അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളില്‍ ഒന്ന് അല്‍ മുസവ്വിര്‍ അഥവാ സൗന്ദര്യം രൂപപ്പെടുത്തുന്നവന്‍ എന്നാണ്.
അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളില്‍ ഒന്ന് അല്‍ മുസവ്വിര്‍ അഥവാ സൗന്ദര്യം രൂപപ്പെടുത്തുന്നവന്‍ എന്നാണ്. ഏഴു പ്രപഞ്ചങ്ങളും ഭൂമിയും അതില്‍ അലങ്കരിക്കപ്പെട്ട സൃഷ്ടിവൈഭവമുള്ള സര്‍വ ചരാചരങ്ങളും അല്ലാഹുവിന്റെ ഉദാത്തമായ സൗന്ദര്യ സങ്കല്‍പ്പമാണ്. പ്രകാശത്തില്‍നിന്ന് മാലാഖമാരെയും അഗ്‌നിയില്‍നിന്ന് ജിന്ന് വംശത്തെയും ജലത്തില്‍ നിന്ന് ഭൂമിയിലെ സര്‍വ ജീവജാലങ്ങളെയും അവന്‍ രൂപാന്തരപ്പെടുത്തി. ഒടുവില്‍ അത്യുന്നതമായ മണ്ഡലത്തില്‍ മനുഷ്യന്റെ ചാരുരൂപം കളിമണ്ണിന്റെ സത്തില്‍നിന്ന് അല്ലാഹു വാര്‍ത്തെടുത്തു. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ''തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോട് കൂടി സൃഷ്ടിച്ചിരിക്കുന്നു.'' അല്ലാഹു ആദ്യ മാനവന് ആദം എന്നാണ് നാമകരണം ചെയ്തത്. ആദം എന്ന പദത്തിന് അറബി ഭാഷയില്‍ കറുപ്പ് എന്നാണര്‍ഥം, ഹീബ്രുവില്‍ മണ്ണ് എന്നും. ആദ(അ)മില്‍നിന്ന് തന്നെയുള്ള ഇണയായ ഹവ്വ(റ)യില്‍നിന്ന് ബഹുവിധ വര്‍ണങ്ങളിലും വംശങ്ങളിലുമുള്ള മനുഷ്യസമൂഹങ്ങളെ അല്ലാഹു ഭൂമിയില്‍ വ്യാപിപ്പിച്ചു. അല്ലാഹു പ്രസ്താവിക്കുന്നു: ''ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു.''
കാലത്തിന്റെയും ലോകത്തിന്റെയും മനസ്സിന്റെയും ഇടയില്‍ മനുഷ്യര്‍ തീര്‍ത്ത അതിര്‍വരമ്പുകള്‍ക്കപ്പുറം സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സുന്ദരമായ മാതൃകയാണ് അല്ലാഹു മാനവരാശിക്ക് തുറന്നുവെച്ചത്.
ഖുര്‍ആനില്‍ ഒരിടത്തും വംശം എന്നോ തത്തുല്യമായതോ ആയ പദം കാണാന്‍ സാധിക്കുകയില്ല. കാരണം ചരിത്രപരമായി വംശം എന്ന പദത്തിന് വസ്തുനിഷ്ഠമായ ഒരു നിര്‍വചനം ഇല്ല. എന്നാല്‍ അതിനെ അനേകം സൂചകങ്ങളായി തിരിക്കാം. മനുഷ്യരുടെ ജനിതക പ്രത്യേകതകളായ ചര്‍മത്തിന്റെ വര്‍ണം, ശാരീരിക പ്രത്യേകതകള്‍, നാട്, വിശ്വാസപരവും സാംസ്‌കാരികവും ആയ വ്യതിയാനങ്ങള്‍ എന്നിവയെ കുറിക്കാന്‍ ഈ പദം ഉപയോഗിക്കുന്നു.
