മെയ് 25-ാം തീയതി മിനിയപോളിസിലെ തെരുവില്‍ വെളുത്ത വര്‍ഗക്കാരായ പോലീസുകാരുടെ മുട്ടിന് താഴെ
(ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടന്ന ജനകീയ സമരത്തിനിടെ സെനറ്റര്‍ ഇല്‍ഹാം ഉമര്‍ ചെയ്ത പ്രസംഗം)
മെയ് 25-ാം തീയതി മിനിയപോളിസിലെ തെരുവില്‍ വെളുത്ത വര്‍ഗക്കാരായ പോലീസുകാരുടെ മുട്ടിന് താഴെ കിടന്ന് ജോര്‍ജ് ഫ്‌ളോയ്ഡ് തനിക്ക് ശ്വാസം മുട്ടുന്നു എന്നു പറഞ്ഞ് പിടഞ്ഞു കൊണ്ട് മരണത്തിന് കീഴടങ്ങിയ വാര്‍ത്ത പുറത്തു വന്ന നേരം തന്റെ അമേരിക്കന്‍ മുസ്‌ലിംകള്‍ ഈ വിഷയത്തോട് എങ്ങനെ പ്രതികരിക്കുമെന്നുള്ള ആകാംക്ഷയിലും ഉത്കണ്ഠയിലുമായിരുന്നു ഞാന്‍. അമേരിക്കന്‍ മുസ്‌ലിംകള്‍ അമേരിക്കന്‍ രാഷ്ട്രീയ വിഷയങ്ങളില്‍ പൊതുവെ ഇടപെടുക അപൂര്‍വമാണ്. നിയമപരമായ പ്രശ്‌നങ്ങളുടെ നൂലാമാലകളെ ഭയന്നും മറ്റും അമേരിക്കന്‍ പൊതുകാര്യവിഷയങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം വിരളമാവാറാണ് പതിവ്. പക്ഷേ മുസ്‌ലിം സ്വത്വ വിലക്കുകളിലും വൈരത്തിലും വിരോധത്തിലും അധിഷ്ഠിതമായ പ്രശ്‌നങ്ങളുടെ ഉച്ചസ്ഥായില്‍ മൗനം വെടിഞ്ഞ് പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തുന്നതില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ പിന്നാക്കം പോവാറുമില്ല. മുസ്‌ലിം സ്വത്വബോധത്തിന്റെ പ്രതിഫലനങ്ങള്‍ക്ക് ഭരണകൂട അനുഗ്രഹാശിസ്സുകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ 'കറുത്ത വര്‍ഗ ജീവനുകളും പ്രസക്തമാണ്' എന്ന പ്രമേയത്തിലാരംഭിച്ച മുന്നേറ്റങ്ങളില്‍ അണിചേരുന്നതിലുള്ള അങ്കലാപ്പുകള്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രകടമായിരുന്നു. വ്യത്യസ്ത സംസ്‌കാര വേരുകളുള്ള ഞാനെന്ന 28 വയസ്സുകാരിയായ കറുത്ത വര്‍ഗ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം വംശീയ വിഷയങ്ങളില്‍ ഇടപെടാതിരിക്കുന്നതിന് കാരണങ്ങളില്ലായിരുന്നു.
എന്റെ ജനനത്തിനു മുന്നേ തന്നെ ഇസ്‌ലാമാശ്ശേഷകരായ മാതാപിതാക്കളും അവരുടെ തലമുറകളുടെ നേഷന്‍ ഓഫ് ഇസ്‌ലാമിക ബന്ധങ്ങളും എന്നിലെ മുസ്‌ലിം ബാന്ധവം ദൃഢമാക്കുന്നതില്‍ ഏറെ ഉപകരിച്ചിരുന്നു. ടെക്‌സസിലെയും മസാച്യുസെറ്റ്‌സിലെയും വെളുത്ത വര്‍ഗക്കാരാല്‍ നിബിഡമായ നഗരപ്രാന്തങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരിട്ടേക്കാവുന്ന അവഗണനകളെക്കുറിച്ച് എന്നെ ബോധവത്കരിക്കുന്നതില്‍ മാതാപിതാക്കള്‍ ബദ്ധശ്രദ്ധരായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പകാലത്ത് സ്‌കൂള്‍ ബസിന്റെ പിറകുവശത്തേക്ക് തന്നെ വിളിപ്പിച്ച വെളുത്ത വര്‍ഗക്കാരനായ ചെറുപ്പക്കാരന്റെ വഷളത്തരത്തെ മനസ്സിലാക്കാനും, വിദ്യാലയങ്ങളിലെ അധ്യാപകരുടെ വിവേചനപൂര്‍ണമായ പെരുമാറ്റങ്ങള്‍ പ്രതീക്ഷിക്കാനും അവ നേരിടാനുള്ള മാനസിക പരിശീലനവും നല്‍കുന്നതില്‍ മാതാപിതാക്കള്‍ ജാഗരൂകരായിരുന്നു. പക്ഷേ സ്വസമുദായത്തില്‍നിന്ന് തന്നെ നിറത്തിന്റെ പേരില്‍ വിവേചനം അനുഭവപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള വഴികള്‍ നമുക്കിടയില്‍ അന്യമായിരുന്നു. ഡാളസിലെ ഭൂരിപക്ഷ ദക്ഷിണേഷ്യന്‍ പള്ളിയില്‍ ഒരു കറുത്ത യുവ സംവിധായകനെന്ന നിലയില്‍ എന്റെ പിതാവ് പള്ളി രാഷ്ട്രീയം വിനിമയം ചെയ്യാന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്കറിയാമായിരുന്നു. ഞാന്‍ വലുതാവുകയും മസാച്യുസെറ്റ്‌സിലെ സ്വസമുദായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യാന്‍ ആരംഭിച്ചപ്പോഴാണ് ഞാന്‍ കറുത്ത വര്‍ഗക്കാരായ മുസ്ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ പൂര്‍ണമായും മനസ്സിലാക്കാന്‍ തുടങ്ങിയത്. എന്റെ പള്ളിപ്രവേശന വേളകളിലൊക്കെ എന്റെ വര്‍ണത്തെ ചൊല്ലി ആളുകള്‍ എനിക്ക് സുഡാനി, സൊമാലിയന്‍ പരിവേഷം നല്‍കി എന്നെ പുതുമുസ്‌ലിമാണെന്ന് കരുതുമ്പോള്‍ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഉച്ചാരണത്തിനുപകരം, ശരിയായ അറബി ഭാഷയില്‍ എന്റെ പേര് ഉച്ചരിച്ച്, എന്റെ മതത്തിന്റെ നിലവാരത്തെ കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ കറുത്ത വര്‍ഗക്കാരിയായതിന്റെ പേരില്‍ അറബ് വംശജനും, എന്നെ കണ്ടിട്ടുപോലുമില്ലാത്ത അയാളുടെ മാതാപിതാക്കളും ചേര്‍ന്ന് ഞാനുമായുള്ള വിവാഹനിശ്ചയം റദ്ദുചെയ്ത അനുഭവമാണ് എനിക്ക് വംശീയതയുടെ തീവ്രത വ്യക്തമാക്കിത്തന്നത്. ബൃഹത്തായ അമേരിക്കന്‍ മുസ്ലിം സമുദായത്തിലെ വംശീയതയുമായുള്ള എന്റെ അനുഭവങ്ങള്‍ അനിതരസാധാരണമല്ല.
അമേരിക്കന്‍ മുസ്‌ലിം ജനവിഭാഗങ്ങളില്‍ കൂടിയ ശതമാനം യു.എസ് ജാതരാണ്. അവരിലേറെ പേരും മിഡില്‍ ഈസ്റ്റേണ്‍ / നോര്‍ത്ത് ആഫ്രിക്കന്‍ (MENA), ദക്ഷിണേഷ്യന്‍ എന്നീ രണ്ട് പ്രധാന വംശീയ വിഭാഗങ്ങളാണ്.
പക്ഷേ ഇസ്‌ലാമിക പരിവര്‍ത്തനത്തിനു മുമ്പേ അവരില്‍ കുടികൊണ്ടിരുന്ന വര്‍ഗ, വര്‍ണ, ഗോത്ര ബാധയുടെ ബോധങ്ങള്‍ ഇപ്പോഴും അവരില്‍ പ്രകടമാണ്. പാശ്ചാത്യ കോളനിവല്‍ക്കരണത്തിന്റെ വിഷലിപ്തമായ ദുഷിപ്പുകളുടെ അവശേഷിപ്പും പുരോഗതിക്കു വിഘാതമാവുന്നു. ഭാഷാ പ്രയോഗത്തില്‍ അബീദ് (അറബിയില്‍ അടിമ), കല്ലു(ഉര്‍ദുവിലെ കറുത്ത വ്യക്തിക്കുള്ള ഭാഷ) പോലുള്ള നിന്ദ്യമായ പദങ്ങളുടെ തുടര്‍ച്ചയായ പ്രയോഗം ഇതിനുദാഹരണമാണ്.
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെ അപലപിക്കുന്ന മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റി പോലുള്ള പ്രസിദ്ധ സംഘടനകളും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. മറ്റ് മുസ്‌ലിം സ്ഥാപനങ്ങളും അമേരിക്കന്‍ മുസ്‌ലിംകളെ കറുത്ത അമേരിക്കക്കാരുടെ പിന്തുണയുള്ളവരായി പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകള്‍ പങ്കുവെച്ചിട്ടുണ്ട്, കൂടാതെ മുസ്‌ലിം സമുദായത്തിലെ നവോത്ഥാന ചിന്താഗതിക്കാരുമായുള്ള സമ്പര്‍ക്കത്തിലൂടെയും, മതപരിശീലനത്തിലൂടെയും വംശീയത ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.
