് ഇസ്മാഈലും, പിന്നെ ഹാജറ ബീവിയും വീണ്ടും നമ്മോടൊപ്പം ചേരുന്നതുപോലെ..!
മക്കയും കഅ്ബയും മിന മലഞ്ചെരുവും അറഫയും മുസ്ദലിഫയും ജംറയും സ്വഫയും മര്‍വയും സംസമും മഖാമ് ഇബ്‌റാഹീമും മാപ്പിളപ്പാട്ടിന്റെ ഈരടികളിലൂടെ നമ്മുടെ മനസ്സിലും മുന്നിലും എത്തി ഓര്‍മകളുടെ ഓളങ്ങള്‍ തീര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കേട്ടാലും കേട്ടാലും കൊതിതീരാത്ത കവിതകള്‍... കേള്‍ക്കാന്‍ ഇമ്പമുള്ള ഇശലുകള്‍..!