ഒരു വംശം മറ്റൊരു വംശത്തിനുമേല്‍ മേന്മയുണ്ടെന്ന മിഥ്യധാരണയാണ് വംശീയത. വംശീയതയുടെ തീവ്രരൂപം ആധുനിക കാലഘട്ടത്തിന്റെ തലക്കല്‍നിന്ന് ആരംഭിച്ച്, ഇന്ന് നാം ജീവിക്കുന്ന ഉത്തരാധുനിക ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലും പടര്‍ന്ന് മനുഷ്യമനസ്സുകളില്‍ വഴുക്കു കെട്ടിയിരിക്കുന്നു. വംശീയ വെറിയുടെ ഒടുവിലത്തെ ഇരയായ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്, പുരോഗതിയുടെ പര്യായമായി വാഴ്ത്തപ്പെടുന്ന അമേരിക്കയിലെ ഒരു തെരുവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മുട്ടുകാലില്‍ ഞെരിഞ്ഞാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ കറുത്തവര്‍
ഖുര്‍ആന്‍ വംശീയതക്കെതിരെയുള്ള ശക്തമായ വിപ്ലവമായിക്കൊണ്ടാണ് അവതരിപ്പിക്കപ്പെട്ടത്. മനുഷ്യരുടെ വൈവിധ്യം സാക്ഷാല്‍ അല്ലാഹുവിന്റെ കലാവിരുതാണ്. ''ആകാശഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലും ഉള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്കു ദൃഷ്ടാന്തങ്ങളുണ്ട്'' (അര്‍റൂം 22). അല്ലാഹു എല്ലാ സമുദായങ്ങളിലും വ്യത്യസ്ത വര്‍ണങ്ങളിലും ഭാഷയിലും ഉള്ള പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. നബി(സ)യുടെ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തിലെ വാചകങ്ങള്‍ വംശീയതക്കെതിരെയുള്ള എക്കാലത്തെയും ശക്തമായ ശബ്ദമാണ്. അദ്ദേഹം പ്രസ്താവിച്ചു: 'എല്ലാ മനുഷ്യരും ആദമില്‍നിന്നും ഹവ്വയില്‍നിന്നും ഉള്ളതാണ്. ഒരു അറബിക്ക് അനറബിയുടെ മീതെ ശ്രേഷ്ഠതയില്ല, അനറബിക്ക് അറബിക്കു മീതെ ശ്രേഷ്ഠതയില്ല, വെളുത്തവന് കറുത്തവന്റെ മേല്‍ ശ്രേഷ്ഠതയില്ല. കറുത്തവനു വെളുത്തവന് മേല്‍ ശ്രേഷ്ഠതയില്ല, ദൈവബോധവും നന്മയും കൊണ്ടല്ലാതെ.' നബി(സ)യുടെ ഈ പ്രസ്താവന യൂറോപ്പ് സാംസ്‌കാരികവും ബൗദ്ധികവുമായ ഇരുണ്ടകാലഘട്ടത്തില്‍ ഉള്ളപ്പോഴായിരുന്നു എന്ന് സ്മരിക്കുക.
ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ഐതിഹാസിക പ്രവാചകനായ സുലൈമാ(അ)ന്റെ നിറം ഇരുണ്ടതായിരുന്നു എന്ന് ബൈബിളില്‍ കാണാം. ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ എടുത്തു പറഞ്ഞ, അല്ലാഹു നേരിട്ട് സംസാരിച്ച പ്രവാചകന്‍ മൂസാ(അ)യുടെ നിറത്തെ പറ്റി ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിച്ച ഹദീസില്‍ നബി (സ) പറയുന്നു: 'ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ട രാത്രിയില്‍ മൂസാ(അ)യെ കണ്ടു, പൊക്കവും കറുത്ത ചര്‍മവുമുള്ള...' (മുസ്‌ലിം, ബുഖാരി). മറ്റൊരു ഹദീസില്‍ പറയുന്നത് അറബികളിലുള്ള കറുത്ത വര്‍ഗ ഗോത്രങ്ങളായ സൂത്ത്, ശാന്‍ആയെപ്പോലെ ആയിരുന്നു എന്നാണ്. ക്രിസ്തീയ ദേവാലയങ്ങളില്‍ ചിത്രീകരിച്ച ഈസാ(അ) യഥാര്‍ഥത്തില്‍ യൂറോപ്യന്‍ സങ്കല്‍പ്പത്തില്‍ ഉള്ള വെളുത്തു നീല നേത്രമുള്ള രൂപമാണ്. ആശ്ചര്യകരമായി ഈസാ(അ)യുടെ നിറത്തെ സംബന്ധിച്ച് ഒന്നിലധികം ഹദീസുകള്‍ കാണാം. അതിലൊന്ന് ഇബ്‌നു ഉമര്‍ (റ) ഉദ്ധരിച്ച ആധികാരിക ഹദീസില്‍ നബി (സ) പറയുന്നു: 'ഞാന്‍ കഅ്ബക്കരികെ ഉറങ്ങുന്ന വേളയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരനായ ഇരുണ്ട മനുഷ്യനെ കണ്ടു. അദ്ദേഹത്തിന്റെ കാതിനും തോളിനുമിടയില്‍ മനോഹരമായി മുടി ഒതുക്കിവെച്ചു കൊണ്ട്...' അതാരായിരുന്നു എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് അരുളി: 'മര്‍യമിന്റെ പുത്രന്‍ മസീഹ്.' അതുപോലെ വിശുദ്ധ ഖുര്‍ആനിലെ അധ്യായം അല്‍ കഹ്ഫില്‍, യഅ്ജൂജ് - മഅ്ജൂജ് കാട്ടാള ഗോത്രത്തെ അല്ലാഹുവിന്റെ സഹായത്താല്‍ ലോഹമതില്‍ തീര്‍ത്ത് തടഞ്ഞ ദുല്‍ഖര്‍നൈന്‍, ഒരു കറുത്ത രാജാവായിരുന്നു എന്ന് ഹദീസുകളില്‍ പറയപ്പെടുന്നു.
