ആദര്‍ശ സംരക്ഷണത്തിനും സമൂഹ സുരക്ഷക്കും ആവശ്യമായ സേവന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ പങ്ക് വഹിച്ച മാതൃകാ വനിതകളുടെ ജീവിതം മാനവ ചരിത്രത്തില്‍ ശ്രദ്ധേയമായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിലൊരു മഹതിയാണ് ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ പത്‌നി സാറ (റ). ആദര്‍ശ പ്രബോധന മാര്‍ഗത്തില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ അഗ്നിപരീക്ഷണത്തിന് വിധേയനാക്കപ്പെടുകയും ജന്മനാട്ടില്‍ തുടര്‍ ജീവിതം അസാധ്യമാവുകയും ചെയ്ത സാഹചര്യത്തില്‍ 'ഞാനെന്റെ നാഥങ്കലേക്ക് പോവുകയാണ്, അവന്‍ എനിക്ക് വഴികാണിച്ചുതരും' എന്ന് പ്രഖ്യാപിച്ച് ഇബ്‌റാഹീം (അ) പലായനത്തിന് തയാറായപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ പ്രിയപത്‌നി സാറ(റ)യുമുണ്ടായിരുന്നു. ആദര്‍ശപ്രചാരണാര്‍ഥം വിവിധ രാജ്യങ്ങളും പ്രതികൂല സാഹചര്യങ്ങളും താണ്ടിക്കടന്നുകൊണ്ടുള്ള വര്‍ഷങ്ങള്‍ നീണ്ടുനിന്ന ക്ലേശപൂര്‍ണമായ യാത്രയില്‍ ഇബ്‌റാഹീം നബി(അ)ക്ക് താങ്ങും തണലുമായി വര്‍ത്തിച്ചതും സമാശ്വാസം പകര്‍ന്നുനല്‍കിയതും സാറ(റ)യായിരുന്നു.
സാറ(റ)യെ പോലെതന്നെ ഇബ്‌റാഹീം നബിയെ തന്റെ ദൗത്യനിര്‍വഹണത്തില്‍ ത്യാഗോജ്ജ്വലമായ ജീവിതത്തിലൂടെ പിന്തുണച്ച മഹതിയായിരുന്നു പത്‌നി ഹാജറ (റ). ജനശൂന്യവും ജലശൂന്യവുമായ മക്കയെ ലക്ഷ്യമാക്കിയുള്ള യാത്രയില്‍ കൂടെ ഹാജറ(റ)യും മുലകുടി പ്രായത്തിലുള്ള മകന്‍ ഇസ്മാഈലുമുണ്ടായിരുന്നു.
വിജനമായ ഭൂമിയില്‍ അവരെ തനിച്ചാക്കി തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ 'ഞങ്ങളെ ഇവിടെ തനിച്ചാക്കി നിങ്ങളെങ്ങോട്ടാണ് പോകുന്നതെ'ന്ന ചോദ്യത്തിന് 'നിങ്ങളിവിടെ തനിച്ചല്ല, അല്ലാഹുവുണ്ട് നിങ്ങളുടെ കൂടെ' എന്ന മറുപടി മാത്രമായിരുന്നു കൂട്ട്. 'അല്ലാഹുവിന്റെ ആജ്ഞയനുസരിച്ചുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളെയിവിടെ തനിച്ചാക്കിപ്പോകുന്നതെങ്കില്‍ അല്ലാഹു ഞങ്ങളെ കൈവിടുകയില്ല' എന്നായിരുന്നു അവരുടെ മറുപടി.