തിക്ത ഭൂതകാലത്തില്‍നിന്നും പ്രത്യാശാഭരിതമായ നല്ല നാളെയിലേക്ക്
കഴിഞ്ഞ ജോര്‍ജ് ഫ്‌ളോയിഡിന്റെ ദുരന്ത പശ്ചാലത്തില്‍, അനീതി നിറഞ്ഞ അമേരിക്കന്‍ ഭരണ സംവിധാനത്തോടുള്ള അമര്‍ഷം അമേരിക്കയിലെങ്ങും വ്യാപിക്കുന്നത് മുസ്‌ലിംകള്‍ക്കിടയില്‍ അവരുടെ സ്വത്വബോധസംരക്ഷണം സാധ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം, റമദാനിന്റെ പുണ്യ ദിനരാത്രങ്ങളില്‍ മതപഠന ക്ലാസ്സുകള്‍ സൂം വെബിനാറുകള്‍ വഴിയും ഫെയ്‌സ് ബുക്ക് ലൈവ് മുഖേനയും ലഭ്യമായത് മതത്തെക്കുറിച്ചുള്ള പഠനം സജീവമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. കഴിവുറ്റ മതപണ്ഡിത ക്ലാസ്സുകള്‍ ദൈവികബോധം ദൃഢീകരിക്കാന്‍ ഉപകരിച്ചു.
അനീതിക്കെതിരെ ഉറച്ച ശബ്ദമാകല്‍ ഇസ്‌ലാം മതാനുയായികളുടെ കടമയാണെന്ന് പണ്ഡിത പ്രമുഖര്‍ അവരുടെ ക്ലാസുകളില്‍ സംശയലേശ്യമന്യേ സ്പഷ്ടമാക്കി. വര്‍ണവെറികളെ നിശിതമായി വിമര്‍ശിക്കുന്ന ഖുര്‍ആനിക ഉദ്ധരണികളാലും, ഇസ്‌ലാമിലെ നീതിബോധത്തെയും കുറിച്ചുള്ള പ്രസ്താവനകള്‍ സമ്പന്നമായിരുന്നു ആഫ്രോ-അമേരിക്കന്‍ മതപണ്ഡിതരായ ഇമാം സൈദ് ശാക്കിര്‍, പണ്ഡിത ലീഷ പ്രൈം, ഇമാം ദാവൂദ് വാലിദ് എന്നിവര്‍ സംബന്ധിച്ച വെബിനാറുകള്‍. വെളുത്ത വര്‍ഗക്കാരന്റെ കിരാത നടപടിയെ പരിപാടിയില്‍ സംബന്ധിച്ച എല്ലാ പണ്ഡിതശ്രേഷ്ഠരും അപലപിക്കുകയുണ്ടായി. ഇസ്‌ലാമിന്റെ വര്‍ണവെറിക്കെതിരെയുള്ള നീതിയിലധിഷ്ഠിതമായ നിലപാടുകളും, മനുഷ്യരാശി മുഴുവന്‍ ദൈവസന്നിധിയില്‍ തുല്യരാണെന്നുമുള്ള ഇസ്‌ലാമിന്റെ അനുപമമായ കാഴ്ചപ്പാടും, കറുത്ത വര്‍ഗക്കാരുടെ കദനം നിറഞ്ഞ പോരാട്ട ചരിത്രങ്ങളും, കറുത്ത വര്‍ഗക്കാരിയെന്ന നിലയില്‍ നീതിക്കായുള്ള സമരത്തില്‍ ഉറച്ചുനില്‍ക്കുന്നതില്‍ പ്രചോദനം നല്‍കുന്നതായിരുന്നു. നീതിക്കായുള്ള പോരാട്ടത്തില്‍ മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളും ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനകളും ശ്ലാഘനീയമാണ്. കൂടാതെ ചെറുതും വലുതുമായ വര്‍ണവെറിക്കെതിരായുള്ള കൂട്ടായ്മകളുടെ (Muslim Anti-Racism Collaborative) നിര്‍ലോഭ പിന്തുണകളും മുസ്‌ലിംകള്‍ക്കിടയിലുള്ള വര്‍ണവിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ ഉതകുന്നതാണ്. ഞാന്‍ എന്റെ മതത്തെയും എന്റെ മുസ്‌ലിം സഹോദരങ്ങളെയും സ്‌നേഹിക്കുന്നതിനാല്‍ വര്‍ണ, വംശീയ ഭേദചിന്തകളില്ലാതാവാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. വാര്‍ത്തകള്‍ ദ്രുതഗതിയില്‍ മറ്റൊരു വാര്‍ത്തയിലേക്ക് മാറിയാലും അമേരിക്കയിലെ മുസ്‌ലിംകള്‍ ഒരിക്കലും കറുത്ത ജീവന് വിലകല്‍പ്പിക്കുന്നതിലും അവരെ ചേര്‍ത്തു നിര്‍ത്തുന്നതില്‍നിന്നും പിന്മാറരുതെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.
വിവ: പി.എം ഷഹീര്‍