നബി(സ)യുടെ ഗോത്രം മഹതിയായ ഒരു കറുത്ത സ്ത്രീയില്‍നിന്നാണ്. അവരാണ് ഇബ്‌റാഹീമി(അ)ന്റെ പത്‌നി ഹാജറ (റ). ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ആദ്യമായി ബാങ്ക് വിളിച്ചത് കറുപ്പു നിറം കൊണ്ട് വിശിഷ്യാ അറിയപ്പെടുന്ന ബിലാലാ(റ)ണ്. കഅ്ബക്ക് മുകളില്‍ കയറാന്‍ പ്രവാചകന്‍ മുഹമ്മദ് (സ) തന്റെ മുതുക് കുനിച്ചുകൊടുത്തു മാതൃകയായി.
ശുദ്ധവംശം ഒരു നുണക്കഥ
വംശീയത യഥാര്‍ഥത്തില്‍ യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ ഉല്‍പ്പന്നമാണ്. സാമ്രാജ്യത്വത്തിന്റെ മുടിയന്മാരായ പുത്രന്മാര്‍ ആണ് വര്‍ണവിദ്വേഷവും വര്‍ഗീയതയും.
ഡാര്‍വിന്റെ ജീവശാസ്ത്ര ഗവേഷണങ്ങളിലെ ഉത്തമരുടെ അതിജീവനം (Survival of the Fittest) എന്ന ആശയം പിന്നീട് സാമൂഹിക ഡാര്‍വിനിസം ആയി മാറിയതിനു ശേഷമാണ് വംശീയവെറി കൂടുതല്‍ ശക്തി പ്രാപിച്ചത്. മനുഷ്യരില്‍ വിവേചനം തീര്‍ത്തു വെള്ളമേധാവിത്തം ലോക ജനതക്കു മേല്‍ അടിച്ചേല്‍പ്പിച്ചു. വെളുത്ത വര്‍ഗക്കാര്‍ മാത്രമാണ് സംസ്‌കാരമുള്ള യഥാര്‍ഥ മനുഷ്യവംശം എന്നും മറ്റു വര്‍ണങ്ങളിലും വംശങ്ങളിലും ഉള്ളവര്‍ ഉപമനുഷ്യരായ പ്രാകൃതവിഭാഗമെന്നും പ്രചരിപ്പിച്ചത് ഇരുപതാം നൂറ്റാണ്ടിലെ ജീവശാസ്ത്രജ്ഞരും സാമ്രാജ്യത്വ ചിന്തകരുമാണ്. ഇംഗ്ലീഷ് കവി റുഡ്യാര്‍ഡ് കിപ്ലിംഗ് 'വെള്ളക്കാരന്റെ ഭാരം' എന്ന വിദ്വേഷം വമിക്കുന്ന കവിത രചിച്ചു. കറുത്തവര്‍ഗക്കാരായ ആഫ്രിക്കന്‍ ജനത സാത്താന്റെ സന്തതികളായി മുദ്രകുത്തി.