ആസിയ
സത്യവിശ്വാസികള്‍ക്ക് മാതൃകയായി വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന രണ്ട് മഹദ് വനിതകളില്‍ ഒരാളായ ആസിയാ (റ) വിശ്വാസമാര്‍ഗത്തില്‍ എന്ത് ത്യാഗവും സഹിക്കാനും പരീക്ഷണങ്ങളെ സധീരം അഭിമുഖീകരിക്കാനും സന്നദ്ധയായിരുന്നു. 'ഞാനാണ് നിങ്ങളുടെ സര്‍വാധിനാഥന്‍. ഈജിപ്തിന്റെ പൂര്‍വാധികാരം എനിക്കല്ലേ? ഈ നദികളൊഴുകുന്നത് എന്റെ ചൊല്‍പ്പടിക്കനുസരിച്ചല്ലേ?' എന്നു പറഞ്ഞ് ഔദ്ധത്യം നടിക്കുകയും ഇസ്‌റാഈല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെ അറു കൊല ചെയ്യുകയും ചെയ്ത അതിക്രൂരനായ ഫിര്‍ഔന്റെ പ്രിയപത്‌നിയായി സുഖാഢംബരങ്ങളില്‍ ജീവിതം കഴിച്ചുകൂട്ടുന്നതിനിടയിലാണ് അവരുടെ ഹൃദയാന്തരാളത്തിലേക്ക് സത്യവിശ്വാസം കടന്നുചെന്നത്. മൂസാ(അ)യെ പരാജയപ്പെടുത്താന്‍ ഫിര്‍ഔന്‍ കൊണ്ടുവന്ന ഐന്ദ്രജാലികര്‍ ദിവ്യദൃഷ്ടാന്തത്തിനു മുമ്പില്‍ പരാജയം സമ്മതിക്കുകയും ഞങ്ങള്‍ മൂസായുടെയും ഹാറൂന്റെയും നാഥനില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ അവരെ പിന്തിരിപ്പിക്കാന്‍ ഫിര്‍ഔന്‍ പല പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ക്രൂരമായ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചു.
ഐഹിക ജീവിതത്തിലെ സുഖാഡംബരങ്ങളേക്കാളും ഫിര്‍ഔന്റെ കൊട്ടാരത്തിലെ രാജ്ഞിപദത്തേക്കാളും സ്ഥാനമാനങ്ങളേക്കാളും മരണാനന്തരം സ്വര്‍ഗത്തിലൊരിടം ലഭിക്കുന്നതിനാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്.
ഖദീജ (റ)
മുഹമ്മദ് നബി(സ)ക്ക് താങ്ങും തണലുമായി സ്വശരീരം കൊണ്ടും സമ്പത്തുകൊണ്ടും ദീനീമാര്‍ഗത്തില്‍ മഹത്തായ സേവനങ്ങളനുഷ്ഠിച്ച മാതൃകാ വനിതയായിരുന്നു ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ (റ). പ്രവാചകത്വലബ്ധിയുടെ പ്രാരംഭഘട്ടത്തില്‍ ഹിറാ ഗുഹയില്‍ പേടിച്ചു വിറച്ച് വീട്ടിലെത്തിയ അദ്ദേഹത്തെ സമാശ്വസിപ്പിച്ച് അവര്‍ പറഞ്ഞു: 'ഇല്ല. അല്ലാഹു ഒരിക്കലും അങ്ങയെ കൈയൊഴിയുകയില്ല. അങ്ങ് കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നു. അതിഥിയെ സല്‍ക്കരിക്കുന്നു. അവശനെ സഹായിക്കുന്നു. സത്യത്തിന്റെ വിജയത്തിനു വേണ്ടി യത്‌നിക്കുന്നു.' ഈ ആശ്വാസവചനങ്ങള്‍ പ്രവാചകന്റെ വിഭ്രാന്തിക്ക് അല്‍പം ലഘൂകരണം നല്‍കിയെങ്കിലും തന്റെ പ്രിയതമനുണ്ടായ അത്യസാധാരണമായ അനുഭവത്തിന്റെ അര്‍ഥമെന്തെന്ന് അറിയാന്‍ ഖദീജ(റ)ക്ക് അതിയായ ജിജ്ഞാസയുണ്ടായിരുന്നു. അങ്ങനെ അവര്‍ പ്രിയതമനെയും കൂട്ടി തന്റെ ജ്ഞാനവൃദ്ധനായ, ബൈബിള്‍ വിജ്ഞാനീയത്തില്‍ വ്യുല്‍പത്തി നേടിയ പിതൃവ്യപുത്രന്‍ വറഖത്തു ബ്‌നു നൗഫലിന്റെ അടുത്തേക്ക് പോയി. അദ്ദേഹം പറഞ്ഞു: 'ദൈവം മൂസായുടെയും ഈസായുടെയും അടുക്കലേക്കയച്ച സന്ദേശവാഹകന്‍ തന്നെയാണിത്. ഞാനൊരു യുവാവായിരുന്നുവെങ്കില്‍! നിന്റെ ജനത നിന്നെ പുറത്താക്കുമ്പോള്‍ ഞാന്‍ ജീവിച്ചിരുന്നുവെങ്കില്‍!' 'എന്നെ അവര്‍ പുറത്താക്കുമോ?' തിരുമേനി ഉല്‍ക്കണ്ഠയോടെ ചോദിച്ചു. 'അതേ, നീ കൊണ്ടുവന്നതുപോലെയുള്ള സന്ദേശവുമായി വന്ന ഒരാളും മര്‍ദനത്തിന് ഇരയാവാതിരുന്നിട്ടില്ല. അന്ന് ഞാന്‍ ബാക്കിയാവുമെങ്കില്‍ ഞാന്‍ നിനക്ക് ശക്തമായ പിന്തുണ നല്‍കുക തന്നെ ചെയ്യും.'
വറഖത്തുബ്‌നു നൗഫലുമായുള്ള കൂടിക്കാഴ്ചയോടെ തന്റെ പ്രിയതമന്‍ ദൈവദൂതനായി നിയോഗിക്കപ്പെട്ടിരിക്കുകയാണെന്ന് ഖദീജ(റ)ക്ക് ബോധ്യമായി. അവര്‍ ഉടനെത്തന്നെ അദ്ദേഹത്തില്‍ വിശ്വസിച്ചതുവഴി അവര്‍ക്ക് പ്രഥമ വിശ്വാസി എന്ന സ്ഥാനം ലഭിച്ചു. ശിഷ്ട ജീവിതത്തില്‍ തന്റെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ധനംകൊണ്ടും അവര്‍ മഹത്തായ സേവനങ്ങള്‍ അനുഷ്ഠിച്ചു.
സുമയ്യ
മുഹമ്മദ് നബി(സ)യുടെ അനുചരന്മാരില്‍ പ്രഥമമായി രക്തസാക്ഷിത്വം വരിച്ച മഹിളാ രത്‌നമായിരുന്നു സുമയ്യ ബിന്‍തു ഖയ്യാത്വ് (റ). അവരും ഭര്‍ത്താവ് യാസിറും (റ) മകന്‍ അമ്മാറും (റ) ബനൂ മഖ്‌സൂം ഗോത്രത്തലവനായ അബൂ ഹുദാഫ ബ്‌നുല്‍ മുഗീറയുടെ അടിമകളായിരുന്നു. നബി(സ) ഇസ്‌ലാമിക പ്രബോധനം ആരംഭിച്ച ശേഷം അവരില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് അമ്മാര്‍ (റ) ആയിരുന്നു. ശേഷം സുമയ്യ(റ)യും പിന്നീട് യാസിറും (റ). ആലുയാസിര്‍ (യാസിര്‍ കുടുംബം) എന്ന പേരിലാണവര്‍ അറിയപ്പെടുന്നത്. അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള ഖുറൈശി ഗോത്രത്തിന്റെ അതിക്രൂരമായ മര്‍ദന പീഡനങ്ങള്‍ക്ക് അവര്‍ വിധേയരാക്കപ്പെട്ടു. കൈകാലുകള്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട് ചുട്ടുപഴുത്ത മണലില്‍ കിടത്തി നെഞ്ചത്ത് പാറക്കല്ല് കയറ്റിവെച്ച് അതിദാരുണമായി ചാട്ടവാര്‍ കൊണ്ട് അടിക്കപ്പെട്ടു. മര്‍ദിക്കപ്പെടുന്ന സമയത്ത് അവര്‍ക്കരികിലൂടെ നടന്നുപോയ പ്രവാചകന്‍ (സ) അവരെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: 'യാസിര്‍ കുടുംബമേ, നിങ്ങള്‍ ക്ഷമിക്കുക. നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് സ്വര്‍ഗമാണ്.' ഖുറൈശീ നേതാവായ അബൂജഹ്‌ലിന് സുമയ്യയോടായിരുന്നു ഏറ്റവുമധികം അരിശം. ഒരടിമസ്ത്രീ മാത്രമായ സുമയ്യയോട് താന്‍ പരാജയപ്പെടുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ ഒരു കുന്തമെടുത്ത് സുമയ്യയുടെ നാഭിക്കുനേരെ എറിഞ്ഞു. രക്തം ധാരധാരയായി ഒഴുക്കി സുമയ്യ രക്തസാക്ഷിത്വം വരിച്ചു. അങ്ങനെ അവര്‍ ഇസ്‌ലാമിലെ പ്രഥമ രക്തസാക്ഷിയായി.