ആശ്ചര്യമെന്തെന്നാല്‍ രണ്ടാം ലോകയുദ്ധ കാലത്തെ സ്വയം 'ഫറര്‍' (നേതാവ്) എന്ന് വിശേഷിപ്പിച്ച ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലറും അല്ലാഹു ഖുര്‍ആനില്‍ എടുത്തുപറഞ്ഞ അധമനും ക്രൂരനുമായ 'ഫറോവ' (ഋഴ്യുശേമി ഗശിഴ)യും തമ്മിലെ സാമ്യതയാണ്. ഇരുവരും തങ്ങളുടെ 'ശുദ്ധവംശ'ത്തില്‍ ഹുങ്ക് കൊണ്ട് ജൂതരെ ഉന്മൂലനം ചെയ്തവരാണ്.
അമേരിക്കയിലും സൗത്ത് ആഫ്രിക്കയിലും വര്‍ഗീകരണം വെളുത്തവര്‍, കറുത്തവര്‍, ഇന്ത്യക്കാര്‍, വര്‍ണമുള്ളവര്‍ (Coloured) എന്നിങ്ങനെ ആയിരുന്നു. വെളുത്തവര്‍ക്കും കറുത്തവര്‍ക്കും പ്രത്യേക പ്രവേശനാനുമതിയുള്ള നഗരങ്ങളും ബീച്ചുകളും, എന്തിനു വാഷ് ബേസിനുകള്‍ പോലുമുണ്ടായിരുന്നു!
എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധികാരിക ഗവേഷണങ്ങള്‍ സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. 'മനുഷ്യസമൂഹം ആദ്യം വളര്‍ന്നത് കിഴക്കന്‍ ആഫ്രിക്കയിലാണ്. 70,000 വര്‍ഷങ്ങള്‍ക്കു മുമ്പ് കിഴക്കന്‍ ആഫ്രിക്കയില്‍നിന്ന് അറേബ്യയിലേക്കും തത്ഫലം ദ്രുതഗതിയില്‍ പിന്നീട് യുറേഷ്യന്‍ കരയിലേക്കും പടര്‍ന്നു എന്നത് ശാസ്ത്രജ്ഞര്‍ അംഗീകരിക്കുന്നു' (Sapiens, യുവാന്‍ നോഹ ഹരാരി, പേജ് 15).
ആദിമ മനുഷ്യരെല്ലാം കറുത്തവരായിരുന്നു. മനുഷ്യരില്‍ ഒരു കൂട്ടം സൂര്യതാപം കുറഞ്ഞിടത്തേക്കു സഞ്ചരിച്ചു നിലയുറപ്പിക്കുകയും ആയിരക്കണക്കിന് ഋതുക്കള്‍ കഴിഞ്ഞ് അവരുടെ ചര്‍മത്തിന്റെ നിറം നേര്‍ത്തുവരികയും ചെയ്തു.
ജീവശാസ്ത്രജ്ഞര്‍ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനില്‍നിന്നുള്ള വ്യത്യാസം ഒരു ശതമാനം മാത്രമെന്നും, എല്ലാ മനുഷ്യര്‍ക്കും ഒരേ ജനിതകഘടനയാണ് എന്നും തെളിയിച്ചു.
2012-ല്‍ ബ്രസീലിയന്‍ കലാകാരി അന്‍ജലിക്ക ദാസ്സ്‌സ് കൗണ്ടിന്റെ 'ഹ്യൂമനെ' (Humanae) പ്രൊജക്റ്റിലൂടെ 4000 പേരെ ഫോട്ടോഗ്രഫി ചെയ്ത് 4000 വ്യത്യസ്ത വര്‍ണശ്രേണി ഒപ്പിയെടുത്തു. അതായത് ഓരോ മനുഷ്യനും ഒരു വിശിഷ്ട നിറമുണ്ട്, വിരല്‍ അടയാളം (Fingerprint) പോലെ. 2016-ലെ ലേറ ടോക്കില്‍ പറയുന്നത് തന്റെ കളര്‍ ടരമഹലല്‍ ആരും പൂര്‍ണമായി കറുപ്പോ പൂര്‍ണമായും വെളുപ്പോ ഇല്ലെന്നാണ്.