സുമയ്യ(റ)യെ കൂടാതെ സനീറ, നഹ്ദിയ്യ, ഉമ്മു ഉബൈസ് (റ) എന്നീ അടിമസ്ത്രീകളും ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ കഠിനമായ മര്‍ദനപീഡനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അവരെയെല്ലാം അബൂബക്ര്‍ (റ) അവരുടെ യജമാനന്മാരില്‍നിന്ന് വിലയ്ക്ക് വാങ്ങി മോചിപ്പിക്കുകയാണുണ്ടായത്.
ഉമ്മു ശുറൈക്
വനിതകള്‍ക്കിടയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയിരുന്ന ഒരു മഹതിയായിരുന്നു ബനൂ ആമിര്‍ ഗോത്രക്കാരിയായ ഉമ്മു ശുറൈക് (റ). ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഉമ്മു ശുറൈക് മക്കയിലായിരിക്കെ അവരുടെ ഹൃദയത്തില്‍ ഇസ്‌ലാമികാദര്‍ശം പ്രവേശിക്കുകയും അവര്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. പിന്നീടവര്‍ ഖുറൈശി ഗോത്രത്തിലെ സ്ത്രീകളെ രഹസ്യമായി സന്ദര്‍ശിക്കുകയും അവര്‍ക്കിടയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തുകയും ചെയ്തു താമസിയാതെ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച വിവരം ഖുറൈശികള്‍ക്ക് ലഭിക്കുകയും അവര്‍ അവരെ പിടികൂടുകയും ചെയ്തു. അവര്‍ പറഞ്ഞു: 'നിന്റെ ഗോത്രമായ ബനൂ ആമിറുമായി ഞങ്ങള്‍ക്കുള്ള സ്‌നേഹബന്ധം കാരണത്താല്‍ മാത്രമാണ് ഞങ്ങള്‍ നിന്നെ ശിക്ഷിക്കാത്തത്. ഏതായാലും ഞങ്ങള്‍ നിന്നെ അവരിലേക്ക് തിരിച്ചയക്കുകയാണ്.' തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഉമ്മു ശുറൈക് തന്നെ വിവരിക്കുന്നു: 'അവരെന്നെ ഒരൊട്ടകപ്പുറത്ത് കയറ്റി, അതിനു പുറത്ത് ഇരിക്കാന്‍ സൗകര്യപ്രദമായ വിരിപ്പോ മറ്റോ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ അവരെന്നെ മൂന്ന് ദിവസം ഭക്ഷണ പാനീയങ്ങളൊന്നും നല്‍കാതെ പീഡിപ്പിച്ചു. പീഡനം കാരണത്താല്‍ എന്റെ ചെവിക്കൊന്നും കേള്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നു. അവര്‍ യാത്രക്കിടയില്‍ ഒരു സ്ഥലത്തിറങ്ങുകയാണെങ്കില്‍ അവരെന്നെ വെയിലത്ത് ബന്ധിച്ചിടും. അവര്‍ തണലില്‍ വിശ്രമിക്കും. യാത്ര തുടരുന്നതുവരെ അവരെനിക്ക് ഭക്ഷണപാനീയമൊന്നും നല്‍കിയിരുന്നില്ല.''