സത്യങ്ങള്‍ അത്രക്ക് പച്ചപിടിക്കാത്ത ലോകം ആണിത്. ആധുനിക ആശയമായ ദേശീയതാ വാദം കൂടുതല്‍ വര്‍ഗങ്ങള്‍ മനുഷ്യര്‍ക്ക് ഇടയില്‍ കൊണ്ടുവന്നു. ആഭ്യന്തര കലഹങ്ങളും രാജ്യാന്തര യുദ്ധങ്ങളും തീവ്രദേശീയതയില്‍നിന്നാണ് ഉടലെടുക്കുന്നത്. ഇതിനെല്ലാം ആധാരം തങ്ങളുടെ വംശം മറ്റുള്ളവരേക്കാള്‍ ഉന്നതമെന്ന വാസ്തവരഹിതമായ ആശയസംഹിതയില്‍നിന്നാണ്.
ഇന്ന് എല്ലാ ലോകരാജ്യങ്ങളിലും മതം, വര്‍ഗം എന്നിവ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു.
മ്യാന്മറിലെ റോഹിങ്ക്യരും ചൈനയിലെ ഉയ്ഗൂര്‍ വംശജരും ഉന്മൂലനം ചെയ്യപ്പെട്ടത് മുസ്‌ലിം ആയതിന്റെ പേരിലാണ്. ഇന്ന് ലോകത്ത് എല്ലാ രാജ്യങ്ങളിലും മിശ്ര വംശജര്‍ ആണ് ഉള്ളത്. ശുദ്ധ വംശം തികച്ചും കെട്ടുകഥയാണ് (Racial purity is a myth).
ഇന്ത്യയിലെ ജാതിവിവേചനവും ഹിന്ദു-മുസ്‌ലിം അനൈക്യവും തുടര്‍ക്കഥയാവുന്നതിനു പിന്നില്‍ വംശീയവെറിയുടെ അപഹാസ്യമായ മിഥ്യാധാരണകള്‍ ഉണ്ട്. യഥാര്‍ഥ ഭാരതീയന്‍ എന്ന ചോദ്യത്തില്‍നിന്ന് ഭാരതത്തില്‍ കലാപങ്ങളുടെ പട ഇന്നും മദിച്ചുകൊണ്ടിരിക്കുന്നു. ഉത്തരാധുനിക പഠനങ്ങള്‍ തെളിയിക്കുന്നത് ഇന്ത്യയില്‍ മിശ്രിത വംശങ്ങള്‍ ഉണ്ടെന്നാണ്. മധ്യേഷ്യയില്‍നിന്ന് വന്നു എന്ന് കരുതപ്പെടുന്ന ആര്യന്മാര്‍ ഇന്ത്യയില്‍ വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ഇവിടെ ദ്രാവിഡ വംശജര്‍ (കേരളം, തമിഴ്‌നാട് etc സ്വദേശികള്‍) ഉണ്ടായിരുന്നു. സമീപകാലത്ത് ഹരിയാനയിലെ രാഖീഗര്‍ണി ഗുഹയില്‍നിന്ന് കണ്ടെടുത്ത 4500 വര്‍ഷം പഴക്കമുള്ള സിന്ധു നദീസംസ്‌കാരകാലത്തെ അസ്ഥികൂടത്തിന്റെ DNA കാണിക്കുന്നത് രണ്ട് വ്യത്യസ്ത ജനതയുടെ മിശ്രവംശം എന്നാണ്: 1) പൗരാണിക തെന്നിന്ത്യന്‍ പൂര്‍വികരും (Ancestral South Indians) 2) Iranian കര്‍ഷകരും. വടക്കേ ഇന്ത്യയിലെ 'മേല്‍' ജാതിക്കാരുടെ DNA-യുമായി ചേര്‍ച്ചയില്ല.
'ഹിന്ദു' എന്ന പദം പോലും അര്‍ഥമാക്കുന്നത് 'ഇന്ത്യയില്‍ വസിക്കുന്നയാള്‍' എന്നാണ്. അങ്ങനെയാണെങ്കില്‍ ജാതി- മത- വര്‍ഗ ഭേദമന്യേ ഏവരും ഭാരതീയരാണ്, സഹോദരങ്ങള്‍ ആണ്. കാരണം ഇസ്‌ലാം ഇന്ത്യയില്‍ എത്തുന്നതിനു മുമ്പുള്ള നമ്മുടെ പൂര്‍വജര്‍ ഇവിടെയുണ്ടല്ലോ.