ആദര്‍ശ പ്രബോധന രംഗത്തെപ്പോലെ സത്യദീനിന്റെ മാര്‍ഗത്തില്‍ പലായനം ചെയ്തവരിലും സ്ത്രീസാന്നിധ്യം ദര്‍ശിക്കാന്‍ സാധിക്കും. അബ്‌സീനിയയിലേക്ക് പലായനം ചെയ്ത പതിനാല് പേരടങ്ങുന്ന പ്രഥമ സംഘത്തില്‍ നാലു സ്ത്രീകളുണ്ടായിരുന്നു. പ്രവാചക പുത്രിയായ റുഖിയ്യ, സുഹൈലുബ്‌നു അംറിന്റെ മകള്‍ സഹ്‌ല, അബൂസലമയുടെ ഭാര്യ ഉമ്മു സലമ, ആമിറുബ്‌നു റബീഅയുടെ പത്‌നി ലൈല എന്നിവരായിരുന്നു അവര്‍. പിന്നീട് താഴെ പറയുന്ന പതിനഞ്ച് വനിതകള്‍ കൂടി അബ്‌സീനിയയിലേക്ക് പലായനം ചെയ്തു: അസ്മാഅ് ബിന്‍തു ഉമൈസ്, ഫാത്വിമ ബിന്‍തു സ്വഫ്‌വാന്‍, ഉംനിയ്യ ബിന്‍തു ഖലഫ്, ഉമ്മു ഹബീബ ബിന്‍തു അബീ സുഫ്‌യാന്‍, ബറക ബിന്‍തു യസാര്‍, ഉമ്മു ഹര്‍മല ബിന്‍തു അബ്ദില്‍ അസ്‌വദ്, റംല ബിന്‍തു അബീ ഔഫ്, റൈത്വ ബിന്‍തുല്‍ ഹാരിസ്, ഫാത്വിമ ബിന്‍തുല്‍ മുജല്ലല്‍, ഫകീഹ ബിന്‍തു യസാര്‍, സുഫ്‌യാനു ബ്‌നു മുഅമ്മറിന്റെ ഭാര്യ ഹസന, ഉമ്മു കുത്സൂം ബിന്‍തു സഹ്‌ലു ബ്‌നു അംറ്, സൗദ ബിന്‍തു സംഅ, അംറ ബിന്‍തു സഅ്ദീ, ഫാത്വിമ ബിന്‍തു അല്‍ഖമ.
പ്രവാചകന്റെ മദീനയിലേക്കുള്ള പലായനത്തിന് പശ്ചാത്തലമൊരുക്കിയ രണ്ടാം അഖബാ ഉടമ്പടിയില്‍ മദീനയില്‍നിന്ന് ഹജ്ജിനെത്തിയ രണ്ട് വനിതകള്‍ സന്നിഹിതരായിരുന്നു. ബനൂമാസിന്‍ ഗോത്രക്കാരിയായ ഉമ്മു അമ്മാറ എന്ന നസീബ ബിന്‍തു കഅ്ബും ബനൂ സലമ ഗോത്രക്കാരിയായ ഉമ്മു മനീഅ് എന്ന അസ്മാഅ് ബിന്‍തു അംറും.