പാശ്ചാത്യ മാധ്യമങ്ങള്‍ അറബികളെ സെമിറ്റിക്‌വിരുദ്ധര്‍ അല്ലെങ്കില്‍ ജൂതവിരുദ്ധര്‍ എന്ന് നാള്‍തോറും കുറ്റപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ ഇസ്രായേല്‍ മക്കളും അറബികളും ഒരൊറ്റ വംശമായ സെമിറ്റിക് ആണ്.
മുസ്‌ലിം ഉമ്മത്തിന്റെ വംശീയ പ്രവണതകള്‍
വര്‍ണവിദ്വേഷവും വംശീയതയും പാശ്ചാത്യരുടെ മേല്‍ മാത്രം ചാര്‍ത്തി നാമാരും കൈയൊഴിയേണ്ടതില്ല. ഇന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് അറബ് സഹോദരങ്ങള്‍ക്കിടയില്‍ പാശ്ചാത്യരെ കവച്ചുവെക്കുന്ന വംശീയ വിദ്വേഷം തഴച്ചുവളരുന്നത് ലജ്ജാവഹം ആണ്. സമീപകാലത്താണ് ഒരു അറബ് സഹോദരന്‍ ബംഗാള്‍ സ്വദേശികളെ അറബികളുടെ കീഴ്ജാതി എന്നര്‍ഥത്തില്‍ അല്ലാഹുവിന്റെ നാമം ഉരുവിട്ടുകൊണ്ട് ആക്ഷേപിച്ചത്. കറുത്ത വര്‍ഗക്കാരെ പരസ്യമായി പരിഹസിക്കുന്ന ഒരു വിഭാഗം അറബ്‌സഹോദരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അലയടിച്ചുവരുന്നുണ്ട്.
സാമ്രാജ്യത്വകാലത്ത് മുസ്‌ലിം സമൂഹത്തിനെ വേര്‍പെടുത്തിയത് അധികാരമോഹികള്‍ ആയ കോളനിവാഴ്ചക്കാരായിരുന്നൂ. ഇന്ത്യയില്‍ ഹിന്ദു-മുസ്‌ലിം അനൈക്യം സൃഷ്ടിച്ചതിന് സമാനമായി അറബികളെയും തുര്‍ക്കികളെയും സംഘര്‍ഷത്തിലെത്തിച്ചത് അറബ് മേധാവിത്വത്തിന്റെ ഫലമായിരുന്നു.
പ്രവാചകന്‍ 1400-ല്‍ പരം വര്‍ഷങ്ങള്‍ക്കപ്പുറം ഇത്തരം അറബ് മേധാവിത്വ പ്രവണതകള്‍ കര്‍ശനമായി നിരോധിച്ച ഒരു സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരാള്‍ നബി (സ) മസ്ജിദ് സന്ദര്‍ശിക്കുകയുണ്ടായി. അയാള്‍ ഒരു കൂട്ടം ആളുകളെ അവിടെ കണ്ടൂ, അതില്‍ പേര്‍ഷ്യക്കാരന്‍ സല്‍മാന്‍ (റ), ഗ്രീക്കുകാരന്‍ സുഹൈബ് (റ), അബ്‌സീനിയക്കാരന്‍ (ആഫ്രിക്കയിലെ ഇന്നത്തെ എത്യോപ്യ) ബിലാല്‍ (റ) എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. അനന്തരം അയാള്‍ പറഞ്ഞു: 'മദീനയിലെ ഔസ് ഗോത്രവും ഖസ്‌റജ് ഗോത്രവും മുഹമ്മദിനെ പിന്തുണക്കുന്നുവെങ്കില്‍ അതവന്റെ ആള്‍ക്കാര്‍ ആണ്. ഇവര്‍ ഇവിടെ എന്തെടുക്കുകയാണ്?' ഇത് നബി(സ)യെ അറിയിച്ചപ്പോള്‍ അദ്ദേഹം രോഷാകുലനായി. തുടര്‍ന്ന് അദ്ദേഹം പള്ളിയിലേക്ക് പോവുകയും ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു: 'നിങ്ങളുടെ റബ്ബ് ഒന്നാണെന്ന് നിങ്ങള്‍ അറിയുക. നിങ്ങളുടെ പൂര്‍വികന്‍ ( ആദം) ഒന്നാണ്, നിങ്ങളുടെ ദീന്‍ ഒന്നാണ്. നിങ്ങള്‍ക്കിടയില്‍ ഉള്ള ഈ അറബികത (Arabism) നിങ്ങളുടെ മാതാവില്‍നിന്നോ പിതാവില്‍നിന്നോ വന്നതല്ല. ഇത് നാവിനപ്പുറം (ഭാഷ) മറ്റൊന്നുമല്ല. ആര് അറബി സംസാരിക്കുന്നുവോ അവന്‍ അറബിയാണ്.'