ഉമ്മു സലമ
മദീനയിലേക്കുള്ള പലായനവേളയില്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച വനിതയായിരുന്നു ഉമ്മു സലമ (റ). മക്കയിലെ ജീവിതകാലത്ത് ഇസ്‌ലാമിന്റെ പേരില്‍ മര്‍ദനപീഡനങ്ങള്‍ നേരിടേണ്ടിവന്ന അബൂസലമ (റ)യും പത്‌നി ഉമ്മു സലമ(റ)യും മകന്‍ സലമയെയും കൂട്ടി പലായനത്തിനൊരുങ്ങി. വിവരമറിഞ്ഞ ബനൂ മഖ്‌സൂം ഗോത്രക്കാര്‍ അവരെ തടഞ്ഞുനിര്‍ത്തുകയും ഉമ്മു സലമയെയും കുട്ടിയെയും ഒട്ടകപ്പുറത്തുനിന്ന് പിടിച്ചിറക്കുകയും ചെയ്തു. അവര്‍ അബൂസലമയോട് പറഞ്ഞു: 'നിനക്ക് വേണമെങ്കില്‍ തനിച്ച് പോകാം. പക്ഷേ ഞങ്ങളുടെ ഗോത്രക്കാരിയായ ഉമ്മുസലമയെ ഞങ്ങള്‍ വിട്ടുതരികയില്ല.'
ബനൂ മഖ്‌സൂം ഗോത്രക്കാര്‍ ഉമ്മുസലമയെയും കുട്ടിയെയും യാത്രയില്‍നിന്ന് തടഞ്ഞുവെച്ചത് കണ്ട അബൂസലമയുടെ അബൂ അബ്ദുല്‍ അസദ് ഗോത്രക്കാര്‍ രോഷാകുലരായിക്കൊണ്ട് പറഞ്ഞു: 'ഞങ്ങളുടെ കുടുംബക്കാരനില്‍നിന്ന് അവന്റെ ഭാര്യയെ നിങ്ങള്‍ ബലമായി പിടിച്ചെടുത്തു. അതുകൊണ്ട് കുട്ടിയെ ഞങ്ങളും വിട്ടുതരികയില്ല. അവര്‍ ഞങ്ങളുടെ കുട്ടിയാണ്.' സലമയെ ഇരുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും പിടിച്ചുവലിച്ചു, അവന്റെ കൈ അളുക്കു തെറ്റി. ഒടുവില്‍ അവനെ അവര്‍ കൈവശപ്പെടുത്തി. അങ്ങനെ ഭര്‍ത്താവും ഭാര്യയും മകനും മൂന്ന് സ്ഥലത്തായി, ഒരു വര്‍ഷം കഴിഞ്ഞ ശേഷമേ ഉമ്മുസലമക്ക് മകനെ തിരിച്ചുകിട്ടിയുള്ളൂ. അതിനു ശേഷം അവര്‍ കുട്ടിയെയും കൂട്ടി മദീനയിലേക്ക് പലായനം ചെയ്തു.
അസ്മാ ബിന്‍ത് അബീബക്ര്‍
മദീനയിലേക്കുള്ള നബി(സ)യുടെയും അബൂബക്ര്‍ സിദ്ദീഖി(റ)ന്റെയും പലായന വേളയില്‍ സവിശേഷ സേവനങ്ങളനുഷ്ഠിച്ച സ്ത്രീരത്‌നമായിരുന്ന അസ്മാഅ് ബിന്‍തു അബീബക്ര്‍ (റ), പ്രവാചകന്റെയും സിദ്ദീഖിന്റെയും പലായനം സംഭവിച്ച സൂക്ഷ്മജ്ഞാനമുള്ള ചിലരില്‍ ഒരാളായിരുന്നു അസ്മാഅ് (റ). അബൂബക്‌റി(റ)ന്റെ പുത്രന്‍ അബ്ദുല്ല, പുത്രിമാരായ അസ്മാഅ്, ആഇശ, ഭൃത്യന്‍ ആമിറുബ്‌നുല്‍ ഫുഹൈറ എന്നിവരായിരുന്നു അവര്‍. അവരെല്ലാം രഹസ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിച്ചു. നബി(സ)യും അബൂബക്‌റും(റ) ഖുറൈശികള്‍ക്ക് പിടികൊടുക്കാതെ സൗര്‍ ഗുഹയില്‍ ഒളിച്ചിരുന്ന ദിവസങ്ങളില്‍ അവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുത്തിരുന്നത് അസ്മാഅ് (റ) ആയിരുന്നു. ഒരു ദിവസം പ്രവാചകന്നും പിതാവിനും ആഹാരമൊരുക്കിക്കൊണ്ടിരിക്കെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബദ്ധശത്രുവായ അബൂജഹ്ല്‍ വീട്ടില്‍ കയറിവന്ന് അബൂബക്ര്‍ എവിടെയാണെന്ന് അന്വേഷിച്ചു. ബുദ്ധിമതിയായ അസ്മാഅ് ശരിയായ മറുപടി നല്‍കാതെ അജ്ഞത നടിക്കുകയാണ് ചെയ്തത്. അബൂജഹ്ല്‍ ഭീഷണിപ്പെടുത്തിയിട്ടും രഹസ്യം വെളിപ്പെടുത്തിയില്ല.
ഗുഹാവാസമവസാനിപ്പിച്ച് നബി(സ)യും അബൂബക്‌റും(റ) മദീനയിലേക്ക് യാത്ര തിരിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്കാവശ്യമുള്ള ആഹാരപാനീയങ്ങളുമായി അസ്മാഅ്(റ) എത്തി. ഭക്ഷണസാധനങ്ങള്‍ ഒട്ടകപ്പുറത്ത് ബന്ധിക്കാന്‍ തങ്ങളുടെ കൈയില്‍ കയര്‍ ഇല്ല എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടപ്പോള്‍ അസ്മാഅ് (റ) തന്റെ അരയില്‍ കെട്ടിയിരുന്ന തുണി അഴിച്ചെടുത്ത് രണ്ടായി കീറി ഒരു കഷ്ണം കൊണ്ട് ആഹാരപദാര്‍ഥങ്ങളും വെള്ളവും ഒട്ടകപ്പുറത്ത് ബന്ധിക്കുകയും മറ്റേ കഷ്ണം അരയില്‍ തന്നെ കെട്ടുകയും ചെയ്തു. ഈ സംഭവം അവര്‍ക്ക് 'ദാത്തുന്നിത്വാഖൈനി' (ഇരട്ടപ്പട്ടക്കാരി) എന്ന ശാശ്വതമായ ഒരപരനാമം സിദ്ധിക്കാന്‍ കാരണമായി.
അസ്മാഅ് (റ) തന്റെ ബുദ്ധികൗശലം ഉപയോഗിച്ച മറ്റൊരു സംഭവം കൂടി ഉദ്ധരിക്കപ്പെടുന്നു. പിതാവ് അബൂബക്ര്‍ (റ) മദീനയിലേക്ക് പലായനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്റെ മുഴുവന്‍ സമ്പാദ്യവുമായിട്ടാണ് പോയത്. വീട്ടിലൊരു സംഖ്യയും ബാക്കിവെച്ചിരുന്നില്ല. വിവരമറിയാമായിരുന്ന അസ്മാഅ് ആ കാര്യം പിതാമഹനില്‍നിന്ന് മറച്ചുവെച്ചു. പ്രായാധിക്യത്താല്‍ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്ന അബൂഖുഹാഫ അപ്പോഴും അമുസ്‌ലിമായിരുന്ന അബൂബക്ര്‍ സമ്പാദ്യമൊക്കെ കൊണ്ടുപോയില്ലേ എന്ന് അസ്മാഇനോട് അദ്ദേഹം ചോദിച്ചപ്പോള്‍ അവര്‍ ചെയ്തത് പണപ്പെട്ടികള്‍ കല്ലിന്‍കഷ്ണങ്ങളായിട്ട് അതിനു മുകളില്‍ തുണികൊണ്ട് മൂടി അബൂഖുഹാഫയുടെ മുമ്പില്‍ തുറന്നുവെച്ചുകൊണ്ട് കൈകൊണ്ട് തൊട്ടുനോക്കാന്‍ ആവശ്യപ്പെട്ടു. അന്ധനായ അബൂഖുഹാഫ അത് പണമാണെന്ന് സമാധാനിച്ച് സംതൃപ്തി പ്രകടിപ്പിച്ചു.