ഇസ്‌ലാം ഇത്രയും വസ്തുനിഷ്ഠമായി വിശാലമായ ആശയമാണ് വംശീയതക്കെതിരില്‍ മുസ്‌ലിമിനും അമുസ്‌ലിം സഹോദരങ്ങള്‍ക്കും നല്‍കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ പരസ്പരം പരിഹസിക്കുന്ന സംസ്‌കാരശൂന്യമായ പ്രവണത നമ്മുടെ സമുദായത്തിനിടയില്‍ കണ്ടുവരുന്നത് അപഹാസ്യമാണ്. നമുക്കിടയില്‍ തന്നെയുള്ള വ്യക്തികളെയും വിഭാഗങ്ങളെയും തൃണവല്‍ക്കരിക്കുകയും അടച്ചാക്ഷേപിക്കുകയും ചെയ്യുന്നത് നാം വിരോധിക്കേണ്ടതാണ്.
തന്റെ ചര്‍മത്തിന്റെ നിറം, കുടുംബ മഹിമ, സമ്പത്ത്, വിശ്വാസം എന്നിവ കൊണ്ട് മറ്റുള്ളവരേക്കാള്‍ ഉന്നതരെന്ന് അഹങ്കരിക്കന്നവര്‍ മുസ്‌ലിമാവുകയില്ല. നബി (സ) പറഞ്ഞു: 'ഒരു അണുമണി തൂക്കം അഹങ്കാരം മനസ്സില്‍ ഉള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'
വംശീയത ചെറുക്കല്‍ മുസ്‌ലിമിന്റെ ധര്‍മം
അല്ലാഹു അറബി ഭാഷയില്‍ ഖുര്‍ആന്‍ ഇറക്കിയത്, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മധ്യേ ഉള്ള തന്ത്രപ്രധാനമായ പ്രദേശത്താണ്, അഥവാ പൗരസ്ത്യ - പാശ്ചാത്യ സംസ്‌കാരങ്ങളുടെ സംഗമസ്ഥാനത്ത് ആണ്. അല്ലാഹു അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യെ അയച്ചത് അല്ലാഹുവിന്റെ അതിരറ്റ കനിവായാണ്. മനുഷ്യരാശിയെ പ്രായോഗികമായി ഏകോപിപ്പിക്കുന്നതില്‍ ഇസ്‌ലാം വഹിച്ച പങ്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്.
''കിഴക്കിന്റെയും പടിഞ്ഞാറിന്റെയും രക്ഷിതാവ് ആകുന്നു അവന്‍. അവനല്ലാതെ മറ്റൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പ്പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക'' (മുസമ്മില്‍). ''കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാകുന്നു. നിങ്ങളെവിടെ തിരിഞ്ഞു പ്രാര്‍ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖം ഉണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനും ആകുന്നു'' (ബഖറ 115).
ഒരു മുസ്‌ലിമിന്റെ ഉത്തമ ഗുണങ്ങളില്‍ ശ്രേഷ്ഠമായതാണ് സാഹോദര്യവും സഹിഷ്ണുതയും. മാനവരാശി ഒരൊറ്റ വംശം ആണ്. മറ്റു മതസ്ഥരെ, രാജ്യക്കാരെ, വര്‍ണങ്ങളുടെയും വംശീയതയുടെയും മുകളില്‍ മേന്മ നടിക്കല്‍ ഇസ്‌ലാമിന് വിരുദ്ധമാണ്. ദേശീയതയും വംശീയതയും ആധുനിക സൃഷ്ടിയാണെന്ന് ഓര്‍ക്കുക. അല്ലാഹു പറയുന്നു: 'മനുഷ്യര്‍ ഒരൊറ്റ സമുദായം ആയിരുന്നു. അനന്തരം സന്തോഷവാര്‍ത്ത അറിയിക്കാനും താക്കീത് നല്‍കാനുമായി അല്ലാഹു നിയോഗിച്ചു.' (2: 213).